നമ്മെ ഇപ്പോഴും വിടാതെ പിന്തുടരുന്ന കൊവിഡ്, പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര കഷ്ടനഷ്ടങ്ങളാണു സമ്മാനിച്ചത്. അതുകൊണ്ടുതന്നെ കൊവിഡ് കാലത്തു ശുഭവാര്‍ത്തകള്‍ നാമമാത്രമായി. അശുഭവാര്‍ത്തകള്‍ ആകട്ടെ മഹാമാരിയായും പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നു. എണ്ണം പറഞ്ഞ ശുഭവാര്‍ത്തകളില്‍ ഒന്നായിരുന്നു കേരളത്തിലെ കാര്‍ഷികമേഖലയില്‍ ഉണ്ടായ ഉണര്‍വും ഉത്പാദനവര്‍ധനയും. അതില്‍ ഏറ്റവും ശ്രദ്ധേയം പച്ചക്കറിയുത്പാദനത്തില്‍ ഉണ്ടായ അഭൂതപൂര്‍വമായ കുതിപ്പാണ്. 15.7 ലക്ഷം ടണ്‍ ആണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്ന പച്ചക്കറിയുത്പാദനം. കഴിഞ്ഞവര്‍ഷത്തെ ഉത്പാദനം 14.93 ലക്ഷം ടണ്‍ ആയിരുന്നു. അതായത്, പ്രതീക്ഷിക്കുന്ന വര്‍ധന 77,000 ടണ്‍.
ആദ്യലോക്ഡൗണ്‍ കാലത്ത് ഉത്പാദനവര്‍ധന ലക്ഷ്യമിട്ടു കൃഷിവകുപ്പു സ്വീകരിച്ച സത്വരനടപടികള്‍ ഫലം കണ്ടു. വിവിധ പദ്ധതികള്‍ക്കായി സ്വരൂക്കൂട്ടി വച്ചിരുന്ന പച്ചക്കറിവിത്തുകള്‍ വീടുകളില്‍ നേരിട്ട് എത്തിച്ചും കര്‍ഷകര്‍ക്കു ലഭ്യമാക്കിയും ഈ കെട്ടകാലത്തു കാര്‍ഷികമേഖലയ്ക്ക് ഉണര്‍വേകി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, സംസ്ഥാനത്തെ പച്ചക്കറിയുത്പാദനം ഗണ്യമായ തോതില്‍ മെച്ചപ്പെട്ടുകൊണ്ടാണിരുന്നതെന്ന്.
2015-16 ല്‍ 46,578 ഹെക്ടറില്‍ പച്ചക്കറിക്കൃഷി ഉണ്ടായിരുന്നു. ഉത്പാദനം 6.28 ലക്ഷം ടണ്‍. 2016-17 ല്‍ 52,830 ഹെക്ടറില്‍ ആയി കൃഷി. വര്‍ധന 6,252 ഹെക്ടര്‍. ഉത്പാദനം 7.25 ലക്ഷം ടണ്‍. 2017-18 ല്‍ പച്ചക്കറികൃഷി 69,047 ഹെക്ടറിലേക്കു വ്യാപിച്ചു. ഉത്പാദനമാകട്ടെ 10 ലക്ഷം ടണ്‍ മറികടന്നു. 2018-19 ല്‍ കൃഷിഭൂമിയുടെ വിസ്തൃതിയില്‍ അഭൂതപൂര്‍വമായ വര്‍ധന ഉണ്ടായി. 82,163 ഹെക്ടര്‍. ഉത്പാദനം 12.12 ലക്ഷം ടണ്‍. 2019-20 ല്‍ ആകട്ടെ ഉത്പാദനം 14.93 ലക്ഷം ടണ്‍. കൃഷിഭൂമിയുടെ വിസ്തൃതി 96,313 ഹെക്ടര്‍. ഈ വര്‍ഷം 1,02,000 ഹെക്ടറിലാണു പച്ചക്കറിക്കൃഷി. അതില്‍നിന്നു പ്രതീക്ഷിക്കുന്നത് 15.7 ലക്ഷം ടണ്‍ വിളവ്.
തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നുമായി പ്രതിവര്‍ഷം 20 ലക്ഷം ടണ്‍ പച്ചക്കറിയാണു കേരളത്തിലേക്ക് എത്തിയിരുന്നത്. ഇതില്‍ 50 ശതമാനത്തിന്റെ കുറവെങ്കിലും ഉണ്ടായി എന്നാണു കണക്ക്. ലോക്ഡൗണിനെത്തുടര്‍ന്ന് അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചിട്ടിട്ടും സംസ്ഥാനത്തു പച്ചക്കറിക്ഷാമമോ വിലക്കയറ്റമോ ഉണ്ടാവാതിരുന്നത് ആഭ്യന്തരോത്പാദനത്തില്‍ കൈവരിച്ച മുന്നേറ്റമാണ് എന്നു വ്യക്തം. നഗരങ്ങളിലെ മാര്‍ക്കറ്റുകളില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറിവരവ് 40 ശതമാനം കുറവുവരുത്താന്‍ സാധിച്ചു. ഗ്രാമീണചന്തകളാകട്ടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം മാത്രമാണ് അന്യസംസ്ഥനങ്ങളില്‍നിന്നുള്ള പച്ചക്കറി വരവിനെ ആശ്രയിക്കുന്നത്.
കാബേജ് കാരറ്റ്, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നതില്‍ ഭൂരിഭാഗവും. പയര്‍, ചീര, വെള്ളരി, കുമ്പളം, പാവയ്ക്ക, മുളക്, പടവലങ്ങ, കായ എന്നിവ മുക്കാല്‍ പങ്കിലേറെയും സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിക്കാനായി. കീടനാശിനികള്‍ ഏറ്റവും കൂടുതല്‍ തളിക്കുന്നത് എന്നു പറയപ്പെടുന്ന കറിവേപ്പിലയുടെ കാര്യത്തില്‍ ഇക്കാലയളവില്‍ കേരളം ഒട്ടൊക്കെ സ്വയംപര്യാപ്തമായി എന്നതും ശ്രദ്ധേയം.
കൃഷിഭൂമിയുടെയും വിളവിന്റെയും കാര്യത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായുള്ള വര്‍ധന നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ പത്തുവര്‍ഷത്തിനകം കേരളം പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാകുകതന്നെ ചെയ്യും. വര്‍ഷം മുഴുനീളെ ഉത്പന്നങ്ങള്‍ക്കു ന്യായമായ വില കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ ഉറപ്പുവരുത്താന്‍ കൂടി സാധിക്കേണ്ടതുണ്ട്. സംഭരണത്തിലും വില്പനയിലും ഏകീകൃതസ്വഭാവം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു കഴിഞ്ഞെങ്കില്‍ മാത്രമേ മാന്യമായ വില കര്‍ഷകര്‍ക്ക് ഉറപ്പുവരുത്താന്‍ കഴിയൂ. സംസ്ഥാനം പച്ചക്കറിയുത്പന്നങ്ങളുടെ കാര്യത്തില്‍ സ്വയംപര്യാപ്തമാകുന്നതോടെ ന്യായവിലയ്ക്കു വര്‍ഷം മുഴുവന്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാനും വഴിതുറക്കും.
വിദേശത്തുനിന്നടക്കം തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലെത്തിയ യുവാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ കാര്‍ഷികവൃത്തി ഉപജീവനമായി സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ സന്ദിഗ്ധഘട്ടത്തില്‍ താത്കാലിക ഉപജീവനാര്‍ത്ഥമാണ് അതെങ്കിലും കൃഷിയെ ഗൗരവപൂര്‍വം സമീപിക്കുന്ന അസംഖ്യംപേര്‍ അക്കൂട്ടത്തിലുണ്ട്. അത്തരക്കാരെ കണ്ടെത്തി സര്‍വവിധ പ്രോത്സാഹനവും നല്‍കേണ്ടിയിരിക്കുന്നു. അതിനായി, സമഗ്രമായ ഒരു പദ്ധതിതന്നെ ആവിഷ്‌കരിക്കേണ്ടതുണ്ട്. അതിര്‍ത്തി ചെക്‌പോസ്റ്റ് കടന്നു പച്ചക്കറിയുമായി ഒരൊറ്റ ലോറിപോലും വരേണ്ടാത്ത, ഭക്ഷ്യസ്വയംപര്യാപ്തതയുടെ ഐശ്വര്യപൂര്‍ണമായ നാളേക്കുവേണ്ടി നമുക്കു ശുഭാപ്തിവിശ്വാസത്തോടെ കാത്തിരിക്കാം.