ശബരിമലവിമാനത്താവളത്തിനുവേണ്ടി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവു വന്നതോടുകൂടി മധ്യതിരുവിതാംകൂറിലെ വികസനസ്വപ്നങ്ങള്‍ക്കും ചിറകുകള്‍ വിരിയുകയാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ 2263.18 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലകിന്റെ ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ 2005ല്‍ ബിലീവേഴ്‌സ് ചര്‍ച്ച് ട്രസ്റ്റിനു കൈമാറിയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ 2013ലെ ലാന്‍ഡ് അക്വിസിഷന്‍, റിഹാബിലിറ്റേഷന്‍, റീസെറ്റില്‍മെന്റ് നിയമത്തിലെ 77(2) വകുപ്പു പ്രകാരമാണ് ഇപ്പോള്‍ ഭൂമിയേറ്റെടുക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് വിമാനത്താവളപദ്ധതിയെ ഇത്രയും വൈകിപ്പിച്ചത്. പദ്ധതി വരുമെന്ന ശുഭപ്രതീക്ഷകള്‍ക്കിടയിലും തര്‍ക്കം ഇപ്പോഴും അവസാനിക്കാതെ കോടതിയില്‍ കേസു നടന്നുവരുന്നതുകൊണ്ട് സ്വപ്നങ്ങള്‍ക്കിടയിലും തെല്ല് ആശങ്കകളും ഇല്ലാതില്ല.
ഭൂമിയുടെ ഉടമസ്ഥത: അവസാനിക്കാത്ത തര്‍ക്കങ്ങള്‍
2005 ല്‍ ഹാരിസണില്‍നിന്നു ട്രസ്റ്റ് വാങ്ങിയ ഭൂമിയുടെ പോക്കുവരവ് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ റദ്ദാക്കിയിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും സര്‍ക്കാര്‍ ഭൂമി കൈമാറാന്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന് അധികാരമില്ലായെന്നുമാണ് സര്‍ക്കാരിന്റെ വാദം. 1999 ഓഗസ്റ്റ് ഏഴിന് സുമിത എന്‍. മേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടോടുകൂടി ഹാരിസണ്‍ മലയാളം കമ്പനി കേരളത്തില്‍ കൈവശം വച്ചിരുന്ന ചെറുവള്ളി തോട്ടം ഉള്‍പ്പടെയുള്ള തോട്ടഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് തിരുവിതാംകൂറിലെയും കൊച്ചിയിലെയും എല്ലാ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളും ഈസ്റ്റിന്ത്യാ കമ്പനികളുടെ നിയന്ത്രണത്തിലായിരുന്നു. ഏറ്റവും നല്ല മണ്ണ് തേടിപ്പിടിച്ച അവര്‍ തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാരില്‍നിന്നും അവരുടെ സാമന്തന്മാരില്‍നിന്നും പാട്ടം വ്യവസ്ഥയില്‍ സ്ഥലം വാങ്ങി ചെറുതും വലുതുമായ നിരവധി തോട്ടങ്ങള്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ ലാന്റ് റവന്യു മാന്വവല്‍ പ്രകാരം വിദേശികള്‍ക്ക് തിരുവിതാംകൂറില്‍ സ്വന്തമായി സ്ഥലം വാങ്ങാന്‍ അനുമതി ഇല്ലാതിരുന്നതിനാല്‍ പാട്ടം വ്യവസ്ഥയിലായിരുന്നു വിദേശ കമ്പനികള്‍ക്കു ഭൂമി കൈമാറ്റങ്ങള്‍.
1928-ലെ പ്ലാന്റേഷന്‍ ഡയറക്ടറി പ്രകാരം വിദേശക്കമ്പനികള്‍ ആ കാലയളവില്‍ത്തന്നെ തിരുവിതാംകൂറിലും, കൊച്ചിയിലും, മലബാറിലും കൈവശം വച്ചിരുന്നത് രണ്ടു ലക്ഷത്തില്‍പ്പരം ഏക്കര്‍ സ്ഥലമാണ്. പീരുമേട് താലൂക്കില്‍മാത്രം അന്ന് 18 വിദേശക്കമ്പനികളുടെ കൈവശം ഉണ്ടായിരുന്നത് 52,000 ഏക്കര്‍ സ്ഥലമാണ്. 1947-നു മുമ്പ് വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്ന കേരളത്തിലെ മുഴുവന്‍ ഭൂമിയുടെയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ 2015 ഡിസംബറില്‍ എറണാകുളം ജില്ലാകളക്ടറായിരുന്ന ഡോ. എം.ജി. രാജമാണിക്യത്തെ സര്‍ക്കാര്‍ സ്‌പെഷല്‍ ഓഫീസറായി നിയമിച്ചിരുന്നു . ഇടുക്കി-കോട്ടയം ജില്ലകളുടെ അതിര്‍ത്തിയായ മുണ്ടക്കയം പെരുവന്താനംമേഖലകളില്‍ ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ഭൂമി കൈവശം വച്ചിരിക്കുന്ന ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ് ടി കമ്പനിക്കെതിരെ (ടി.ആര്‍. ആന്‍ഡ് ടി കമ്പനി) നടന്ന സമരത്തിന്റെയും റിട്ട് പെറ്റീഷന്‍ 26230/15 കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് 2015 ഡിസംബര്‍ 30-ന് ഡോ. രാജമാണിക്യത്തെ കേരള ഭൂസംരക്ഷണനിയമം അനുസരിച്ച് സ്‌പെഷല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിക്കുന്നത്. ടി.ആര്‍. ആന്റ് ടി കമ്പനിക്കെതിരേ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം സ്വാതന്ത്ര്യത്തിനു മുമ്പ് വിദേശ കമ്പനികള്‍ കൈവശം വച്ചിരുന്ന മുഴുവന്‍ സ്ഥലത്തിന്റെയും ഇപ്പോഴത്തെ ഉടമസ്ഥാവകാശം പരിശോധിക്കാനാണ് സര്‍ക്കാര്‍ രാജമാണിക്യത്തോടാവശ്യപ്പെട്ടത്.
രാജമാണിക്യത്തിന്റെ പ്രാഥമിക പരിശോധനയില്‍ത്തന്നെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കേരളത്തിലെ സര്‍ക്കാര്‍ റവന്യു ഭൂമിയുടെ 58 ശതമാനം, അതായത് അഞ്ചു ലക്ഷത്തി ഇരുപതിനായിരം ഏക്കര്‍ സ്ഥലം ഇപ്പോഴും വിദേശകമ്പനികളുടെയോ, അവരുടെ ഇന്ത്യക്കാരായ ബിനാമികളുടേയോ കൈവശമാണ് എന്നതാണ് സുപ്രധാനവിവരം. ഉടമസ്ഥാവകാശം കാണിക്കുന്നതിനുവേണ്ടി ഹാജരാക്കിയ ആധാരങ്ങളും രേഖകളും കൃത്രിമമായി വിദേശത്തു ചമച്ചവയാണ് എന്നതാണ് മറ്റൊരു കണെ്ടത്തല്‍. വിദേശനാണ്യ ചട്ടങ്ങള്‍ ലംഘിച്ച് ഓരോ വര്‍ഷവും കോടിക്കണക്കിനു രൂപയാണ് വിദേശത്തേക്കു കടത്തുന്നത്. തോട്ടങ്ങളുടെ ഉടമസ്ഥരാണ് എന്നവകാശപ്പെടുന്ന പല ഇന്ത്യന്‍കമ്പനികളും പഴയ ഈസ്റ്റിന്ത്യാ കമ്പനികളുടെ ബിനാമികളാണ് തുടങ്ങിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് രാജമാണിക്യം തന്റെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നത്.
അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കലിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഓഫീസര്‍ ചെറുവള്ളി തോട്ടം ഉള്‍പ്പടെ 38171 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഭൂമിയേറ്റെടുക്കാന്‍ കേരള ഭൂസംരക്ഷണനിയമപ്രകാരം സ്‌പെഷല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികള്‍ വന്നതോടെ ഭൂമി ഏറ്റെടുക്കല്‍ അനിശ്ചിതത്തിലായി. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സിവില്‍ കോടതിയെ സമീപിക്കാം എന്ന സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പാലാ സബ് കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ കേസ് പരിഗണയില്‍ ഇരിക്കെയാണ് ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് വരുന്നത്.
വിമാനത്താവളം:
ചിറകുവയ്ക്കുന്ന സ്വപ്നങ്ങള്‍
കേരളത്തില്‍ നിര്‍ദ്ദേശിക്കപ്പടുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ശബരി അന്താരാഷ്ട്രവിമാനത്താവളം. 2017 ജൂണ്‍ 19 ന് സര്‍ക്കാര്‍ പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. വിപുലീകരണത്തിന് അനന്തമായ സാധ്യതകളുള്ള ഒരു ടേബിള്‍ ടോപ്പ് പീഠഭൂമി വിമാനത്താവളമാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. മധ്യതിരുവിതാംകൂറില്‍ പുതിയ വിമാനത്താവളത്തിനുള്ള ആദ്യഘട്ടസാദ്ധ്യതാപഠനം പൂര്‍ത്തിയാക്കിയ അമേരിക്കന്‍ കമ്പനിയായ എയ്‌കോം ഏജന്‍സി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം എന്നു ചൂണ്ടിക്കാട്ടിയതും ചെറുവള്ളിയെയാണ്. ഈ പ്രദേശത്തെ ഉറച്ച മണ്ണും ഭൂപ്രകൃതിപരമായ അനുകൂലഘടകങ്ങളും വിമാനത്താവളത്തിന് കുറഞ്ഞ മൂലധനവും പരിപാലനച്ചെലവും മതിയാകുമെന്നു പൊതുവെ വിലയിരുത്തപ്പെടുന്നു. അന്താരാഷ്ട്ര വിമാനത്താവളമായാലും സാമ്പത്തികമായി ലാഭകരമാകുമെന്നും ആവശ്യത്തിനു യാത്രക്കാരെ ലഭിക്കുമെന്നും നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സിയായ ലൂയിസ് ബ്ഗര്‍ കമ്പനി സമര്‍പ്പിച്ച പ്രാഥമികപഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ പഠനങ്ങള്‍ പ്രകാരം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി രണ്ടു ലക്ഷത്തിലധികം പ്രവാസികളാണുള്ളത്. ഉത്തരമലബാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശമലയാളികളുടെ കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പത്തനംതിട്ട, കോട്ടയം, തിരുവല്ല, കോഴഞ്ചേരി, റാന്നി, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെയും ഇടുക്കി ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലെയും വിദേശമലയാളികള്‍ക്കാകും പദ്ധതി ഏറെ പ്രയോജനമേകുക. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കോട്ടയത്തുനിന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കു പുറമെ മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും ശബരിമലയിലെത്തുന്നുണ്ട്. നിര്‍ദ്ദിഷ്ടവിമാനത്താവളം ഇവര്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് നിസംശയം പറയാം. നിലവില്‍ ഇവിടെ നിന്നുള്ള തീര്‍ത്ഥാടകര്‍ നെടുമ്പാശ്ശേരി, തിരുവനന്തപുരം എന്നീ വിമാനത്താവളത്തില്‍ എത്തി അവിടെനിന്നു മണിക്കൂറുകള്‍ യാത്ര ചെയ്ത് എരുമേലിയില്‍ വന്നശേഷമാണ് ശബരിമലയ്ക്കു പോവുന്നത്. പുതിയ വിമാനത്താവളം വരുന്നതോടെ തീര്‍ത്ഥാടകരുടെ സമയനഷ്ടവും അനാവശ്യ യാത്രാച്ചെലവും, ദീര്‍ഘദൂരയാത്രയും ഗണ്യമായി കുറയ്ക്കുന്നു.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതിചെയ്യുന്ന ഭരണങ്ങാനവും, ചേര്‍പ്പുങ്കല്‍, അരുവിത്തുറ, രാമപുരം കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങളും ഇനി ഏറെ ശ്രദ്ധേയമാവും എന്നതില്‍ സംശയമില്ല. അതുപോലെ മേഖലയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളായ അമല്‍ജ്യോതി, ചൂണ്ടച്ചേരി എന്‍ജിനീയറിങ് കോളേജുകള്‍, മരിയന്‍ കുട്ടിക്കാനം, വലവൂര്‍ എന്‍ഐടി തുടങ്ങിയവയ്‌ക്കൊക്കെ വലിയ അവസരങ്ങളാണ് ഒരുങ്ങുന്നത്. കൂടാതെ റബ്ബര്‍ സുഗന്ധവ്യഞ്ജനകയറ്റുമതി അടിസ്ഥാനമായ വ്യവസായങ്ങള്‍ക്കും വലിയ സാധ്യതകളുണ്ട്. കേരളത്തിലെ സുവര്‍ണ ത്രികോണം എന്നറിയപ്പെടുന്ന മൂന്നാര്‍, ഇടുക്കി, തേക്കടി എന്നീ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇടുക്കി ജില്ലയും നിര്‍ദ്ദിഷ്ടപദ്ധതിയിലൂടെ വികസനം ഏറെ പ്രതീക്ഷിക്കുന്നു. പ്രദേശത്തുനിന്നും ഇടുക്കിയുടെ പ്രമുഖസുഖവാസകേന്ദ്രമായ മൂന്നാറിലേക്ക് 150 കിലോമീറ്ററില്‍ താഴെ ദൂരം മാത്രമാണുള്ളത്.
ജലവിനോദസഞ്ചാര മേഖലയുടെ പ്രിയപ്പെട്ട പ്രദേശമായ ആലപ്പുഴയും പദ്ധതിപ്രദേശത്തുനിന്ന് അധിക ദൂരത്തിലല്ല. സഞ്ചാരികള്‍ക്ക് ആലപ്പുഴയില്‍ എത്തുവാന്‍ വിമാനത്താവളം വരുന്നതോടെ എളുപ്പമാകും. ആലപ്പുഴയുടെ പ്രധാന കവാടമായ ചങ്ങനാശേരി പദ്ധതി പ്രദേശത്തുനിന്ന് ഏതാനും കിലോമീറ്റര്‍ ദൂരെ മാത്രമാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തുനിന്നും വ്യാവസായികനഗരമായ കൊച്ചിയില്‍ നിന്നും ചെറുവള്ളിയിലെത്താന്‍ ഏതാണ്ട് സമദൂരമാണ്. സ്വപ്നങ്ങള്‍ ഏറെയുണെ്ടങ്കിലും ഇനിയും കടക്കാന്‍ നിരവധി കടമ്പകള്‍ മുന്നിലുണ്ട് എന്നത് പദ്ധതിയുടെ മുമ്പിലെ വെല്ലുവിളികള്‍ തന്നെയാണ്.