നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും ക്രിയാത്മകപാഠങ്ങള്‍ ലോകത്തിനു പകര്‍ന്നുകൊടുത്തുകൊണ്ട്, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രാജശില്പി വട്ടവയലില്‍ ജോസഫ് കുര്യാച്ചനെന്ന വി.ജെ. കുര്യന്‍ ഐ.എ.എസ്. തന്റെ ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിച്ചു വിശ്രമത്തിനായി പാലാ ഇടമറ്റത്തെ വീട്ടിലേക്കു മടങ്ങി.
ഒരു തുണ്ടു ഭൂമിപോലും സ്വന്തമായില്ലാതെ, ഒരു രൂപ പോലും വകയിരുത്തിക്കിട്ടാതെ നിതാന്തമായ ശൂന്യതയില്‍നിന്ന് ഒരു അന്താരാഷ്ട്ര വിമാനത്താവളം പടുത്തുയര്‍ത്തുകയെന്ന ബൃഹത്തായ സ്വപ്നപദ്ധതിയാണ് തൊണ്ണൂറുകളുടെ പ്രാരംഭത്തില്‍, ഏറണാകുളം ജില്ലാ കളക്ടറായിരിക്കെ, ദൈവവിശ്വാസിയായ ഈ പാലാക്കാരന്‍ അച്ചായന്‍ അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരന്റെ കൈയില്‍നിന്ന് ഏറ്റുവാങ്ങിയത്. കേന്ദ്ര/കേരള ബ്യൂറോക്രസിയുടെ തലപ്പത്തു വിരാജിക്കുന്ന മസ്തിഷ്‌കമല്ലന്മാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള സാധാരണക്കാര്‍വരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയ സ്വപ്നപദ്ധതിയെ കര്‍മപഥത്തിലെത്തിക്കാനുള്ള അശ്രാന്തപരിശ്രമത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പോരാട്ടമായിരുന്നു പിന്നീടുള്ള കുര്യന്‍സാറിന്റെ ജീവിതം.
പാലായിലെ കര്‍ഷകഗ്രാമമായ ഇടമറ്റത്ത്, വട്ടവയലില്‍ വീട്ടില്‍ വി.ജെ. ജോസഫിന്റെയും ഏലിക്കുട്ടി ജോസഫിന്റെയും മകനായി 1957 ഫെബ്രുവരി 23 നാണ് വി.ജെ. കുര്യന്‍ ജനിച്ചത്. മുന്‍ വിജിലന്‍സ് ഡിജിപി ആയിരുന്ന ജോസഫ് തോമസ് ജ്യേഷ്ഠസഹോദരനാണ്. നീലൂര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍നിന്ന് പ്രാഥമികവിദ്യാഭ്യാസവും ഡല്‍ഹി സെന്റ് സ്റ്റീഫന്‍ കോളജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയശേഷമാണ് വി.ജെ. കുര്യന്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കു തിരിഞ്ഞത്. 1983 ബാച്ചിലാണ് ഐ.എ.എസ്. പഠനം പൂര്‍ത്തിയാക്കുന്നത്. മൂവാറ്റുപുഴ സബ് കളക്ടറായിട്ടായിരുന്നു ഔദ്യോഗികജീവിതാരംഭം. പിന്നീട്, ആലപ്പുഴ ജില്ലാ കളക്ടറായി. 1991 സെപ്റ്റംബറിലാണ് വി. ജെ. കുര്യന്‍ എറണാകുളം ജില്ലാ കളക്ടറായി ചുമതലയേല്ക്കുന്നത്. പിന്നീടങ്ങോട്ട് വി.ജെ. കുര്യന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ കേരളചരിത്രത്തിന്റെ ഭാഗംകൂടിയാണ്.
മധ്യതിരുവിതാംകൂറിലൊരു വിമാനത്താവളം...!
1991 ല്‍ മാധവറാവു സിന്ധ്യ സിവില്‍ ഏവിയേഷന്‍ മന്ത്രിയായിരിക്കുമ്പോള്‍ കൊച്ചിന്‍ എയര്‍ഫോഴ്‌സ് വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കേരള ചീഫ് സെക്രട്ടറിക്കു പകരം വി. ജെ. കുര്യന്‍ പങ്കെടുത്തു. ആ യോഗത്തിലാണ് മധ്യതിരുവിതാംകൂറില്‍ കൊച്ചിക്കു സമീപം ഒരു വിമാനത്താവളമെന്ന ആശയം ഉരുത്തിരിയുന്നത്. ആ യോഗത്തിന്റെ വിശദമായ റിപ്പോര്‍ട്ട് അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരനു സമര്‍പ്പിക്കുകയുണ്ടായി. പദ്ധതിയുടെ വിജയത്തെപ്പറ്റി കരുണാകരന് കടുത്ത ആശങ്കയുണ്ടായിരുന്നെങ്കിലും, വി. ജെ കുര്യന്റെ ആത്മവിശ്വാസത്തിന്റെ മുന്നില്‍ ശുഭപ്രതീക്ഷയോടെ അദ്ദേഹം അനുമതി നല്‍കി.
പിന്നീടങ്ങോട്ടു നടന്നത് വിജയംവരെ പൊരുതാനുറച്ച ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി കുര്യന്‍ സാര്‍ നടത്തിയ ഭഗീരഥപ്രയത്‌നങ്ങളായിരുന്നു. പദ്ധതിക്കായി പല സ്ഥലങ്ങളും കണ്ടെങ്കിലും അതൊന്നും സ്വീകാര്യമായില്ല. ഒടുവില്‍, നെടുമ്പാശ്ശേരിയിലെ സ്ഥലം തീര്‍പ്പായി പക്ഷേ, തടസ്സങ്ങള്‍ ബാലികേറാമലപോലെ മുന്നില്‍ നീണ്ടുനിവര്‍ന്നുകിടന്നു. സര്‍ക്കാരിന്റെ കൈയില്‍ പദ്ധതിക്കു വിനിയോഗിക്കാന്‍ പണമില്ല... ഏറ്റെടുക്കേണ്ടത് 1213 ഏക്കര്‍ സ്ഥലം.... കുടിയൊഴിപ്പിക്കേണ്ടത് 3700 ഭൂവുടമകളെ.... വീടും കിടപ്പാടവും നഷ്ടമാകുന്ന 872 കുടുംബങ്ങള്‍.... സമരങ്ങള്‍, പ്രതിഷേധങ്ങള്‍, എണ്ണിയാലൊടുങ്ങാത്ത കോടതി വ്യവഹാരങ്ങള്‍, ആലുവ മുന്‍സിഫ് കോടതിയില്‍ത്തന്നെ നാനൂറിലധികം കേസുകള്‍, ഹൈക്കോടതിയില്‍ വേറേ.... ഏതൊരു സാധാരണമനുഷ്യനും തളര്‍ന്നു പിന്തിരിഞ്ഞുപോകാന്‍ ഇതൊക്കെത്തന്നെ ധാരാളം. പക്ഷേ, കുര്യന്‍സാര്‍ തെല്ലും പതറിയില്ല, എല്ലാ ദിവസവും രാവിലെ മുടങ്ങാതെ പ്രാര്‍ത്ഥനയ്ക്കായി സമയം മാറ്റിവച്ചിരുന്ന അദ്ദേഹം സര്‍വതും ദൈവത്തില്‍ സമര്‍പ്പിച്ച് ആത്മവിശ്വാസവും ധൈര്യവും കൈക്കൊണ്ടു. അദ്ദേഹം നേടിയെടുത്ത വിജയങ്ങളിലെല്ലാം ദൈവത്തിന്റെ അനുഗ്രഹങ്ങളുണ്ടെന്ന് തെല്ലും ആശങ്കയില്ലാതെ പറയുന്നതിനും കാരണം മറ്റൊന്നുമല്ല.
പൊതുജനപങ്കാളിത്തത്തോടെ ഒരു വിമാനത്താവളം പടുത്തുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ, 200 കോടി എന്ന മൂലധനം സമാഹരിച്ചെടുക്കാന്‍ വിദേശമലയാളികളുടെ പിന്തുണ പ്രതീക്ഷിച്ച് വി.ജെ. കുര്യന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജോസ് മാളിയേക്കല്‍ എന്ന ജര്‍മന്‍മലയാളി നല്‍കിയ ആദ്യസംഭാവനയായ 20,000 രൂപയില്‍ തുടങ്ങിയ ക്യാംപെയിന്‍, പദ്ധതിത്തുകയുടെ എഴയലത്തുപോലും എത്താതെ പതറുന്ന സ്ഥിതി വന്നപ്പോള്‍ മുഖ്യമന്ത്രിക്കുപോലും ആശങ്ക തോന്നിത്തുടങ്ങി. എന്നാല്‍, തെല്ലും ചഞ്ചലപ്പെടാതെ അദ്ദേഹം 1994 ല്‍ സിയാല്‍ (Cochin International Airport Limited) എന്ന കമ്പനി രൂപീകരിച്ചു. പദ്ധതിക്കായി സ്ഥലവും വീടും വിട്ടുതരുന്നവരെ തത്തുല്യമായതിനും മുകളില്‍ പ്രതിഫലങ്ങള്‍ നല്‍കി പരിഗണിച്ചു. അങ്ങനെ സ്ഥലമെടുപ്പു പൂര്‍ത്തിയാക്കുകയും മുഖ്യമന്ത്രി ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് കാര്യങ്ങള്‍ ശരവേഗത്തില്‍ നീങ്ങി. ബാങ്കുകളില്‍നിന്ന് ലോണായി എടുത്ത വലിയ തുകയും ഹഡ്‌കോയുടെ നിര്‍ണായകപങ്കാളിത്തവും, സി. വി. ജേക്കബ്, എം.എ. യൂസഫ് അലി തുടങ്ങിയവരുടെ ശക്തമായ പിന്തുണയും കാര്യങ്ങള്‍ എളുപ്പമാക്കി. തെറ്റിദ്ധരിച്ചവരും പരിഹസിച്ചവരും പദ്ധതിയുടെ പുരോഗതി കണ്ട് അടുത്തുവന്നു, അഞ്ചു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കി 1999 ല്‍ വിമാനത്താവളം നാടിനു സമര്‍പ്പിച്ചു.
ചോരയും നീരുമൊഴുക്കി പടുത്തുയര്‍ത്തിയ പദ്ധതി സാക്ഷാത്കരിക്കപ്പെട്ടെങ്കിലും അതിന്റെ ചലനഗതികള്‍ക്കു സാക്ഷിയാകുവാന്‍ അവസരം നല്‍കാതെ ആ വര്‍ഷംതന്നെ സിയാല്‍ എം.ഡി. സ്ഥാനത്തുനിന്നു മാറ്റിയത് തന്നെ അഗാധമായി വേദനിപ്പിച്ചുവെന്ന് വി. ജെ. കുര്യന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍, നാലു വര്‍ഷങ്ങള്‍ക്കുശേഷം എ. കെ. ആന്റണി മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ വീണ്ടും സിയാലിന്റെ തലവനാക്കി. അപ്പോഴേക്കും എയര്‍പോര്‍ട്ട് മുക്കാല്‍ കോടിയോളം നഷ്ടത്തിലായിരുന്നു. തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങള്‍ താന്‍ പടുത്തുയര്‍ത്തിയ സംരംഭത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കായുള്ള അധ്വാനത്തിന്റെ നാളുകളായിരുന്നു കുര്യന്‍സാറിന്. അല്പകാലത്തെ മാറ്റത്തിനുശേഷം 2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ വീണ്ടും സിയാലിന്റെ എം.ഡി.യായി. അത് കൊച്ചിന്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ സുവര്‍ണകാലംകൂടിയായിരുന്നു.
ലോകബാങ്കും ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയും ഈ ഇന്ദ്രജാലത്തിന്റെ രഹസ്യങ്ങളറിയാന്‍ പര്യവേക്ഷണങ്ങള്‍ക്കു തുടക്കംകുറിച്ചു. വിമാനത്താവളത്തിലേക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ 94 ഏക്കറുകളില്‍ സൗരോര്‍ജപ്ലാന്റുകള്‍ സ്ഥാപിച്ചു, 92,150 സൗരോര്‍ജപാനലുകളില്‍നിന്ന് ദിവസവും ഒരു ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. 2015 ല്‍ ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജവിമാനത്താവളമായി സിയാല്‍ മാറി. ഈ അദ്ഭുതക്കാഴ്ചകള്‍ കാണാന്‍ ഐക്യരാഷ്ട്രസഭയുടെ പ്രതിനിധികള്‍ നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങി. ഈ വിസ്മയസംരംഭങ്ങളെ ചൂണ്ടിക്കാട്ടി യുഎന്‍എ ലോകത്തോടു പറഞ്ഞു, ഇതാണ് ആഗോളതാപനത്തിന് ഉദാത്തമായ മറുപടിയുടെ മാതൃക എന്ന്. സിയാലിനെ മാതൃകയാക്കാന്‍ ദേശീയ വ്യോമയാന മന്ത്രാലയം രാജ്യത്തെ മറ്റു വിമാനത്താവളങ്ങളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന്, ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതിസംരക്ഷണബഹുമതിയായ ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം സിയാലിനെ തേടിയെത്തി. അവിടെയും വിസ്മയങ്ങള്‍ തീര്‍ന്നില്ല. തനി കര്‍ഷകനായ കുര്യന്‍സാര്‍, 94 ഏക്കറില്‍ പരന്നു കിടന്ന സോളാര്‍ പാനലിന്റെ അടിയില്‍ പച്ചക്കറിക്കൃഷി നടത്തി. 2018 ല്‍ 60,000 കിലോ പച്ചക്കറിയാണ് ആ സോളാര്‍ പാനലിന്റെ അടിയില്‍നിന്നു വിളയിച്ചെടുത്തത്.
2021 ല്‍ പ്രതിവര്‍ഷം 2200 കോടി അറ്റാദായം ലഭിക്കുന്ന നിലവാരത്തിലേക്കു വളര്‍ന്ന സിയാലിന്റെ 33.3 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ അധീനതയിലാകുമ്പോള്‍ 38.3 ശതമാനം ഓഹരികള്‍ 29 രാജ്യങ്ങളിലുള്ള പതിനായിരത്തിലധികം വരുന്ന വ്യക്തികള്‍ക്കാണ്. 2020 ല്‍ പ്രതിദിനം നൂറ്റിയിരുപതോളം സര്‍വീസുകള്‍ നടത്തിയിരുന്ന സിയാല്‍ 12,000 പേര്‍ക്ക് പ്രത്യക്ഷമായും 25,000 പേര്‍ക്ക് പരോക്ഷമായും തൊഴിലിന് അവസരങ്ങളൊരുക്കുന്നു. ഈ അഭൂതപൂര്‍വമായ നേട്ടങ്ങളെല്ലാം വട്ടവയലില്‍ ജോസഫ് കുര്യനെന്ന പാലാക്കാരന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പരിണതഫലങ്ങളാണ്. ഒരിക്കല്‍ ഈ സംരംഭത്തെ പുച്ഛിച്ചവരൊക്കെ പിന്നീട് പ്രത്യക്ഷമായോ പരോക്ഷമായോ ഇതിന്റെ ഗുണഭോക്താക്കളായി മാറി. ആരോടും ഒരു പരിഭവവും പറയാതെ ഏല്പിക്കപ്പെട്ട ജോലി ദൈവാശ്രയബോധത്തോടും ഉത്തരവാദിത്വത്തോടുംകൂടി നിര്‍വഹിച്ച്, കേരളത്തിന്റെ വികസനചരിത്രത്തില്‍ ഒരു സുവര്‍ണാധ്യായം എഴുതിച്ചേര്‍ത്താണ് വി. ജെ. കുര്യന്‍ മടങ്ങുന്നത്.