അവധിലെ അവസാനത്തെ നവാബായിരുന്ന വാജിദ് അലി ഷായുടെ ആദ്യഭാര്യയായിരുന്നു ബീഗം ഹസ്രത്ത് മഹല്‍. സൗന്ദര്യത്തിനും ധൈര്യത്തിനും ഒരേപോലെ പേരുകേട്ട ഇവര്‍ 1857 ലെ സ്വാതന്ത്ര്യസമരകാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരേ പോരാടുകയുണ്ടായി.
ബ്രിട്ടീഷുകാര്‍ വാജിദ് അലിയെ നാടുകടത്തിയതിനെത്തുടര്‍ന്ന് അധികാരമേറ്റെടുത്ത ഹസ്രത്ത് മഹല്‍, അവധിനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ചേര്‍ക്കുന്ന ശ്രമങ്ങള്‍ക്കെതിരേ ബ്രിട്ടീഷുകാരുമായി യുദ്ധം തുടങ്ങി.
1856 ല്‍ ബ്രിട്ടന്‍ അവധ് പിടിച്ചെടുത്തപ്പോള്‍ നവാബ് കല്‍ക്കത്തയിലേക്കു രക്ഷപ്പെട്ടു. നവാബിന്റെ പത്‌നിയായ ബീഗം ഹസറത്ത് മഹല്‍ പ്രായപൂര്‍ത്തിയാകാത്ത മകനോടൊപ്പം അവധില്‍ത്തന്നെ നിലയുറപ്പിച്ചു. ലഖ്‌നോവില്‍ കലാപം നയിച്ച ബീഗം ഹസ്രത്ത് മഹല്‍, വിവിധ പ്രദേശങ്ങളില്‍ കലാപം സംഘടിപ്പിച്ചു.
ഹിന്ദു - മുസ്ലീം ഐക്യത്തിന്റെ ശക്തി മനസ്സിലാക്കി തന്റെ പ്രജകളെ മുഴുവന്‍ രാജ്യത്തിനുവേണ്ടി ഒന്നിപ്പിച്ചുനിര്‍ത്തി എന്നതാണ് ബീഗത്തിന്റെ മഹത്തായ കഴിവ്.
1857 ലെ ബഹുജനമുന്നേറ്റത്തില്‍ അവധിലെ സ്ത്രീകളെ മുഖ്യധാരയിലെത്തിക്കാന്‍ ബീഗത്തിനു കഴിഞ്ഞു.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അവധ് പിടിച്ചടക്കിയതോടെ പട്ടിണിയിലായി. ലഖ്‌നോവില്‍ കലാപം വ്യാപിച്ചപ്പോള്‍ കമ്പനിസൈന്യത്തെ തോല്പിച്ച് തന്റെ മകനെ നവാബാക്കി, ബീഗം തന്ത്രപൂര്‍വം കൈകാര്യം ചെയ്തു.
ബീഗം, ഉയര്‍ന്ന ഉദ്യോഗങ്ങള്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും നല്‍കി. സിപായിമാരെയും ജമീന്ദാര്‍മാരെയും കര്‍ഷകരെയും അണിനിരത്തി നയിച്ച പോരാട്ടത്തിനൊടുവില്‍ നഗരം വിട്ടുപോകാന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതരായി.
സുശക്തമായ കമ്പനി സൈന്യം നഷ്ടപ്പെട്ട പ്രദേശങ്ങള്‍ ഓരോന്നായി തിരിച്ചുപിടിക്കാന്‍ തുടങ്ങിയപ്പോള്‍ തളരാതെ പൊരുതിയെങ്കിലും വിജയിക്കാനാവില്ലെന്നു ബോധ്യമായ ഘട്ടത്തില്‍ ബീഗം നേപ്പാളില്‍ അഭയം തേടി.
1859 ല്‍ ബ്രിട്ടീഷ് അധികാരികള്‍ ബീഗത്തിന് രാജകീയ പരിഗണന നല്‍കി അവരെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും റാണി കീഴടങ്ങുകയോ ഔദാര്യം സ്വീകരിക്കുകയോ ചെയ്തില്ല. അതുകൊണ്ട് അവര്‍ക്ക് സ്വന്തം മണ്ണില്‍ തിരിച്ചെത്താനായില്ല.
രാജ്യഭ്രഷ്ടയാക്കപ്പെടുന്നതിനു മുമ്പ്, തന്റെ മകനായ ബിര്‍ജിസിനെ അവധിന്റെ ഭരണാധികാരിയായി അവര്‍ വാഴിച്ചുവെങ്കിലും, അതു കുറച്ചു നാളേ നീണ്ടു നിന്നുള്ളൂ.
നേപ്പാളില്‍ വച്ചാണ് ബീഗം അന്തരിക്കുന്നത്.
നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള സെന്റര്‍പാര്‍ക്കിലാണ് ബീഗം ഹസ്രത്ത് മഹലിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലുള്ള ബീഗത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത്, 1962 ഓഗസ്റ്റ് 15 ന് മരണാനന്തരം ആദരിക്കുകയുണ്ടായി. 1984 മേയ് പത്തിന്, ബീഗത്തിന്റെ സ്മരണാര്‍ത്ഥം ഭാരതസര്‍ക്കാര്‍ ഒരു സ്റ്റാമ്പ് പുറത്തിറക്കി.
ഭാരതം വീണ്ടും ഓര്‍മിച്ചെടുക്കേണ്ട ഒരു വീരവനിതയാണ് ബീഗം ഹസ്രത്ത് മഹല്‍.