സ്ത്രീധനപീഡനങ്ങളില്‍ നൊമ്പരപ്പെട്ടും മുറിവേറ്റും അകാലത്തില്‍ കൊഴിഞ്ഞുവീണ ഒരുപിടി പെണ്‍ജീവിതങ്ങള്‍ പോയ ദിവസങ്ങളില്‍ മലയാളിയുടെ മനസ്സിനെ മുറിവേല്പിച്ചു. വിസ്മയ എന്ന പെണ്‍കുട്ടിയുടെ മരണം ഒരു തുടക്കം മാത്രമായിരുന്നു. നാലോ അഞ്ചോ പെണ്‍കുട്ടികളാണ് ഒരാഴ്ചയ്ക്കുള്ളില്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്തൃവീടുകളില്‍ മരിച്ചുവീണത്. എന്താണിവിടെ സംഭവിക്കുന്നത്?
വറ്റിയ ഹൃദയങ്ങളും ആര്‍ദ്രത തീണ്ടാത്ത മനസ്സുമായി മലയാളി ഇതെങ്ങോട്ടാണ്? ഇത്രമാത്രം ക്രൂരതയെ മലയാളി എന്നുമുതലാണ് അവനിലേക്ക് ഉള്‍ച്ചേര്‍ത്തുതുടങ്ങിയത്? അയല്‍ക്കാരനെയെന്നല്ല, ഒരു വീട്ടില്‍ അന്തിയുറങ്ങുന്ന ജീവിതപങ്കാളിയെപ്പോലും സ്‌നേഹിക്കാന്‍ പണം മാനദണ്ഡമാവുന്നു. ഇത്തരം വാര്‍ത്തകള്‍ കണ്ടും കേട്ടും വളരുന്ന കുഞ്ഞുങ്ങള്‍ മനസ്സിലാക്കുന്ന ജീവിതപാഠങ്ങള്‍ എന്തായിരിക്കും?
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാക്കി നിയമം വന്നിട്ട് 60 വര്‍ഷമായി. 1961 ലെ നിയമം ഒന്നിലധികം തവണ ഭേദഗതി ചെയ്ത് കര്‍ശനമാക്കി. പക്ഷേ, സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തുടരുന്നു. വിവാഹിതരായ പെണ്‍കുട്ടികള്‍ വീട്ടകങ്ങളില്‍ പാമ്പുകടിയേറ്റും തൂങ്ങിയും പൊള്ളലേറ്റും വിഷം കഴിച്ചും ജീവിതത്തില്‍നിന്ന് ഇല്ലാതാവുന്നു. അഞ്ചാണ്ടിനിടെ നമ്മുടെ കുടുംബങ്ങളില്‍നിന്ന് 66 പെണ്‍കുട്ടികളാണ് സ്ത്രീധനപീഡനങ്ങളുടെ പേരില്‍ മരണത്തിനു കീഴടങ്ങിയത്. പോലീസ് കുറ്റപത്രം നല്‍കിയ കേസുകളുടെ എണ്ണം മാത്രമാണിത്. യഥാര്‍ത്ഥ കണക്ക് ഇതിലുമേറെയാണ്.
ഒരു പെണ്‍കുട്ടി ഭര്‍ത്തൃഗൃഹത്തിലെത്തുന്നത് നിറമുള്ള ഒരുപിടി സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ്. എന്നാല്‍, പ്രതീക്ഷകള്‍ തെറ്റുമ്പോള്‍, സ്വപ്നങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ അവളുടെ മനസ്സ് പതറുന്നു. നിരാശ അവളെ തളര്‍ത്തിത്തുടങ്ങുന്നു. ഭര്‍ത്തൃവീട്ടില്‍ നേരിടുന്ന മുറിപ്പെടുത്തുന്ന വാക്കുകളെയും പീഡനങ്ങളെയുംകുറിച്ചൊക്കെ മാതാപിതാക്കളോട് അവള്‍ മനസ്സ് തുറന്നുവെന്നിരിക്കാം. കേരളത്തിന്റെ സാമൂഹികപശ്ചാത്തലം ഭര്‍ത്തൃമതിയായൊരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വന്നു നില്‍ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ക്ഷമയുടെയും സ്‌നേഹത്തിന്റെയും ഉപദേശങ്ങളുമായി മാതാപിതാക്കള്‍ അവളെ ഭര്‍ത്തൃവീട്ടിലേക്കു തിരിച്ചയയ്ക്കുന്നു. നിസ്സഹായതയുടെ തുരുത്തിലേക്കാണ് ആ പെണ്‍കുട്ടിയുടെ മനസ്സ് ചെന്നുകയറുന്നത്. തനിക്കാരുമില്ലെന്ന ചിന്തയിലേക്കവളെത്തുന്നു. ഭര്‍ത്തൃവീട്ടില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടുണ്ടാവില്ല. സ്ത്രീധനം കുറഞ്ഞുവെന്ന കുറ്റപ്പെടുത്തലുകള്‍ അവളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നുണ്ടാകും. അല്പം ബോള്‍ഡ് ആയ പെണ്‍കുട്ടികളാണെങ്കില്‍ കുറച്ചൊക്കെ ചെറുത്തുനില്‍ക്കും, അല്ലാത്തവര്‍ നിരാശയുടെ കയങ്ങളിലേക്കു വീണുപോകും. ഇനിയെന്തിനു ജീവിക്കണമെന്ന ചിന്തയില്‍ അവര്‍ ജീവിതം അവസാനിപ്പിക്കും.
വിവാഹം ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരനിമിഷങ്ങളിലൊന്നാണ്. പക്ഷേ, സമാധാനമില്ലാത്ത ജീവിതം അവളെ വല്ലാതെ ഉലച്ചുകളയും. മനസ്സുലഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടിയെ ഒന്നു ചേര്‍ത്തുനിര്‍ത്താന്‍, ആശ്വസിപ്പിക്കാന്‍, എന്തുവന്നാലും ഞങ്ങള്‍ ഒപ്പമുണ്ടാകും എന്ന് ധൈര്യം കൊടുക്കാന്‍ മാതാപിതാക്കള്‍ മറന്നുപോകരുത്. ഇല്ലെങ്കില്‍ തല്ലിക്കൊഴിക്കപ്പെടുന്നത് ഓമനിച്ചുവളര്‍ത്തിയ മകളുടെ ജീവനാണ്.
ചിന്തകള്‍ മാറേണ്ടിയിരിക്കുന്നു, സമൂഹവും നമ്മുടെ കുടുംബങ്ങളും മാറേണ്ടിയിരിക്കുന്നു, ആണ്‍കുട്ടികളെപ്പോലെതന്നെ ബഹുമാനിക്കപ്പെടേണ്ടവളാണ് പെണ്‍കുട്ടിയും എന്ന ചിന്ത മാതാപിതാക്കള്‍ പകര്‍ന്നുകൊടുക്കണം. സ്വയം ചിന്തിക്കാനും, 'നോ' പറയേണ്ടിടത്തു പറയാനും അവസരോചിതമായി പെരുമാറാനും പെണ്‍മക്കളെ പഠിപ്പിക്കണം. എല്ലാറ്റിലുമുപരി വെറുതേ തകര്‍ത്തുകളയാനുള്ളതല്ല ജീവിതം എന്ന മഹത്തായ കാര്യം അവളെ ബോധ്യപ്പെടുത്തണം. പ്രതിസന്ധികളെ ഊര്‍ജമാക്കി, കരുത്താക്കി വളര്‍ന്നുവന്ന എത്രയോ ജീവിതങ്ങള്‍ നമുക്കു മുന്നിലുണ്ടെന്നു പറഞ്ഞുകൊടുക്കണം. ജീവിതം നഷ്ടപ്പെടുത്താനുള്ളതല്ല, പ്രതിസന്ധികളോടു പൊരുതിക്കയറാനുള്ളതാണെന്ന് നമ്മുടെ പെണ്‍കുട്ടികളെ ബോധ്യപ്പെടുത്തണം.
ഭര്‍ത്താവും സ്വന്തം വീട്ടുകാരുപോലും തിരസ്‌കരിച്ച് പത്തൊമ്പതാംവയസില്‍ കൈക്കുഞ്ഞിനൊപ്പം തെരുവിലേക്ക് ഇറങ്ങേണ്ടിവന്നെങ്കിലും ജീവിതം പോരാടി തിരിച്ചുപിടിച്ച് 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കല പോലീസ്‌സ്റ്റേഷനിലെ എസ്.ഐ. പോസ്റ്റിലെത്തി ജനമനസ്സുകളില്‍ പോരാട്ടവീറിന്റെ ജ്വലിക്കുന്ന മാതൃകയായ ആനി ശിവയെന്ന പെണ്‍കുട്ടിയെക്കുറിച്ചു നാം കേട്ടതും ഇതേ ദിവസങ്ങളില്‍ത്തന്നെയാണ്. ആത്മവിശ്വാസവും മനോധൈര്യവും വിട്ടുകളയാതെ പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാന്‍ പെണ്‍കുട്ടികള്‍ക്കു കഴിയണം. പക്ഷേ, അപ്പോഴും തന്നിലെ സ്ത്രീയെ മറച്ചുവച്ചതുകൊണ്ടു മാത്രമാണ് ആ പെണ്‍കുട്ടിക്കു പിടിച്ചുനില്‍ക്കാനായത് എന്ന സത്യവും നമ്മുടെ മുന്നിലുണ്ടെന്നതു മറക്കരുത്.
മറ്റൊരു വ്യക്തിയെ മാനിക്കാനും അവര്‍ എത്ര ബലഹീനരാണെങ്കിലും അവരുടെ വ്യക്തിത്വം വിലമതിക്കപ്പെടേണ്ടതാണെന്നും കുടുംബത്തില്‍നിന്നു തന്നെ ആണ്‍മക്കളെ പഠിപ്പിക്കണം. അങ്ങനെ വരുമ്പോള്‍ അവര്‍ ഉപദ്രവകാരികളാകില്ല. മകനു വധുവായി വരുന്ന പെണ്‍കുട്ടിയെ മകളായിക്കാണാന്‍ മാതാപിതാക്കളും പഠിക്കണം. സ്വന്തം മകന്റെ ജീവിതം പങ്കുവയ്ക്കാനെത്തുന്ന കുട്ടിയാണവള്‍ എന്ന ചിന്ത മറക്കരുത്. ഭര്‍ത്താവും ഭാര്യയും പരസ്പരവിശ്വാസത്തോടെ, ഒരുമയോടെ, അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ് സ്‌നേഹത്തോടെയാണ് ജീവിക്കേണ്ടത്. വരുന്ന പെണ്‍കുട്ടിയുടെ സ്വത്തിലും പണത്തിലും മാത്രമാകരുത് ഭര്‍ത്തൃവീട്ടുകാരുടെ കണ്ണ്. അവളെ സ്‌നേഹിക്കാനും സാന്ത്വനിപ്പിക്കാനും അവര്‍ക്കു കടമയുണ്ട്. ആണധികാരവും അഹന്തയും ആണ്‍കുട്ടികള്‍ക്കു ഭൂഷണമല്ല. ബന്ധങ്ങള്‍ ശിഥിലമാക്കാനേ അത് ഉപകരിക്കൂ.
ലോക് ഡൗണ്‍ കാലം പൊതുവേ അസ്വസ്ഥതകളുടെ കാലമായിരുന്നു. ഗാര്‍ഹികപീഡനങ്ങളേറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാലം. സ്ത്രീകള്‍ മാനസികമായും ശാരീരികമായും ആക്രമിക്കപ്പെട്ട സംഭവങ്ങളേറെയുണ്ടായി. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ഇക്കാലത്ത് ഗാര്‍ഹികപീഡനം ഇരട്ടിയിലധികമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദേശീയ വനിതാക്കമ്മീഷന്‍ മുമ്പാകെയും നിരവധി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളവും പതിവുപോലെ ഇക്കാര്യത്തിലും പിന്നിലായില്ല.
ഷേക്സ്പിയറിന്റെ 'ഹാംലെറ്റി'ല്‍ പറയുന്നതുപോലെ, 'ഠീ യല, ീൃ ിീ േീേ യല, വേമ േശ െവേല ൂൗലേെശീി' - ജീവിക്കണോ വേണ്ടയോ എന്നു തോന്നുന്ന സന്ദര്‍ഭങ്ങള്‍ പലതുമുണ്ടാകാം, പക്ഷേ, ഇത്തരം നിമിഷങ്ങളെയും കടന്നുപോകണം.