കാലപ്രത്യയമോ പ്രകാരപ്രത്യയമോ പുരുഷപ്രത്യയമോ ചേര്‍ക്കാന്‍ കഴിയാത്ത അനുപാധിക്രിയയാണ് നടുവിനയെച്ചം. കൃത്യമായ ഒരു ഉപാധിയും ഉറപ്പിച്ചുപറയാന്‍ കഴിയാത്ത അപൂര്‍ണ്ണക്രിയാസ്വഭാവം നടുവിനയെച്ചത്തിനുണ്ട്. ഭൂതകാലസൂചനയുള്ള മുന്‍വിനയെച്ചത്തിനും ഭാവികാലാപേക്ഷയുള്ള പിന്‍വിനയെച്ചത്തിനും മദ്ധ്യത്തില്‍ നില്‍ക്കുന്നതിനാല്‍ നടുവിനയെച്ചം എന്ന പേര്‍ സിദ്ധമായി. ''സൗകര്യംപോലെ പലവിധ വേഷങ്ങള്‍ കെട്ടുന്ന അപൂര്‍ണ്ണക്രിയ''* ആയതിനാലാകണം - അനവച്ഛേദകക്രിയ എന്ന പേരിലും ഇതറിയപ്പെടുന്നത്. നാമമായും (ചെയ്ക ശരിയല്ല) പൂര്‍ണ്ണക്രിയയായും (സുഖമായി വാഴ്ക) നടുവിനയെച്ചം പ്രയോഗത്തിലുണ്ട്. ധാതുവിനോട് അ (ചെയ്യ) ക (ചെയ്ക) ഉക (ചെയ്യുക) എന്നീ പ്രത്യയങ്ങള്‍ ചേര്‍ത്താല്‍ നടുവിനയെച്ചരൂപങ്ങള്‍ ഉണ്ടാകും.
വര്, തര്, പോര് എന്നീ ധാതുക്കളോട് നടുവിനയെച്ചപ്രത്യയമായ 'ഉക' ചേര്‍ത്ത് വരുക, തരുക, പോരുക എന്നിങ്ങനെ ക്രിയാശബ്ദങ്ങള്‍ സൃഷ്ടിക്കാം. (വര് + ഉക = വരുക, തര് + ഉക = തരുക, പോര് + ഉക = പോരുക) വരുകയ്ക്ക് എത്തിച്ചേരുക എന്നും തരുകയ്ക്ക് നല്കുക എന്നും പോരുകയ്ക്ക് കൂടെ വരുക എന്നും വിവക്ഷിതങ്ങള്‍ കല്പിക്കാം. request for എന്ന അര്‍ത്ഥം നടുവിനയെച്ചം നിര്‍ദ്ദേശിക്കുന്നു. കൂടാതെ, വര്, തര്, പോര് എന്നീ ധാതുക്കളില്‍നിന്ന് വരുന്നു, വന്നു, വരും; തരുന്നു, തന്നു, തരും; പോരുന്നു, പോന്നു, പോരും എന്നിങ്ങനെ വര്‍ത്തമാനഭൂതഭാവികാലങ്ങള്‍ നിഷ്പാദിപ്പിക്കാം. ഉപദേശാര്‍ത്ഥത്തില്‍ അവ വരൂ, തരൂ, പോരൂ എന്നെല്ലാം രൂപം മാറും.
വരുക, തരുക, പോരുക എന്നീ ക്രിയാശബ്ദങ്ങള്‍ക്കു 'വരിക', 'തരിക', 'പോരിക' എന്നിങ്ങനെ രൂപഭേദങ്ങള്‍ പ്രചാരത്തിലുണ്ട്. 'ഇക' എന്നൊരു നടുവിനയെച്ചപ്രത്യയം നിര്‍ദ്ദേശിക്കാത്തിടത്തോളം കാലം ഇവയെ വ്യാകരണദൃഷ്ട്യാ ശുദ്ധപദങ്ങളായി ഗണിക്കാനാവില്ല. ഇത്തരം മാറ്റങ്ങളെ ഭാഷാശാസ്ത്രം മറ്റൊരുവിധം നോക്കിക്കാണുന്നു. ഒരു സ്വരവര്‍ണ്ണം അതിനു മുമ്പോ പിമ്പോ വരുന്ന മറ്റു സ്വരങ്ങളോടു പൊരുത്തപ്പെടുന്ന പ്രവണതയാണത്. സ്വരപ്പൊരുത്തം (Vowel Harmony) എന്നിത് അറിയപ്പെടുന്നു. വരുക - വരിക, തരുക - തരിക, പോരുക - പോരിക. ഉച്ചാരണസൗകര്യമാകണം ഉ - ഇ വിനിമയത്തെ ഗണനീയമാക്കുന്നത്.
* ഗോപി, ആദിനാട്, പ്രൊഫ., മലയാളഭാഷാവ്യാകരണം ഒരു സമഗ്രപഠനം, രചന ബുക്‌സ്, കൊല്ലം, പുറം - 301.