മലയാളിവനിതയ്ക്കുമുന്നില് അധികാരവഴികളുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടുന്ന ദിനങ്ങളിലേക്ക് ഇനി എത്ര നാളുകളുടെ ദൂരം? സാക്ഷരതയെയും രാഷ്ട്രീയപ്രബുദ്ധതയെയുംകുറിച്ച് വാചാലരാകുമ്പോഴും കേരളരാഷ്ട്രീയരംഗത്ത്, അധികാരവഴികളുടെ ഔന്നത്യങ്ങളില്‍ വിജയക്കൊടി നാട്ടാന്‍ സ്ത്രീകള്‍ക്കിനിയും സാധിച്ചിട്ടില്ല. രാഷ്ട്രീയകേരളത്തിന്റെ വിപ്ലവനക്ഷത്രം അടുത്തിടെ അന്തരിച്ച കെ. ആര്‍. ഗൗരിയമ്മയ്ക്കുപോലും കപ്പിനും ചുണ്ടിനുമിടയിലാണ് മുഖ്യമന്ത്രിപദം നഷ്ടമായത്.
ഒരു ഭരണാധികാരിയുടെ റോളില്‍ സ്ത്രീയെ കാണുന്നതില്‍ ഇന്നും നമ്മുടെ സമൂഹം അസ്വസ്ഥരാണ്. പരമ്പരാഗത സാമൂഹികനിയമങ്ങളും പ്രായോഗികജ്ഞാനത്തിന്റെ കുറവും ഉയര്‍ത്തി അവള്‍ക്കു മുന്നില്‍ തടസ്സങ്ങളുടെ മതിലുകള്‍ തീര്‍ക്കുന്നവരേറെയുണ്ട്. വനിതകളിന്ന് തങ്ങളുടെ ശക്തമായ സാന്നിധ്യം പല മേഖലകളിലും അറിയിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ രാഷ്ട്രീയ - അധികാരവഴികളിലെ വനിതാപങ്കാളിത്തം ഏറെ പ്രസക്തമായ വിഷയമാണ്.
ഇങ്ങനെയൊക്കെയെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്കു വനിതാസംവരണം ഏര്‍പ്പെടുത്തിയ നടപടി നല്ല തുടക്കംതന്നെയായി. മികച്ച നേട്ടങ്ങളുമായി, ആത്മവിശ്വാസത്തോടെ സ്ത്രീകള്‍ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും കോര്‍പ്പറേഷനുകളുമെല്ലാം ഭരിക്കുന്നുണ്ട്. ഭരണനേട്ടങ്ങളില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന പഞ്ചായത്തുകള്‍ ഒന്നാമതെത്തുന്നത് സ്ത്രീകള്‍ക്ക് അധികാരം നല്‍കുന്നതിനെതിരേ വാദിക്കുന്നവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഏഴരപ്പതിറ്റാണ്ടുകളിലായി കേരളത്തില്‍നിന്ന് രാഷ്ട്രീയാധികാരവഴികളിലെ സ്ത്രീമുന്നേറ്റവും പ്രാതിനിധ്യവും പരിമിതമാണെന്നു കാണാം. യു.പിക്കും ഒഡീഷയ്ക്കും ഗോവയ്ക്കും അസമിനും പഞ്ചാബിനും മധ്യപ്രദേശിനും ഡല്‍ഹിക്കും തമിഴ്‌നാടിനും പശ്ചിമ ബംഗാളിനുമെല്ലാമുണ്ട് വനിതകള്‍ മുഖ്യമന്ത്രിപദത്തിലെത്തിയ ചരിത്രം. കേരളത്തില്‍ അങ്ങനെയൊരു വനിതാസാരഥിയുണ്ടാകുന്ന നാളുകള്‍ക്കായി ഉടനെയൊന്നും പ്രതീക്ഷ വേണ്ടന്നാണ് രാഷ്ട്രീയവഴികള്‍ പറയുന്നത്.
1957 ല്‍ അധികാരമേറ്റ ഇഎംഎസ് മന്ത്രിസഭയിലൂടെത്തന്നെ ഐക്യകേരളത്തിലെ ആദ്യ വനിതാമന്ത്രിയായി കെ. ആര്‍. ഗൗരിയമ്മ ചരിത്രത്തില്‍ ഇടം നേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സ്പീക്കര്‍ തുടങ്ങിയ മുഖ്യറോളുകളിലൊന്നും സ്ത്രീകള്‍ ഇതുവരെ കടന്നുവന്നിട്ടേയില്ല. എണ്‍പത്തിയേഴില്‍ 'കേരം തിങ്ങും കേരള നാട്ടില്‍ കെ. ആര്‍. ഗൗരി മുഖ്യമന്ത്രി'യെന്ന മുദ്രാവാക്യത്തിന്റെ പിന്‍ബലത്തിലാണ് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തിയത്. എന്നാല്‍, അധികാരം ഉറപ്പിച്ചപ്പോള്‍ ഗൗരിയമ്മ ഔട്ട്, നായനാര്‍ മുഖ്യമന്ത്രി. കാലക്രമത്തില്‍ ഗൗരിയമ്മ പാര്‍ട്ടിയില്‍നിന്നു പുറത്തായി. മുഖ്യമന്ത്രിപദത്തിലേക്കൊരു വനിതയുടെ പേര് പിന്നീടൊരിക്കലും ഉയര്‍ന്നതേയില്ല.
തുടര്‍ഭരണവുമായി പിണറായി വിജയന്‍ പതിനഞ്ചാം നിയമസഭ ഭരിക്കുമ്പോള്‍ 140 നിയമസഭാസീറ്റില്‍ ആകെയുള്ളത് 11 വനിതാ എം.എല്‍.എ.മാരാണ്. മന്ത്രിസഭയിലാകട്ടെ മൂന്നു വനിതകളും. ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ കൊവിഡ് പ്രതിരോധത്തില്‍ രാജ്യാന്തരതലത്തിലടക്കം ശ്രദ്ധിക്കപ്പെട്ട ശൈലജറ്റീച്ചറെ ഈ മന്ത്രിസഭയില്‍നിന്നു മാറ്റി നിര്‍ത്തിയത് പരക്കെ വിമര്‍ശനവിധേയമായത് അവരുടെ ഭരണസാരഥ്യത്തിനുള്ള അംഗീകാരംതന്നെയാണ്. നാലാംതവണയും നിയമസഭയിലേക്കു മത്സരിച്ച കെ. കെ. ശൈലജ ടീച്ചര്‍ക്ക് പതിനഞ്ചാം നിയമസഭയില്‍ ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ച എംഎല്‍എ എന്ന പ്രത്യേകത മാത്രമല്ല, ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച എംഎല്‍എ എന്ന വിശേഷണവുമുണ്ട്. ക്യാപ്റ്റന്‍ എന്ന വിശേഷണവുമായി പിണറായി വിജയനെ പാര്‍ട്ടിക്കാര്‍ ആഘോഷിച്ചപ്പോള്‍ എല്‍ഡിഎഫിന്റെ മിന്നുംജയത്തില്‍ പ്രധാന ഘടകമായ കെ. കെ. ശൈലജയെന്ന വനിതാ സാരഥി പിന്നിലേക്കു മാറ്റിനിര്‍ത്തപ്പെടുന്നത് കേരളം വേദനയോടെയാണു കണ്ടത്. സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റുകളെക്കാള്‍ ആരോഗ്യരംഗത്ത് ഒരു വനിതയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നല്‍കിയ കരുതലാണ് തുടര്‍ഭരണത്തിന് സിപിഎമ്മിനും എല്‍ഡിഎഫിനും കരുത്തു പകര്‍ന്നതെന്നത് നിഷേധിക്കാനാവില്ല.
ശൈലജറ്റീച്ചറെ ഒഴിവാക്കിയ പരിഭവങ്ങള്‍ക്കിടയിലും ആരോഗ്യമന്ത്രിപദത്തിലേക്കു തിളക്കമാര്‍ന്ന നേട്ടങ്ങളുടെ ചരിത്രമുള്ളൊരു വനിതയെത്തന്നെ വീണ്ടും നിയോഗിച്ചത് സ്വാഗതാര്‍ഹമായി.
15 വനിതകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി ഇത്തവണ നിയമസഭയിലേക്കു ജനവിധി തേടിയത്. യുഡിഎഫിനായി 12 വനിതകള്‍ മത്സരരംഗത്തുണ്ടായിരുന്നു. കഴിഞ്ഞ സഭയില്‍ എല്‍ഡിഎഫിന് എട്ടു വനിതാ എംഎല്‍എമാരാണ് ഉണ്ടായിരുന്നത് ഇതില്‍ രണ്ടു പേര്‍ മന്ത്രിസ്ഥാനവും വഹിച്ചു. 1987 ലും 1991 ലും എട്ടുപേരും 1996 ല്‍ 12 പേരും 2001 ല്‍ ആറും 2006 ലും 2011 ലും ഏഴും വനിതാ സാമാജികരാണ് കേരളത്തിലുണ്ടായത്.
33 ശതമാനം സംവരണം കൊണ്ടുവന്ന
വനിതാമുന്നേറ്റം
1993 ലാണ് സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന 73, 74-ാമത് ഭരണഘടനാഭേദഗതി രാജ്യത്ത് നിലവില്‍ വന്നത്. സ്ത്രീകളെ ഭരണനേതൃത്വത്തിലേക്ക് എത്തിക്കാനുള്ള ആ നിര്‍ണായകനീക്കത്തിന്റെ ഫലമായി പതിനായിരക്കണക്കിനു സ്ത്രീകള്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലൂടെ അടുക്കളവിട്ട് അധികാരസ്ഥാപനങ്ങളിലെത്തി. കേരളത്തില്‍ 1995 ലെ തിരഞ്ഞെടുപ്പിലാണ് 33 ശതമാനം വനിതാസംവരണം നടപ്പിലാകുന്നത്. 2005 ലെ പഞ്ചായത്തീരാജ് ആക്ടിലൂടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിലെ വനിതാസംവരണം 50 ശതമാനമായി കേരളം ഉയര്‍ത്തിയിരുന്നു. നിയമപരമായ ബാധ്യതയെന്ന നിലയിലാണ് പലപ്പോഴും തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്കു സംവരണം നല്‍കുന്നത്. മാറ്റങ്ങളേറെ ഉണ്ടായിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം വേണമെന്നോ, നയരൂപീകരണത്തില്‍ അവരും പങ്കുചേരേണ്ടതുണ്ടെന്നോ ഉള്ള ബോധത്തിലേക്കു സമൂഹം വളര്‍ന്നിട്ടില്ലെന്നതാണ് വസ്തുത. വനിതാ സംവരണത്തിലൂടെ അനേകം സ്ത്രീകളാണ് കേരളത്തില്‍ തിരഞ്ഞെടുപ്പുരാഷ്ട്രീയരംഗത്തേക്കു കടന്നുവന്നത്. പക്ഷേ അപ്പോഴും രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കമിട്ടേക്കാവുന്ന, പാര്‍ലമെന്റിലും നിയമസഭയിലുമുള്ള സ്ത്രീസംവരണത്തിനുവേണ്ടി നിലകൊള്ളാന്‍ ആരുമുണ്ടായില്ല. പാര്‍ലമെന്റിലെ സ്ത്രീസാന്നിധ്യത്തിന്റെ കഥകളും ഒട്ടും ആശാവഹമല്ല. നിലവില്‍ കേരളത്തില്‍നിന്ന് രമ്യ ഹരിദാസ് എന്ന ഒരു വനിത മാത്രമേയുള്ളൂ പാര്‍ലമെന്റില്‍. ഏഴ് പതിറ്റാണ്ടു പിന്നിടുമ്പോഴും കേരളത്തില്‍നിന്ന് ഇതുവരെ ലോക്‌സഭ കണ്ടത് എട്ടു വനിതകള്‍ മാത്രമാണ്. 2019 ല്‍ 542 അംഗ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട വനിതാ എംപിമാരുടെ എണ്ണം 78 ആണ്. അതായത് 14 ശതമാനം മാത്രം. ലോക്‌സഭയുടെ ചരിത്രത്തിലെ റെക്കോര്‍ഡാണ് ഈ നമ്പര്‍ എന്നോര്‍ക്കണം. 1952 ലെ ആദ്യ ലോക്‌സഭയില്‍ അഞ്ചു ശതമാനമായിരുന്നു സ്ത്രീപ്രാതിനിധ്യം.
ലോക്‌സഭ കടക്കാതെ വനിതാബില്‍
ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് 1996 സെപ്റ്റംബര്‍ 12 നാണ് സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന വനിതാബില്‍ ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. ലോക്‌സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകള്‍ (33.33%) വനിതകള്‍ക്ക് ഉറപ്പുവരുത്തുന്നതാണ് ബില്‍. പിന്നീട് 1998, 1999, 2002, 2003 വര്‍ഷങ്ങളില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചെങ്കിലും പാസായില്ല. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വീണ്ടും ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്കെത്തി. കോണ്‍ഗ്രസ്, ബിജെപി, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പിന്തുണച്ചപ്പോള്‍ 2010 ല്‍ രാജ്യസഭയില്‍ ബില്‍ പാസായി. രാജ്യചരിത്രത്തിലെ പുതുയുഗപ്പിറവിയായി ഇതു വിശേഷിപ്പിക്കപ്പെട്ടു. 2010 മാര്‍ച്ച് 9 ആയിരുന്നു ആ ദിനം. അന്ന് സുഷമ സ്വരാജും ബൃന്ദ കാരാട്ടും നജ്മ ഹെപ്ത്തുള്ളയും കക്ഷിഭേദമെന്യേ കൈകോര്‍ത്ത് ആഹ്ലാദപൂര്‍വം ചിരിച്ചുനില്‍ക്കുന്ന പടങ്ങള്‍ പത്രങ്ങളിലെല്ലാം ഇടംപിടിച്ചിരുന്നു. പലവിധ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാജ്യസഭയില്‍ പാസായ ബില്‍ ഇനിയും ലോക്‌സഭ കടന്നിട്ടില്ല.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സ്ത്രീപ്രാതിനിധ്യത്തെ ആവേശത്തോടെ ഏറ്റെടുക്കുന്നവരൊന്നും നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും സ്ത്രീകളെ എത്തിക്കാന്‍ ആവേശം കാണിക്കുന്നില്ല. ഇന്ത്യന്‍ ജനസംഖ്യയുടെ 48.3 ശതമാനവും സ്ത്രീകളായിരിക്കേ, പാര്‍ലമെന്റിലെയും നിയമസഭയിലെയും സ്ത്രീപങ്കാളിത്തം എത്രയോ കുറവാണ്. സംവരണം വന്നാല്‍ കുറഞ്ഞത് 180 ലേറെ വനിതാ എംപിമാര്‍ മുന്‍നിരയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെ പല പാര്‍ട്ടികളും കാലാകാലങ്ങളില്‍ ബില്ലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, വനിതകള്‍ക്കു മൂന്നിലൊന്നു സംവരണം വന്നാല്‍ പുരുഷന്മാര്‍ക്കു വന്‍നഷ്ടമുണ്ടാകുമെന്നു ഭയക്കുന്ന പാര്‍ട്ടികളും പുരുഷനേതാക്കളും ഏറെയാണ്. ബില്‍ പാസായാല്‍ വിഷം കഴിക്കുമെന്നു പറഞ്ഞ നേതാക്കള്‍പോലുമുണ്ട്
നിയമനിര്‍മാണസഭകളായ പാര്‍ലമെന്റിലും സംസ്ഥാനനിയമസഭകളിലും സ്ത്രീകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും അവര്‍ നേരിടുന്ന വിഷയങ്ങള്‍ ഗൗരവമായി അവതരിപ്പിക്കാനും അനുയോജ്യമായ നിയമങ്ങള്‍ നിര്‍മിക്കാനുമൊക്കെ സ്ത്രീകള്‍തന്നെ വേണം.
പുരുഷകേന്ദ്രീകൃതമായ അധികാരരാഷ്ട്രീയത്തില്‍ നഷ്ടമാവുന്ന ആര്‍ദ്രതയും കരുണയും വീണ്ടെടുക്കാന്‍, സ്‌നേഹപൂര്‍ണമായ കരുതലിലേക്കു നാടിനെ നയിക്കാന്‍, സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ അവര്‍ക്കു താങ്ങാകാന്‍, ഒപ്പം നില്ക്കാന്‍ വനിതാസാരഥികള്‍ ആവശ്യമാണ്.
അധികാരവഴികളിലെ മുന്നേറ്റത്തിനായി, നേട്ടങ്ങള്‍ അലങ്കാരമാക്കിയ മികവുമായി വനിതാനേതാക്കള്‍ ഇനിയും കടന്നുവരേണ്ടിയിരിക്കുന്നു