ഒരു കാലഘട്ടം നീളെ മലയാള ചലച്ചിത്രഗാനശാഖയ്ക്ക് അവിസ്മരണീയ സംഭാവനകളര്‍പ്പിച്ച പൂവച്ചല്‍ ഖാദര്‍ ജൂണ്‍ 22 ന് നമ്മെ കടന്നുപോയി. ''നീയെന്റെ പ്രാര്‍ത്ഥന കേട്ടു, നീയെന്റെ മാനസം കണ്ടു'' എന്ന അതിപ്രശസ്തമായ ഭക്തിഗാനത്തിന്റെ രചയിതാവാണ് പൂവച്ചല്‍ ഖാദര്‍.
പ്രണയവും ഭക്തിയും സമന്വയിക്കുന്ന മനോഹരഗാനങ്ങളുടെ ശില്പിയായിരുന്നു കൊവിഡ് മഹാമാരിയുടെ മറ്റൊരു ഇരയായി കഴിഞ്ഞ ദിവസം മലയാള കലാസാഹിത്യവേദിക വിട്ടുപോയ പ്രിയ ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍. മുന്നൂറ്റിയമ്പതു സിനിമകള്‍ക്കായി ആയിരത്തിലേറെ ഗാനങ്ങളും ഒട്ടേറെ ലളിതഗാനങ്ങളും നാടകഗാനങ്ങളും അദ്ദേഹം മലയാളിക്കു സമ്മാനിച്ചു.
തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ എന്ന ഗ്രാമത്തില്‍ 1948 ഡിസംബര്‍ 25 ന് അബുബക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയാബീവിയുടെയും പുത്രനായി ജനിച്ചു. മൂന്നു സഹോദരിമാരുടെയും, രണ്ടു സഹോദരന്മാരുടെയും ഇടയില്‍ അഞ്ചാമനായിരുന്നു ഖാദര്‍. ആര്യനാട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം തൃശൂര്‍ വലപ്പാട് പോളിടെക്‌നിക്കില്‍ ചേര്‍ന്നു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിലെ തുടര്‍പഠനശേഷം പൊതുമരാമത്തുവകുപ്പില്‍ ഉദ്യോഗസ്ഥനായി.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ സാഹിത്യവാസന പ്രകടിപ്പിച്ചിരുന്ന ഖാദര്‍ ധാരാളം നാടകങ്ങള്‍ക്കുവേണ്ടിയും ആകാശവാണിക്കുവേണ്ടിയും ഗാനങ്ങള്‍ രചിച്ചു.
1972ല്‍ 'കവിത' എന്ന ചിത്രത്തില്‍ കവിതകള്‍ എഴുതിയാണ് ചലച്ചിത്രരംഗത്തെത്തുന്നത്. ആദ്യചിത്രം 'കാറ്റുവിതച്ചവന്‍' ആയിരുന്നെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം 'ചുഴി' ആണ്. റവ. സുവി എന്ന പുരോഹിതന്‍ സംവിധാനം ചെയ്ത 'കാറ്റു വിതച്ചവന്‍' എന്ന ചിത്രത്തില്‍ പൂവച്ചല്‍ ഖാദര്‍ എഴുതി പീറ്റര്‍ റൂബന്‍ ഈണമിട്ട 'നീയെന്റെ പ്രാര്‍ത്ഥന കേട്ടു', 'മഴവില്ലിനജ്ഞാതവാസം' തുടങ്ങിയ ഗാനങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. മേരി ഷൈലയും കൂട്ടരും ആലപിച്ച 'നീയെന്റെ പ്രാര്‍ത്ഥന കേട്ടു' എന്ന ഗാനം കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ലോകമെങ്ങുമുള്ള ക്രൈസ്തവഭക്തിഗാനസദസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
പിന്നീട് കവിത കിനിയുന്ന ആയിരത്തിലേറെ നിത്യഹരിതഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍നിന്നു പിറന്നുവീണു. 1975 ല്‍ പുറത്തിറങ്ങിയ ഉത്സവം എന്ന സിനിമയ്ക്കുവേണ്ടി അദ്ദേഹം എഴുതി എ.ടി. ഉമ്മര്‍ ഈണമിട്ട 'ആദ്യസമാഗമലജ്ജയില്‍...', 'ഏകാന്തതയുടെ കടവില്‍...' തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റുകളായിരുന്നു. 1978 ല്‍ കായലും കയറും എന്ന സിനിമയ്ക്കുവേണ്ടി കെ.വി. മഹാദേവന്റെ സംഗീതത്തില്‍ എഴുതിയ 'ശരറാന്തല്‍ തിരി താഴും മുകിലിന്‍ കുടിലില്‍' എന്ന ഗാനമടക്കം ആ സിനിമയിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായതോടെ തിരക്കുള്ള ഗാനരചയിതാവായി മാറി. ജോലിയില്‍നിന്ന് അവധിയെടുത്ത് ഗാനരചനയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീടുള്ള പല വര്‍ഷങ്ങളിലും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ രചിച്ച ഗാനരചയിതാവും അദ്ദേഹമായിരുന്നു. അനുരാഗിണീ ഇതാ എന്‍...(ഒരു കുടക്കീഴില്‍), ഏതോ ജന്മകല്പനയില്‍ (പാളങ്ങള്‍), ഹൃദയം ഒരു വീണയായ്, ഇത്തിരി നാണം പെണ്ണിന്‍ കവിളില്‍... (തമ്മില്‍ തമ്മില്‍), പൂമാനമേ ഒരു രാഗമേഘം (നിറക്കൂട്ട്), മന്ദാരച്ചെപ്പുണ്ടോ (ദശരഥം), കുടയോളം ഭൂമി (തകര), നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ (ചാമരം) മോഹന്‍ലാലിന്റെ ഹിറ്റുചിത്രമായ താളവട്ടത്തിലെ എല്ലാ ഗാനങ്ങളും - അങ്ങനെ പോകുന്നു പൂവച്ചല്‍ ഖാദറിന്റെ ഗാനസപര്യ.
സിനിമാഗാനങ്ങള്‍ക്കു പുറമേ, വളരെ ശ്രദ്ധിക്കപ്പെട്ട, ഇന്നും എല്ലാവരും പാടിനടക്കുന്ന ധാരാളം ലളിതഗാനങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ധാരാളം ആല്‍ബം ഗാനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 'കളിവീണ', 'പാടുവാന്‍ പഠിക്കുവാന്‍' എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായുണ്ട്. പില്‍ക്കാലത്ത് തിരികെ ജോലിയില്‍ പ്രവേശിച്ചതോടെ പാട്ടെഴുത്തില്‍ സജീവമല്ലാതായി
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് (ചാമരം- 1980), കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് (ലളിതഗാനശാഖ - 2006), ഓള്‍ കേരള മാപ്പിള സംഗീത അക്കാദമിയുടെ 'പി. ഭാസ്‌കരന്‍' പുരസ്‌കാരം (2008) തുടങ്ങി പല പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി. ഭാര്യ അമീന. മക്കള്‍ തുഷാര, പ്രസൂന. മലയാളചലച്ചിത്രഗാനശാഖ ആകെ പരിശോഷണത്തിന്റെ അവസ്ഥയില്‍ എത്തിനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ സര്‍ഗസൗകുമാര്യം തുളുമ്പിവീണ വരികളുടെ സൗന്ദര്യമാണ് പൂവച്ചല്‍ ഖാദറിന്റെ നിര്യാണത്തോടെ നഷ്ടമായത്.