•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ലഹരിയില്‍ മുങ്ങിത്താഴുന്ന ജീവിതങ്ങള്‍

ജൂണ്‍ 26 : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

2021-ലെ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണത്തിന്റെ പ്രമേയം Share facts on drugs, Save lives (ലഹരിയുടെ വസ്തുതകള്‍ പങ്കുവയ്ക്കാം, ജീവിതങ്ങളെ രക്ഷിക്കാം) എന്നതാണ്. ലഹരിയുപയോഗത്തിന് മാനവചരിത്രത്തോളം പഴക്കമുണ്ട്. ലഹരിയുപയോഗത്തെ മതങ്ങളും മനുഷ്യസ്‌നേഹികളും ചരിത്രാതീതകാലം മുതല്‍ വിലക്കിയിട്ടുമുണ്ട്. എന്നിട്ടും ലഹരിയുപയോഗം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ലഹരിയുപയോഗംതന്നെയാണ്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം ലക്ഷ്യം വയ്ക്കുന്നത് ലഹരിയുപയോഗത്തിന്റെ പരിണതഫലങ്ങള്‍ ബോധ്യപ്പെടുത്തുകയും അതില്‍നിന്നു പിന്മാറാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയുമാണ്. 
ലഹരിയുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം നാടിന്റെ പ്രതീക്ഷകളില്‍ ഇരുള്‍ പരത്തുകയാണ്. ലോകവ്യാപകമായി പ്രതിവര്‍ഷം 50,000 കോടി ഡോളറിന്റെ മയക്കുമരുന്നുവ്യാപാരമാണ് നടക്കുന്നത്. അന്താരാഷ്ട്രവിപണിയില്‍ ആയുധവ്യാപാരം കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം മയക്കുമരുന്നു വ്യാപാരത്തിനാണ്. 269 ദശലക്ഷം ആളുകള്‍ ലോകത്ത് ലഹരിയുപയോഗിക്കുന്നു. ഇന്ത്യയില്‍ 16 കോടി. ഏകദേശം 40,000 കോടി ഡോളറിന്റെ മദ്യക്കച്ചവടമാണ് ലോകത്ത് നടക്കുന്നത്. ലോകത്ത് 120 കോടി ജനങ്ങള്‍ പുകവലിശീലമുള്ളവരാണ്. പുകയിലയുപയോഗം മൂലം 50 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം അകാലമൃത്യു വരിക്കുന്നു. ലഹരിയുപയോഗിക്കുന്ന തുകയുണ്ടെങ്കില്‍ മാനവജനതയ്ക്ക് ഇന്നുള്ളതിനേക്കാള്‍ പത്തിരട്ടി ആഹാരവും വസ്ത്രവും പാര്‍പ്പിടവും നല്‍കുവാന്‍ സാധിക്കും. 
ആസ്വാദനം, അനുകരണം, ജിജ്ഞാസയും പരീക്ഷണവും, പരപ്രേരണ, തമാശയ്ക്കുവേണ്ടി, ഉന്മാദത്തിനായി, മാനസിക-സാമൂഹികപ്രശ്‌നത്തില്‍നിന്നുള്ള മോചനം, വീട്ടിലെ പ്രശ്‌നങ്ങള്‍, പ്രേമപരാജയങ്ങള്‍, പഠനബുദ്ധിമുട്ട്, സമൂഹത്തില്‍ മാന്യത കിട്ടാന്‍, പണലഭ്യത, മിഥ്യാധാരണകള്‍, ലഹരിദോഷത്തെക്കുറിച്ചുള്ള അജ്ഞത, സുലഭമായ ലഭ്യത, മാനസികസംഘര്‍ഷം, ജീവിതസാഹചര്യം, നെഗറ്റീവ് പിയര്‍ഗ്രൂപ്പ് സ്വാധീനം, വിവേചനം തുടങ്ങി നിരവധി കാരണങ്ങള്‍ ഒരുവനെ ലഹരിയിലേക്കു നയിക്കുന്നുണ്ട്. ലഹരിയാസക്തി ഒരു രോഗമാണ്. തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് മയക്കുമരുന്നാസക്തി. ചിന്തകളെ, പെരുമാറ്റത്തെ,  ഇന്ദ്രിയാനുഭൂതികളെ, വികാരങ്ങളെ എല്ലാം ലഹരിയാസക്തി ബാധിക്കുന്നു. ശാരീരിക-മാനസിക-കുടുംബ-സാമൂഹികതലങ്ങളിലെല്ലാം ലഹരിയാസക്തി പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കും.
വളരെ ചെറുപ്പത്തില്‍ ലഹരിയുപയോഗിച്ചു തുടങ്ങുന്നവര്‍, ബുദ്ധിപരമായി പിന്നില്‍ നില്‍ക്കുന്നവര്‍, കുടുംബത്തില്‍ ആസക്തിരോഗമുള്ളവര്‍, പഠനവൈകല്യമുള്ളവര്‍, വ്യക്തിത്വവൈകല്യമുള്ളവര്‍, കുട്ടിക്കാല-കൗമാര പ്രശ്‌നങ്ങളുള്ളവര്‍, തകര്‍ന്ന കുടുംബങ്ങളില്‍നിന്നു വരുന്നവര്‍ എന്നീ വിഭാഗത്തില്‍പെട്ടവര്‍ ലഹരിയാസക്തിയിലേക്കു പെട്ടെന്നു വഴുതിവീഴാനിടയുണ്ട്. കൗമാരത്തില്‍ ലഹരിയുപയോഗിച്ചു തുടങ്ങുന്നവര്‍ ലഹരിയാസക്തരാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് നാലു മടങ്ങാണ്. മാനസികപ്രശ്‌നങ്ങളില്‍നിന്നു മോചനം ലഭിക്കുമെന്ന തെറ്റുധാരണയും യുവതലമുറയെ ലഹരിയിലേക്കു നയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്കു പിന്നിലെ വലിയ കാരണവും മദ്യമയക്കുമരുന്നുപയോഗമാണ്. വിദ്യാര്‍ത്ഥികളുടെ ലഹരിയുപയോഗം തുടങ്ങിയിരുന്നത് പുകയിലയുത്പന്നങ്ങളിലൂടെയായിരുന്നു. ഇന്ന് ഏതു മാര്‍ഗവും പരീക്ഷിച്ചുനോക്കാനുള്ള വ്യഗ്രതയാണവര്‍ കാട്ടുന്നത്.
ചുവന്ന കണ്ണുകള്‍, മുഷിഞ്ഞ വസ്ത്രം, നടക്കാന്‍ പ്രയാസം, അമിതസംസാരം, അലക്ഷ്യമായ നോട്ടം, ഉറക്കക്കുറവ്, വിശപ്പുകുറവ്, അമിതഭക്ഷണം, ഭയം, അമിതാഹ്ലാദം, ഉത്സാഹക്കൂടുതല്‍, ശരീരഭാഗങ്ങളില്‍ കുത്തിവച്ച പാട്, നുണപറയല്‍ തുടങ്ങിയ ലക്ഷണങ്ങളില്‍നിന്ന് ലഹരിയുപയോഗിക്കുന്നവരെ തിരിച്ചറിയാം. ലഹരിയാസക്തി ഒരു രോഗമായതിനാല്‍ ചികിത്സയിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ. മെഡിക്കല്‍ ചികിത്സ, മാനസികചികിത്സ, കൗണ്‍സെലിംഗ്, വിവിധതരം തെറാപ്പികള്‍ എല്ലാം ലഹരിവിമുക്തിക്കായി വേണ്ടിവരും.
ജനിതക സിദ്ധാന്തമനുസരിച്ച് ലഹരിക്കടിമയായ ഒരു വ്യക്തിയുടെ മക്കളോ പേരക്കിടാങ്ങളോ എളുപ്പത്തില്‍ ലഹരിപദാര്‍ത്ഥങ്ങളിലേക്കു വഴുതിവീഴാം. മദ്യപരുടെ മക്കളുടെ ബ്രെയിന്‍ കെമിസ്ട്രിയില്‍ മദ്യാസക്തിയുടെ പ്രേരക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. പത്തുപേരില്‍ രണ്ടുപേര്‍ മദ്യാസക്തരാകുന്നുവെങ്കില്‍ ആ രണ്ടുപേര്‍ മദ്യപരുടെ മക്കളാകും. മദ്യപരുടെ മക്കള്‍ മദ്യപകരാകാനുള്ള സാധ്യത 60 ശതമാനമാണ്. പാരമ്പര്യഘടന കഴിഞ്ഞാല്‍ കുടുംബസംഘര്‍ഷങ്ങളാണ് ഒരുവനെ ലഹരിയുടെ വഴി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രശസ്ത മനോരോഗവിദഗ്ദ്ധന്‍ ഡോ. ഇ.എം. ഹോച്ചിന്റെ അഭിപ്രായത്തില്‍, ലഹരിശീലംമൂലം മനോരോഗികളായിത്തീരുന്നവരുടെ എണ്ണം ഇന്ത്യയിലും കേരളത്തിലും വര്‍ദ്ധിച്ചുവരികയാണ്. 100 ലഹരിയാസക്തരുടെ കുടുംബം എടുത്താല്‍ അതില്‍ 7 കുടുംബങ്ങളില്‍ മനോവൈകല്യമുള്ളവര്‍ ജനിക്കുന്നു.
ലഹരിയാസക്തി വ്യക്തി-കുടുംബ-സാമൂഹികതലങ്ങളില്‍ ഗുതുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നുവെന്നു തിരിച്ചറിയുക. ഒരു നന്മയും ലഹരികള്‍ പ്രദാനം ചെയ്യുന്നില്ല. സന്തോഷം തേടിയാണ് ലഹരിവഴികള്‍ തേടുന്നത്. അവസാനം ലഹരിജീവിതം ദുരന്തമാണു സമ്മാനിക്കുക. ജീവിതത്തില്‍ സന്തോഷവഴികള്‍ ഒട്ടേറെയുണ്ട്. കുടുംബം, വ്യക്തിബന്ധങ്ങള്‍, വിനോദങ്ങള്‍, നല്ല ഭക്ഷണം, നല്ല ജോലി, വ്യായാമം, സൗഹൃദങ്ങള്‍ എല്ലാം സന്തോഷം പ്രദാനം ചെയ്യും. സ്വന്തം സന്തോഷവഴികള്‍ സ്വയം കണ്ടെത്തുക. ജീവിതമാണ് ലഹരിയെന്നു തിരിച്ചറിയുക, സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരേ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനങ്ങളും മതങ്ങളും പ്രത്യേകം ജാഗ്രത പുലര്‍ത്തണം. ലഹരിക്കടിമയായവരെ തിരികെക്കൊണ്ടുവരാന്‍ ശ്രമങ്ങളുണ്ടാകണം. ഇനിയാരും ലഹരിവഴികള്‍ തേടാതിരിക്കാനുള്ള നിതാന്തപരിശ്രമങ്ങള്‍ സര്‍ക്കാരിന്റെയും മറ്റുള്ളവരുടെയും ഭാഗത്തുനിന്നുണ്ടാകണം. അങ്ങനെ ലഹരിക്കെതിരേ ഒറ്റക്കെട്ടായി കൈകള്‍ കോര്‍ത്ത മുന്നേറാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)