•  25 Apr 2024
  •  ദീപം 57
  •  നാളം 7

അതിഥികള്‍ അന്തകരാകുമ്പോള്‍


.

*

റുനാടന്‍മലയാളികള്‍ എണ്ണത്തിലും ഗുണത്തിലും ക്രമാതീതമായി ശക്തിപ്പെടുന്നതിന്റെ കണക്കുകള്‍ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കേരളത്തിലെത്തുന്ന അന്യദേശക്കാരുടെ സ്ഥിതിയും ഇതില്‍നിന്നു തീര്‍ത്തും വിഭിന്നമല്ല. മറുനാടന്‍തൊഴിലാളികളുടെ വിഹാരഭൂമിയായി കേരളം മാറിക്കഴിഞ്ഞു. ബംഗാള്‍, ബീഹാര്‍, തമിഴ്‌നാട്, ആന്ധ്ര, ഝാര്‍ഖണ്ഡ്, ഒഡീഷ, യു.പി. തുടങ്ങിയുള്ള സംസ്ഥാനങ്ങളില്‍നിന്നായി ആയിരക്കണക്കിനാളുകളാണ് തൊഴില്‍തേടി ഇവിടേക്കെത്തുന്നത്. കേരളത്തിന്റെ നിര്‍മാണമേഖലകളിലെല്ലാം അവര്‍ സ്വാധീനമുറപ്പിച്ചിരിക്കുന്നു. അവരുടെ വൈദഗ്ധ്യവും പ്രായോഗികജ്ഞാനവും അധ്വാനശേഷിയും സമയനിഷ്ഠയുംമറ്റും കുഴിമടിയന്മാരായ മലയാളികളെ അമ്പരപ്പിച്ചിട്ടുണ്ട് എന്നതും ശരി.
     ആദ്യകാലങ്ങളില്‍ ബംഗാളില്‍നിന്നുള്ളവര്‍ കൂട്ടമായി എത്തിയതുകൊണ്ടാവാം 'ബംഗാളികള്‍' എന്ന ഒറ്റപ്പേരില്‍ ഇക്കൂട്ടരെ നാം ചുരുക്കി. ചിലപ്പോഴൊക്കെ 'ഭായിമാര്‍' എന്നു സ്‌നേഹപൂര്‍വം വിളിക്കാനും നാം മറന്നില്ല. ഔദ്യോഗികതലങ്ങളില്‍ 'അതിഥിത്തൊഴിലാളി' എന്ന് ആദരപൂര്‍വം വിശേഷിപ്പിക്കാന്‍ സര്‍ക്കാര്‍സംവിധാനങ്ങളും നമ്മെ ഓര്‍മിപ്പിച്ചു.
    എന്നാല്‍, മറുനാടന്‍തൊഴിലാളികളുടെയിടയില്‍ ക്രിമിനലുകള്‍ പെരുകുന്ന റിപ്പോര്‍ട്ടുകളാണ് ദിനംപ്രതി കേള്‍ക്കേണ്ടിവരുന്നത്. മലയാളിയുടെ സൈ്വരജീവിതത്തെ താളംതെറ്റിക്കുംവിധം 'അതിഥി' അന്തകനാകുന്ന അവസ്ഥ ഒട്ടും ശരിയല്ലെന്നുമാത്രമല്ല, ഒരിക്കലും പാടില്ലാത്തതുമാണ്. കഴിഞ്ഞദിവസം തൃശൂരില്‍ ഒഡീഷ സ്വദേശിയായ ഹോട്ടല്‍ തൊഴിലാളി ടിക്കറ്റ് പരിശോധകന്‍ (ടിടിഇ) വിനോദ് കണ്ണനെ ട്രെയിനില്‍നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളോടു പിഴ യടയ്ക്കാന്‍ നിര്‍ദേശിച്ചതിനാണ് മദ്യലഹരിയിലായിരുന്ന പ്രതി ടിടിഇയെ പുറത്തേക്കു തള്ളിയിട്ടത്. ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പ്രതി തള്ളിവീഴ്ത്തിയതിനെത്തുടര്‍ന്ന് വിനോദ് തൊട്ടടുത്ത ട്രാക്കില്‍ മറ്റൊരു ട്രെയിനിനടിയില്‍പ്പെടുകയായിരുന്നുവെന്നാണു നിഗമനം.
      2021 ഡിസംബറില്‍ കൊച്ചി കിഴക്കമ്പലത്ത് മദ്യലഹരിയില്‍ വഴക്കിട്ട മറുനാടന്‍ തൊഴിലാളികള്‍ അന്നു നാട്ടുകാരെയും പൊലീസിനെയും ആക്രമിച്ചതും പൊലീസ് ജീപ്പ് കത്തിച്ചതും കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. 2022 ഫെബ്രുവരി 15 ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇവര്‍ കൂട്ടംചേര്‍ന്ന് ടിക്കറ്റ്പരിശോധകനെ മര്‍ദിച്ചതിനും കേരളം സാക്ഷിയായി. 
    ആലുവയില്‍ ഒരു പിഞ്ചുകുഞ്ഞിനെ മറുനാടന്‍ തൊഴിലാളി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നുതള്ളിയത് ഒരുവര്‍ഷംമുമ്പാണ്. ഏതാനും വര്‍ഷംമുമ്പ് പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവവും കേരളം മറന്നിട്ടുണ്ടാവില്ല.
     2016 മുതല്‍ 2023 വരെയുള്ള കേസ് ഡയറി പരിശോധിച്ചാല്‍, അന്യസംസ്ഥാനത്തൊഴിലാളികള്‍ പ്രതിസ്ഥാനത്തുള്ള 6794 കേസുകളാണ് സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കൊലക്കേസുകള്‍ 161 ഉം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമക്കേസുകള്‍ 834 മാണ്. അന്യസംസ്ഥാനത്തൊഴിലാളികളുടെ ഭീതിദമായ എണ്ണപ്പെരുപ്പം കേരളീയരുടെ സ്വച്ഛത തകര്‍ക്കുന്നതാവരുത്. തൊഴില്‍വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത മറുനാടന്‍ തൊഴിലാളികള്‍ ആറരലക്ഷത്തോളംമാത്രമാണെങ്കിലും നാല്പതുലക്ഷം കടക്കുമെന്നാണ് ആനൗദ്യോഗിക റിപ്പോര്‍ട്ട്.
      രാജ്യത്തെവിടെയും ജീവിക്കാനും സ്വന്തം ഇഷ്ടമനുസരിച്ചു ജോലി ചെയ്യാനും എല്ലാ ഇന്ത്യാക്കാര്‍ക്കും ഭരണഘടന അവകാശവും സ്വാതന്ത്ര്യവും തരുന്നുണ്ട്. ആ അവകാശം ദുര്‍വിനിയോഗം ചെയ്യാന്‍ ആരെയും അനുവദിക്കരുത്. കേന്ദ്ര - സംസ്ഥാനഭരണകൂടങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും നിരീക്ഷണം ശക്തമാക്കുകയും നടപടികളെടുക്കുകയും വേണം. അന്യസംസ്ഥാനക്കാരെ ജോലിക്കുവയ്ക്കുന്ന തൊഴിലുടമകളും കരാറുകാരും സുരക്ഷാക്രമീകരണങ്ങളില്‍ കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്. അതിഥിത്തൊഴിലാളികളുടെ ക്ഷേമകാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതോടൊപ്പം ക്രിമിനല്‍ പശ്ചാത്തലമടക്കമുള്ള സമഗ്രവിവരങ്ങള്‍ ശേഖരിക്കുന്ന ഒരു ബൃഹദ്പദ്ധതിക്കു സര്‍ക്കാര്‍ തയ്യാറാവുകയും ചെയ്താല്‍ മലയാളികളും മറുനാട്ടുകാരും തമ്മിലുള്ള അകലം കുറച്ച് നാടിന്റെ സ്വച്ഛത സംരക്ഷിക്കാനാവും.

 

Login log record inserted successfully!