പ്രപഞ്ചവും അതിലെ സകല ചരാചരങ്ങളും ആകാശം, ഭൂമി, അഗ്നി, വായു, വെള്ളം എന്നീ പഞ്ചമഹാഭൂതങ്ങളില്‍നിന്ന് ഉദ്ഭൂതമായവയാണെന്നാണ് ഹൈന്ദവസങ്കല്പം. ഈ ഭൂതങ്ങള്‍ എങ്ങനെ ഉണ്ടായെന്നോ ആരു സൃഷ്ടിച്ചെന്നോ ഒന്നും സങ്കല്പം മിണ്ടുന്നേയില്ല. മേല്‍പ്പറഞ്ഞ അഞ്ചു ഘടകങ്ങളും ചേര്‍ന്നു രൂപപ്പെടുന്ന പ്രകൃതി എന്ന വലിയ ശക്തിയെപ്പറ്റിപ്പോലും സങ്കല്പം മൗനം പാലിക്കുകയാണ്. സൃഷ്ടിയുടെ പാരമ്യമായ മനുഷ്യന്‍ മുതല്‍ ഏറ്റവും ചെറിയ പരമാണുവരെ പ്രപഞ്ചത്തില്‍ രൂപപ്പെടുന്ന ചേതനവും അചേതനവുമായ സകലതിനെയും പോറ്റാനും തീറ്റാനും ഒടുവില്‍ തീര്‍ക്കാനുമുള്ള അചഞ്ചലമായ ബാധ്യതയുണ്ട് പ്രകൃതിക്ക്. ചുരുക്കത്തില്‍ സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ മേല്‍നോട്ടം പ്രകൃതിക്കാണെന്നു സാരം. ഈ മേല്‍നോട്ടം പ്രകൃതിക്ക് ഏല്പിച്ചുകൊടുത്ത ഒരു ശക്തി എല്ലാത്തിനും മേലേ എന്തിനെയും താങ്ങാനുണ്ടെന്നും ആ ശക്തിയാണ് പ്രപഞ്ചസ്രഷ്ടാവും പ്രകൃതിനിയന്താവുമായ ദൈവമെന്നും വിശ്വസിക്കുന്നവര്‍ക്ക് വെറും സങ്കല്പങ്ങളുടെ ആശങ്കകളില്‍ ഉഴറിത്തിരിയേണ്ട ആവശ്യമില്ല. കാരണം, ദൈവം നിത്യസത്യമാണ്; ആദിമധ്യാന്തരഹിതനാണ്. ആ ദൈവത്തിന്റെ തിരുഹിതമാണ് പ്രകൃതി പ്രയോഗിക്കുന്നതും പ്രകടമാക്കുന്നതും.
സകല ചരാചരങ്ങളും കാത്തുപാലിക്കേണ്ടതായ ചില നിയമങ്ങള്‍ ലോകനിയന്താവ് പ്രകൃതിയെ ഏല്പിച്ചിട്ടുണ്ട്. അലംഘനീയമായ ഈ നിയമങ്ങള്‍ ലംഘിക്കുകവഴി പ്രകൃതിയെ വെല്ലുവിളിച്ച ആരും നേരേചൊവ്വേ പ്രകൃതിയോടു യാത്ര പറഞ്ഞു പോയിട്ടില്ല എന്ന വസ്തുതതന്നെ ഈ പറഞ്ഞതിനു നൂറുവട്ടം തെളിവ്. ദൈവത്തിനും പ്രകൃതിക്കും നിരക്കാത്തതൊന്നും ഒരിടത്തും ഉണ്ടായിക്കൂടെന്നാണ് ദൈവികനിയമവും പ്രകൃതിനിയമവും. പക്ഷേ, നിത്യേന കണ്ടും കേട്ടും നാം അറിഞ്ഞുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഈ നിയമങ്ങള്‍ക്കു കടകവിരുദ്ധങ്ങളാണ്. ഫലമോ...? ഒന്നിനു നൂറായി പ്രകൃതി തിരിച്ചടിക്കുന്നു. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ഉണ്ടല്ലോ നമുക്ക്. പണ്ട് ഏദന്‍തോട്ടത്തിലാണു തുടക്കം.
ഈ പഴം തിന്ന് ദൈവത്തെപ്പോലെയാകണം! എന്തൊരു മോഹമായിരുന്നു ആദിമാതാവിന്. കരഗതമാകാന്‍പോകുന്ന ശക്തിസൗഭാഗ്യങ്ങള്‍! സ്വര്‍ഗലോകനിയന്താവായ ദൈവത്തെപ്പോലെ എന്തിനും ശക്തിയുള്ള മറ്റൊരു ദൈവം! പിന്നെ എന്തുവേണം? കണക്കുകൂട്ടലുകള്‍ ഒത്തിരി നടത്തി. മോഹനസ്വപ്നങ്ങള്‍ ഒരുപാടു കണ്ടു. കണ്ടുകൂട്ടിയ തങ്കക്കിനാവുകളുടെ ചില്ലുകൊട്ടാരം ആകാശം മുട്ടെ ഉയര്‍ന്നു. കൂട്ടുകാരനായ ഭര്‍ത്താവിനും കൊടുക്കണം ഒരു പഴം. അതു തിന്ന് അദ്ദേഹവും ദൈവത്തെപ്പോലെയാകട്ടെ. രണ്ടുപേരുംകൂടി ഏദന്‍തോട്ടത്തിന്റെ ശീതളമായ സുഖലോലുപതയില്‍ കാലാകാലം കഴിയുക. യൂഫ്രെട്ടീസ് നദിയിലെ കുഞ്ഞോളങ്ങള്‍ക്കിടയിലൂടെ നീന്തിനീരാടിയും മുങ്ങിപ്പൊങ്ങിയും ജലകേളികളില്‍ ആര്‍ത്തുല്ലസിച്ചുമുള്ള സുഖവാസം. അപ്രകാരമൊരു ജീവിതത്തിന്റെ കോരിത്തരിപ്പില്‍ അവള്‍ ആ പഴങ്ങളില്‍ ഒന്നു പറിച്ച് ആര്‍ത്തിയോടെ തിന്നു. മറ്റൊന്ന് പറിച്ച് കൂട്ടുകാരനും കൊടുത്തു. അയാളും തിന്നു. ആ നിമിഷം അതിതീവ്രമായ പ്രകാശമുള്ള ഒരു കൊള്ളിയാന്‍ മിന്നിയതും ചക്രവാളങ്ങള്‍ ഞെട്ടിവിറച്ച ഇടിനാദം മുഴങ്ങിയതും മനസ്സറിഞ്ഞു. ഭാവനയിലെ കണ്ണാടിമാളിക ഇടിഞ്ഞുപൊളിഞ്ഞുവീഴുന്ന ശബ്ദകോലാഹലങ്ങളുടെ അസഹനീയതയില്‍ അവര്‍ കണ്ണു തുറന്നു. അതുവരെ അറിയാതിരുന്ന പലതും അവരറിഞ്ഞു. അനുസരണക്കേട് ശ്രദ്ധയില്‍പ്പെട്ട ദൈവം ആദിമാതാപിതാക്കളെ ഏദന്‍തോട്ടത്തില്‍നിന്നു പുറത്താക്കി. മാത്രമല്ല അവര്‍ക്കനുഭവിക്കാന്‍ കൊടുത്ത സകല സൗഭാഗ്യങ്ങളും തിരിച്ചെടുക്കുകയും ചെയ്തു. മാനവരാശിക്കു ദുര്‍മോഹങ്ങളുടെ തിരിച്ചടി ഇവിടെ ആരംഭിക്കുന്നു. ജരാനരകളും ചൊറിചിരങ്ങുകളും ദുഃഖദുരിതങ്ങളും പ്രകൃതിദുരന്തങ്ങളും ജീവിതവ്യഥകളും രോഗമരണങ്ങളും പകര്‍ച്ചവ്യാധികളും മഹാമാരികളും മനുഷ്യകുലത്തിന്റെ സന്തതസഹചാരികളായി.
ആ മനുഷ്യന്‍ നീ തന്നെയെന്നു പറഞ്ഞ് ദാവീദ് രാജാവിന്റെ നെഞ്ചിനു നേരേ നാഥാന്‍ വിരല്‍ ചൂണ്ടി. അപ്പോഴല്ലേ ബത്‌ഷെബയെ സ്വന്തമാക്കിയതും ഊറിയയെ ചതിയില്‍പ്പെടുത്തി വധിക്കാന്‍ ഏര്‍പ്പാടാക്കിയതും തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് രാജാവ് തിരിച്ചറിയുന്നത്? ഏഴു ദിവസം മനസ് നീറി ഉപവസിച്ചു പ്രാര്‍ത്ഥിച്ചിട്ടും ബത്‌ഷെബയ്ക്കുണ്ടായ കുഞ്ഞ് മരിച്ചില്ലേ? അപ്പോള്‍ രാജമനസ്സിന്റെ ആധിക്കും ആകുലതയ്ക്കും കനം കൂടുകയായിരുന്നല്ലോ. മൂന്നു വര്‍ഷക്കാലം പൊന്നുപോലെ നോക്കി പരിചരിച്ച് കൂടെക്കൊണ്ടുനടന്ന അരുമശിഷ്യന് ആ തിരുരക്തത്തിന്റെ വിലയായി കിട്ടിയ മുപ്പതു വെള്ളിക്കാശിനെക്കാള്‍ ഭാരമേറിയ ഒരു ചുമട് ജീവിതത്തില്‍ ഒരിക്കല്‍പ്പോലും എടുക്കേണ്ടിവന്നിട്ടില്ലാത്തതുകൊണ്ടല്ലേ അതു വലിച്ചെറിഞ്ഞിട്ട് നിരാശയില്‍ മുങ്ങിയ അവന്‍ പോയി തൂങ്ങിമരിച്ചത്? വേണ്ടത്ര മുന്നറിയിപ്പ് ഉണ്ടായിട്ടും അവനെ ഞാന്‍ അറിയുകപോലുമില്ലെന്നു മൂന്നുവട്ടം നിഷേധിച്ചു പറഞ്ഞവന്‍ കോഴി കൂവുന്നതു കേട്ടപ്പോള്‍ എഴുന്നേറ്റോടിപ്പോയി ഇടനെഞ്ചു തകര്‍ന്ന് വിങ്ങിപ്പൊട്ടിക്കരഞ്ഞത് മറ്റൊരു തിരിച്ചടികൊണ്ടായിരുന്നില്ലേ?
ഭരതന്‍ രാജാവായാല്‍മാത്രം പോരാ രാമന്‍ വനവാസത്തിനു പോകുകയും വേണമെന്നു വാശി പിടിച്ച കൈകേയിയുടെ ദുര്‍മോഹത്തിനല്ലേ ജ്യേഷ്ഠനെ ഓര്‍ത്ത് തപസിരുന്ന മകന്‍ തിരിച്ചടി കൊടുത്തത്? സൂചികുത്താനുള്ള സ്ഥലംപോലും ഹസ്തിനപുരിയില്‍ പാണ്ഡവന്മാര്‍ക്കു കൊടുക്കുകയില്ലെന്നു വാശി പിടിച്ച കൗരവര്‍ക്കുള്ള തിരിച്ചടിയായിരുന്നല്ലോ അവര്‍ക്കുണ്ടായ ദയനീയമായ അന്ത്യം.
തിരക്കേറിയ നഗരത്തിലെ ബസ് സ്റ്റാന്റിനോടു ചേര്‍ന്ന ടോയ്‌ലറ്റിന്റെ പൊക്കം കുറഞ്ഞ വരാന്തയില്‍ ഒരു വൃദ്ധനിരിക്കുന്നു. നൂറോടടുത്ത പ്രായം കാണും. കണ്ണുകള്‍ക്കു കാഴ്ച പോര. ചെവി കേള്‍ക്കാനും വയ്യ. രാവിലെമുതല്‍ ഒരേ ഇരിപ്പാണിവിടെ. ആരോ പറഞ്ഞതനുസരിച്ച് ഒരു പോലീസുകാരന്‍ അടുത്തുചെന്ന് തട്ടിവിളിച്ചു. ഉറക്കെ; പിന്നെ കുറെക്കൂടി ഉറക്കെ. ചോദ്യത്തിന് മക്കള്‍ വരുമെന്നു മറുപടി. ഇവിടെ കൊണ്ടുവന്ന് ഭാരമൊഴിവാക്കിയിട്ടു കടന്നുകളഞ്ഞ മക്കളുണ്ടോ വരുന്നു! ഒടുവില്‍ ഒരു സന്നദ്ധസംഘടന ഇടപെട്ട് ആ വയോധികനെ ഒരു വൃദ്ധസദനത്തിലാക്കി പ്രശ്‌നം താത്കാലികമായി പരിഹരിച്ചു. പലതിനും പരസഹായം അത്യാവശ്യമുള്ള ആ പാവത്താന്‍ മക്കളെ പ്രതീക്ഷിച്ചു കാവലിരിക്കുന്നു. ആയുഷ്‌കാലം മുഴുവന്‍ മക്കള്‍ക്കുവേണ്ടി വെയില്‍ കൊണ്ടവന്‍. മഴ നനഞ്ഞവന്‍. മുണ്ട് മുറുക്കിയുടുത്ത് വിശപ്പകറ്റിയവന്‍. ക്രമേണ മക്കള്‍ വളര്‍ന്നു. അപ്പന്‍ തളര്‍ന്നു. ഇപ്പോള്‍ തീരെ വയ്യെന്നായി. ഈ പുരാവസ്തുവിനെ എവിടേലും കൊണ്ടെക്കളഞ്ഞില്ലെങ്കില്‍ ഞാനെന്റെ വീട്ടില്‍ പോകുമെന്ന് അടുക്കളയില്‍നിന്ന് ഭീഷണി ഉയര്‍ന്നപ്പോള്‍ കുടുംബസമാധാനത്തിനുവേണ്ടി ആ കടുംകൈ ചെയ്യേണ്ടിവന്നു. അങ്ങനെയാണ് ആ വയോവൃദ്ധന്‍ ബസ് സ്റ്റേഷനിലും തുടര്‍ന്ന് വൃദ്ധമന്ദിരത്തിലും എത്തിപ്പെട്ടത്. ഉരുകുന്ന മനസ്സുമായി കഴിയുന്ന ആ പിതാവിന്റെ വേദന കണ്ടില്ലെന്നു നടിക്കാന്‍ ബന്ധങ്ങള്‍ക്കു വില കല്പിക്കുന്ന പ്രകൃതിക്കുണ്ടോ കഴിയുന്നു? ആ പടുവൃദ്ധനെ ദുരിതക്കയത്തിലേക്കു തള്ളിവിട്ടിട്ട് തിരിച്ചുപോയവരുടെ വാഹനം നിയന്ത്രണം വിട്ട് അമ്പതടിയോളം താഴ്ചയുള്ള കുളത്തിലേക്കു മറിഞ്ഞ് ഭാര്യയും ഭര്‍ത്താവും അതിദാരുണമായി മരണപ്പെട്ടത് പ്രകൃതി കൊടുത്ത തിരിച്ചടിയെന്നല്ലേ പറയാനാവൂ?
ഇരുപത്തിമൂന്നു വര്‍ഷം ഭര്‍ത്താവിനു ഭക്ഷണം പാകം ചെയ്തു വിളമ്പിക്കൊടുത്ത ഭാര്യ. അയാളുടെ നിഴലായി പിന്നാലേ നടന്നവള്‍. വേണ്ടതെല്ലാം ഒരുക്കിക്കൊടുത്തവള്‍. സ്വന്തം സുഖസൗകര്യങ്ങള്‍ മറന്ന് ഭര്‍ത്താവിനെ പരിചരിച്ചവള്‍. അവളെ അയാള്‍ക്കു മടുത്തു. കാരണമുണ്ട്. അടുത്തുള്ള തീപ്പെട്ടിക്കമ്പനിയില്‍ ജോലിക്കു വന്ന ഒരുവളുമായി അയാള്‍ അടുത്തു. അടുപ്പം പ്രേമമായി. അവളുമൊത്തുള്ള ജീവിതം അയാള്‍ മോഹിച്ചു. അതിന് സ്വന്തം ഭാര്യ ഒരു തടസമാണ്. തടസ്സം നീക്കാതെ മോഹം നടപ്പില്ല. പല ദിവസങ്ങളിലും അയാള്‍ ഭാര്യയോട് അകാരണമായി വഴക്കിട്ടു. കുടുംബകലഹം. ഒരു ദിവസം ഭര്‍ത്താവിന് കഞ്ഞി വയ്ക്കാന്‍ അവള്‍ അരി കഴുകുമ്പോള്‍ അയാള്‍ വഴക്കിനുവന്നു. ദുര്‍മോഹം സാത്താനായി അയാളില്‍ ആവേശിച്ചു. പുറത്തു ചാരിവച്ചിരുന്ന മണ്‍വെട്ടിയെടുത്ത് അയാള്‍ അവളുടെ തലയ്ക്കു പിറകില്‍ ആഞ്ഞൊരടി! അടികൊണ്ടു ബോധരഹിതയായി അവള്‍ വീഴുന്നതിനിടയില്‍ ഭര്‍ത്താവിനെ ജീവനെക്കാളുപരി സ്‌നേഹിച്ച ആ പ്രിയപ്പെട്ട ഭാര്യയുടെ അവസാനവാക്കുകള്‍:
''എങ്കിലും....എന്റെ....ചേട്ടാ...''
പണ്ട് ബ്രൂട്ടസ് പിന്നില്‍നിന്നു കുത്തിയപ്പോള്‍ ജൂലിയസ് സീസര്‍ ചോദിച്ചില്ലേ, 'എത്ത് തൂ ബ്രൂത്തെ' എന്ന്? പിന്നീട് സീസറും ഒന്നും സംസാരിച്ചില്ലല്ലോ. പക്ഷേ, ബ്രൂട്ടസിന്റെ മനക്കട്ടി ഈ ഭര്‍ത്താവിനുണ്ടായിരുന്നില്ല. ഭാര്യ തറയില്‍ വീണുകിടന്ന് കൈകാലിട്ടടിച്ച് പിടഞ്ഞു മരിക്കുന്നതു കണ്ടപ്പോള്‍ മനസ്സിന്റെ സമനില തെറ്റിയ അയാള്‍ അലറി നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പിന്നാലേ പാഞ്ഞു. തോട്ടുവരമ്പത്തെ പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന അയാളെ പിടിച്ചുകെട്ടി പോലീസിലേല്പിച്ചു. ചേഷ്ടകളും വാക്കുകളും ശരിക്കും ഒരു മാനസികരോഗിയുടേതുപോലെ. ആ പരിഗണനയില്‍ കോടതി അയാളെ വെറുതെ വിട്ടു. സുബോധം നശിച്ച അയാള്‍ ഇന്നും അര്‍ദ്ധനഗ്‌നനായി ആ നാട്ടിന്‍പുറത്ത് അലഞ്ഞുതിരിഞ്ഞു നടപ്പുണ്ട്. ഇതാണ് ദുര്‍മോഹത്തിനുള്ള തിരിച്ചടി!
ഓരോരോ ദുര്‍മോഹങ്ങളുടെ ഭ്രാന്തമായ ആവേശത്തില്‍ നിഷ്‌കരുണം കൊല ചെയ്യപ്പെടുന്ന കുരുന്നുകുഞ്ഞുങ്ങളുടെ സാക്ഷാത്കരിക്കപ്പെടാത്ത ജീവിതമോഹങ്ങള്‍ ഭൂമിയില്‍ക്കിടന്ന് നീതിക്കുവേണ്ടി നിലവിളിക്കുമ്പോള്‍ പ്രകൃതിക്ക് അടങ്ങിയിരിക്കാനാവില്ലല്ലോ. കരിഞ്ചന്തയും കൈക്കൂലിയും മയക്കുമരുന്നും പെണ്‍വാണിഭവും തട്ടിപ്പും വെട്ടിപ്പും ധനസമ്പാദനത്തിനുള്ള കുറുക്കുവഴികളായി കൊണ്ടുനടക്കുന്നവരുടെ ദുര്‍മോഹങ്ങള്‍ക്ക് അതേ നാണയത്തില്‍ത്തന്നെ തിരിച്ചടി കിട്ടുന്നത് നമ്മളറിയുന്നു. മറ്റുള്ളവരെ ഉന്തിമാറ്റിയിട്ട് ഒന്നാമനാകാന്‍ നടക്കുന്നവനെ രാഷ്ട്രീയത്തിലോ സമൂഹത്തിലോ സമുദായത്തിലോ എവിടെയായാലും ഒന്നുമാകാനാകാതെ പ്രകൃതി ഇടങ്കാലുകൊണ്ട് ചവിട്ടിപ്പുറത്താക്കുന്നതും നമ്മള്‍ കാണുന്നു. ചുരുക്കത്തില്‍, ദുര്‍മോഹങ്ങള്‍ക്കു തിരിച്ചടി ഉറപ്പ്; ഇന്നല്ലെങ്കില്‍ നാളെ.