പുസ്തകങ്ങളിലഴുക്കു പറ്റിയാ-
ലത്തലേറ്റവുമെനിക്കു വന്നിടും
പുത്തനായവ സദാ വിളങ്ങിയാ-
ലെങ്ങുമിങ്ങധികമായ കൗതുകം.
കെ. സി. കേശവപിള്ളയുടെ ''പുസ്തകം'' എന്ന കൊച്ചുകവിതയുടെ തുടക്കമാണിത്. ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഗതവും തീരുമാനവുമാണ് ഈ കവിതയില്‍ മുഴങ്ങുന്നത്. അതിലെ അവസാനവരികള്‍ ശ്രദ്ധിക്കൂ:
ഞാനവറ്റിലൊരഴുക്കു തേയ്ക്കയോ
പേന പെന്‍സിലിവയാല്‍ വരയ്ക്കയോ
ചെയ്കയില്ലിവ പഠിച്ച മാത്രയില്‍
ചേര്‍ത്തുവയ്ക്കുമൊരുപോലെ ഭംഗിയായ്.
ഇപ്പറയുന്നതത്രയും പാഠപുസ്തകത്തെക്കുറിച്ചാണെങ്കിലും ഏതൊരു പുസ്തകത്തെയും കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് ഈ വരികള്‍ നമുക്കു പറഞ്ഞുതരുന്നു. അറിവിന്റെ അക്ഷയഖനികളായ പുസ്തകങ്ങള്‍, വായിക്കാനുള്ള സാമഗ്രികളാണ്. വിദ്യയ്ക്കു വില കല്പിക്കുന്ന ഏതൊരാളും അവയെ ആദരവോടെ കാണുന്നു. പുതിയൊരു വിദ്യാലയവര്‍ഷാരംഭത്തില്‍ മനസ്സില്‍ സൂക്ഷിക്കേണ്ട ഒരു പരമാര്‍ത്ഥത്തെയാണ് കവി മുന്നോട്ടുവയ്ക്കുന്നത്.
മഹാകവി ഉള്ളൂര്‍, പുസ്തകം കൈയിലുള്ളവനെ ഭാഗ്യവാനെന്നു വിശേഷിപ്പിക്കുന്നതു നോക്കൂ:
ഒരൊറ്റപ്പുസ്തകം കൈയി-
ലോമനിപ്പതിനുള്ളവന്‍
ഏതു സമ്രാട്ടിനേക്കാളു-
മെന്നാളും ഭാഗ്യമാര്‍ന്നവന്‍.
അറിവിന്റെ അദ്ഭുതമനുഷ്യനായിരുന്ന എന്‍. വി. കൃഷ്ണവാര്യര്‍ എഴുതിയ പ്രസിദ്ധമായൊരു കവിതയാണ് 'പുസ്തകങ്ങള്‍'.
പുസ്തകങ്ങളിലെന്തൊക്കെയുണ്ട്?
പുസ്തകങ്ങളില്‍ വിസ്മയമുണ്ട്,
പുസ്തകങ്ങളിലാനന്ദമുണ്ട്,
പുസ്തകങ്ങളില്‍ വിജ്ഞാനമുണ്ട്.
പുസ്തകങ്ങളില്‍ അടങ്ങിയിരിക്കുന്ന വിസ്മയവും വിജ്ഞാനവും ആനന്ദവുമൊക്കെ കവി എണ്ണിയെണ്ണിപ്പറയുന്നുമുണ്ട്. അതുകൊണ്ടുകൂടിയാണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ കവിതയിലെ കുട്ടി പറയുന്നത്:
വായിക്കാനുണ്ടേറെയെനിക്കും
ഞാനും സഞ്ചിയഴിക്കട്ടെ.
എല്ലാ പുസ്തകങ്ങളും നമ്മുടെ കൈവശം ഉണ്ടാവുകയില്ല. അവ ഉള്ളിടത്തുനിന്നു സമ്പാദിച്ചുവായിക്കണം. നാട്ടിലെമ്പാടുമുള്ള വായനശാലകള്‍ അതിനു സഹായിക്കുന്നു. അത്തരം പുസ്തകാലയങ്ങളുടെ പ്രണേതാവായിരുന്ന പി. എന്‍. പണിക്കരോടുള്ള ആദരസൂചകമായിട്ടാണല്ലോ നാം ജൂണ്‍ 19 ന് വായനദിനം ആചരിക്കുന്നത്. ഒരു വായനശാല നല്‍കുന്ന അനുഭവം എത്ര ഹൃദയസ്പര്‍ശിയാണെന്ന് റഫീക്ക് അഹമ്മദ് 'വായനശാല' എന്ന കവിതയില്‍ വിവരിക്കുന്നു:
എത്ര പുസ്തകങ്ങളാണവിടെ, തമ്മില്‍ത്തമ്മി-
ലൊട്ടിനില്‍ക്കുന്നു സ്തബ്ധലോകങ്ങളുള്ളില്‍ പേറി.
............................................................................................
വാക്കുകള്‍ അത്രയ്ക്കത്ര തിങ്ങിനില്‍ക്കുമ്പോളുണ്ടാ-
മിത്തരം നിശ്ശബ്ദത കേള്‍ക്കുകില്ലെങ്ങും വേറേ.
ഒരിക്കലെങ്കിലും വായനശാലയില്‍ പോയിരുന്ന് വായിച്ചിട്ടുള്ളവര്‍ക്ക് കവിവാക്യത്തിന്റെ പൊരുള്‍ തിരിയും.
കാലം മാറുമ്പോള്‍ സംഭവിക്കുന്ന രുചിഭേദങ്ങളുടെ പശ്ചാത്തലത്തില്‍ സച്ചിദാനന്ദന്‍ 'പുസ്തകങ്ങളുടെ പ്രയോജനം' തേടുകയാണ്, അതേ പേരിലുള്ള കവിതയില്‍. ചില വരികള്‍ നോക്കൂ:
അറിവിന്റെ കാലത്ത് പുസ്തകങ്ങള്‍ ചോദ്യങ്ങളുന്നയിക്കുന്നു
ആലസ്യത്തിന്റെ കാലത്ത് ഉറങ്ങുന്നവനു തലയണയാകുന്നു.
സമൃദ്ധിയുടെ കാലത്ത് ഉണ്ടവന് ആനന്ദം പകരുന്നു
ദൗര്‍ഭിക്ഷ്യത്തിന്റെ കാലത്ത് വിശക്കുന്ന മനുഷ്യര്‍
പുസ്തകങ്ങള്‍ക്കു മീതേ കയറിനിന്ന്
അലമാരിപ്പുറത്തെ അവസാനത്തെ അപ്പക്കഷണത്തിനു
കൈയെത്തിക്കുന്നു.
അയ്യപ്പപ്പണിക്കരുടെ 'വായന' എന്ന കവിതയിലെ ആഖ്യാനം രസകരമാണ്:
തൊപ്പിയുമിട്ട് റേഡിയോ വച്ച്
വിളക്കു കൊളുത്തി
വാച്ചും കെട്ടി ചെരുപ്പുമിട്ട്
ഇന്നാ വീട്ടിലിരുന്നു ഞാനൊരു
ചെറുകഥ വായിച്ചു
വായനയില്ലാതായില്ലെന്നതി-
ലെഴുതിയിരിക്കുന്നു!
കവിയൊരു ചെറുകഥ വായിച്ചു; വായനയില്ലാതായില്ല എന്ന കാര്യവും അതില്‍ വായിച്ചു. വായനയില്ലാതാകുന്നത് നാം വായിക്കാതിരിക്കുമ്പോഴാണ്. എന്നാല്‍, വായിക്കുമ്പോഴോ, വായന ഉണ്ടാവുന്നു. ഇല്ലാതാകലിന്റെ വിപരീതമാണല്ലോ ഉണ്ടാകല്‍. വായനയെ സംബന്ധിച്ചുള്ള ഇല്ലായ്മ ഇല്ലാതാക്കാന്‍ വായനയാണ് മറുമരുന്ന്. ഈ വായനദിനത്തില്‍ നമുക്ക് വായിച്ചുതുടങ്ങാം; വര്‍ഷം മുഴുവന്‍ വായനയില്‍ തുടരാം. ഏവര്‍ക്കും വായനദിനാശംസകള്‍!