•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പ്ലാസ്റ്റിക് പാന്‍ഡമിക്

''പായലേ വിട; പൂപ്പലേ വിട'' എന്ന പ്രസിദ്ധമായ ഒരു പെയിന്റിന്റെ പരസ്യവാചകംപോലെ പറയേണ്ടുന്ന ഒരു വാചകമാണ് ''പ്ലാസ്റ്റിക്കേ വിട...'' എന്നത്. എന്നാല്‍, നിയമങ്ങള്‍ക്കുപോലും നിയന്ത്രിക്കാനാവാത്തവിധം പ്ലാസ്റ്റിക്കിന്റെ ഉപയോഗവും അതുവഴി സംഭവിക്കുന്ന മാലിന്യപ്രശ്‌നങ്ങളും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ഭൂമിയിലേക്കു വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുത്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചാണു വിയോജിപ്പ്. അതോടൊപ്പം വലിച്ചെറിയപ്പെടാതെതന്നെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്‌വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്. ഭക്ഷണസംബന്ധമായ ഉപയോഗത്തിനുവേണ്ടിയുള്ള പ്ലാസ്റ്റിക്പാത്രങ്ങള്‍ ഫുഡ് ഗ്രേഡാക്കണമെന്ന വ്യവസ്ഥ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം.
പ്ലാസ്റ്റിക് കത്തിക്കരുത് എന്നുള്ളത്; 'കൊല്ലരുത്...' എന്ന കല്പനപോലെതന്നെ ഗൗരവമുള്ളതാണ്. കാരണം, പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന ഡയോക്‌സിന്‍ എന്ന വാതകം ക്യാന്‍സര്‍പോലുള്ള ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് അസന്ദിഗ്ധമാംവിധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ലേഖകന്‍ നടത്തിയ ഗവേഷണങ്ങളില്‍നിന്നു കുട്ടികളിലും  മുതിര്‍ന്നവരിലുമുണ്ടാകുന്ന വിട്ടുമാറാത്ത ആസ്ത്മയുടെ പ്രധാന കാരണം, പ്ലാസ്റ്റിക്കിന്റെ കത്തിക്കലാണ് എന്നു കണ്ടെത്തിയിരുന്നു. പരിസരങ്ങളിലെവിടെ പ്ലാസ്റ്റിക് കത്തിച്ചാലും അതിന്റെ ദോഷഫലങ്ങള്‍ നാം അനുഭവിക്കുകതന്നെ വേണം. വായുവിലൂടെ നമ്മുടെ ശ്വാസകോശത്തിലെത്തുവാന്‍ ഈ പുകയ്ക്ക് ആരുടെയും അനുവാദം ആവശ്യമില്ലല്ലോ? ഈ യാഥാര്‍ത്ഥ്യം നിലനില്ക്കുമ്പോഴും ജനനിബിഡമായ നിരത്തുകളുടെ ഓരങ്ങളില്‍ പകല്‍സമയത്തുള്‍പ്പെടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കൊണ്ടേയിരിക്കുന്നു എന്ന അവസ്ഥയുണ്ട്. പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങളുടെയുംകൂടി കസ്റ്റോഡിയനായ ഗ്രാമ, നഗരസഭകളില സെക്രട്ടറിമാര്‍ക്കെതിരേ ക്രിമിനല്‍ കുറ്റംപോലും ചുമത്തേണ്ട രീതിയിലുള്ള നിസ്സംഗതയാണ് പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ തുടരുന്നത്.
ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന ജലത്തിലും കഴിക്കുന്ന ഭക്ഷണത്തിലും പ്ലാസ്റ്റിക് തരികളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതുവഴി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നാം അഭിമുഖീകരിക്കുമ്പോള്‍, ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങളും നിയമങ്ങള്‍ക്കും കാത്തിരിക്കാതെ പ്ലാസ്റ്റിക്കേ... വിട എന്നു പറയേണ്ട വിവേകത്തിലേക്കു നാം ഉണരണം. ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ ഗൗരവമേറിയ പാരിസ്ഥിതികപ്രശ്‌നങ്ങള്‍പോലെതന്നെ ആധുനികജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് പാന്‍ഡമിക് എന്നു പറയേണ്ടിവരും. ഓരോ ആഴ്ചയിലും ശരാശരി അഞ്ചു ഗ്രാം പ്ലാസ്റ്റിക്, മൈക്രോപ്ലാസ്റ്റിക് രൂപത്തില്‍ മനുഷ്യനിലെത്തുന്നു എന്നത് ഞെട്ടലുളവാക്കുന്നു. അഞ്ചു മില്ലീമീറ്ററിലും താഴെ വലിപ്പമുള്ള പ്ലാസ്റ്റിക് തരികളെയാണ് മൈക്രോപ്ലാസ്റ്റിക് എന്ന ഗണത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.
കരയിലും ജലത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്രമാതീതമായി വര്‍ധിച്ച് മരണപ്പെടുന്ന ജീവികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്നു. വര്‍ഷംതോറും 2,69,000 മെട്രിക്ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കരയിലും 12 മില്യണ്‍ മെട്രിക്ടണ്‍ മാലിന്യങ്ങള്‍ സമുദ്രത്തിലും നിക്ഷേപിക്കപ്പെടുന്നു എന്ന കണക്ക് ശുഭകരമല്ല. 
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാസ്‌കായും ഗ്ലൗസായും മറ്റും പ്ലാസ്റ്റിക് വസ്തുക്കള്‍ ധാരാളമായി ഉപയോഗിക്കപ്പെടുമ്പോള്‍ വര്‍ത്തമാനകാലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് പതിന്മടങ്ങു വര്‍ദ്ധിക്കും എന്നതില്‍ സംശയമില്ല. പൂര്‍വികര്‍ പകര്‍ന്നുതന്ന ലളിതജീവിതത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും  മഹത്തായ പാഠങ്ങളുടെ പരിശീലനംകൊണ്ടു മാത്രമേ ഇത്തരം പ്രതിസന്ധികളെ നമുക്ക് അതിജീവിക്കാനാകൂ.
2012 ല്‍ ഇറങ്ങിയ ക്യാപ്റ്റന്‍ ചാള്‍സ് മൂറിന്റെ പ്ലാസ്റ്റിക് ഓഷ്യന്‍ എന്ന പുസ്തകത്തിന്റെ വായന ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ നമ്മെ സഹായിക്കും.  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)