മരുവിന്റെ ശബ്ദം
കൊടിയ വേനലായിരുന്നു. മരുഭൂമിയില്‍ വെയിലിന്റെ കടല്‍ ഇളകിമറിയുന്നു. യോര്‍ദ്ദാന്‍ കടന്നു വരുന്ന ഉഷ്ണക്കാറ്റില്‍ മണല്‍ക്കൂനകള്‍ രൂപം കൊള്ളുന്നു. കാറ്റില്‍ മരുഭൂമിയില്‍ മണല്‍ പെയ്യുകയാണെന്നേ തോന്നൂ. അവിടെ ഒരാള്‍ വിളിച്ചു പറയുന്നു.
''അനുതപിക്കുക, സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.''
അയാള്‍ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. ഒരു കൈയില്‍ അയാളെക്കാള്‍ നീളമുള്ള മുളവടിയും പിടിച്ചിരുന്നു.
''അനുതപിക്കുക സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു. വൃക്ഷങ്ങളുടെ തായ്‌വേരില്‍ കോടാലിവച്ചു കഴിഞ്ഞിരിക്കുന്നു. നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങള്‍ വെട്ടി തീയില്‍ എറിയപ്പെടും.''
അയാളുടെ ശബ്ദം യോര്‍ദ്ദാന്റെ തീരത്തേക്കും മരുഭൂമിയുടെ അതിരുകളിലേക്കും നീണ്ടു ചെന്നു. ആളുകള്‍ പറഞ്ഞു:
''മരുഭൂമിയില്‍ ഒരു പ്രവാചകനത്തിയിരിക്കുന്നു. അവന്‍ മനുഷ്യകുലത്തിന്റെ നാശത്തിനെക്കുറിച്ചു പ്രസംഗിക്കുന്നു. രക്ഷയുടെ മാര്‍ഗ്ഗത്തെക്കുറിച്ചും വരുവാനിരിക്കുന്ന രക്ഷകനെക്കുരിച്ചും സംസാരിക്കുന്നു.''
വാര്‍ത്ത കാതുകളില്‍നിന്നു കാതുകളിലേക്കും നാടുകളില്‍നിന്നു നാടുകളിലേക്കും ഒരു കൊടുങ്കാറ്റുപോലെ പടര്‍ന്നു. പാപത്തില്‍ മുഴുകി ജീവിച്ചിരുന്ന യൂദയായിലെ ജനങ്ങള്‍ ഭയപ്പെട്ടു.
''ഞങ്ങളുടെ നാശത്തെക്കുറിച്ചു പ്രവചിക്കുന്ന ഇവന്‍ ആര്...?''
അവര്‍ മരുഭൂമിയിലേക്കോടി. യൂദയായിലുള്ളവരും മരുഭൂമിയിലേക്കൊഴുകി. ജറുസലേമും ഭിന്നമായിരുന്നില്ല. മരുഭൂമി ജനങ്ങളെക്കൊണ്ടു നിറഞ്ഞു. അവന്‍ അവര്‍ക്കു നടുവില്‍നിന്ന് പ്രസംഗിച്ചു.
''അനുതപിക്കുക സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു. ഫലം നല്കാത്ത വൃക്ഷങ്ങള്‍ തീയിലെറിയപ്പെടും.''
പ്രകൃതി നിശ്ചലം നിന്നു. മരുഭൂമിയില്‍ കാറ്റടങ്ങി. യോര്‍ദ്ദാനില്‍ തിരകളടങ്ങി. വെയില്‍ മങ്ങി. സര്‍വ്വജനങ്ങളും അവന്റെ ശബ്ദത്തിനുവേണ്ടി കാതു കൂര്‍പ്പിച്ചു. അവന്‍ പാപമോചനത്തിനായുള്ള അനുതാപത്തിന്റെ സ്‌നാപനത്തെക്കുറിച്ച് അവരോടു പ്രസംഗിച്ചു. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ ചിലര്‍ ഇപ്രകാരം അടക്കം പറഞ്ഞു:
''യേശയ്യാ പ്രവാചകന്റെ വചനങ്ങളുടെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദം... ഇവന്‍ പ്രവാചകന്‍ തന്നെ.''
അവന്‍ സംസാരിച്ചുകൊണ്ടേയിരുന്നു...
''കര്‍ത്താവിന് പാതയൊരുക്കുക. അവന്റെ വഴികള്‍ നേരെയാക്കുക. എല്ലാ താഴ്‌വരകളും നികത്തപ്പെടും. ദുര്‍ഘടങ്ങളായ പാതകള്‍ സുഗമങ്ങളാക്കപ്പെടും. എല്ലാ മനുഷ്യരും ദൈവത്തില്‍നിന്നുള്ള രക്ഷ കാണും.''
അവനെ കേട്ടാറെ ജനങ്ങള്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞു. അവനില്‍നിന്ന് സ്‌നാപനം സ്വീകരിക്കാനൊരുങ്ങി. അവന്‍ യോര്‍ദ്ദാനിലെ വെള്ളംകൊണ്ട് അവര്‍ക്കു സ്‌നാപനം നല്കി. പിന്നെയും സ്‌നാപനം സ്വീകരിക്കാന്‍ ഫരിസേയരും സദുക്കായരും കടന്നു വരുന്നതു കണ്ട് അവന്‍ ചോദിച്ചു.
''അണലിസന്തതികളോ വരാനിരിക്കുന്ന ക്രോധത്തില്‍നിന്ന് ഓടിയൊളിക്കാന്‍ ആരാണു നിങ്ങള്‍ക്ക് മുന്നറിയിപ്പ് തന്നത്... അനുതാപത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കൂ. ഫലമില്ലാത്ത വൃക്ഷങ്ങളുടെ ചുവട്ടില്‍ കോടാലി വീഴുന്ന സമയം സമാഗതമായിരിക്കുന്നു...''
അപ്പോള്‍ ജനക്കൂട്ടം അവനോടു ചോദിച്ചു:
''ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്...?''
''രണ്ടു കുപ്പായം സ്വന്തമായുള്ളവന്‍ ഇല്ലാത്തവനുവേണ്ടി വീതം വയ്ക്കട്ടെ. ആഹാരമുള്ളവനും ഇല്ലാത്തവനുമായി പങ്കു വയ്ക്കട്ടെ. നിങ്ങളോടു കല്പിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുത്. അക്രമം കാട്ടിയോ വ്യാജമായ കുറ്റങ്ങള്‍ ചുമത്തിയോ ആരെയും കൊള്ളയടിക്കരുത്. നിങ്ങള്‍ക്കുള്ള പ്രതിഫലംകൊണ്ടു ജീവിക്കുക...''
മരുഭൂമിയിലെ പ്രവാചകനെപ്പറ്റി യൂദയായുടെ മുക്കിലും മൂലയിലും അറിഞ്ഞിരുന്നതുകൊണ്ട് യൂദര്‍ അവനെപ്പറ്റി അറിയാന്‍ പുരോഹിതന്മാരെ അയച്ചിരുന്നു. അവര്‍ ചോദിച്ചു:
''നീ ആരാണ്?''
ജനങ്ങള്‍ രക്ഷകനെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അവരും ചോദിച്ചു.
''നീ തന്നെയോ ക്രിസ്തു?''
''അല്ല. ഞാന്‍ ക്രിസ്തുവല്ല.'' യോഹന്നാന്‍ പറഞ്ഞു.
''എങ്കില്‍ പിന്നെ നീ ആരാണ്? ഏലിയാ പ്രവാചകനാണോ?''
''അല്ല.''
''ഞാന്‍ ഗുരുവല്ല'' യോഹന്നാന്‍ പറഞ്ഞു: ''പ്രവാചകനുമല്ല.''
''പിന്നെ നീ ആരാണ്?'' ഞങ്ങളെ അയച്ചവര്‍ക്ക് മറുപടി കൊടുക്കേണ്ടതുണ്ടല്ലോ...?''
''കര്‍ത്താവിന്റെ വഴികള്‍ നേരേയാക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ സ്വരമാണ് ഞാന്‍...'' അപ്പോള്‍ ഫാരിസേയരില്‍ ചിലര്‍ അവനോടു ചോദിച്ചു:
''നീ ക്രിസ്തുവോ ഏലിയാപ്രവാചകനോ ഒന്നുമല്ലെങ്കില്‍ നീ സ്‌നാപനം നല്കുന്നതെന്തിന്?''
''അനുതാപത്തിനായി ഞാന്‍ നിങ്ങളെ വെള്ളംകൊണ്ട് സ്‌നാപനം ചെയ്യുന്നു.'' അവന്‍ പറഞ്ഞു. ''എന്റെ പിന്നിലെ വരുന്നവന്‍ എന്നെക്കാള്‍ എത്രയോ ശക്തനാണ്. അവന്റെ ചെരുപ്പിന്റെ വാറുകള്‍ അഴിക്കാന്‍പോലും എനിക്കു യോഗ്യതയില്ല. അവന്‍ നിങ്ങള്‍ക്കു പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്‌നാപനം നല്കും. അവന്റെ കൈയില്‍ വീശുമുറം ഉണ്ട്. അവന്‍ മെതിക്കളം വെടിപ്പാക്കി ധാന്യം അറപ്പുരയില്‍ സൂക്ഷിക്കും. പതിര് അണയാത്ത അഗ്നിയില്‍ ദഹിപ്പിച്ചുകളയും.''
അവനില്‍നിന്ന് സ്‌നാപനം സ്വീകരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ നദിയിലേക്കിറങ്ങി വന്നുകൊണ്ടിരുന്നു. അവനോ അവരെ ജ്ഞാനത്താലും ജലത്താലും സ്‌നാനപ്പെടുത്തി. അവന്‍ ആരാണെന്നറിയാന്‍ അയയ്ക്കപ്പെട്ടവരില്‍ ചിലരും സ്‌നാപനം സ്വീകരിച്ചു. മറ്റു ചിലരാകട്ടെ അവന്‍ പറഞ്ഞതൊക്കെയും അവരെ അയച്ചവരുടെ പക്കല്‍ചെന്ന് പറയേണ്ടതിന് തിടുക്കത്തില്‍ മടങ്ങുകയും ചെയ്തു.
കാണക്കാണെ നദീതീരം ജനങ്ങളെക്കൊണ്ടു നിറഞ്ഞുകൊണ്ടിരുന്നു. പെട്ടെന്നാണ് കാറ്റുവീശിയത്. സ്‌നിഗ്ധമായ കാറ്റില്‍ ഈറനുണ്ടായിരുന്നു. ശുഭ്രമായ ആകാശത്തില്‍ കത്തിനിന്ന സൂര്യന്‍ ഭൂമിയിലേക്കുള്ള ചൂടിന്റെ ഉറവിടം അടച്ചുകളഞ്ഞു.
നദീതീരത്തെ സൈത്തുമരങ്ങളും മരുഭൂമിയിലെ കരുവേലമരങ്ങളും അതിന്റെ ശാഖികള്‍ താഴ്ത്തിപ്പിടിച്ചു ശിരസ്സ് നമിച്ചു. പൂര്‍ണനിലാവുള്ള ഒരു രാത്രിയെ അനുസ്മരിപ്പിച്ചു പ്രകൃതി. അവിടമാകെ ഏതോ അസുലഭമായ സുഗന്ധം പ്രസരിക്കുന്നതുപോലെ തോന്നി.
അപ്പോഴാണ് മലയില്‍നിന്നൊരാള്‍ ഇറങ്ങിവരുന്നതു കണ്ടത്. അവന്‍ പാദത്തോളമെത്തുന്ന അങ്കിയും ഉത്തരീയവും ധരിച്ചിരുന്നു. ജ്വലിക്കുന്ന സൂര്യനെപ്പോലെ അവന്റെ മുഖം പ്രകാശമാനമായിരുന്നു. അവനെ കണ്ടാറെ യോഹന്നാന്‍ പറഞ്ഞു:
''ഇതാ ദൈവത്തിന്റെ കുഞ്ഞാട്..''
അവന്‍ നദിക്കരയില്‍ എത്തി വസ്ത്രം അഴിച്ചുവച്ച് വെള്ളത്തിലേക്കിറങ്ങി യോഹന്നാനു മുമ്പില്‍ വന്നു ശിരസ്സ് നമിച്ചു. അവനെ തടഞ്ഞുകൊണ്ട് യോഹന്നാന്‍ ചോദിച്ചു:
''ഞാന്‍ നിന്നില്‍നിന്ന് സ്‌നാപനം സ്വീകരിക്കേണ്ടിയിരിക്കെ നീ എന്റെ പക്കലേക്കു വന്നുവോ?''
''ധര്‍മ്മമെല്ലാം ഇപ്രകാരം നിറവേറ്റുന്നത് ഉചിതമാകയാല്‍ ഇത് ഇങ്ങനെതന്നെ നടക്കട്ടെ...'' അവന്‍ പറഞ്ഞു. യോഹന്നാന്‍ എതിര്‍ത്തില്ല. സ്‌നാപനം സ്വീകരിച്ച് അവന്‍ കരയ്ക്കു കയറിയപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ദൈവത്തിന്റെ ആത്മാവ് പ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവരുന്നതു യോഹന്നാന്‍ കണ്ടു. ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു എന്ന അശരീരിയും കേള്‍ക്കായി.
ആകാശമേഘങ്ങളില്‍ നിന്നെന്നവണ്ണം ശലഭവൃഷ്ടിയുണ്ടായി. സീദാര്‍ മരങ്ങള്‍ പൂക്കുകയായി. തീക്ഷ്ണസുരഭിയായ ഒരിളംവാതം യോര്‍ദ്ദാനില്‍ മുങ്ങിക്കേറി വന്നു
അനന്തരം അവന്‍ അവിടെ വിട്ടുപോയി. അവന്‍ ആരെന്ന് ജനക്കൂട്ടം അറിഞ്ഞില്ല. ആരും അവനെക്കുറിച്ച് അന്വേഷിച്ചതുമില്ല. യോഹന്നാനെ കാണാനെത്തിയ അനേകരില്‍ ഒരുവന്‍ എന്നതിലപ്പുറം അവന്‍ അവര്‍ക്കായി അടയാളങ്ങള്‍ നല്കിയതുമില്ല.
രാവെത്തിയാറെ യോഹന്നാന്‍ നദിയില്‍നിന്ന് കരയ്ക്കു കയറി. ജനക്കൂട്ടു പിരിഞ്ഞുപോയി. സ്‌നാപനം സ്വീകരിച്ചവരില്‍ ഒരുവന്‍ യോഹന്നാന് ഒരു തോല്ക്കുടം കാട്ടുതേനും ചുട്ടെടുത്ത വെട്ടുക്കിളിയിറച്ചിയും കൊടുത്തു. യോഹന്നാന്‍ അവയുംകൊണ്ട് രാത്രി കഴിപ്പാനായി നദീതീരത്തുള്ള ഒരു ഗുഹയില്‍ ഇടംപിടിച്ചു.
അനനിയാദ് മരുഭൂമി കടന്ന്
അനനിയാദ് മരുഭൂമി കടന്ന് യോര്‍ദാന്റെ തീരത്ത് എത്തിയപ്പോള്‍ അവിടം വിജനമായിരുന്നു. നിലാവ് പൊട്ടിയിരുന്നു. തിരയടങ്ങിയ യോര്‍ദാനു മീതെ നിലാവ് മുക്കുവന്റെ വിരിവലപോലെ വിരിഞ്ഞുകിടന്നു. താരകാകീര്‍ണമായ ആകാശത്തിനു താഴെ രാപ്രാവുകള്‍ പറന്നുകൊണ്ടിരുന്നു.
അനനിയാദ് ഒരു ദീര്‍ഘയാത്രയുടെ തളര്‍ച്ചയിലായിരുന്നു. അവനു നന്നായി വിശക്കുകയും ദാഹിക്കുകയും ചെയ്തിരുന്നു. യാത്രയിലെങ്ങും തിന്നാന്‍ ഒന്നും ലഭിച്ചിരുന്നില്ല. എന്തെങ്കിലും തിന്നാനും കുടിക്കാനും ശ്രമിച്ചില്ല എന്നതാണു സത്യം. മനസ്സിലും ചിന്തയിലും നിറയെ മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമായിരുന്നു.
പക്ഷേ, ആ ശബ്ദം അനനിയാദിനെ സംബന്ധിച്ചിടത്തോളം ഒരു മരീചികയായിത്തീര്‍ന്നു. അവന്‍ മരുഭൂമിയില്‍ എത്തിയപ്പോള്‍ അവിടം വിജനമായിരുന്നു.
വിളറിയ നിലാവ് പടര്‍ന്നു കിടക്കുന്ന നദീതീരത്തെ മണല്‍വിരിപ്പില്‍ അനനിയാദ് മുട്ടിന്മേല്‍ വീണു. ആകാശത്തേക്കു കണ്ണുകള്‍ ഉയര്‍ത്തി.
''എവിടെ... എവിടെയാണ് അനുതാപത്തിന്റെ വഴികളെക്കുറിച്ചു വിളിച്ചു പറയുന്നവന്‍?''
നദിക്കരയില്‍ ഏതോ രാപ്പക്ഷി കരഞ്ഞു. നദി ശാന്തമായിരുന്നു. മീന്‍ പിടിക്കാനായി ആരും അന്ന് വഞ്ചിയിറക്കിയില്ല. അനനിയാദ് തന്റെ അരപ്പട്ടയില്‍ തിരുകിവച്ചിരിക്കുന്ന കുഴലെടുത്ത് ചുണ്ടോടു ചേര്‍ത്തു. അവന്റെ സംഗീതവുമായി യോര്‍ദ്ദാന്‍ കയറിവന്ന കാറ്റ് വേഗത്തില്‍ പറന്നുപോയി. നക്ഷത്രഖചിതമായ വാനം അവന് കുട പിടിച്ചു.
അനനിയാദ് അങ്ങനെയാണ്. തന്നില്‍ ഏകാന്തതയും ശൂന്യതയും നിറയുമ്പോഴാണ് കുഴല്‍ വായിക്കുക. കുഴല്‍ വായിക്കുമ്പോള്‍ അവനില്‍ പ്രസാദവരംപോലെ ഒരു ശാന്തി നിറയും.
ദൂരെ നിലാവില്‍ ആളനക്കം കണ്ടു. അവന്‍ കുഴല്‍വിളി നിര്‍ത്തി ആകാംക്ഷയോടെ കണ്ണുകള്‍ മിഴിച്ചു. രണ്ടുപേര്‍ നടന്നടുക്കുന്നു, അവര്‍ മുമ്പില്‍ വന്നു ചോദിച്ചു:
''നീ ആരാണ്...?''
''ഞാന്‍ അനനിയാദ്...''
''ഈ രാത്രിയില്‍ നദിക്കരയില്‍ നിനക്കെന്ത്?''
''ഞാന്‍ മരുഭൂമിയില്‍ വിളിച്ചു പറയുന്നവനെ കേള്‍ക്കാന്‍ വന്നു. പക്ഷേ, കണ്ടില്ല...''
''അവന്റെ ശബ്ദം ആഴമുള്ളതും നിരാശയും വ്യസനവും നിറഞ്ഞതുമായിരുന്നു.''
''നീ ഞങ്ങളോടൊപ്പം വരിക...'' അവര്‍ അവനോടു പറഞ്ഞു.
അനനിയാദ് അവരെ അനുഗമിച്ചു. കുറെ നടന്ന് അവര്‍ നദീതീരത്തുള്ള ഒരു ഗുഹയ്ക്ക് സമീപം ചെന്നു.
''പ്രവാചകന്‍ ഇതിനുള്ളിലുണ്ട്.'' അവര്‍ പറഞ്ഞു.
അനനിയാദ് വിറയ്ക്കുന്ന പാദങ്ങളോടെ ഗുഹയുടെ കവാടത്തിലേക്കു ചെന്നു. അകത്ത് ഒരഗ്നികുണ്ഠം എരിയുന്നുണ്ടായിരുന്നു. അല്പമകലെ ആകാശത്തേക്ക് കണ്ണുകളും കരങ്ങളുമുയര്‍ത്തി ഒരാള്‍ മുട്ടിന്മേല്‍ നില്ക്കുന്നതു കാണായി. മുകളിലേക്കുയര്‍ത്തിയ കണ്ണുകളില്‍ അഗ്നി ജ്വലിക്കുന്നത് അനനിയാദ് കണ്ടു.
അനനിയാദ് അവനു മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്തു.
''ഗുരോ അനുഗ്രഹിച്ചാലും...'
യോഹന്നാന്‍ കരങ്ങള്‍ താഴ്ത്തി. സ്വര്‍ഗത്തില്‍നിന്ന് കണ്ണുകള്‍ പറിച്ചെടുത്ത് അനനിയാദില്‍ വച്ചു.
''ഞാന്‍ ഗുരുവല്ല,'' യോഹന്നാന്‍ പറഞ്ഞു: ''പ്രവാചകനുമല്ല.''
''പിന്നെ അവിടുന്ന് ആരാണ്, ലോകം കാത്തിരിക്കുന്ന ക്രിസ്തുവോ...?''
''അല്ല.'' യോഹന്നാന്‍ പറഞ്ഞു. പിന്നെ എരിയുന്ന അഗ്നികുണ്ഡത്തിനരികെ ഒരു കല്ലിന്മേല്‍ ഇരുന്നു. തേന്‍ ശേഷിച്ച അനനിയാദിനു നല്കി. ഭക്ഷിച്ചു മിച്ചം വന്ന വെട്ടുക്കിളിയിറച്ചിയും കൊടുത്തു.
''ഞാന്‍ ക്രിസ്തുവല്ല,'' യോഹന്നാന്‍ പറഞ്ഞു: ''ഞാന്‍ അവനു മുമ്പേ, യഹോവയാല്‍ നിയോഗിക്കപ്പെട്ടവന്‍, അവനുള്ള പാതകള്‍ തെളിക്കാന്‍ വന്നവന്‍. ഞാന്‍ വെളിച്ചമല്ല. വെളിച്ചത്തിനു സാക്ഷ്യം വഹിക്കാന്‍ വന്നവന്‍. എന്നാല്‍, എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമാണവന്‍. എനിക്കു പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ മുമ്പനാണ്. കാരണം എനിക്കു മുമ്പേ അവനുണ്ടാരുന്നു. അവന്‍ പിറന്നത് രക്തത്തില്‍നിന്നോ ജഡികാഭിലാഷത്തില്‍നിന്നോ പുരുഷന്റെ ഇച്ഛയില്‍നിന്നോ അല്ല. മറിച്ച്, ദൈവത്തില്‍നിന്നാണ്. ഞാന്‍ തന്നെ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, വെള്ളംകൊണ്ട് സ്‌നാനം നടത്താന്‍ എന്നെ അയച്ചവന്‍ പറഞ്ഞു, ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആവസിക്കുന്നത് നീ കാണുന്നുവോ അവനാണ് പരിശുദ്ധാത്മാവിനെകൊണ്ട് സ്‌നാനം നല്കുന്നവന്‍. ഞാന്‍ അതു കണ്ടു.
''അവന്‍ ദൈവപുത്രന്‍ തന്നെ. എനിക്കവനെ കാണണം.'' അനനിയാദ് പറഞ്ഞു.
''അവന്‍, ദൈവപുത്രന്‍ നിങ്ങള്‍ക്കായി നിങ്ങളുടെ ഇടയിലേക്ക് മാംസമായി അവതരിച്ചിരിക്കുന്നു. നീ അന്വേഷിക്കുക അവനെ കണ്ടെത്തും.''
അനനിയാദ് എഴുന്നേറ്റ് യാത്ര പറഞ്ഞു. ഗുഹയ്ക്കുള്ളില്‍നിന്ന് പുറത്തേക്കിറങ്ങി.
പുറത്ത് നിലാവും ആകാശവും കെട്ടിരുന്നു... (തുടരും)