ഏപ്രില്‍ 25 ഉയിര്‍പ്പുകാലം നാലാം ഞായര്‍
ഏശ 49:13-23 ശ്ലീഹ 8:14-25
എഫേ 2:1-7 യോഹ16:16-24
യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷത്തില്‍ ''എന്റെ സമയം'' പലവട്ടം കടന്നുവരുന്നുണ്ട്, ഒപ്പം ''അല്പസമയ''വും. ഇന്നത്തെ സുവിശേഷഭാഗത്ത് ''അല്പസമയം'' എന്ന പദം ഏഴുവട്ടം കടന്നുവരുന്നു. ''എന്റെ സമയം'' ഈശോയുടെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും ഉയിര്‍പ്പിന്റെയും സമയമാണ്. അത് മനുഷ്യപുത്രന്‍ ''മഹത്ത്വപ്പെടാനുള്ള സമയ''മാണ് (യോഹ. 12:23). ''അല്പസമയം'' ഈശോയുടെ അല്പനേരത്തെ അസാന്നിധ്യത്തിന്റെ, അന്ധകാരത്തിന്റെ ഇടവേളയാണ്. സൂര്യന്‍പോലും അസ്തമിച്ച സമയമാണ്. ദൈവഗ്രഹണത്തിന്റെ നേരമാണ്. അന്ധകാരത്തിന്റെയും അസമാധാനത്തിന്റെയും അസന്തുഷ്ടിയുടെയും ആ അല്പസമയം കഴിഞ്ഞാല്‍ പിന്നീട് ഈശോ പറഞ്ഞ അവന്റെ സമയമാണ്. അവന്റെ മഹത്ത്വത്തിന്റെ സമയം. അസമാധാനത്തിന്റെയും അസന്തുഷ്ടിയുടെയും ആ 'അല്പസമയ'ത്തെ 'എന്റെ സമയം'കൊണ്ട് അതിജീവിക്കാം, അതിജീവിക്കണം എന്നുള്ള ശാന്തിദൂതാണിത്. ഇത് യേശു തരുന്ന ആശ്വാസവചസ്സാണ്.
നിത്യമായ ആനന്ദം
''നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയില്ല'' (യോഹ. 16:22).
'സഹനത്തിന്റെ അഭാവമല്ല ആനന്ദം; മറിച്ച്, ദൈവത്തിന്റെ സാന്നിധ്യമാണ് ആനന്ദം' എന്നൊരു കുറിപ്പ് ഒരു മിണ്ടാമഠത്തില്‍ കണ്ടതോര്‍ക്കുന്നു. ഈശോ തന്റെ അല്പസമയത്തെ അസാന്നിധ്യത്തെക്കുറിച്ചും എന്നാല്‍, തുടര്‍ന്നുള്ള തന്റെ നിത്യമായ സാന്നിധ്യത്തെക്കുറിച്ചും പറയുന്ന വശ്യമായ വചനഭാഗമാണിത്.
യുങ് എന്ന ചിന്തകന്‍ എഴുതി: ''മിക്ക ആനന്ദവും പൂക്കള്‍പോലെയാണ്. പറിച്ചുകഴിയുമ്പോള്‍ അതു നശിക്കുന്നു.'' ആര്‍ക്കും നശിപ്പിക്കാനാവാത്ത, ആര്‍ക്കും എടുത്തുകളയാനാവാത്ത, ആര്‍ക്കും മോഷ്ടിക്കാനാവാത്ത സന്തോഷം ക്രിസ്തുവിലുള്ള സന്തോഷമാണ്. ക്രിസ്തു തരുന്ന ആനന്ദമാണ്. ലഹരികള്‍ക്കോ വിരുന്നുകള്‍ക്കോ തരാനാവാത്ത ആനന്ദം. സമ്പത്തിനോ സ്ഥാനമാനങ്ങള്‍ക്കോ പേരിനോ പെരുമയ്‌ക്കോ തരാനാവാത്ത സന്തോഷം. സൗഹൃദങ്ങള്‍ക്കോ സല്ലാപത്തിനോ തരാനാവാത്ത സന്തോഷം. ചാറ്റിങ്ങിനോ ലൈക്കിനോ പകരാനാവാത്ത ആനന്ദം. സോഷ്യല്‍മീഡിയാവഴി നുകരാനാവാത്ത സന്തോഷം. മധുരപാനീയങ്ങള്‍ക്കു പകരാനാവാത്ത അതിശയകരമായ ആനന്ദം.
മേല്പറഞ്ഞ വചനത്തോടു ചേര്‍ത്തുവായിക്കണം താഴെപ്പറയുന്ന വചനഭാഗം.
''ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ നീ? അവനും അവന്റെ മക്കളും കന്നുകാലികളും ഈ കിണറ്റില്‍നിന്നാണു കുടിച്ചിരുന്നത്.'' യേശു പറഞ്ഞു: ''ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവനു പിന്നീടൊരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും.'' അപ്പോള്‍ അവള്‍ പറഞ്ഞു: ''ആ ജലം എനിക്കു തരുക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാന്‍ ഞാന്‍ ഇവിടെ വരുകയും വേണ്ടല്ലോ'' (യോഹ. 4:13-15).
ക്രിസ്തുവിന്റെ
സന്തോഷത്തിന്റെ പൂര്‍ണത
ജനങ്ങള്‍ സ്‌നാപകയോഹന്നാനെ സമീപിച്ചുപറഞ്ഞു: ''എല്ലാവരും അവന്റെ (ഈശോ) അടുത്തേക്കു പോവുകയാണ്'' (യോഹ. 3:26). ''ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും'' (യോഹ. 12:32) എന്ന വചനത്തിന്റെ ആകര്‍ഷണവും ഈ വചനത്തിനുണ്ട്. യേശുവിന്റെ ആകര്‍ഷണവലയത്തില്‍ ആയിരിക്കുമ്പോഴാണ് യഥാര്‍ത്ഥമായ ആനന്ദം അനുഭവിക്കാനാവുക. യേശുവിന്റെ ആകര്‍ഷണവലയത്തിനു പുറത്തുപോകുമ്പോഴാണ് അസമാധാനം. ''ആ അപ്പക്കഷണം സ്വീകരിച്ചയുടനെ അവന്‍ പുറത്തുപോയി. അപ്പോള്‍ രാത്രിയായിരുന്നു'' (യോഹ. 13:30).
സ്‌നാപകന്‍ പറഞ്ഞു: ''ഞാന്‍ ക്രിസ്തുവല്ല'' (യോഹ. 3:28). നിങ്ങള്‍ എന്നെ ചുറ്റിപ്പറ്റി നില്‍ക്കണ്ട, ശാശ്വതസന്തോഷത്തിന്റെ ഉറവിടമായ രക്ഷകനേശുവിന്റെ അരികിലേക്കു പോകുവാനാണ് സ്‌നാപകന്‍ അവരോട് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് സ്‌നാപകന്‍ പറഞ്ഞു: ''മണവാട്ടിയുള്ളവനാണ് മണവാളന്‍. അടുത്തുനിന്ന് മണവാളനെ ശ്രവിക്കുന്ന സ്‌നേഹിതന്‍ അവന്റെ സ്വരത്തില്‍ വളരെ സന്തോഷിക്കുന്നു. അതുപോലെ, എന്റെ സന്തോഷം ഇപ്പോള്‍ പൂര്‍ണമായിരിക്കുന്നു'' (യോഹ. 3:29). ക്രിസ്തുവിനെ കണ്ടുമുട്ടുമ്പോഴാണ് ഒരുവന്റെ സന്തോഷം പൂര്‍ണമാവുക. തുടര്‍ന്ന് സ്‌നാപകന്‍ ശാശ്വതമായ സന്തോഷത്തിനുള്ള സൂത്രവാക്യം പറഞ്ഞുതരുന്നു: ''അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം'' (യോഹ. 3:30). അവന്‍ (യേശു) എന്നില്‍ രൂപപ്പെടുകയും വളരുകയും ചെയ്യുന്നതനുസരിച്ച് എന്നിലെ സന്തോഷവും പൂര്‍ണമാവും. പുഴ ആഴിയില്‍ ലയിക്കുന്നതുപോലെ. ഓളവും തീരവും ആശ്ലേഷിക്കുന്നതുപോലെ. ക്രിസ്തുവിന്റെ സന്തോഷത്തിന്റെ പൂര്‍ണതയുണ്ട്. അവനില്‍ 'സന്തോഷത്തിന്റെ തൈല'മുണ്ട് (ഹെബ്രാ. 1:9).
വിശുദ്ധ ഫിലിപ്പ് നേരി തന്റെ മുറിയുടെ വാതില്‍പ്പടിയില്‍ 'ക്രിസ്തീയാനന്ദത്തിന്റെ ഭവനം' എന്ന ഒരു ബോര്‍ഡ് സ്ഥാപിച്ചിരുന്നതായി പറയപ്പെടുന്നു. തമാശ പറയുകയും ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്തിരുന്ന ഒരു വിശുദ്ധന്‍. ചിരി വിശുദ്ധിക്ക് അന്യമല്ലെന്നു പഠിപ്പിച്ച വിശുദ്ധന്‍. വിശുദ്ധര്‍ക്കും ചിരിക്കാം. അവര്‍ക്കും ചിരിപ്പിക്കാം. വിശുദ്ധി ചിരിക്ക് എതിരല്ല. വിശുദ്ധിയുടെ അടയാളം ചിരിക്കാത്ത മുഖമാണ് എന്ന ചിന്തതന്നെ വിശുദ്ധിക്ക് എതിരാണ്.
യേശുനാമത്തില്‍ സന്തോഷം
''ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും'' (യോഹ. 16:24).
യേശുനാമം രക്ഷാനാമവും സൗഖ്യനാമവും സന്തോഷം പൂര്‍ണമാക്കുന്ന നാമവുമാണ്.
''നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും'' (യോഹ. 16:23).
കര്‍ത്താവ് ജോയേല്‍ ആകുന്നു അഥവാ ദൈവമാകുന്നു എന്നറിഞ്ഞ് ദൈവനാമം വിളിച്ചപേക്ഷിച്ചാല്‍ ജീവിതം ആനന്ദപൂര്‍ണമാക്കാം എന്നു പഠിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് പഴയനിയമത്തിലെ ജോയേല്‍. 'മനുഷ്യമക്കളില്‍ നിന്ന് ആനന്ദം പോയ് മറഞ്ഞു' എന്ന് ഈ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ പറയുന്നുണ്ട്. തുടര്‍ന്ന് 'ആത്മാവിനെ വര്‍ഷിക്കു'മെന്നും പറയുന്നു. ആത്മാവിന്റെ ഫലങ്ങളില്‍ ഒന്നാണ് സന്തോഷം (ഗലാ. 15:22). ദൈവനാമം വിളിച്ചപേക്ഷിച്ച് ആത്മാവിനെ സ്വീകരിച്ച് ആമോദമുള്ളവരാകാന്‍ ഈ ഗ്രന്ഥം ആഹ്വാനം ചെയ്യുന്നു. ജോയേല്‍ ഗ്രന്ഥത്തില്‍ വലിയ 'ജോയ്' ഉണ്ട്. ആത്മവര്‍ഷത്തിന്റെ ആനന്ദം.
കല്പനകളുടെ വഴി
സന്തോഷത്തിനുള്ള വഴി
സന്തോഷത്തിനുള്ള ഒരു വഴി യേശുവിന്റെ കല്പനകളുടെ പാലനമാണെന്ന് അവന്‍ പഠിപ്പിക്കുന്നു.
''ഞാന്‍ എന്റെ പിതാവിന്റെ കല്പനകള്‍ പാലിച്ച് അവിടുത്തെ സ്‌നേഹത്തില്‍ നിലനില്ക്കുന്നതുപോലെ, നിങ്ങള്‍ എന്റെ കല്പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്ക്കും. ഇതു ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്'' (യോഹ. 15:10,11).
കല്പനകളുടെ പാലനംവഴിയുള്ള ആനന്ദത്തെക്കുറിച്ച് സങ്കീര്‍ത്തകന്‍ പറയുന്ന വചനങ്ങളും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് 'കര്‍ത്താവിന്റെ നിയമ'ത്തെപ്പറ്റി പറയുന്ന 119-ാം സങ്കീര്‍ത്തനത്തില്‍ അതു പലവട്ടം ആവര്‍ത്തിക്കുന്നു.
''അങ്ങയുടെ കല്പനകള്‍ പിന്തുടരുന്നതില്‍ ഞാന്‍ ആനന്ദിക്കും'' (സങ്കീ .119:14).
''അങ്ങയുടെ ചട്ടങ്ങളില്‍ ഞാന്‍ സന്തോഷിക്കും'' (സങ്കീ. 119:16).
''അവിടുത്തെ കല്പനകളാണ് എന്റെ ആനന്ദം. അവയാണ് എനിക്ക് ഉപദേശം നല്‍കുന്നത്'' (സങ്കീ. 119:24.)
''ഞാന്‍ അങ്ങയുടെ നിയമങ്ങളില്‍ ആനന്ദിക്കുന്നു'' (സങ്കീ. 119:70).
''അങ്ങയുടെ നിയമത്തിലാണ് എന്റെ ആനന്ദം'' (സങ്കീ. 119:77).