മില്‍ഖാ സിങ് ഇനി ഓര്‍മകളില്‍
ഇന്ത്യന്‍ അത്‌ലറ്റിക് ചരിത്രത്തിലേക്ക് ഓടിക്കയറിയ മില്‍ഖാ സിങ്ങിനോട് ഓടാന്‍ ആദ്യം പറഞ്ഞത് സ്വന്തം പിതാവായിരുന്നു. വര്‍ഗീയസംഘര്‍ഷത്തിന്റെ കത്തിമുനയില്‍ ജീവനും കയ്യില്‍പ്പിടിച്ച് മില്‍ഖ നടത്തിയ പ്രാണരക്ഷാര്‍ത്ഥമുള്ള ഓട്ടം അവസാനിച്ചത് രാജ്യത്തിന്റെ കായികവേദിയുടെ നെറുകയില്‍.
1958 ലെ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണത്തിലേക്കും ഫോട്ടോ ഫിനീഷില്‍ അവസാനിച്ച 1960 ലെ റോം ഒളിംപിക്‌സില്‍ നാലാം സ്ഥാനത്തേക്കും ആ ചെറുപ്പക്കാരന്‍ കുതിരവേഗത്തില്‍ ഓടിക്കയറി.
വര്‍ഗീയസംഘര്‍ഷത്തിന്റെ നടുവില്‍ കൂട്ടക്കുരുതിക്കിടയില്‍ അച്ഛന്റെ നിലവിളി കേട്ടു പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗോവിന്ദ്പുരയില്‍നിന്നു മില്‍ഖ ഓട്ടം തുടങ്ങിയത് 15-ാം വയസ്സിലായിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും അടക്കം കുടുംബത്തിലെ എട്ടു പേരെയാണ് കൂട്ടക്കുരുതിയില്‍ നഷ്ടമായത്.
സാധാരണക്കാര്‍ക്കു പ്രചോദനമായ ജീവിതം
നേട്ടങ്ങളോരോന്നും സ്വന്തമാക്കുമ്പോഴും മില്‍ഖായെന്ന കായികതാരത്തിന്റെ പ്രാര്‍ത്ഥന രാജ്യത്ത് സമാധാനം പുലരണമെന്നായിരുന്നു. ഓരോ വേദിയിലും തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചും പറയാനും അദ്ദേഹം മടി കാണിച്ചിരുന്നില്ല.
അഭയാര്‍ത്ഥിക്യാമ്പുകളിലും, പുനരധിവാസ ക്യാമ്പുകളിലുമെല്ലാം കഴിച്ചുകൂട്ടിയ ജീവിതത്തില്‍ താന്‍ നേരില്‍ കണ്ടത് സാധാരണക്കാരുടെ ജിവിതമായിരുന്നുവെന്നും അദ്ദേഹം തന്റെ ആത്മകഥയില്‍ പറയുന്നു. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ജയിലില്‍ കിടന്നതും, സഹോദരി കമ്മല്‍ വിറ്റ് പിഴയടച്ച് ജയില്‍മോചിതനാക്കിയതുമെല്ലാം മില്‍ഖ പൊതുവേദികളില്‍ പറയുമായിരുന്നു. ആത്മാര്‍ത്ഥമായ പരിശ്രമം വിജയത്തിലെത്തുമെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിച്ച മഹാവ്യക്തിയാണ് മില്‍ഖ എന്ന കായികതാരം.
പട്ടിണി നിറഞ്ഞ ജീവിതത്തില്‍നിന്നു കരകയറാന്‍ ജ്യേഷ്ഠന്‍ മഖന്‍ സിങ്ങായിരുന്നു പട്ടാളത്തില്‍ പോകാന്‍ മില്‍ഖയെ ഉപദേശിച്ചത്. സെക്കന്തരാബാദില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് സെന്ററില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ക്രോസ് കണ്‍ട്രി മത്സരം നടക്കുന്നു. ആദ്യമെത്തുന്ന 10 പേര്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ അധികം കിട്ടും. അധികം കിട്ടുന്ന പാലിനു വേണ്ടിയും അദ്ദേഹം ഓടാന്‍ തയ്യാറായി. 6-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ മില്‍ഖയുടെ കരിയര്‍ തെളിയുകയായിരുന്നു.
1956 മെല്‍ബണ്‍ ഒളിംപിക്സില്‍ 200 മീറ്റര്‍, 400 മീറ്റര്‍ ഇനങ്ങളില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പരാജയം നേരിട്ടപ്പോള്‍ പിന്‍മാറാന്‍ മില്‍ഖ തയ്യാറായിരുന്നില്ല, ജീവിതത്തില്‍ ഓടിക്കയറിയ കരുത്തുമായി വിണ്ടും മില്‍ഖ മത്സരരംഗത്തിറങ്ങി.
1958 ദേശീയമത്സരത്തിലെ ദേശീയ റെക്കോര്‍ഡ് നേടിയുള്ള വിജയവും 200 - 400 മീറ്റര്‍ വിജയങ്ങളും മില്‍ഖയെ ടോക്കിയോ ഏഷ്യന്‍ ഗെയിംസിലേക്ക് എത്തിച്ചു. അവിടെയും അവയില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിച്ചു. 200 മീറ്ററില്‍ പാക്കിസ്ഥാന്റെ ദേശീയ ഹീറോ അബ്ദുല്‍ ഖാലിഖിനെയാണു മില്‍ഖ തോല്‍പിച്ചത്.
ടോക്കിയോ ഗെയിംസിനു പിന്നാലെ പാക്കിസ്ഥാനില്‍ ഇന്‍വിറ്റേഷനല്‍ മീറ്റില്‍ പങ്കെടുക്കാനുള്ള ക്ഷണം മില്‍ഖയെ തേടിയെത്തി. എന്നാല്‍, ആ ക്ഷണം വൈകാരികമായി മില്‍ഖ നിഷേധിക്കുകയായിരുന്നു. തനിക്കു പ്രിയപ്പെട്ടതെല്ലാം കവര്‍ന്നെടുത്ത അന്നാട്ടിലേക്കു വീണ്ടും പോകാന്‍ തയ്യാറല്ലെന്ന നിലപാട് എടുത്ത മില്‍ഖയെ അന്നു തിരുത്തിയത് ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ മില്‍ഖയുടെ സാന്നിധ്യം സഹായിക്കുമെന്നു പറഞ്ഞപ്പോള്‍ സമാധാനപ്രിയനായിരുന്ന മില്‍ഖ സമ്മതിക്കുകയായിരുന്നു. അവിടെയെത്തിയ മില്‍ഖ, അബ്ദുല്‍ ഖാലിഖിനെ വീണ്ടും തോല്‍പ്പിച്ചു. മത്സരത്തില്‍ കാണിയായി പാക് പ്രസിഡന്റ് ജനറല്‍ ആയൂബ്ഖാനും ഉണ്ടായിരുന്നു. ആയൂബ്ഖാനായിരുന്നു മില്‍ഖയ്ക്ക് 'പറക്കും സിങ്' എന്ന പേരു നല്‍കിയത്.
അംഗീകാരങ്ങളും നേട്ടങ്ങളും
1958 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ (കാര്‍ഡിഫ്) മില്‍ഖയാണ് ഇന്ത്യയ്ക്ക് ലോകോത്തരട്രാക്കില്‍നിന്ന് ആദ്യമായി സ്വര്‍ണം സമ്മാനിച്ചത്. 100, 200, 400 മീറ്ററുകളില്‍ ദീര്‍ഘകാലം ദേശീയ റെക്കോര്‍ഡ് മില്‍ഖായുടെ പേരിലായിരുന്നു. പിറ്റേവര്‍ഷം 1959 ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. തനിക്കു ലഭിച്ച മെഡലുകളെല്ലാം അദ്ദേഹം രാജ്യത്തിനു സമര്‍പ്പിച്ചിരുന്നു. ഇവയെല്ലാം പട്യാലയിലെ സ്പോട്സ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതിസന്ധികളുടെ നേര്‍ക്കാഴ്ചയായി ആത്മകഥ
2013 ല്‍ പ്രസിദ്ധീകരിച്ച 'ദ് റേസ് ഓഫ് മൈ ലൈഫ്' ആണ് മില്‍ഖാസിങ്ങിന്റെ ആത്മകഥ. തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെല്ലാം അണുവിട വ്യത്യാസമില്ലാതെ ആത്മകഥയില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. മില്‍ഖാ സിങ്ങിന്റെ ഭാര്യയും ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ (85) കോവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് അന്തരിച്ചത്. പിന്നാലെ മില്‍ഖയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഗോള്‍ഫ് താരം ജീവ് മില്‍ഖാ സിങ് ഉള്‍പ്പെടെ നാലു മക്കളാണ് മില്‍ഖയ്ക്കും നിര്‍മല്‍ കൗറിനും. കായികപ്രേമികള്‍ക്കും കായികതാരങ്ങള്‍ക്കും മാത്രമല്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ തളരുന്ന ഓരോരുത്തര്‍ക്കും പ്രചോദനമാണ് മില്‍ഖയുടെ ജീവിതം