അടൂര്‍ ഗോപാലകൃഷ്ണന് ജൂലൈ മൂന്നിന് എണ്‍പത്
മലയാളസിനിമയുടെ പ്രശസ്തി ലോകത്തിന്റെ നിറുകയില്‍ എത്തിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ എണ്‍പതിന്റെ നിറവില്‍. സമാന്തരസിനിമയുടെ തലതൊട്ടപ്പനായ അടൂര്‍ നിശ്ശബ്ദസിനിമകളിലൂടെ മലയാളത്തനിമ അന്താരാഷ്ട്രവേദികളില്‍ എത്തിച്ചു.
1941 ജൂലൈ മൂന്നിന് പത്തനംതിട്ട ജില്ലയിലെ അടൂരില്‍ മാധവന്‍ ഉണ്ണിത്താന്റെയും ഔട്ടത്തുവീട്ടില്‍ ഗൗരിക്കുഞ്ഞമ്മയുടെയും മകനായി ജനിച്ചു.
സ്‌കൂള്‍ കാലത്തുതന്നെ കലാപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. നാടകമായിരുന്നു മുഖ്യയിനം. സ്വന്തമായി നാടകങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. പന്തളം എന്‍.എസ്.എസ്. കോളജില്‍ ബി.എസ്.സി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ ഭാരത് സേവക് സമാജത്തില്‍ ഓര്‍ഗനൈസറായി നിയമിതനായി. പിന്നീട് നാഷണല്‍ സാംപിള്‍ സര്‍വേയില്‍ ജോലി കിട്ടി. പഞ്ചവത്സരപദ്ധതികളുടെ നടത്തിപ്പിനുവേണ്ടിയുള്ള ഒരു വിവരശേഖരണപരിപാടിയായിരുന്നു അത്. ആയിടയ്ക്കുതന്നെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവേശനപ്പരീക്ഷയില്‍ ഒന്നാംറാങ്കും മെരിറ്റ് സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കി അഡ്മിഷന്‍ നേടി.
1965 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ചലച്ചിത്രപഠനം പൂര്‍ത്തിയാക്കി. അതേ വര്‍ഷംതന്നെ സഹപാഠിയായിരുന്ന കുളത്തൂര്‍ ഭാസ്‌കരന്‍ നായരും ലത്തീഫ്, മേലാറ്റൂര്‍ രവിവര്‍മ, ശബ്ദലേഖകനായിരുന്ന ദേവദാസ് എന്നിവരുമായിച്ചേര്‍ന്ന് കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖ സിനിമാ സൊസൈറ്റി സ്ഥാപിച്ചു. സിനിമാസാഹിത്യം വളരെ ശുഷ്‌കമായിരുന്നു. അക്കാലത്ത്. ചിത്രലേഖ ഫിലിം സുവനീര്‍ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗസ്റ്റ് ലക്ചറന്മാരില്‍ പലരുടെയും ക്ലാസുകളുടെ നോട്ടുകള്‍ തയ്യാറാക്കി അവരുടെ അനുവാദത്തോടെ ചിത്രലേഖയില്‍ പ്രസിദ്ധീകരിച്ചിരുന്നു. സിനിമയുടെയും സാങ്കേതികത്വവും മറ്റ് അറിവുകളും സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഈ പ്രസിദ്ധീകരിണം സഹായകമായിരുന്നു. അന്നത്തെ കേരളാ ഗവര്‍ണര്‍ ഭഗവാന്‍ സഹായ് ഉദ്ഘാടനം ചെയ്തനുഗ്രഹിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയില്‍ ആദ്യം പ്രദര്‍ശിപ്പിച്ചത് ലാന്‍ഡ് ഓഫ് ഏയ്ഞ്ചല്‍സ് എന്ന ഹംഗേറിയന്‍ ചിത്രമാണ്. സിനിമകളുടെ നിര്‍മാണവും വിതരണവും പ്രദര്‍ശനവും നിര്‍വഹിക്കുന്നതിനാണ് ചിത്രലേഖ ഫിലിം സൊസൈറ്റി മുന്‍ഗണന നല്‍കിയിരുന്നത്.
1972 ലാണ് 'സ്വയംവരം' സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഗാന-നൃത്തരംഗങ്ങള്‍ ഇല്ലാത്ത സിനിമ സങ്കല്പിക്കാന്‍പോലും കഴിയാതിരുന്ന കാലഘട്ടത്തില്‍ അഭിനയപ്രാധാന്യമുള്ള സ്വയംവരം പലര്‍ക്കും ദഹിച്ചിരുന്നില്ല. എങ്കിലും ഒരു വിഭാഗം പ്രേക്ഷകര്‍ ഈ സിനിമ ഏറ്റെടുത്തു. പിന്നീട്, കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകള്‍, വിധേയന്‍, കഥാപുരുഷന്‍, നിഴല്‍ക്കൂത്ത്, നാലുപെണ്ണുങ്ങള്‍, ഒരു പെണ്ണും രണ്ടാണും, പിന്നെയും തുടങ്ങിയ സിനിമകള്‍ ആ അനുഗൃഹീത തൂലികയില്‍നിന്നു പിറവിയെടുത്തു. ദി ലൈറ്റ്, എ ഗ്രേറ്റ് ഡേ, എ ഡേ അറ്റ് കോവളം, എ മിഷന്‍ ഓഫ് ലൗ തുടങ്ങിയ ഡോക്യൂമെന്ററികളും ചെയ്തു.
1984 ല്‍ പത്മശ്രീയും 2006 ല്‍ പദ്മവിഭൂഷണും നല്കി രാഷ്ട്രം അടൂര്‍ ഗോപാലകൃഷ്ണനെ ആദരിച്ചു. സിനിമാരംഗത്തുള്ള ആജീവനാന്ത സംഭാവനകള്‍ക്കായി 2005 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്. കേന്ദ്ര,കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡുകള്‍, ജെ.സി. ദാനിയേല്‍ അവാര്‍ഡ് തുടങ്ങിയവ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്രസിനിമ നിരൂപകരുടെ അവാര്‍ഡ് അഞ്ചു തവണ ലഭിച്ചു.
സിനിമയുടെ ലോകം, സിനിമാലോകം, സിനിമ സാഹിത്യം ജീവിതം എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്. തിരക്കഥകളും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമൂഹത്തില്‍ സിനിമയുടെ സാധ്യതകളെക്കുറിച്ച് വിശദമായി മനനം ചെയ്താണ് അദ്ദേഹം ഓരോ സിനിമയും ചെയ്യുന്നത്. തന്റെ മാന്ത്രികക്കൈകള്‍കൊണ്ട് അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത് ലോകസിനിമയിലെതന്നെ മികച്ച സൃഷ്ടികളാണ്. മലയാളസിനിമയ്ക്ക് നിശ്ശബ്ദവസന്തം സമ്മാനിച്ച അടൂര്‍ ഇപ്പോഴും പുതിയ സിനിമകളുടെ പണിപ്പുരയിലാണ്.