അടിമവംശത്തിലെ സുല്‍ത്താനായിരുന്ന ഷംസുദീന്‍ ഇല്‍ത്തുമിഷിന്റെ മകളായിരുന്നു റസിയ സുല്‍ത്താന.
ഒരു ഭരണകുടുംബത്തിലെ അംഗമായ റസിയ അധികാരകേന്ദ്രങ്ങളോട് ഏറെ അടുപ്പം പുലര്‍ത്തിയാണ് വളര്‍ന്നത്.
റസിയയ്ക്ക് അഞ്ചു വയസ്സുള്ളപ്പോള്‍, ഇല്‍ത്തുമിഷ് ഡല്‍ഹിയുടെ ഭരണാധികാരിയായി. റസിയയ്ക്ക്, പിതാവ് രാജ്യകാര്യങ്ങളിലേര്‍പ്പെടുമ്പോള്‍ അദ്ദേഹത്തിനു സമീപത്തെത്താന്‍ അനുവാദമുണ്ടായിരുന്നു. പിന്നീട്, ഒരു രാജ്യം ഭരിക്കാന്‍ മതിയായ പരിശീലനം അവര്‍ നേടി.
അവരുടെ കഴിവുകളും ഉത്സാഹവും ഇല്‍ത്തുമിഷിന് അവരെ പ്രിയങ്കരിയാക്കുകയും ചെയ്തു. റസിയയുടെ സഹോദരനും ഇല്‍ത്തുമിഷിന്റെ മൂത്തമകനുമായിരുന്ന നാസിറുദ്ദീന്‍ മഹ്മൂദിനെ പിന്‍ഗാമിയാക്കാന്‍ ഇല്‍ത്തുമിഷ് തീരുമാനിച്ചിരുന്നു. ക്രി.വ. 1229 ല്‍ നസിറുദ്ദീന്‍ മഹ്മൂദ് പെട്ടെന്നു മരണമടഞ്ഞു. ഇല്‍ത്തുമിഷിനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമായിരുന്നു ഇത്. കാരണം, തന്റെ മറ്റു പുത്രന്മാരില്‍ ആരുംതന്നെ സിംഹാസനത്തിനു യോഗ്യരല്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
1230 ല്‍ ഗ്വാളിയറിനെതിരേ ആക്രമണം നടത്താന്‍ അദ്ദേഹത്തിനു തലസ്ഥാനം വിടേണ്ടിവന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ സുല്‍ത്താന്റെ വിശ്വസ്തനായ മന്ത്രിയുടെ സഹായത്തോടെ റസിയ യോഗ്യതയുള്ള ഭരണാധികാരിയായി പ്രവര്‍ത്തിച്ചു. ഗ്വാളിയാര്‍ പിടിച്ചെടുത്തശേഷം 1231 ല്‍ ഇല്‍ത്തുമിഷ് ദില്ലിയിലേക്കു മടങ്ങിയെത്തി. പിന്തുടര്‍ച്ചയുടെ വിഷയം അദ്ദേഹത്തിന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.
ഇല്‍ത്തുമിഷ് റസിയയെ തന്റെ അനന്തരവകാശിയായി പ്രഖ്യാപിച്ചു. പിന്‍ഗാമിയായി ഒരു വനിതയെ നിയമിച്ച ആദ്യത്തെ സുല്‍ത്താനായി മാറി അദ്ദേഹം.
1236 ഏപ്രില്‍ 30 ന് ഇല്‍ത്തുമിഷ് മരിച്ചതിനുശേഷം, റസിയയുടെ അര്‍ദ്ധസഹോദരനായിരുന്ന രുക്‌നുദ്ദീന്‍ ഫിറൂസ് സിംഹാസനാരോഹണം നടത്തി.
രുക്‌നുദ്ദീന്‍ ഫിറൂസിന്റെ ഭരണകാലം ഹ്രസ്വമായിരുന്നു. രുക്‌നുദ്ദീന്‍ രാജ്യകാര്യങ്ങളില്‍ ഉപേക്ഷ കാണിച്ചതോടെ രാജ്യത്തെ പൗരന്മാര്‍ പ്രകോപിതരാകുകയും സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രായോഗിക ആവശ്യങ്ങളുടെയും ചുമതല ഇല്‍ത്തുമിഷിന്റെ വിധവ ഷാ തുര്‍ക്കനില്‍ വന്നുചേരുകയും ചെയ്തു.
പക്ഷേ, 1236 നവംബര്‍ 9 ന്, ആറുമാസത്തെ ഭരണത്തിനുശേഷം റുക്‌നുദ്ദീനും മാതാവ് ഷാ തുര്‍ക്കാനും കൊല്ലപ്പെട്ടു. വിമുഖതയോടെയെങ്കിലും, റസിയയെ ദില്ലിയിലെ സുല്‍ത്താനയായി വാഴിക്കാന്‍ കുലീനവര്‍ഗം സമ്മതിച്ചു.
തുര്‍ക്കിവംശജനല്ലാത്ത അബ്‌സീനിയന്‍പ്രഭു യാകുതിനെ റസിയ ഉന്നതസ്ഥാനത്ത് അവരോധിച്ചത് പ്രഭുക്കള്‍ക്കിടയില്‍ എതിര്‍പ്പിനു കാരണമായി. അവര്‍ കലാപമാരംഭിച്ചു. യാകുത്തിനോട് അമിതമായ സൗഹൃദം കാട്ടുന്നുവെന്ന ആരോപണവും ശക്തമായിരുന്നു. സര്‍ഹിന്ദിലേക്കുള്ള യാത്രാമദ്ധ്യേ യാകുത് വധിക്കപ്പെടുകയും റസിയ തടവിലാക്കപ്പെടുകയും ചെയ്തു.
തന്നെ പിടികൂടിയ അല്‍ത്തൂനിയയെ വശീകരിച്ചു ഡല്‍ഹിയുടെ ആധിപത്യത്തിനുവേണ്ടിയുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ പലായനം ചെയ്യവേ റസിയയെ കൊള്ളക്കാര്‍ പിടികൂടി വധിച്ചു.
റസിയ സുല്‍ത്താന തികച്ചും വിഭിന്നസ്വഭാവമുള്ള ഒരു രാജകുമാരിയായിരുന്നു. അവര്‍ ചമയങ്ങളെയും ആഡംബരങ്ങളേയും അകറ്റിനിര്‍ത്തിയിരുന്നു. ദില്ലിയില്‍ ലാലാബഡന്‍ മാര്‍ഗില്‍ റസിയയുടെ ശവകുടീരം കാണാം.
തന്റെ വംശം നിലനില്‍ക്കുന്നതിനും സദ്ഭരണം കാഴ്ചവയ്ക്കുന്നതിനും സ്വന്തം നാടിന്റെ പുരോഗതിക്കുമായി ഒരുപാട് ആസൂത്രണങ്ങളോടെ ജീവിതം തുടങ്ങിയവളായിരുന്നു റസിയ.
ചരിത്രത്തില്‍ അവര്‍ക്ക് മഹത്തായ ഒരു സ്ഥാനമുണ്ട്. ദേശസ്‌നേഹിയായ ഒരു വനിതയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കു വരുന്നത് റസിയ സുല്‍ത്താനെയാണ്.