സമൂഹത്തിലെ ഭൂരിപക്ഷ നിലപാടുകള്‍ ചോദ്യം ചെയ്യുന്നതോടൊപ്പം നവോത്ഥാനമൂല്യങ്ങള്‍ക്ക് അടിവരയിടാന്‍ ജീവിതം തന്നെ പണയപ്പെടുത്തിയ പല സ്ത്രീകളെയും നമുക്കറിയാം. ഇവരില്‍ പ്രധാനിയാണ് ഇന്ത്യയിലെ ഫെമിനിസത്തിന്റെ മാതാവെന്നു ചരിത്രം വിശേഷിപ്പിക്കുന്ന സാവിത്രി ഫൂലെ.
1831 ജനുവരി മൂന്നിന് സാവിത്രി ഭായി എന്ന സാവിത്രി ഫൂലെ മഹാരാഷ്ട്രയില്‍ ജനിച്ചു. ഒമ്പതു വയസ്സുള്ളപ്പോള്‍ പതിമൂന്നുകാരനായ ജ്യോതിറാവു ഫൂലെയുമായുള്ള വിവാഹം നടന്നു. ജ്യോതിറാവുവിന്റെ പ്രോത്സാഹനം നിമിത്തം സ്‌കൂളില്‍ പോയി പഠിച്ച് അധ്യാപികയായി. 1848 ഓഗസ്റ്റില്‍ ബുധവാര്‍ പേട്ടയിലെ ഭിഡെവാഡയില്‍, വിദ്യാഭ്യാസം ചെയ്യാനവകാശമില്ലാതിരുന്ന ചമാര്‍, മഹര്‍, മാംഗ് തുടങ്ങിയ അസ്പൃശ്യജാതികളില്‍പ്പെട്ടവര്‍ക്കായി അവര്‍ ഒരു സ്‌കൂള്‍ ആരംഭിച്ചു.
ജ്യോതിറാവു ഫൂലെ രൂപം നല്‍കിയ സത്യശോധക് സമാജിന്റെ (സത്യാന്വേഷകസംഘടന) എല്ലാ പ്രവര്‍ത്തനങ്ങളിലും സാവിത്രി ഭായി ഭാഗഭാക്കായി. സംഘടനയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മാത്രമല്ല, വിധവാവിവാഹം പ്രോത്സാഹിപ്പിക്കുകയും വിധവകളുടെ മക്കള്‍ക്കായി അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
അനാഥരായ സ്ത്രീകള്‍ക്കായി സാവിത്രിയുടെ നേതൃത്വത്തില്‍ ഒരു അഭയകേന്ദ്രം 1854 ല്‍ ആരംഭിച്ചത് ഒരു ചരിത്രസംഭവമായിരുന്നു. നിരവധി സ്ത്രീകള്‍ ഇവിടേക്ക് വന്നുകൊണ്ടേയിരുന്നു. എല്ലാ വിഭാഗം സ്ത്രീകളും ഇവിടെ സുരക്ഷിതരായി ജീവിച്ചു. ഇവരുടെ ദൈനംദിന കാര്യങ്ങള്‍ നോക്കുന്നതിനൊപ്പം അവരില്‍ പലരെയും വിവാഹം കഴിച്ച് അയപ്പിക്കുന്നതിനും സാവിത്രി ഫൂലെ നേതൃത്വം നല്‍കി. സ്ത്രീകളുടെ ഉന്നമനത്തിനായി പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചതിനാലാണ് 'ഇന്ത്യന്‍ ഫെമിനിസത്തിന്റെ മാതാവ്' എന്ന് സാവിത്രി ഫൂലെയെ വിളിക്കുന്നത്. സാവിത്രിയുടെ സാമൂഹികപ്രവര്‍ത്തനത്തിനു വലിയ എതിര്‍പ്പാണ് അക്കാലത്തു നേരിടേണ്ടിവന്നത്.
ആതുരസേവനരംഗത്തും അവര്‍ സജീവമായിരുന്നു. പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ ആ സ്ഥലങ്ങളിലെത്തി രോഗം ബാധിച്ചവരെ പരിചരിക്കുന്നതിന് സാവിത്രി ഫൂലെ മുമ്പന്തിയില്‍നിന്നു. ഒടുവില്‍ രോഗം പകര്‍ന്നാണ് 1897 മാര്‍ച്ച് 10 ന് സാവിത്രി ഫൂലെ അന്തരിക്കുന്നത്. 1852 നവംബര്‍ 16 ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഫൂലെ ദമ്പതികളെ ആദരിക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 'മികച്ച അധ്യാപിക' ((best teacher) ആയും സാവിത്രിബായ് പ്രഖ്യാപിക്കപ്പെട്ടു.
തങ്ങളുടെ ശരികള്‍ തുറന്നു പറയുന്ന, സമൂഹത്തിലെ ശരികേടുകള്‍ക്കെതിരേ പ്രതികരിക്കുന്ന ജീവിതത്തിലെ ഏതു തുറയില്‍പ്പെടുന്ന സ്ത്രീകളാണെങ്കിലും, നമുക്ക് അഭിമാനിക്കാം. എന്തെന്നാല്‍, സാവിത്രി ഫൂലെ നടന്നുപോയ വഴികളാണ് നമുക്കു മുമ്പിലുള്ളത്.