•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും

ര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയാണല്ലോ കര്‍ത്തൃപ്രാര്‍ത്ഥന. വി. മത്തായിയും വി. ലൂക്കായുമാണ് കര്‍ത്തൃപ്രാര്‍ത്ഥനയെപ്പറ്റി പഠിപ്പിക്കുന്നത്. മലയിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയെപ്പറ്റി പറയുന്ന കൂട്ടത്തിലാണ് വി. മത്തായി ഇതു പരാമര്‍ശിക്കുന്നത്. അതേസമയം, ലൂക്കായില്‍ ശിഷ്യന്മാര്‍ ആവശ്യപ്പെട്ടിട്ടാണ് ഈ പ്രാര്‍ത്ഥന പഠിപ്പിക്കുന്നത്. യഹൂദപാരമ്പര്യത്തില്‍ റബ്ബിമാര്‍ തങ്ങളുടെ ശിഷ്യന്മാരെ വളരെ ലളിതമായ ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചിരുന്നു; അതു പതിവായി ചൊല്ലുന്നതിനുവേണ്ടിയുമായിരുന്നു. ഈ പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശിഷ്യന്മാര്‍, യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ, തങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്നാവശ്യപ്പെടുന്നത്. പഠിപ്പിച്ചപ്പോള്‍ അതവര്‍ക്കൊരു പുതുമ നിറഞ്ഞ അനുഭവമായിരുന്നു. ഗ്രീക്കുജനതയ്ക്ക് ദൈവം പേടിസ്വപ്നമായിരുന്നു. അവര്‍ക്ക് അനേകം ദൈവങ്ങളുമുണ്ടായിരുന്നു. അവര്‍ തമ്മില്‍ കലഹിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തിരുന്നു. മനുഷ്യന് അഗ്നി സമ്മാനമായി നല്‍കിയ പ്രൊമിത്യൂസ് (ജൃീാലവേലൗ)െ എന്ന ദേവനെ ദേവന്മാരുടെ രാജാവായിരുന്ന സീയൂസ് (ദലൗ)െ അതിക്രൂരമായി ശിക്ഷിച്ചു. ഇങ്ങനെയൊക്കെയുള്ള വിശ്വാസത്തില്‍ കഴിഞ്ഞുപോന്നിരുന്ന ഗ്രീക്കുജനതയ്ക്ക് ദൈവത്തെ 'പിതാവേ' എന്നു വിളിക്കുന്നതു വലിയ വിസ്മയമായിരുന്നു. ദൈവത്തെ പിതാവേ എന്നു വിളിച്ചപേക്ഷിക്കുന്ന ക്രിസ്തുമതം സ്വീകരിക്കാന്‍ ഗ്രീക്കുകാര്‍ സന്നദ്ധരായി എന്നു ചരിത്രം പഠിപ്പിക്കുന്നു.
'എന്റെ' എന്നല്ല 'ഞങ്ങളുടെ' പിതാവേ എന്നാണല്ലോ പ്രാര്‍ത്ഥന. അതിനര്‍ത്ഥം ദൈവം എല്ലാവരുടെയും പിതാവാണെന്നും മനുഷ്യരെല്ലാം അവിടുത്തെ മക്കളാണെന്നും അക്കാരണത്താല്‍ത്തന്നെ മനുഷ്യരെല്ലാം സഹോദരങ്ങളാണെന്നുമുള്ള പാഠമാണിതിലുള്ളത്. അതാണല്ലോ ''ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ'' എന്ന പ്രയോഗം സൂചിപ്പിക്കുന്നത്.
ദൈവത്തെ 'പിതാവേ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണല്ലോ പ്രാര്‍ത്ഥനയുടെ തുടക്കം. ഹീബ്രുഭാഷയില്‍ 'അറിയുക' എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി വളരെ വലുതാണ്. കേവലം ഒരാളുടെ പേര് അറിയുക എന്നതിനപ്പുറമാണ് ഇതിന്റെ ധ്വനി. ഒരു വ്യക്തിയുടെ സ്വഭാവം, മനസ്സ്, ഹൃദയം, അങ്ങനെ ആ വ്യക്തിയെ സംബന്ധിച്ചുള്ള അറിവും അനുഭവവും അതിന്റെ  സമഗ്രതയില്‍ ഉണ്ടാകുമ്പോഴാണ് അറിവിനു പൂര്‍ണതയുണ്ടാകുന്നത്. ഈ അറിവിന്റെ അടിസ്ഥാനത്തില്‍ ദൈവത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്ന, 'നമ്മെ'ത്തന്നെ അവിടുത്തേക്കു സമര്‍പ്പിക്കുകയും ചെയ്യുന്ന ഒരവസ്ഥ സംജാതമാകണം.
പഴയ നിയമത്തില്‍ ഇസ്രായേല്‍ജനത തങ്ങളെ സ്‌നേഹിക്കുന്ന ദൈവത്തെക്കാള്‍ ശിക്ഷിക്കുന്ന ദൈവത്തെയാണു കണ്ടത്. ദൈവം തിരഞ്ഞെടുത്ത ഇസ്രായേല്‍ജനം ആ ദൈവത്തെ മറന്ന് അന്യദേവന്മാരെ ആരാധിച്ചപ്പോഴൊക്കെ ദൈവം അവരെ ശിക്ഷിക്കുന്നുണ്ട്. സോദോം ഗൊമോറ നഗരങ്ങളെ നശിപ്പിക്കുന്ന ദൈവത്തിന്റെയും ജലപ്രളയത്താല്‍ ശിക്ഷിക്കുന്ന ദൈവത്തിന്റെയും ചിത്രമാണ് അവരുടെ മനസ്സില്‍ തെളിഞ്ഞുനിന്നത്. ഈയൊരു പശ്ചാത്തലത്തില്‍ ദൈവത്തെ പിതാവേ എന്ന് വിളിക്കാന്‍ ഈശോ പഠിപ്പിക്കുന്നു.
ആദ്യത്തെ യാചന 'അങ്ങയുടെ നാമം പൂജിതമാകണം' എന്നാണല്ലോ. പൂജിതമാകണം എന്ന പ്രയോഗം ഉദ്ദിഷ്ട അര്‍ത്ഥം നല്‍കുന്നുണ്ടോ എന്നു സംശയമുണ്ട്. പഴയ പ്രാര്‍ത്ഥന 'ശുദ്ധമാക്കപ്പെടണം' എന്നായിരുന്നു. അതു പരിഷ്‌കരിച്ചപ്പോഴാണ് 'പൂജിതമാകണം' എന്ന പ്രയോഗം വരുന്നത്. പൂജിക്കുക എന്നുപറഞ്ഞാല്‍, ബഹുമാനിക്കുക, ആദരിക്കുക എന്നൊക്കെയേ അര്‍ത്ഥമുള്ളൂ. 'സംപൂജ്യനായ അദ്ധ്യക്ഷനവര്‍കളേ' എന്നു പ്രയോഗത്തില്‍ ഉപയോഗിക്കാറുണ്ടല്ലോ. അതിനപ്പുറവും അതിനുപരിയുമാണ് ദൈവനാമം. 'പരിശുദ്ധമാക്കപ്പെടണം' എന്ന പ്രയോഗമാണ് കരണീയമായിട്ടുള്ളതെന്നാണ് ഹീബ്രു ഭാഷാപണ്ഡിതന്മാരും മലയാളഭാഷാപണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. സമസ്തസ്തുതിയും മഹത്ത്വവും ആരാധനയും ദൈവത്തിനു നല്കണമെന്നതാണ് ഇതിന്റെ ആന്തരാര്‍ത്ഥം. മറ്റൊരു ദൈവം നിങ്ങള്‍ക്കുണ്ടാകരുത് എന്ന കല്പനയുടെ പൊരുളും ഇതുതന്നെ.
'അങ്ങയുടെ രാജ്യം വരണമേ' എന്നാണല്ലോ രണ്ടാമത്തെ വചനം. ദൈവരാജ്യം (ഗശിഴറീാ ീള ഏീറ) എന്നത് പുതിയനിയമത്തിന്റെ സാരസത്തയാണ്, കാതലാണ്, കേന്ദ്രബിന്ദുവാണ്. പ്രാര്‍ത്ഥനകളിലും പ്രബോധനങ്ങളിലും ക്രൈസ്തവസാഹിത്യങ്ങളിലുമെല്ലാം ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ള പ്രയോഗമാണിത്. ദൈവരാജ്യത്തിന്റെ സുവിശേഷമാണ് ഈശോ പ്രസംഗിച്ചതു മുഴുവനും.
ദൈവരാജ്യത്തെപ്പറ്റിയുള്ള പരാമര്‍ശം വി. മത്തായിയുടെ സുവിശേഷത്തില്‍ നാം കാണുന്നു: ''ഞാന്‍ പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടുംകൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും'' (മത്താ. 8:11). സ്വര്‍ഗരാജ്യം വര്‍ത്തമാനകാലത്തിലാണ് എന്ന് യേശു പറയുന്നുണ്ട്. ''സ്വര്‍ഗം ഇതാ ഇവിടെ, ഇതാ അവിടെ എന്ന് ആരും പറയുകയില്ല. എന്തെന്നാല്‍ ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്'' (ലൂക്കാ 17:21). സ്വര്‍ഗരാജ്യത്തിനു യുഗാന്ത്യോന്മുഖ സ്വഭാവമാണുള്ളത്. അതാണ് ''അങ്ങയുടെ രാജ്യം വരണമേ'' (ലൂക്കാ 11:2) എന്ന യാചനയില്‍ കാണുന്നത്. ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലെന്നപോലെ കാണുന്നു. അപ്പോള്‍ നമ്മള്‍ മുഖാഭിമുഖം കാണും എന്നു വി.പൗലോസ് പഠിപ്പിക്കുന്നുണ്ട്.
ദൈവരാജ്യം ഒരു പ്രത്യേക ഇടമല്ല, അവസ്ഥയാണ്. അതായത്, ദൈവതിരുമനസ്സ് പൂര്‍ണമായി നിറവേറ്റപ്പെടുന്ന അവസ്ഥയാണു സ്വര്‍ഗരാജ്യം. അത് ഈ ഭൂമിയില്‍ത്തന്നെയുണ്ടാകണം. അതാണു ''സ്വര്‍ഗത്തിലേപ്പോലെ ഭൂമിയിലുമാകണം'' എന്ന പ്രയോഗം വ്യക്തമാക്കുന്നത്. ഇതാരംഭിക്കേണ്ടത് എന്നില്‍ത്തന്നെയാണെന്ന തിരിച്ചറിവു നമുക്കുണ്ടാകണം. ചൈനാക്കാരുടെ മനോഹരമായ ഒരു പ്രാര്‍ത്ഥനയുണ്ട്: ''ദൈവമേ, എന്നില്‍നിന്നുതന്നെ സഭയുടെ നവീകരണം ആരംഭിക്കണമേ'' (ഘീൃറ, ൃല്ശ്‌ല വ്യേ രവൗൃരവ യലഴശിിശിഴ ംശവേ ാല). ''അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ'' എന്ന യാചനയോടെയാണല്ലോ പ്രാര്‍ത്ഥനയുടെ ഒന്നാം ഭാഗം അവസാനിക്കുന്നത്. ദൈവതിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകുമ്പോഴാണ് സ്വര്‍ഗരാജ്യം ഭൂമിയില്‍ സ്ഥാപിതമാകുന്നത്. ഈ യാചന പലപ്പോഴും തലതിരിഞ്ഞുപോകാറുണ്ട്. പറയുന്നതൊന്നും ലക്ഷ്യംവയ്ക്കുന്നതു മറ്റൊന്നും. അങ്ങയുടെ തിരുമനസ്സ് എന്റേതുപോലെയാകണം എന്നാണു പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനയുടെ ലക്ഷ്യം. നമ്മള്‍ സ്വന്തമായി ഒരു പദ്ധതി തയ്യാറാക്കിയിട്ട് അതു നടപ്പിലാക്കിത്തരുന്ന ചുമതല ദൈവത്തെ ഏല്പിക്കുന്നു. ചീഫ് എന്‍ജിനീയര്‍ ഞാനും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദൈവവും.
പ്രാര്‍ത്ഥനയുടെ രണ്ടാം ഭാഗം മനുഷ്യനെ സംബന്ധിക്കുന്നതാണ്. ഭക്ഷണമാണല്ലോ ഏറ്റവും പ്രധാനപ്പെട്ട ഭൗതികാവശ്യം. അതുകൊണ്ടാണ് ആഹാരത്തിനുവേണ്ടിയുള്ള യാചനയ്ക്ക് ഈശോ പ്രഥമസ്ഥാനം നല്‍കുന്നത്. പക്ഷേ, അന്നന്നുവേണ്ട ആഹാരത്തിനുവേണ്ടിയേ പ്രാര്‍ത്ഥിക്കാവൂ.  ഒരാളുടെ ജീവിതകാലത്തേക്കു വേണ്ട ആഹാരമെല്ലാം ഒറ്റയടിക്കു തരണമേ എന്നല്ല; മറിച്ച്, അന്നന്നത്തേക്കു വേണ്ടതുമാത്രം ആവശ്യപ്പെട്ടാല്‍ മതി എന്നാണ് ഈശോ പഠിപ്പിക്കുന്നത്. മരുഭൂമിയില്‍ മന്നാ വര്‍ഷിച്ചപ്പോള്‍ ദൈവം നല്‍കിയ നിര്‍ദേശത്തിലേക്കാണിതു വിരല്‍ചൂണ്ടുന്നത്. പുറപ്പാട് 16-ാം അധ്യായം 11 മുതല്‍ 21 വരെയുള്ള ഭാഗം ഇതു വിസ്തരിച്ചു പറയുന്നുണ്ട്. ദൈവം നല്‍കിയ നിര്‍ദേശത്തിനു വിരുദ്ധമായി ചിലര്‍ കൂടുതല്‍ ശേഖരിച്ചെങ്കിലും അതു കേടായിപ്പോവുകയാണുണ്ടായത്. ഭാവിയെപ്പറ്റി ഉത്കണ്ഠപ്പെടരുത് എന്നാണു സൂചന.
''ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ'' എന്നാണല്ലോ അടുത്ത യാചന. അതോടൊപ്പം ഒരു വ്യവസ്ഥകൂടിയുണ്ട്: ''ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ'', 'ക്ഷമിച്ചതുപോലെ' എന്ന പ്രയോഗവും കാണാറുണ്ടെങ്കിലും ക്ഷമിച്ചിരിക്കുന്നതുപോലെ എന്ന പ്രയോഗമാണു കൂടുതല്‍ ശരി. മലയാളഭാഷയില്‍ സവിശേഷാര്‍ത്ഥം സൂചിപ്പിക്കാന്‍ 'അനുപ്രയോഗം' ഉണ്ട്. 'ക്ഷമിച്ചിരിക്കുന്നതുപോലെ' എന്നത് അനുപ്രയോഗമാണ്. അവിടെ കൂടുതല്‍ കൃത്യതയുണ്ട്. സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി എന്ന അര്‍ത്ഥവുംകൂടി അതു നല്‍കുന്നു. ആദ്യമാതാപിതാക്കളുടെ പാപഫലമായി മനുഷ്യന് അവകാശമായി ലഭിച്ചതാണ് ഉദ്ഭവപാപവും പാപത്തിലേക്കുള്ള ചായ്‌വും. ബലഹീനനായ മനുഷ്യന്‍ തെറ്റിലകപ്പെടുമെന്ന് ഈശോയ്ക്കറിയാം. അതു ക്ഷമിക്കണമെന്നാണ് പ്രാര്‍ത്ഥനയിലൂടെ ആവശ്യപ്പെടുന്നത്. യോഹന്നാന്‍ ശ്ലീഹാ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്: ''ആരെങ്കിലും പാപം ചെയ്യാന്‍ ഇടയായാല്‍ത്തന്നെ പിതാവിന്റെ സന്നിധിയില്‍ നമുക്ക് ഒരു മദ്ധ്യസ്ഥനുണ്ട് - നീതിമാനായ യേശുക്രിസ്തു. അവന്‍ പാപങ്ങള്‍ക്കു പരിഹാരബലിയാണ്; നമ്മുടെ മാത്രമല്ല, ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക് (1 യോഹ. 2:1-2). അതുകൊണ്ട്, നാം പാപത്തില്‍ അകപ്പെട്ടാല്‍, സ്വര്‍ഗസ്ഥനായ പിതാവിനോടു മാപ്പപേക്ഷിക്കുന്നപക്ഷം ഈശോയുടെ മദ്ധ്യസ്ഥതയില്‍ അതു ക്ഷമിക്കപ്പെടും എന്ന പ്രത്യാശയും ഈ പ്രാര്‍ത്ഥനയിലുണ്ട്.
''ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തല്ലേ'' എന്നാണ് അടുത്ത യാചന. ''പ്രലോഭനം'' എന്ന വാക്ക് തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന അര്‍ത്ഥത്തിലാണ് പൊതുവേ ഉപയോഗിക്കുന്നത്. 'പെട്രാസൈന്‍' (ജലൃേമ്വലശി) എന്ന ഗ്രീക്കു വാക്കില്‍നിന്നാണ് ഈ പദം വരുന്നത്. ഈ വാക്കിന്റെ ശരിയായ തര്‍ജമ 'പ്രലോഭിപ്പിക്കുക' (ീേ ലോു)േ എന്നതിനെക്കാള്‍ 'പരീക്ഷിക്കുക' (ീേ ലേേെ) എന്നാണ്. പരീക്ഷയിടുന്നതു കുട്ടിയെ തോല്പിക്കാനല്ലല്ലോ; അവരുടെ യോഗ്യത പരിശോധിക്കാനാണ്. അതുപോലെ, പാപത്തില്‍ വീഴിക്കാനല്ല, വീഴാതിരിക്കാനുള്ള ശക്തിയുണ്ടോ എന്നു പരിശോധിക്കാനാണ് പരീക്ഷ. പഴയ പ്രാര്‍ത്ഥനയില്‍ 'പരീക്ഷയില്‍ പൂകിക്കല്ലേ' എന്നായിരുന്നു. അതിനു പകരമാണിപ്പോള്‍ 'പ്രലോഭനത്തിലുള്‍പ്പെടുത്തരുതേ' എന്ന പ്രയോഗം വന്നിരിക്കുന്നത്. ''നിങ്ങള്‍ പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍'' (മര്‍ക്കോ. 14:38) എന്ന് ഗദ്‌സമേനിലെ പ്രാര്‍ത്ഥനാവേളയില്‍ ഈശോ, ശിഷ്യന്മാരോടു പറയുന്നുണ്ട്. 'തിന്മയില്‍നിന്നു രക്ഷിച്ചുകൊള്ളണമേ' എന്ന യാചനയോടെയാണു കര്‍ത്തൃപ്രാര്‍ത്ഥന അവസാനിക്കുന്നത്. അതിനുള്ള ശക്തി ലഭിക്കാന്‍ വേണ്ടിയാണ് നമ്മള്‍ പ്രാര്‍ത്ഥിക്കുന്നത്.
ചുരുക്കത്തില്‍, ദൈവം നമ്മുടെ പിതാവാണെന്നും നാമെല്ലാവരും അവിടുത്തെ മക്കളാണെന്നും എല്ലാവരും പരസ്പരം സഹോദരരാണെന്നും ദൈവത്തിന് എല്ലാവിധ സ്തുതിയും പുകഴ്ചയും ആരാധനയുമുണ്ടാകണമെന്നും അവിടുത്തെ തിരുഹിതം നിറവേറ്റിക്കൊണ്ട് ഭൂമിയില്‍ സ്വര്‍ഗരാജ്യം സ്ഥാപിക്കപ്പെടണമെന്നുമാണ് പ്രാര്‍ത്ഥനയുടെ ആദ്യഭാഗം നല്‍കുന്ന പാഠം. മനുഷ്യന്റെ അടിസ്ഥാനാവശ്യമായ ആഹാരം നല്‍കണമെന്നും പാപമോചനം നല്‍കണമെന്നും പാപത്തില്‍ ഉള്‍പ്പെടാതിരിക്കാനുള്ള കൃപ നല്‍കണമെന്നും തിന്മയില്‍ വീഴാതെ നിരന്തരം സംരക്ഷിക്കണമെന്നുമാണ് രണ്ടാം ഭാഗത്തിന്റെ പാഠം. ദൈവത്തില്‍ വിശ്വസിച്ചുകൊണ്ടും അവിടുന്നില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ടും അവിടുത്തേക്കു പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ടുമുള്ള ജീവിതം നയിച്ചാല്‍ അവിടുന്നു നമ്മെ കാത്തുപരിപാലിച്ചുകൊള്ളുമെന്നും ഈശോ നമുക്ക് ഉറപ്പുതരുന്നു. അതിന് പ്രാര്‍ത്ഥനയിലൂടെ അവിടുത്തോട് ചേര്‍ന്നുനില്‍ക്കാന്‍ നമുക്കു സാധിക്കണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)