•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ബൊള്‍സൊനാരോകള്‍ ഇവിടെയും വാഴുന്നു സംസേഥാനത്ത് വ്യപകമായി വനംകൊള്ള

മസോണ്‍ മഴക്കാടുകള്‍ വെട്ടിവെളുപ്പിക്കാനും തീയിട്ടുനശിപ്പിക്കാനും ഒത്താശ ചെയ്ത ബ്രസീലിന്റെ പ്രസിഡന്റ് ജെയിര്‍ ബൊള്‍സൊനാരോയ്ക്കു സമാനരായ കൂട്ടാളികള്‍ നമ്മുടെ നാട്ടിലും വാഴുന്നുണ്ടെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം പുറത്തുവന്നുകൊണ്ടിരിക്കുന്നു. സ്വന്തം ഭൂമിയിലെ ചന്ദനം ഒഴികെയുള്ള വൃക്ഷങ്ങള്‍ മുറിച്ചെടുക്കാന്‍ കര്‍ഷകന് അനുമതി നല്കി സര്‍ക്കാര്‍ പുറത്തിറക്കിയ 2020 മാര്‍ച്ച് 11 ലെ സര്‍ക്കുലറിന്റെ പിന്‍ബലത്തില്‍ പശ്ചിമഘട്ടമലനിരകളിലങ്ങോളമിങ്ങോളം സംഹാരതാണ്ഡവമാടിയ വനംമാഫിയകള്‍ കോടികള്‍ വിലമതിക്കുന്ന ഈട്ടിയും തേക്കും കടത്തിക്കൊണ്ടുപോയ വാര്‍ത്തകളാണ് പ്രചരിച്ചിരിക്കുന്നത്.
വനഭൂമി കൃഷിയോഗ്യമാക്കുകയെന്ന സദുദ്ദേശ്യമേ ബൊള്‍സൊനാരോയ്ക്കുണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ വാദിക്കുമ്പോഴും ലോകത്തെ ഏറ്റവും വലിയ വനഭൂമിയുടെ നാശം പ്രകൃതിയിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് അവര്‍ മൗനം പാലിക്കുന്നു. 'ഭൂമിയുടെ ശ്വാസകോശം' എന്ന ഖ്യാതി നേടിയ ആമസോണ്‍ മഴക്കാടുകളുടെ 55 ലക്ഷം ചതുരശ്രകിലോമീറ്റര്‍ പ്രദേശമാണ് നശിപ്പിക്കപ്പെട്ടത്. ഇത് നമ്മുടെ സംസ്ഥാനവിസ്തൃതിയുടെ 138 ഇരട്ടിയിലും ഏറെയാണ്.
മാര്‍ച്ച് 11 ലെ സര്‍ക്കാര്‍ ഉത്തരവിന് വ്യക്തത പോരെന്ന പരാതി ഉയര്‍ന്നപ്പോള്‍ ഒക്‌ടോബര്‍ 24-ാം തീയതി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. സര്‍ക്കാര്‍ ഉത്തരവുപ്രകാരം മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ഏതെങ്കിലും ഉദ്യോഗസ്ഥന്‍ തടസ്സം നില്ക്കുന്നപക്ഷം അവര്‍ക്കെതിരേ ശിക്ഷണനടപടികള്‍ സ്വീകരിക്കുമെന്ന ഭീഷണിയും രണ്ടാമത്തെ സര്‍ക്കുലറിലുണ്ടായിരുന്നു. ആദ്യത്തെ സര്‍ക്കുലര്‍ അവഗണിച്ച കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്കുള്ള കര്‍ശനമായ താക്കീതായിരുന്നു അത്. വയനാടുജില്ലയിലെ മുട്ടില്‍, തൃശൂര്‍ ജില്ലയിലെ  എളനാട് എന്നിവിടങ്ങളില്‍നിന്ന് ഈട്ടിയും തേക്കും വ്യാപകമായി മുറിച്ചു കടത്തിയതായി കണ്ടെത്തി. സാധാരണക്കാരായ കര്‍ഷകര്‍ സ്വന്തം ഭൂമിയിലെ മരങ്ങള്‍ വെട്ടാന്‍ അനുവാദം ചോദിക്കുമ്പോള്‍ നിഷേധിക്കുകയും അനുമതിയില്ലാതെ മുറിച്ചാല്‍ ജയിലിലടയ്ക്കുകയും ചെയ്യുന്ന സംസ്ഥാനത്തുതന്നെയാണ് വനംകൊള്ളയ്ക്കു കൂട്ടുനില്ക്കുംവിധമുള്ള നിലപാടുകള്‍ സര്‍ക്കാരില്‍നിന്നുണ്ടായത്. കഴിഞ്ഞവര്‍ഷം നവംബര്‍മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 16 വരെ 100 കോടിയോളം രൂപയുടെ മരങ്ങള്‍ വെട്ടിക്കടത്തിയിട്ടുണ്ടാകുമെന്നു കണക്കുകൂട്ടുന്നു.
1964 ലെ കേരള ഭൂപതിവു ചട്ടങ്ങളനുസരിച്ച് കര്‍ഷകര്‍ക്കു ഭൂമി തിരിച്ചു നല്‍കിയാലും അവിടെയുള്ള മഹാഗണി, ഈട്ടി, ചന്ദനം, തേക്ക് തുടങ്ങിയ 'രാജകീയമരങ്ങള്‍' സര്‍ക്കാര്‍ ഉടമസ്ഥതയില്‍ത്തന്നെ നിലനില്ക്കുമെന്നാണു നിയമം. ഈ മരങ്ങള്‍ സ്ഥലമുടമയ്ക്കു മുറിക്കാനോ വില്ക്കാനോ അനുവാദമില്ല. ഇവയുടെ വില നിശ്ചയിച്ചു സര്‍ക്കാരില്‍നിന്ന് സ്വന്തമാക്കാനും അവകാശമില്ല. പട്ടയഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാനും വിപണനം ചെയ്യാനുമുള്ള അനുമതി വേണമെന്ന കര്‍ഷകരുടെ ആവശ്യത്തോട് മുന്‍സര്‍ക്കാരുകള്‍ അനുകൂലസമീപനം സ്വീകരിച്ചിരുന്നെങ്കിലും നിയമഭേദഗതി വേണ്ടിയിരുന്നു. എന്നാല്‍, നിയമഭേദഗതിക്കു മുതിരാതെ നിയമവിരുദ്ധമായ ഉത്തരവിറക്കിയതാണു പ്രശ്‌നമായത്. സ്വന്തം സ്ഥലത്ത് കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും കിളിര്‍ത്തുവന്നതും പരിപാലിച്ചതുമായ വൃക്ഷങ്ങളുടെ വിലയടച്ച് റിസര്‍വ് ചെയ്ത ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം സ്ഥലമുടമയ്ക്കാണെന്നും അവ മുറിക്കാനും വില്ക്കാനുമുള്ള അനുവാദം നല്കുന്നതുമായിരുന്നു പുതിയ ഉത്തരവ്. ഈ ഉത്തരവാണ് സൗകര്യംപോലെ വ്യാഖ്യാനിച്ച് മരംമുറിക്കല്‍ നടന്നത്.
വയനാട്ടിലെ മേപ്പാടി ഫോറസ്റ്റുറേഞ്ചില്‍പ്പെട്ട മുട്ടില്‍ സൗത്ത് വില്ലേജിലെ ആദിവാസികളുടെ പട്ടയഭൂമിയിലെ ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തുന്നുവെന്ന വാര്‍ത്ത പുറത്തായതോടെയാണ് വിവാദങ്ങള്‍ക്കു തുടക്കമായത്. ജില്ലകളിലെ സമാനമായ മരംമുറിക്കലുകളും കണ്ടെത്തി. വയനാട്ടിലെ 101 ഈട്ടിമരങ്ങള്‍ക്കു പുറമേ എറണാകുളത്ത് 500 ഉം ഇടുക്കിയിലും തൃശൂരിലും 600 വീതവും മരങ്ങള്‍ മുറിച്ചുകടത്തി. മുട്ടിലില്‍നിന്നു കടത്തിയ 101 ഈട്ടിത്തടികളും പെരുമ്പാവൂരിലെ മില്ലുകളില്‍ കണ്ടെത്തിയതായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ഇവയുടെ ആകെ മൂല്യം 10 കോടി രൂപ വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്നു കടത്തിയ മരങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. വനം വിജിലന്‍സ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ സംസ്ഥാനത്തൊട്ടാകെ നടന്ന വനംകൊള്ളയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ടു നല്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണകാലത്ത് 2005 ല്‍ നടപ്പിലാക്കിയ 'വനമല്ലാത്ത ഭൂമിയില്‍ മരം വളര്‍ത്തല്‍ പ്രോത്സാഹനപദ്ധതി'യുടെ  തുടര്‍ച്ച മാത്രമാണ് റവന്യൂ വകുപ്പിന്റെ ഉത്തരവെന്ന് മുന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറയുന്നു. വനപ്രദേശമല്ലാത്ത ഭൂമിയില്‍ ഉടമയ്ക്ക് മരങ്ങള്‍ വച്ചു പിടിപ്പിക്കാമെന്നും അവിടെ വളര്‍ന്നുവരുന്ന ചന്ദനം ഒഴികെയുള്ള ഏതു മരവും വെട്ടുന്നതിന് അവകാശമുണ്ടെന്നും ആ പദ്ധതിയില്‍ നിര്‍ദേശിച്ചിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. സ്വന്തം ഭൂമിയിലെ മരങ്ങള്‍ മുറിക്കാനുള്ള കര്‍ഷകരുടെ അവകാശം ഈ പദ്ധതിയിലൂടെയാണ് പുനഃസ്ഥാപിക്കപ്പെട്ടത്. 2020 ഒക്‌ടോബര്‍ 24 ലെ സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത് ശ്രദ്ധയില്‍ കൊണ്ടുവന്ന ഉടനെ നിയമവകുപ്പിന്റെ ഉപദേശം തേടുകയും ഈ വര്‍ഷം ഫെബ്രുവരി രണ്ടാം തീയതി വിവാദ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. 
വനംമാഫിയ/ 
ഉദ്യോഗസ്ഥകോക്കസ്
മരംകൊള്ളക്കാരും വനംവകുപ്പുദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് പ്രാഥമികാന്വേഷണത്തില്‍ വെളിച്ചത്തു വന്നുകഴിഞ്ഞു.
വനംമാഫിയയും തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുപറയുന്നു. മുട്ടിലിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട പ്രതികളുടെ ഫോണ്‍വിളികള്‍ പരിശോധിച്ച അന്വേഷണസംഘം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒക്‌ടോബര്‍ 24 നുശേഷമുള്ള ദിവസങ്ങളില്‍ പ്രതിസ്ഥാനത്തുള്ളവര്‍ വനംവകുപ്പുദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചത് 158 തവണ!~ഒരു ഫോറസ്റ്ററും ഒരു റേഞ്ച് ഓഫീസറുമായിരുന്നു ഫോണിന്റെ അങ്ങേത്തലയ്ക്കല്‍. മൊഴിയെടുക്കുന്നതിനു ഹാജരാകാന്‍ പലതവണ വിളിച്ചിട്ടും ലോക്ഡൗണിന്റെ പേരു പറഞ്ഞ് പ്രതിസ്ഥാനത്തുള്ളവര്‍ മാറിനില്ക്കുന്നു. കോഴിക്കോട് ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ ചുമതലയുള്ള ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഫെബ്രുവരി 13 നു മുമ്പുള്ള നാലുദിവസങ്ങളില്‍ ആരോപണവിധേയരായ വ്യക്തികളുമായി അമ്പതിലേറെത്തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തന്നില്‍നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണവുമായി മുഖ്യപ്രതി രംഗത്തുവന്നതും വനംമാഫിയകള്‍ക്ക് ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധബന്ധത്തിന്റെ തെളിവാണ്.
പട്ടയഭൂമിയില്‍ മരംമുറിക്കാന്‍ അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയിറക്കിയ വിവാദസര്‍ക്കുലറിലെ വ്യവസ്ഥകള്‍ സങ്കീര്‍ണവും സംശയം നിറഞ്ഞതുമാണെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടിയിട്ടും റവന്യൂ അധികാരികള്‍ അവഗണിച്ചുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സര്‍ക്കുലറിലെ വ്യവസ്ഥകള്‍ 1960 ലെ കേരള ഭൂപതിവുനിയമത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ നിയമവകുപ്പിന്റെയും നിയമസഭയുടെയും അംഗീകാരമുണ്ടാകണമെന്ന വനംവകുപ്പിന്റെ നിര്‍ദേശവും അവഗണിച്ചു. വനം -  റവന്യൂ മന്ത്രിതല സംയുക്തയോഗത്തിലെ നടപടിക്കുറിപ്പുകള്‍ക്കനുസൃതമായല്ല റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചതെന്നു ചൂണ്ടിക്കാണിച്ചതും റവന്യൂവകുപ്പ് കാര്യമാക്കിയില്ല.
മരംമുറിക്കല്‍ വിഷയത്തില്‍ വ്യക്തത വരുത്തുന്ന സ്റ്റാറ്റിയൂട്ടറി ഓര്‍ഡേഴ്‌സ് ആന്റ് റൂള്‍സ് പുറപ്പെടുവിക്കണമെന്നും വനംവകുപ്പില്‍നിന്ന് 2019 സെപ്റ്റംബര്‍/ ഒക്‌ടോബര്‍ മാസങ്ങളില്‍ റവന്യൂവകുപ്പിനയച്ച കത്തുകളില്‍ ആവശ്യപ്പെട്ടിരുന്നതാണ്. 1960 ലെ ഭൂപതിവുനിയമത്തില്‍ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നാണ് വനംവകുപ്പ് ആവശ്യപ്പെടുന്നതെങ്കിലും 1964 ലെ ഭൂപതിവുചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ മതിയെന്ന റവന്യൂ വകുപ്പിന്റെ നിലപാടാണു വിനയായത്.
വിവാദ ഉത്തരവു പിന്‍വലിച്ച ഫെബ്രുവരി രണ്ടിനു ശേഷവും തൃശൂര്‍ ജില്ലയിലും ഇടുക്കിജില്ലയിലും മരങ്ങള്‍ മുറിച്ചുകടത്തിയതായി പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. തട്ടേക്കാട് റേഞ്ചിലെ സംരക്ഷിതവനത്തില്‍നിന്നും റവന്യൂ ഭൂമിയില്‍നിന്നുമായി നൂറിലേറെ മരങ്ങള്‍ മുറിച്ചുകടത്തിയതായി കണ്ടെത്തി. മച്ചാട്, പട്ടിക്കാട്, വടക്കാഞ്ചേരി റേഞ്ചുകളില്‍നിന്ന് അഞ്ഞൂറോളം വന്മരങ്ങള്‍ വെട്ടിക്കടത്തിക്കൊണ്ടുപോയി. ഇപ്രകാരം വിവിധ ജില്ലകളില്‍നിന്നായി 1810 കൂറ്റന്‍ ഈട്ടി/ തേക്കുമരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഏകദേശക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.
'കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി' എന്ന പഴമൊഴി അന്വര്‍ത്ഥമായിരിക്കുന്നു. ഉടയോനില്ലാത്ത വീടും പറമ്പും കള്ളന്മാരുടെ സങ്കേതമായി മാറുന്നത് സ്വാഭാവികം. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ ഇതുവരെ കണ്ടില്ല എന്ന വനംവകുപ്പുമേധാവിയുടെ കുറ്റസമ്മതം ഗൗരവമേറിയ കൃത്യവിലോപമാണ്. ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും മരംമുറിക്കല്‍ അനുവദിക്കരുതെന്നുമുള്ള വനംവകുപ്പുമേധാവിയുടെയും വകുപ്പുമന്ത്രിയുടെയും കര്‍ശനനിര്‍ദേശങ്ങള്‍ റേഞ്ചുകളില്‍ എത്തിയിരുന്നെങ്കില്‍ ഇത്രയും വലിയ ഒരു ദുരന്തത്തില്‍നിന്ന് പശ്ചിമഘട്ടത്തെയും അതുവഴി സംസ്ഥാനത്തെയും രക്ഷിക്കാമായിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)