പരമ്പരാഗത ക്രൈസ്തവകലാരൂപമായ ചവിട്ടുനാടകത്തിന്റെ അമരക്കാരി സബീന റാഫി വിടപറഞ്ഞിട്ട് ജൂണ്‍ 22 ന് മൂന്നു പതിറ്റാണ്ടായി. പ്രാചീനക്രൈസ്തവകലാരൂപങ്ങളുടെ ഗവേഷണത്തിനും സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ആലപ്പുഴയില്‍ സ്ഥാപിതമായിരിക്കുന്ന 'കൃപാസന'ത്തിന്റെ ഡയറക്ടര്‍ ഫാ. ഡോ.വി.പി. ജോസഫ് വലിയവീട്ടില്‍ സബീന റാഫിയെ അനുസ്മരിക്കുന്നു.
സബീന റാഫി എന്ന സാംസ്‌കാരികനായികയുടെ ദേഹവിയോഗത്തിന് 30 വര്‍ഷം തികയുന്നു. 'ചവിട്ടുനാടകം' എന്ന പാരമ്പര്യകലയെ സ്‌നേഹിക്കുക, പരിപോഷിപ്പിക്കുക, ഭാവിതലമുറയ്ക്ക് കൈമാറാന്‍ ഉതകുന്നവിധത്തിലുള്ള രേഖപ്പെടുത്തലുകള്‍ നടത്തുക, ചവിട്ടുനാടകത്തെ അധികാരസ്ഥാനങ്ങളില്‍ അവതരിപ്പിച്ചുകൊണ്ട് അംഗീകാരം നേടിയെടുക്കുക, ചവിട്ടുനാടകത്തിന്റെ വ്യത്യസ്തങ്ങളായ സാഹിത്യ, സംഗീത, നാടകസങ്കേതങ്ങളെ സമ്യക്കായി പ്രതിപാദിക്കുന്ന ആദ്യപുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്തൃത്വം നിര്‍വ്വഹിക്കുക അങ്ങനെ കുറെയേറെ ബഹുമതികളോടെയാണ് സബീനാ റാഫിയെ നമുക്ക് ഓര്‍ക്കാന്‍ കഴിയുക.
ഒരിക്കല്‍ ചവിട്ടുനാടകകലാകാരനായ ഗോതുരുത്ത് മനക്കില്‍ ആശാന്റെ വീട് സന്ദര്‍ശിക്കാന്‍ ഇടയായി. ഞങ്ങള്‍ പല സ്ഥലങ്ങളിലും പോയി അവസാനം അര്‍ദ്ധരാത്രിയോടെയാണ് അവിടെ എത്തിയതാണ്. വൈജ്ഞാനികസാഹിത്യത്തിന് കേരളസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ച എന്റെ 'ചവിട്ടുനാടകവിജ്ഞാനകോശം' എന്ന ഗ്രന്ഥത്തിന്റെ ഗവേഷണം നടക്കുന്ന കാലമായിരുന്നു അത്.
സബീനാ റാഫിയുടെ ചവിട്ടുനാടകം എന്ന ചെറുഗ്രന്ഥം ഞാന്‍ 1983-ല്‍ സെമിനാരിയില്‍വച്ചു വായിച്ചതാണ്. സബീനാ റാഫിയുടെ പുസ്തകത്തിലെ മനക്കില്‍ ആശാനെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് എന്നെ അവിടെ എത്തിച്ചത്. തന്റെ വീടിന്റെ മുന്‍വശത്തുകൂടി ഒഴുകുന്ന പെരിയാറ്റിലെ ചെളി കോരിയെടുത്ത് വെയിലത്തുവെച്ചു പാകമാക്കി ചവിട്ടുനാടകത്തിന്റെ തൊപ്പി ഉണ്ടാക്കിയതിന്റെ ക്ലേ മോള്‍ഡ് കണെ്ടടുക്കാനായി രാത്രിയില്‍ത്തന്നെ വീടിന്റെ മച്ചിനുമുകളില്‍ കയറി. അതിനെക്കുറിച്ച് സബീനാ റാഫിയുടെ പുസ്തകത്തില്‍ നിന്നാണ് ഞാന്‍ വായിച്ചറിഞ്ഞിരുന്നത്. ആ ചവിട്ടുനാടകഗ്രന്ഥത്തില്‍ പറഞ്ഞതുപോലെ വളരെ സുന്ദരമായ ഒരു ഹെല്‍മറ്റ് ടൈപ്പ് മോള്‍ഡ്, ആശാന്‍ ആറ്റിലെ ചെളികൊണ്ട് ഉണ്ടാക്കിയത് അദ്ദേഹത്തിന്റെ വീടിന്റെ മച്ചിന്റെ മുകളില്‍ അപ്പോഴും കേടുകൂടാതെ സൂക്ഷിച്ചിരുന്നു. അപ്പോള്‍ എനിക്കു മനസ്സിലായി എത്ര കൃത്യതയോടെയാണ്, സൂക്ഷ്മതയോടെയാണ് ചവിട്ടുനാടകചമയങ്ങളെയും, അതിന്റെ മറ്റു വിശദാംശങ്ങളെയും പഴയ തലമുറ സംരക്ഷിച്ചിരുന്നത് എന്നത്.
സബീനാ റാഫിയുടെ ചവിട്ടുനാടകപുസ്തകത്തിന്റെ അവസാന അദ്ധ്യായത്തില്‍, ഭാവിതലമുറ ചവിട്ടുനാടകത്തെ എങ്ങനെ പരിപോഷിപ്പിക്കണമെന്ന് ചില നിര്‍ദ്ദേശങ്ങള്‍ നല്കിയിരിക്കുന്നു. ചെന്തമിഴ് ഭാഷയിലുള്ള പ്രാചീനചവിട്ടുനാടകത്തെ മലയാളത്തിലേക്കു ഭാഷാന്തരം വരുത്തണം. ചവിട്ടുനാടകത്തിന്റെ സമയദൈര്‍ഘ്യം കുറയ്ക്കണം. മൂന്നാമത്തെ നിര്‍ദ്ദേശം യുവജനങ്ങളെ ചവിട്ടുനാടകം പഠിപ്പിക്കുന്ന കളരികള്‍ ഉണ്ടാകണം എന്നതും.
1994-ല്‍ ചവിട്ടുനാടകം പുനരുദ്ധരിക്കാന്‍ സംസ്ഥാനതല ശിബിരം വിളിച്ചുചേര്‍ത്തപ്പോഴും സബീനാ റാഫിയുടെ ഈ നിര്‍ദ്ദേശങ്ങളാണ് മാതൃകയായത്. ചവിട്ടുനാടകത്തെ 1994-ല്‍ത്തന്നെ മലയാളീകരിച്ച,് മലയാളത്തിലെ ആദ്യത്തെ സാമൂഹിക ചവിട്ടുനാടകമായ 'തിരയും തീരക്കാറ്റും' കൃപാസനം എഴുതി അവതരിപ്പിച്ചു. നാടകത്തിന്റെ സമയം രണ്ടര മണിക്കൂറാക്കി. പിന്നെ 1999-ല്‍ 'മാര്‍ത്തോമാ സന്ദേശം' എന്ന ചവിട്ടുനാടകം അവതരിപ്പിച്ചപ്പോഴും സമയം ചുരുക്കി, പോര്‍ട്ടബിള്‍ ആക്കി. 2013-ല്‍ 49-ാമതു സംസ്ഥാന യുവജനോത്സവത്തില്‍ ചവിട്ടുനാടകം മത്സരയിനമാക്കുന്നതിനുവേണ്ടിയുള്ള മത്സരനിയമാവലി രൂപപ്പെടുത്തിയെടുക്കുന്നതിന് ഗവണ്‍മെന്റിനെ സഹായിച്ചപ്പോള്‍ സബീനാ റാഫിയുടെ ഗ്രന്ഥത്തിലെ ഉപസംഹാര നിര്‍ദ്ദേശങ്ങളാണ് മാനുവല്‍ ഉണ്ടാക്കാന്‍ ഞാന്‍ ഉപയോഗപ്പെടുത്തിയത്.
ഈ മേഖലയില്‍ ഇത്രയും മുന്നേറ്റം നടത്തിയിട്ടുള്ള വ്യക്തി എന്ന നിലയില്‍ മിസിസ് റാഫിക്ക് സ്മാരകങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല. കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് ചരിത്രത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും ബി.എഡും സബീന ടീച്ചര്‍ കരസ്ഥമാക്കിയിരുന്നു. 1956 ജൂലൈ ലക്കം സാഹിത്യ പരിഷത്ത് മാസികയിലാണ് ചവിട്ടുനാടകത്തെക്കുറിച്ചുള്ള പ്രൗഢോജ്വലമായ പ്രബന്ധത്തിന്റെ ആദ്യലേഖനം സബീനടീച്ചര്‍ പ്രസിദ്ധീകരിച്ചത്. ആ ലേഖനത്തിനു ലഭിച്ച സ്വീകാര്യതയുടെ തെളിവാണ് 1957 ഒക്‌ടോബര്‍ 4 ന് പരിഷത്തിന്റെ കോട്ടയം സമ്മേളനത്തില്‍ ചവിട്ടുനാടകം അവതരിപ്പിക്കാന്‍ ടീച്ചറിന് അവസരം ലഭിച്ചത്. സബീന ടീച്ചറിന്റെ ടീം അവതരിപ്പിച്ച 'വീരകുമാരന്‍' എന്ന ചവിട്ടുനാടകമാണ് അന്ന,് ഗോതുരുത്ത് ചവിട്ടുനാടകസംഘം കോട്ടയത്ത് അവതരിപ്പിച്ചത്. തുടര്‍ന്ന് 1959-ലെ റിപ്പബ്ലിക് ദിനാഘോഷത്തിലും ഡല്‍ഹിയില്‍ ചവിട്ടുനാടകം അരങ്ങേറി. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദും സബീനാടീച്ചറെയും സംഘത്തെയും മുക്തകണ്ഠം പ്രശംസിച്ചു. പിന്നെ എറണാകുളത്തുനിന്ന് ഷാജി ജോര്‍ജ്ജിന്റെ പ്രണതാ ബുക്‌സ,് ചവിട്ടുനാടകഗ്രന്ഥം പുനഃപ്രസിദ്ധീകരിച്ചപ്പോള്‍, ആ രണ്ടാംപതിപ്പിന്റെ പ്രകാശനം നിര്‍വ്വഹിക്കാന്‍ ഷാജി ജോര്‍ജ്ജ് എന്നെയാണ് ചുമതലപ്പെടുത്തിയത്. അങ്ങനെ സബീനാ റാഫിയുടെ ചവിട്ടുനാടകസംരംഭവുമായിട്ടു ബന്ധപ്പെടാന്‍ ഒരു ചരിത്രനിയോഗംപോലെ ഒരു ഭാഗ്യംകൂടി ഉണ്ടായിട്ടുണ്ട്.
ഗോതുരുത്തുകാരെ സംബന്ധിച്ചിടത്തോളം ഇന്ന് ഗോതുരുത്തിനു കിട്ടിയ എല്ലാ പ്രശസ്തിയുടെയും പ്രധാന കാരണം സബീനാ റാഫി തന്നെയാണ്. ഫോര്‍ട്ടുകൊച്ചിയില്‍ 1600-ല്‍ രൂപപ്പെട്ടുവന്ന ചവിട്ടുനാടകമാണ് 1900-നു ശേഷം ഗോതുരുത്തില്‍ എത്തിയത്. പക്ഷേ, പ്രതിഭാധനയായ മിസിസ് റാഫിയുടെ കൈയില്‍ എത്തിയതുകൊണ്ടാണ് പിന്നീട് അത് പുറംലോകം അറിയപ്പെടുന്ന ഒരു സാഹിത്യ സാംസ്‌കാരിക രൂപമായി മാറിയത്.