എല്ലാ മരങ്ങളും മനുഷ്യരെപ്പോലെയാണ് എന്നൊക്കെ പറയാനാവാത്തവിധം മനുഷ്യന്റെ ശോഭ കെട്ടുപോയിക്കൊണ്ടിരിക്കുന്ന കാലമാണിത്. അതുകൊണ്ട് നമ്മള്‍ പറഞ്ഞുതുടങ്ങി, ചില മനുഷ്യര്‍ മരങ്ങളെപ്പോലെയാണ്! ആരുടെ ജീവിതത്തിനാണിന്ന് മഹത്ത്വം കൂടുതല്‍? മനുഷ്യന്റെയോ മരത്തിന്റെയോ? ഒഴുകുന്ന പുഴകണക്കേ, പെയ്യുന്ന മഴ കണക്കേ, വലിയ മല കണക്കേ, സഹിക്കുന്ന മരം കണക്കേ തുടങ്ങിയ പദങ്ങള്‍ ആലങ്കാരികമായി മനുഷ്യനു ചാര്‍ത്തുമ്പോള്‍ - ചുറ്റുമുള്ളതിനെയൊക്കെ വലിയ പ്രാധാന്യത്തോടെതന്നെ കാണേണ്ടതുണ്ട്.
''പുലിജന്മം''പോലെ പ്രശസ്തമായ പല കഥകളുംകൊണ്ട് സാഹിത്യലോകത്തെ സമ്പുഷ്ടമാക്കുന്ന എന്‍. പ്രഭാകരന്റെ ചെറിയ ഗദ്യകവിത വര്‍ഷങ്ങള്‍ക്കുമുമ്പ് വായിച്ചതോര്‍ക്കുന്നു. അതൊന്നോര്‍ത്തെടുത്താല്‍ ഇങ്ങനെയാണ്:
ഈ മരച്ചുവട്ടില്‍വച്ചാണ് ഒരു പാവം മനുഷ്യന്‍ ആളുമാറി കൊലചെയ്യപ്പെട്ടത്. ആരുടെ ശത്രുവിന്റെ സ്ഥാനത്തായിരുന്നു താനെന്ന് അവസാനശ്വാസംവരെയും അയാള്‍ അറിഞ്ഞില്ല. ഒരു കയ്യബദ്ധമെന്ന് കൊലയാളികളും എതിരാളികളും ആ മരണത്തെ എഴുതിത്തള്ളി. മരിച്ച മനുഷ്യന് പാര്‍ട്ടി ഇല്ലാതിരുന്നതുകൊണ്ട് കുടുംബത്തിനു ധനസഹായമോ കേസു നടത്തിപ്പിനു പിരിവോ രക്തസാക്ഷിസ്മാരകത്തെക്കുറിച്ചുള്ള ആലോചനകളോ ഉണ്ടായില്ല.
പക്ഷേ, കൊല നടന്ന് കൊല്ലമൊന്നു തികയുന്ന ദിവസം കൃത്യസമയത്ത് ആ മരം താനേ കത്തിപ്പോയി. മനുഷ്യര്‍ക്കു തോന്നാതിരുന്ന അപമാനവും വേദനയും മരത്തില്‍ ബാക്കി നില്പുണ്ടെന്ന സത്യം അങ്ങനെയാണ് എല്ലാവരും അറിഞ്ഞത്.
ഇതൊരു ഗദ്യമോ കവിതയോ ആകട്ടെ, പക്ഷേ, മനുഷ്യനു നഷ്ടമായിക്കൊണ്ടിരിക്കുന്ന പല നന്മകളും മരങ്ങളില്‍ നമുക്കു ദര്‍ശിക്കാനാവും. അതിലൊന്ന് വെളിച്ചത്തിനു നേര്‍ക്കുള്ള അതിന്റെ ആഭിമുഖ്യവും വളര്‍ച്ചയുമാണ്. അതുകൊണ്ടാണ് ലബനന്‍ കവി ഖലീല്‍ ജിബ്രാന്‍ ഇങ്ങനെ വിലപിച്ചത്, ചെടികളെപ്പോലെ വെളിച്ചത്തില്‍ നിലനില്ക്കുവാന്‍ നമുക്കു സാധിച്ചിരുന്നെങ്കില്‍... എന്ന്.
ശ്രീശ്രീരവിശങ്കറിന്റെ സഹോദരിയും പ്രശസ്ത എഴുത്തുകാരിയും സ്ത്രീശക്തീകരണപോരാട്ടങ്ങളില്‍ ശ്രദ്ധേയയുമായ ഭാനുമതി ശ്രീനിവാസന്‍ ഒരിക്കല്‍ സ്ത്രീകളെ അഭിസംബോധന ചെയ്യുമ്പോള്‍ പറഞ്ഞത്, സ്ത്രീയേ, നീ ഒരു മരമാകുക എന്നാണ്. ഫാ. ബോബി ജോസ് കട്ടികാടിന്റെ മനോഹരമായ ഒരു പുസ്തകമാണ് കേളി. അതിന്റെ ഇരുപതാമത്തെ അധ്യായത്തിന്റെ പേര് പച്ച എന്നാണ്. അതു തുടങ്ങുന്നത് ഇങ്ങനെയാണ്: അന്ത്യവിധിയില്‍ ദൈവം പഴയ ചോദ്യം ആവര്‍ത്തിക്കില്ല. വിശക്കുന്നവനു കൊടുക്കാതെപോയ അപ്പത്തെക്കുറിച്ച്, ദാഹിക്കുന്നവനു പകരാതെപോയ ജലത്തെക്കുറിച്ച്, നഗ്നനു നെയ്യാതെപോയ അങ്കിയെക്കുറിച്ച്, തടവറയില്‍ നിഷേധിച്ച ആകാശത്തെക്കുറിച്ച്, ഇല്ല, ഒന്നും ചോദിക്കില്ല. പകരം ഒരേയൊരു ചോദ്യം മാത്രം. നീയൊരു മരം നട്ടിട്ടുണ്ടോ? ഇതായിരിക്കും നിങ്ങളുടെയും ഭൂമിയുടെയും വിധി നിര്‍ണയിക്കാന്‍ പോകുന്നത്.
കാലികപ്രസക്തിയോടെ ബോബിയച്ചന്‍ ഇതു പറയുമ്പോള്‍ നമുക്കറിയാം, അന്ത്യവിധിയിലെ അതിപ്രധാനമായ ചോദ്യങ്ങളെ അവഗണിക്കുകയല്ല അതീവതീവ്രതയോടെ അതിനൊരുത്തരം കണ്ടെത്തുകയാണെന്ന്. വൃക്ഷായുര്‍വേദത്തിലെ മഹത്തായ വരികള്‍ ഓര്‍മിപ്പിച്ച് മരവിചാരങ്ങള്‍ തുടരാം...
ദശകൂപ സമോവാപി
ദശവാപി സമോഹൃദഃ
ദശഹൃദ സമോപുത്രഃ
ദശപുത്ര സമോദ്രുമഃ