ഭാരതം ഓര്‍ത്തു വയ്ക്കുന്ന ഒരു സ്വാതന്ത്ര്യസമരനായികയാണ് മണിപ്പൂരിലെ ഗൈഡിന്‍ലിയു. മണിപ്പൂരിലെ താമെങ്ങ്‌ലോങ് ജില്ലയില്‍ ലോതോനാങ് പാമേ, കച്ചക്ലെന്‍ലിയു ദമ്പതികളുടെ സന്താനമായി 1915 ജനുവരി 26 നു ജനിച്ചു.
നോര്‍ത്ത് ഈസ്റ്റിലെ ആദ്യത്തെ വിമോചനപ്പോരാളിയും സ്വാതന്ത്ര്യസമരനായികയുമാണ് റാണി ഗൈഡിന്‍ലിയു. ബ്രിട്ടനോടും പുതിയ നാട്ടുരാജാക്കന്മാരോടും ആയുധമെടുത്തു പോരാടിയ റാണി അനേകായിരം ജനങ്ങളുടെ അവകാശങ്ങളെയും ജീവിതത്തെയും സംരക്ഷിക്കുകയും മാറ്റിമറിക്കുകയും ചെയ്തു. ഈ സമയത്ത് ബ്രിട്ടീഷുകാരുടെ കൊടുംക്രൂരതയിലും നികുതിപിരിവിലും ജനങ്ങള്‍ നട്ടം തിരിയുകയായിരുന്നു, വനവിഭവങ്ങളുടെ നിയന്ത്രണം കൈയടക്കിവച്ചിരുന്ന ബ്രിട്ടീഷുകാര്‍ ഉത്പന്നങ്ങള്‍ക്ക് വലിയ നികുതിയും ചുമത്തിയിരുന്നു.
ഗ്രാമീണരെ സംഘടിപ്പിച്ച ഗൈഡിന്‍ലിയു സായുധ പോരാട്ടം ആരംഭിച്ചു. 1931 ല്‍ സംഘടനയുടെ തലവനായ ഹെയ്പ ജഡോ നാഗിനെ ബ്രിട്ടീഷുകാര്‍ പിടികൂടി തൂക്കിലേറ്റി. തുടര്‍ന്ന്, ഗൈഡിന്‍ലിയു ചുമതലയേറ്റെടുത്തു. നികുതിപിരിവുകള്‍ തടഞ്ഞ ഗൈഡിന്‍ലിയു നാഗാ ഗോത്രത്തിന്റെ കിരീടം വയ്ക്കാത്ത റാണിയായി മാറി. നാഗാലാന്‍ഡിലും മണിപ്പൂരിലും ഉടനീളം സഞ്ചരിച്ച അവര്‍ അതി ശക്തമായ ഒരു സായുധസംഘം രൂപീകരിച്ചു.
നാഗാ ഹില്‍സ് ഡെപ്യൂട്ടി കമ്മീഷണറായ ജെ.പി മില്‍സ്, ഗൈഡിന്‍ ലിയുവിനെ കാട്ടിക്കൊടുക്കുന്നവര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചു. പണത്തിനു മുന്നില്‍ ഗ്രാമീണര്‍ വഴങ്ങാതായതോടെ ഗെഡിന്‍ലിയുവിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്ന ഗ്രാമത്തെ അടുത്ത പത്തുവര്‍ഷത്തേക്ക് എല്ലാ നികുതികളില്‍നിന്നും ഒഴിവാക്കുമെന്ന് സര്‍ ജെ.പി മില്‍സ് വിളംബരം ചെയ്തു.
പക്ഷേ, നാഗാഗോത്രം ഒറ്റക്കെട്ടായി ഗൈഡിന്‍ലിയുവിനു പിന്നില്‍ ഉറച്ചുനിന്നു. ഇതോടെ ഭിന്നിപ്പിച്ചു ഭരിക്കുന്ന ബ്രിട്ടീഷ് നയതന്ത്രത്തിലേക്ക് അവര്‍ തിരിഞ്ഞു. നാഗന്മാരുടെ പരമ്പരാഗതവൈരികളായ കൂക്കികളുമായി ഡെപ്യൂട്ടി കമ്മീഷണര്‍ ബന്ധം സ്ഥാപിച്ചു, പക്ഷേ ബ്രിട്ടീഷുകാരെ ഒരിക്കലും വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകാതിരുന്ന കൂക്കികള്‍ പരസ്യ ധാരണ നിരസിച്ചു. എങ്കിലും നാഗാഗ്രാമത്തില്‍ ബ്രിട്ടീഷ് ചൗക്കിദാര്‍ പോസ്റ്റുകളില്‍ കൂക്കികളായ പോലീസുകാരെ വ്യാപകമായി നിയമിച്ച് ബ്രിട്ടീഷുകാര്‍ ചിരപുരാതന ഗോത്രവൈരത്തിന്റെ വിത്തുകള്‍ വിതച്ചു. 1932 ഫെബ്രുവരിയില്‍ വടക്കന്‍ കാച്ചാര്‍ കുന്നുകളിലും മാര്‍ച്ചില്‍ ഹന്‍ഗ്രാം ഗ്രാമത്തിലും വച്ച് ഗൈഡിന്‍ ലിയുവിന്റെയും ബ്രിട്ടീഷ് ആര്‍മിയുടെയും സൈന്യങ്ങള്‍ തമ്മില്‍ ശക്തമായ രണ്ടു പോരാട്ടങ്ങള്‍ നടന്നു.
1932 ഒക്‌ടോബറില്‍ അസം റൈഫിള്‍സ് ക്യാപ്‌ററന്‍ മക് ഡോണാള്‍ഡ്, ഗൈഡിന്‍ ലിയുവിന്റെ ഒളിത്താവളത്തില്‍ ആക്രമണം നടത്തി. ഗൈഡിന്‍ലിയുവും കൂട്ടാളികളും കീഴടങ്ങി. ബ്രിട്ടീഷ് ഭരണകൂടം ഗൈഡിന്‍ലിയുവിനെ പത്തു മാസത്തെ വിചാരണയ്ക്കുശേഷം ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
1937 ല്‍ കോണ്‍ഗ്രസ് നേതാവ് ജവഹര്‍ലാല്‍ നെഹ്‌റു ഗൈഡിന്‍ലിയുവിനെ ഷില്ലോങ് ജയിലില്‍ സന്ദര്‍ശിച്ചതോടെയാണ് അവരുടെ പോരാട്ടത്തിന്റെ കഥ പുറംലോകം അറിയുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഗൈഡിന്‍ലിയുവിനെ റാണി ഗൈഡിന്‍ലിയു എന്നു വിളിക്കുന്നത്.
1946 ല്‍ നെഹൃവിന്റെ നേതൃത്വത്തില്‍ ഭാരതത്തിന്റെ താല്‍കാലിക സര്‍ക്കാര്‍ രൂപ വത്കരിക്കപ്പെട്ടപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു ആദ്യം ഒപ്പിട്ട ഉത്തരവുകളിലൊന്ന് റാണി ഗൈഡിന്‍ലിയുവിന്റെ മോചനം സംബന്ധിച്ചതായിരുന്നു.
1993 ഫെബ്രുവരി 17-ാം തീയതി തന്റെ 78-ാം വയസില്‍ റാണി ഗൈഡിന്‍ലിയു നിര്യാതയായി. 1972 ല്‍ രാജ്യം റാണിക്ക് സ്വാതന്ത്ര്യസമരസേനാനിക്കുള്ള താമ്രപത്രവും 1982 ല്‍ പദ്മഭൂഷണും നല്‍കി. ഭാരതസര്‍ക്കാര്‍ നാണയവും പോസ്റ്റല്‍ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട് ഇവരുടെ പേരില്‍.