•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

എനിക്കു ശ്വസിക്കാന്‍ കഴിയുന്നില്ല

'എനിക്കു ശ്വസിക്കാന്‍ കഴിയുന്നില്ല... ദയവായി...''

വെള്ളക്കാരനായ ഒരു അമേരിക്കന്‍ പോലീസുകാരന്റെ കാല്‍മുട്ടുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു പിടയുന്ന ആഫ്രിക്കന്‍വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ അന്ത്യാഭിലാഷമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. കറുത്തവര്‍ഗ്ഗക്കാരനായിപ്പോയി എന്നതുമാത്രമാണ് അയാളുടെ അപരാധം. 
ഗാന്ധിജി-ഒരതിഥിത്തൊഴിലാളി?
ജോര്‍ജ് ഫ്‌ളോയിഡിന്റെ ദാരുണാന്ത്യം അനുസ്മരിക്കുമ്പോള്‍ നമുക്ക് മഹാത്മജിയിലേക്കു മടങ്ങിപ്പോകേണ്ടിവരുന്നു. 1893 ജൂണ്‍ ഏഴാം തീയതി രാത്രിയിലാണ് ഗാന്ധിജി സൗത്ത് ആഫ്രിക്കയില്‍ ഒരു തീവണ്ടിയില്‍നിന്നു ചവിട്ടിപ്പുറത്താക്കപ്പെടുന്നത്. ഗാന്ധിജി പ്രതിഷേധിച്ചില്ല. വെള്ളക്കാരനല്ലെന്ന ഒറ്റക്കാരണത്താലാണ് ഒരു വെള്ളക്കാരനുദ്യോഗസ്ഥന്‍ ഗാന്ധിജിയെ ചവിട്ടിപ്പുറത്താക്കിയത്. ആ രംഗം വര്‍ണ്ണിക്കുമ്പോള്‍ മഹാകവി വള്ളത്തോളുപയോഗിച്ച ശൈലി ശ്രദ്ധേയമാണ്. ക്രൂരമായ മര്‍ദ്ദനത്തിനിരയായ ആള്‍ പ്രതിഷേധിച്ചില്ലെന്നു മാത്രമല്ല, ''നൊന്തിതോ ഭവല്‍പ്പാദം'' എന്നു ചോദിക്കുകയും ചെയ്തുവത്രേ.' ഇതില്‍ കവിസഹജമായ അതിശയോക്തിയുടെ ആകര്‍ഷകപരിവേഷം മാറ്റിവച്ചാലും ഗാന്ധിജിയുടെ മനുഷ്യസ്‌നേഹപ്രതിബദ്ധതയും അഹിംസാവ്രതവും അവിടെ തിളങ്ങി നില്‍ക്കുന്നതുകാണാം. 
സൗത്താഫ്രിക്കയിലെ അതിഥിത്തൊഴിലാളികളായ ഇന്ത്യക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തി ഗാന്ധിജി അവിടെ ടോള്‍സ്റ്റോയി ഫാം എന്നൊരു കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്ന് ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിലും സമാനമായ പ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം കൊടുക്കുമായിരുന്നു എന്നു തോന്നിപ്പോകുന്നു. ഇന്ത്യാവിഭജനവേളയിലും പ്ലേഗ് പടര്‍ന്നുപിടിച്ച സന്ദര്‍ഭത്തിലും ഗാന്ധിജി നടത്തിയ ധീരോദാത്തവും സ്‌നേഹമാത്രപ്രചോദിതവുമായ ഇടപെടലുകള്‍ പ്രസിദ്ധമാണല്ലോ-ഇപ്പോഴതു ചരിത്രഭാഗവുമാണ്. ഈ കൊറോണക്കാലത്ത് അതൊക്കെ ഓര്‍ത്തുപോകുന്നു. ഗ്രാമീണഭാരതത്തെ ലോകസമക്ഷം അവതരിപ്പിക്കുന്ന കാര്യത്തില്‍ 'ക്ഷീണിക്കാത്ത മനീഷയും മഷി ഉണങ്ങിടാത്ത പൊന്‍പേനയും' ആയി കര്‍മ്മനിരതനായ ഒരു പത്രലേഖകന്‍ നമുക്കുണ്ട്-സാമൂഹികപ്രതിബദ്ധതയുടെ പ്രതിരൂപമായ ശ്രീ പി. സായ്‌നാഥ്. അദ്ദേഹവും സഹപ്രവര്‍ത്തകരും അവതരിപ്പിക്കുന്ന അനുഭവകഥകളില്‍ ഒരു പെണ്‍കുട്ടിയുടെ കഥയുണ്ട് - ജംലോ മഡ്കം എന്ന പന്ത്രണ്ടുകാരിയായ ഒരാദിവാസിപ്പെണ്‍കുട്ടി-ഛത്തീസ്ഗഡിലെ മുരിയാ ഗോത്രത്തില്‍പ്പെട്ടവള്‍. തെലുങ്കാനയിലെ മുളകുപാടങ്ങളില്‍ പണിയെടുക്കാന്‍ ഗ്രാമവാസികളോടൊപ്പം പോന്നതാണവള്‍. കൊറോണക്കാലത്തെ അടച്ചുപൂട്ടലില്‍ പണി നഷ്ടപ്പെട്ടു. സ്‌കൂള്‍ യൂണിഫോം ധരിച്ച് കൂട്ടുകാരികളോടൊപ്പം ആടിയും പാടിയും കളിച്ചും ചിരിച്ചും വളരേണ്ട പെണ്‍കിടാവിന് മുളകുപാടത്തു പണിയെടുക്കേണ്ടിവരുന്നു. കാരുണ്യമില്ലാത്ത കൊറോണ അവളുടെ പണി നഷ്ടപ്പെടുത്തുന്നു. നാട്ടിലേക്കു തിരിച്ചുപൊയ്‌ക്കൊള്ളാന്‍ മുളകുപാടത്തിന്റെ ഉടമസ്ഥന്‍ പറയുന്നു. അതിനപ്പുറം ഒരുത്തരവാദിത്വവും അദ്ദേഹത്തിനില്ല. ഗ്രാമവാസികളോടൊപ്പം അവള്‍ നടക്കുകയാണ്. 140 കിലോമീറ്ററോളം അവള്‍ നടന്നുകഴിഞ്ഞു. ഇനിയും 60 കിലോമീറ്റര്‍ നടന്നാല്‍ വീട്ടിലെത്താമെന്നു പറഞ്ഞ് അവളെ ഒപ്പമുള്ളവര്‍ ആശ്വസിപ്പിക്കുന്നു. നടക്കാന്‍ തുടങ്ങിയിട്ട് എത്രദിവസമായി എന്നുപോലും അവള്‍ക്കറിയില്ല. അവള്‍ക്കു തുടര്‍ന്നു നടക്കാന്‍ കഴിയുന്നില്ല. അവള്‍ തളര്‍ന്നുവീണു മരിച്ചു. ഗോത്രപരദേവതയായ അമ്മയെ വിളിച്ച് ആത്മനിവേദനം നടത്തിയിട്ടാണവള്‍ പോയത്... ''അമ്മേ!... എനിക്കു വയ്യ...'''ഹായ് റാം എന്നായിരുന്നു ഗാന്ധിജിയുടെ അന്ത്യയാത്രാമൊഴി. ''എനിക്കു ശ്വാസം കിട്ടുന്നില്ല''എന്നായിരുന്നു ജോര്‍ജ് ഫ്‌ളോയിഡിന്റെ അന്ത്യരോദനം. എല്ലാമെല്ലാം നിസ്സഹായതയുടെ ഓരോ നിലവിളികള്‍. ഫ്‌ളോയിഡിനെ ഞെരിച്ചുകൊന്ന വെള്ളക്കാരന്റെ രക്തത്തില്‍ കൊറോണയെക്കാള്‍ കരാളഭീകരമായ വര്‍ണ്ണമേധാവിത്വത്തിന്റെ വൈറസുണ്ടായിരുന്നു-ഗാന്ധിജിയെ ചവിട്ടിപ്പുറത്താക്കിയവന്റെ രക്തത്തിലും. കൊറോണയ്ക്കു മരുന്നു കണെ്ടത്തിയേക്കാം; കണെ്ടത്തും. അതിനേക്കാളെത്രയോ ശ്രമകരമാകും ഈ വര്‍ണ്ണവിദ്വേഷത്തിനു പ്രതിവിധി കണെ്ടത്തുക? 
ഒരു ആംസ്റ്റര്‍ഡാം അനുഭവം 
ആംസ്റ്റര്‍ഡാമില്‍ പോയപ്പോള്‍ ആന്‍ ഫ്രാങ്ക് മ്യൂസിയം സന്ദര്‍ശിക്കാനിടയായി. ആന്‍ഫ്രാങ്കെന്ന പതിനഞ്ചുകാരി നാസിഭീകരതയ്ക്കിരയായിത്തീര്‍ന്ന രക്തസാക്ഷിയാണ്. ആ പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകളിന്ന് ലോകപ്രസിദ്ധമാണ്. മലയാളമുള്‍പ്പെടെ എല്ലാ ലോകഭാഷകളിലേക്കും അതു പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. ജംലോ മഡ്കത്തിന്റെ കഥ കേട്ടപ്പോള്‍ ആന്‍ ഫ്രാങ്കിനെ ഓര്‍ത്തുപോയി. ആന്‍ ഫ്രാങ്കിന്റെ വീടുതന്നെയാണ് മ്യൂസിയമായി വേഷം മാറിയിരിക്കുന്നത്. അവിടെ അവളുടെ ഡയറിക്കുറിപ്പുകളുടെ കയ്യെഴുത്തുപ്രതി ലാമിനേറ്റുചെയ്ത് ചില്ലുകൂട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഏതൊരു എഴുത്തുകാരനും അതൊരു ശ്രീകോവിലാണ്. ആ ചില്ലുകൂടിനുമുമ്പില്‍ ഞാന്‍ തൊഴുതുനിന്നുപോയി. ആന്‍ ഫ്രാങ്ക് എന്നു മരിച്ചെന്നോ എവിടെവച്ചു മരിച്ചെന്നോ ബാഹ്യലോകത്തിനറിയില്ല. ഏതോ ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്ക് അവളെ കൊണ്ടുപോയി എന്നുമാത്രമറിയാം. ആ ക്യാമ്പില്‍നിന്ന് ജീവനോടെ രക്ഷപ്പെട്ടവരാരുമില്ലത്രേ. ഈ ആദിവാസിപ്പെണ്‍കിടാവ് വീട്ടിലെത്തിയിരുന്നെങ്കില്‍, ഗോത്രവര്‍ഗ്ഗസ്‌കൂളില്‍ അവള്‍ പഠിച്ചിരുന്നെങ്കില്‍ ഈ യാത്രാനുഭവങ്ങള്‍ അവളെഴുതുമായിരുന്നു. ലോകത്തിലെ സഞ്ചാരസാഹിത്യത്തിന് അതൊരു മുതല്‍ക്കൂട്ടാവുകയും ചെയ്യും. പക്ഷേ, വഴിമധ്യേ അവള്‍ വീണുപോയി. തെലുങ്കാനയിലെയും ഛത്തീസ്ഗഡിലെയും സര്‍ക്കാരുകളോ കേന്ദ്രം ഭരിക്കുന്ന സുല്‍ത്താന്മാരോ അല്പം ദയകാണിച്ചിരുന്നെങ്കില്‍ ആ പെണ്‍കുട്ടിക്കു പെരുവഴിയിലുണ്ടായി ഈ ദുര്‍മരണം സംഭവിക്കുകയില്ലായിരുന്നു. കേരളത്തിലെ ഒരു പെണ്‍കുട്ടിക്കോ കേരളത്തിലേക്കു വരുന്ന ഒരു പെണ്‍കുട്ടിക്കോ ഇത്തരമൊരു ദുരന്തം നേരിടേണ്ടിവരില്ലെന്നു തീര്‍ച്ച. ഈ കൊറോണാദുരന്തവേളയില്‍ കേരളത്തിനകത്തേക്കും പുറത്തേക്കും ലക്ഷക്കണക്കിനാളുകള്‍ പ്രവഹിക്കുകയുണ്ടായി. ഈ പെണ്‍കുട്ടിക്കുണ്ടായതുപോലുള്ള ഒരു ദുരന്തം ആര്‍ക്കുമുണ്ടായിട്ടില്ല. കാരണം, വന്നവരെയെല്ലാം തിരികെയെത്തിയ വീട്ടുകാരെപ്പോലെയാണു സ്വീകരിച്ചത്. പോയവരെല്ലാം മടങ്ങുന്ന അതിഥികളായിരുന്നു.'
ഇതാണ് കേരളം-സാക്ഷരകേരളം-സംസ്‌കാരസമ്പന്നമായ കേരളം-സാമൂഹികനവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച സവിശേഷകേരളം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)