മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ അന്തരിച്ചിട്ട്
ജൂണ്‍ 15 ന് അമ്പതു വര്‍ഷം
സത്യന്മാഷ് ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് ഓര്‍മയാണ്. തവിട്ടും നീലയും കലര്‍ന്ന അദ്ദേഹത്തിന്റെ ഛായാചിത്രങ്ങള്‍ നഗരഭിത്തികളിലും ഗ്രാമമൂലകളിലും അന്നത്തെ ചാരനിറമാര്‍ന്ന പാട്ടുപുസ്തകങ്ങളുടെ പുറംചട്ടകളിലും നിത്യസാന്നിധ്യമായിരുന്ന കാലം. കാമ്പും കഴമ്പുമുള്ള സിനിമകളിലെ കരുത്തുറ്റ കഥാപാത്രങ്ങളായി അദ്ദേഹം വെള്ളിത്തിരയില്‍ നിറഞ്ഞാടി.
കനപ്പെട്ട ശിരസ്സും കറുത്തു കരിവീട്ടിപോലുള്ള ബലിഷ്ഠമായ ശരീരവുമായി ശരാശരി മലയാളിയുടെ ഭാവുകത്വത്തെ ഏറെക്കാലം ഉദ്ദീപിപ്പിച്ച ഒരു മഹാനടനായിരുന്നു സത്യന്‍. ഒരു താരരാജാവിനു ചേര്‍ന്ന നിറമോ ഉയരമോ സത്യനുണ്ടായിരുന്നില്ല. എങ്കിലും, തന്റെ വേറിട്ട അഭിനയശൈലിയും തനതുഭാവങ്ങളുംകൊണ്ട് രണ്ടു പതിറ്റാണ്ടുകാലം അദ്ദേഹം മലയാളസിനിമ അടക്കിവാണു. പാന്റും കോട്ടുമിട്ട്, ഷര്‍ട്ടും മുണ്ടുമുടുത്ത്, കള്ളിമുണ്ടും ബനിയനുമണിഞ്ഞ്, ചുണ്ടിലെരിയുന്ന ബീഡിയും തലേക്കെട്ടും പിരിയന്‍മീശയുമൊക്കെയായി അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ തിരശ്ശീലയില്‍നിന്നു മണ്ണിലിറങ്ങി നടന്നു. അങ്ങനെ 'ഓടയില്‍നിന്നി'ലെ പപ്പുവിനെയും 'അനുഭവങ്ങള്‍ പാളിച്ചകളി'ലെ ചെല്ലപ്പനെയും 'ചെമ്മീനി'ലെ പളനിയെയുമെന്നല്ല, അദ്ദേഹം ഉജ്ജ്വലമായി അരങ്ങേറ്റിയ ഒട്ടുമിക്ക കഥാപാത്രങ്ങളെയും മലയാളി സ്‌നേഹപൂര്‍വം നെഞ്ചേറ്റി. കേരളസമൂഹത്തില്‍നിന്നു കൃതഹസ്തരായ എഴുത്തുകാര്‍ കണ്ടെടുത്ത നായകകഥാപാത്രങ്ങള്‍ക്ക് ആ അഭിനയപ്രതിഭ നല്കിയ 'സത്യന്‍ ടച്ച്' പിന്നീട് ആണത്തത്തിന്റെയും പൗരുഷത്തിന്റെയും പൂര്‍വമാതൃകയായി മാറിയെന്നതാണു സത്യം.
തിരുവനന്തപുരത്തിനടുത്തു തിരുമലയില്‍ ചെറുവിളാകത്തുവീട്ടില്‍ മാനുവലിന്റെയും ലില്ലിയമ്മയുടെയും മൂത്തമകനായി 1912 നവംബര്‍ ഒമ്പതിനു ജനിച്ച സത്യന്‍, അക്കാലത്തെ ഉയര്‍ന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാന്‍പരീക്ഷ പാസ്സായതിനുശേഷം തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ അധ്യാപകനായിച്ചേര്‍ന്നു. പിന്നീടു രണ്ടു വര്‍ഷം സെക്രേട്ടറിയറ്റില്‍ ക്ലാര്‍ക്കായി. തുടര്‍ന്ന് പട്ടാളത്തില്‍ ചേര്‍ന്നു. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂര്‍ സേനയിലെ അംഗമായിരുന്നു സത്യന്‍. പട്ടാളത്തില്‍നിന്നു തിരിച്ചുവന്ന സത്യന്‍ പോലീസില്‍ ചേര്‍ന്നു. പുന്നപ്ര-വയലാര്‍ സമരകാലത്ത് ആലപ്പുഴയിലെ സബ്ഇന്‍സ്‌പെക്ടറായി കാലം പ്രതിഷ്ഠിച്ചത് സത്യനേശന്‍ നാടാര്‍ എന്ന സത്യനെയായിരുന്നു. രക്താര്‍ബുദം ബാധിച്ച് ദീര്‍ഘകാലം ചികിത്സ തേടിയ സത്യന്‍ 1971 ജൂണ്‍ 15 ന് അന്തരിച്ചു.
അധ്യാപകന്‍, ക്ലാര്‍ക്ക്, പട്ടാളക്കാരന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍, നടന്‍ എന്നിങ്ങനെ സത്യന്‍ ചവിട്ടിക്കയറിയ പടിക്കെട്ടുകളിലേക്കു നോക്കിയാല്‍ അവിടെയെല്ലാം ഒരു സ്ഥിരോത്സാഹി തലയുയര്‍ത്തിനില്ക്കുന്നതു കാണാം. ആലപ്പുഴയില്‍ സബ് ഇന്‍സ്‌പെക്ടറായിരിക്കെ, പ്രസിദ്ധ സംഗീതകാരനും നടനുമായ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുമായി കൈവന്ന പരിചയമാണ് സത്യനെ കലാലോകത്തിന്റെ വാതില്‍പ്പുറങ്ങളിലേക്കു നയിച്ചത്. അതിനുമുമ്പുതന്നെ ചില നാടകത്തട്ടുകളിലൂടെ തന്റെ അഭിനയസാധ്യതകളെ അദ്ദേഹം പരീക്ഷിച്ചറിഞ്ഞിരുന്നു. സെബാസ്റ്റ്യന്‍ ഭാഗവതര്‍ പല നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും സത്യനെ പരിചയപ്പെടുത്തി. പക്ഷേ, വഴിതുറന്നില്ല. ഒടുവില്‍, ഒറ്റനോട്ടത്തില്‍ത്തന്നെ സത്യനിലെ അഭിനേതാവിനെ തിരിച്ചറിഞ്ഞ കൗമുദി ബാലകൃഷ്ണന്‍ എന്ന പ്രതിഭാശാലി തന്റെ 'ത്യാഗസീമ' എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിന്റെ മായാലോകം സത്യനുമുന്നില്‍ തുറന്നുകൊടുക്കുന്നു. നിര്‍ഭാഗ്യവശാല്‍ ചിത്രം വെളിച്ചംകണ്ടില്ല (അതിനകം പോലീസുദ്യോഗം അദ്ദേഹം രാജിവച്ചുകഴിഞ്ഞിരുന്നു). തുടര്‍ന്നഭിനയിച്ച 'ആത്മസഖി'യാണ് ആദ്യം പുറത്തുവന്ന ചിത്രം. പിന്നീട് നല്ല നല്ല സിനിമകളുടെ എത്രയെത്ര ഘോഷയാത്രകള്‍!
ഇതൊക്കെയാണെങ്കിലും സത്യന്റെ അഭിനയജീവിതത്തെ മാറ്റിമറിച്ച ചിത്രം 'നീലക്കുയിലാ'യിരുന്നു. അതിലെ സ്‌കൂള്‍ മാസ്റ്റര്‍ സത്യനെ ഉയരങ്ങളില്‍ പ്രതിഷ്ഠിച്ചു. 1954 ല്‍ രാമു കാര്യാട്ടും പി. ഭാസ്‌കരനും ചേര്‍ന്നൊരുക്കിയ, മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം നേടിയ ആ ചിത്രം മലയാളസിനിമാചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി.
സിനിമയിലെന്നല്ല, ജീവിതത്തിലും കരുത്തനായിരുന്നു സത്യന്‍. എപ്പോഴും മണ്ണില്‍ കാലുറപ്പിച്ചു നടന്ന പച്ചമനുഷ്യന്‍. പാന്റും സ്ലാക് ഷര്‍ട്ടും ചിലപ്പോള്‍ മുഖത്തൊരു കൂളിംഗ് ഗ്ലാസുമായി സിനിമാസെറ്റുകളിലും സൗഹൃദക്കൂട്ടായ്മകളിലും കടന്നുവന്നിരുന്ന സത്യനെ സഹപ്രവര്‍ത്തകര്‍ ആദരവോടെ അനുസ്മരിക്കുന്നുണ്ട്. ഗാംഭീര്യം സ്ഫുരിക്കുന്ന മുഖഭാവം. അതിനുചേര്‍ന്ന ശരീരഭാഷയും അംഗചലനങ്ങളും. സത്യന്‍ സിനിമാസെറ്റില്‍ കാലുകുത്തിയാലുടന്‍, അതുവരെയുണ്ടായിരുന്ന സകല കലപിലകളും സ്വിച്ചിട്ടതുപോലെ നിലയ്ക്കുമായിരുന്നത്രേ. അതായിരുന്നു സത്യന്‍.
സ്വാഭിപ്രായം ആരുടെ മുമ്പിലും വെട്ടിത്തുറന്നു പറയാന്‍ സത്യനു മടിയുണ്ടായിരുന്നില്ല. സിനിമയിലായാലും ജീവിതത്തിലായാലും ഒരു തെറ്റു കണ്ടാല്‍, അനീതി കണ്ടാല്‍ പൊട്ടിത്തെറിക്കുന്ന പ്രകൃതം. ഒരു സ്വകാര്യ ടി.വി. ചാനല്‍ പരമ്പരയില്‍ സത്യന്റെ ഈ സ്വഭാവസവിശേഷതയെപ്പറ്റി തിരക്കഥാകൃത്ത് ജോണ്‍ പോള്‍ വലിയ അദ്ഭുതത്തോടെ വിവരിക്കുന്നുണ്ട്: അരനാഴികനേരം റിലീസായ സമയം. മലയാളസിനിമാപ്രേക്ഷകര്‍ ഒന്നടങ്കം ഇരുകൈയുംനീട്ടി സ്വീകരിച്ച ചിത്രമായിരുന്നു അത്. ആ ചിത്രത്തിനു ധാരാളം അവാര്‍ഡുകള്‍ കിട്ടി. കൊല്ലത്തു നടന്ന ഒരു സ്വകാര്യ അവാര്‍ഡുദാനച്ചടങ്ങില്‍ മുഖ്യാതിഥി സത്യനാണ്. സത്യന്‍ നോക്കുമ്പോള്‍ ചിത്രത്തിലെ നായകനായ കുഞ്ഞോനാച്ചനെ അനശ്വരനാക്കിയ കൊട്ടാരക്കര ശ്രീധരന്‍നായര്‍ വേദിയുടെ പിന്‍നിരയില്‍ ഇരിക്കുന്നു. അന്നു കൊട്ടാരക്കര ഒരു സ്വഭാവനടന്‍ മാത്രമാണ്. സത്യന്‍ പൊട്ടിത്തെറിച്ചു: ഈ സിനിമയെയാണു നിങ്ങളാദരിക്കുന്നതെങ്കില്‍ ഇതിലെ നായകനെ മുന്‍നിരയില്‍ കൊണ്ടുവന്നിരുത്തണം. ഇല്ലെങ്കില്‍ ഞാനീ ചടങ്ങില്‍ പങ്കെടുക്കില്ല.
ഇനിയുമുണ്ടു കഥ. മലയാളസിനിമയ്ക്ക് ആദ്യമായി സംസ്ഥാനഗവണ്‍മെന്റ് അവാര്‍ഡ് പ്രഖ്യാപിച്ച സമയം. കടല്‍പ്പാലത്തിലെ അഭിനയത്തിനു മികച്ച നടനുള്ള അവാര്‍ഡ് സത്യന്. എന്നാല്‍ നല്ല ചിത്രത്തിനുള്ള അവാര്‍ഡു നേടിയത് നീലാ പ്രൊഡക്ഷന്‍സിന്റെ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത 'കുമാരസംഭവ'മായിരുന്നു. അവാര്‍ഡുദാനച്ചടങ്ങില്‍ മുഖ്യമന്ത്രിയടക്കമുള്ളവരെ മുന്നിലിരുത്തി സത്യന്‍ തുറന്നടിച്ചു: അര്‍ഹതയ്ക്കാണ് അംഗീകാരം നല്‌കേണ്ടത്. ഇല്ലെങ്കില്‍ സംസ്ഥാനഗവണ്‍മെന്റ് ഇതിനുവേണ്ടി മുടക്കുന്ന പണം വെറും വെയ്സ്റ്റാണ്. 'അരനാഴികനേരം' നേരിട്ട അവഗണനയായിരുന്നു സത്യന്റെ മനസ്സില്‍. തനിക്ക് അനേകം ചിത്രങ്ങള്‍ സമ്മാനിച്ച അന്നദാതാവായ സുബ്രഹ്മണ്യത്തെ അദ്ദേഹം അവിടെ കണക്കിലെടുത്തതേയില്ല. അരനാഴികനേരത്തിലെ നായകവേഷത്തിന് തന്നെക്കാള്‍ അനുയോജ്യന്‍ കൊട്ടാരക്കരയാണെന്നു കണ്ടെത്തിയതും അതു സേതുമാധവനോടു നിര്‍ദേശിച്ചതും സത്യനായിരുന്നുവെന്നോര്‍ക്കണം.
എപ്പോഴും നല്ല സിനിമയെ സ്‌നേഹിച്ചയാളായിരുന്നു സത്യന്‍. താരങ്ങളല്ല, സിനിമയാണു വലുതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. പി.എന്‍. മേനോന്‍ കുട്ട്യേടത്തി ഒരുക്കുമ്പോള്‍, അവിടെ പണം ഒരു പ്രതിബന്ധമാണെന്നറിഞ്ഞ സത്യന്‍, അഡ്വാന്‍സ് തുകയില്‍നിന്നു നൂറു രൂപാ മാത്രമെടുത്ത് ബാക്കി തിരികെയേല്പിച്ചുകൊണ്ടു പറഞ്ഞു: ഈ സിനിമയുടെ മുഴുവന്‍ പ്രതിഫലവും ഞാന്‍ പറ്റിക്കഴിഞ്ഞു. സത്യന്റെ ഒരു മാനുഷികമുഖമായിരുന്നു അത്. എവിടെയും സ്വയം കാറോടിച്ചുപോകാനിഷ്ടപ്പെട്ടിരുന്ന സത്യന്, സമാനഹൃദയര്‍ കൂടെയുണ്ടെങ്കില്‍ ഏറ്റവുമിഷ്ടം കവിതകള്‍ ഈണത്തില്‍ ചൊല്ലാനും സാഹിത്യചര്‍ച്ചകള്‍ നടത്താനുമായിരുന്നത്രേ. വായന അദ്ദേഹത്തിന്റെ ജീവിതചര്യയുടെ ഭാഗമായിരുന്നു. വൈവിധ്യമാര്‍ന്ന ജീവിതമുഖങ്ങളെ തന്മയത്വമായി ആവിഷ്‌കരിക്കുന്നതില്‍ അത് അദ്ദേഹത്തെ ഏറെ പ്രാപ്തനാക്കിയിട്ടുണ്ടാവണം.
എല്ലാ പ്രതിബന്ധങ്ങളെയും സത്യന്‍ സധൈര്യം നേരിട്ടു. രക്താര്‍ബുദം തന്നെ പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നുവെന്നു വളരെ നേരത്തേയറിഞ്ഞിട്ടും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹം കൈവിട്ടില്ല. വാക്കുറപ്പിച്ച സിനിമകളോടുള്ള പ്രതിബദ്ധതയായിരുന്നു മുന്നില്‍. സംവിധായകരോടും നിര്‍മാതാക്കളോടും അദ്ദേഹം തിരക്കുകൂട്ടി. അവസാനനാളുകളില്‍ ഓരോ ദിവസവും താന്‍ പൂര്‍ത്തിയാക്കിയവയും പാതി മുഴുമിപ്പിച്ചവയുമായ സിനിമകളുടെ സെറ്റില്‍നിന്നു ഡയാലിസിസിനായി മദ്രാസിലെ ഹോസ്പിറ്റലിലേക്കും തിരിച്ചും അദ്ദേഹം തിരക്കിട്ടോടുകയായിരുന്നു. അപ്പോഴും ഒറ്റയ്ക്കുതന്നെ, സ്വയം കാറോടിച്ച്.
ഒന്നാലോചിച്ചാല്‍ സത്യന്റെ ജീവിതം ഒരു ഒറ്റയാള്‍പ്പോരാട്ടമായിരുന്നു. കാണെക്കാണെ അദ്ദേഹത്തിന്റെ അഭിനയത്തില്‍ ഊറിക്കൂടിവന്ന നാടകാംശത്തെ വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും നാം മറക്കരുതാത്ത ഒരു കാര്യമുണ്ട്: അതുവരെയുണ്ടായിരുന്ന എല്ലാ നായകസങ്കല്പങ്ങളെയും പൊളിച്ചെഴുതിയ ആളാണു സത്യന്‍. ഓരോ കഥാപാത്രത്തിനും അദ്ദേഹം ഒരു മനുഷ്യമുഖം സമ്മാനിച്ചു. മലയാളസിനിമ ഇനിയുമെത്ര വളര്‍ന്നാലും ആ മഹാനടന്‍ കാത്തുവച്ച വേറിട്ട ചില രംഗമുഹൂര്‍ത്തങ്ങളും നിരയൊത്ത പല്ലുകളാല്‍ അദ്ദേഹം വിരിയിച്ച കുലീനമായ ചിരിയുടെ മാസ്മരികഭംഗിയും മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.