•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രതിഭ

തിരിച്ചറിവുകളുടെ കോഴികൂവലുകള്‍

ത്രോസ് ഈശോയെ തള്ളിപ്പറഞ്ഞപ്പോള്‍ കോഴി കൂവി എന്നു ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. ഉടനെ ഈശോ തിരിഞ്ഞ് പത്രോസിനെ നോക്കി. പീഡാനുഭവനൊമ്പരങ്ങള്‍ക്കിടയിലും ആ നോട്ടം കരുണാര്‍ദ്രമായിരുന്നു. ഉടനെ പത്രോസ് പുറത്തുപോയി മനംനൊന്തു കരഞ്ഞു.
ഈശോ നല്‍കിയ അടയാളമായിരുന്നു കോഴികൂവല്‍. തിരിച്ചറിവിന്റെ അലാറമായിരുന്നു അത്. കൂടെ നടന്നവനെ, കൂട്ടിരുന്നവനെ, ചേര്‍ത്തുപിടിച്ചവനെ അറിയില്ല എന്നു പറഞ്ഞതിലുള്ള പശ്ചാത്താപബോധത്താല്‍ പത്രോസ് തിരിഞ്ഞുനടന്നു. ക്രൂശിതന്റെ മടിയിലേക്കുള്ള മടക്കമായിരുന്നു അത്.
കോഴികൂവലുകള്‍ ദിനംപ്രതി സംഭവിക്കാറുണ്ട്. ആഴമായി ചിന്തിക്കുമ്പോള്‍ ജീവിതത്തിന്റെ പരിസ്ഥിതികള്‍ക്കിടയില്‍ വന്നുഭവിക്കുന്ന, പല സംഭവവികാസങ്ങളും സൂചിപ്പിക്കുന്നത് ഓര്‍മപ്പെടുത്തലിനുള്ള വിളിയിലേക്കാണ്. സ്വന്തം രക്തത്താല്‍ നമ്മെ നേടിയെടുത്തവന്റെ ആര്‍ദ്രമായ ആ കണ്ണുകളിലേക്കുള്ള തിരിഞ്ഞുനോട്ടത്തിനുള്ള ആഹ്വാനമാണ്. അത് ജീവിതത്തിലെ കോഴികൂവലുകള്‍ക്കുവേണ്ടി കാതോര്‍ക്കുവാന്‍, വീണുപോയിടത്തുനിന്നും തലയുയര്‍ത്തി നോക്കുവാന്‍, മനംനൊന്തു കരയുവാനുള്ള കാലഘട്ടമാണ് നോമ്പുകാലം. പശ്ചാത്താപത്തിന്റെ, ഉപവാസത്തിന്റെ, ഒരുക്കത്തിന്റെ സമയമാണത്.
പത്രോസിനെക്കുറിച്ചു വീണ്ടും ചിന്തിക്കുമ്പോള്‍, യേശുവിനെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ച ഒരു ശിഷ്യപ്രമുഖനായിരുന്നു അദ്ദേഹം. ഞാനൊരിക്കലും നിന്നെ വിട്ടുപോകില്ലെന്നു തറപ്പിച്ചുപറയുമ്പോള്‍ അതു സ്‌നേഹത്തില്‍നിന്നുതന്നെയായിരുന്നു. യേശുവിന്റെ അദ്ഭുതങ്ങളിലും മറ്റവസരങ്ങളിലുമെല്ലാം അവനോടൊപ്പം ആയിരുന്നവരില്‍ പ്രധാനിയായിരുന്നു പത്രോസ്. സഭയുടെ താക്കോലുകള്‍ യേശു ഏല്പിച്ചത് പത്രോസിനെയായിരുന്നു.
എന്നിട്ടും, ഒടുവില്‍ എനിക്കറിയില്ലെന്നു പറയാന്‍ പത്രോസിനെ പ്രേരിപ്പിച്ചതെന്ത്? അത് സ്വാര്‍ത്ഥമായ, മാനുഷികമായ സ്‌നേഹത്തിന്റെ ബലഹീനതയാണ്. അവനവനുവേണ്ടി മറ്റുള്ളവനെ സ്‌നേഹിക്കുമ്പോള്‍ സ്വന്തം നിലനില്പിനു വിരുദ്ധമായവയെ  ഒഴിവാക്കാനുള്ള പ്രവണതയാണത്. പക്ഷേ, ക്രിസ്തു സ്‌നേഹിച്ചത് നമുക്കുവേണ്ടിയാണ്. സ്വന്തം ജീവന്‍ നമുക്കുവേണ്ടി തന്ന് അവിടുന്ന് സ്‌നേഹമെന്താണെന്നു നിര്‍വചിച്ചു.  ആ നിര്‍വചനത്തിലേക്കുള്ള ദൂരമായിരുന്നു പത്രോസിന്റെ തള്ളിപ്പറയലും കോഴികൂവലും തമ്മിലുള്ളത്. ഞാന്‍ സ്‌നേഹിച്ചതുപോലെ സ്‌നേഹിക്കാനാണ് ക്രിസ്തു കല്പിച്ചത്. അപരനുവേണ്ടി സ്‌നേഹിക്കുവാനുള്ള ഉദ്‌ബോധനമാണത്.
നമ്മുടെ ബന്ധങ്ങളില്‍ ക്രിസ്തുവിന്റെ ഈ സ്‌നേഹത്തെ സ്വീകരിക്കുമ്പോഴാണ് അതു സുന്ദരമാകുന്നത്. സ്വാര്‍ത്ഥം അന്വേഷിക്കാത്ത, അനുചിതമായി പെരുമാറാത്ത, സ്‌നേഹകീര്‍ത്തനത്തിലെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന  ആ സ്‌നേഹത്തിലേക്കു വളരുവാന്‍ ഈ നോമ്പുകാലം ഉപകാരപ്രദമാകട്ടെ. എനിക്കുവേണ്ടി എന്നെ സ്‌നേഹിച്ച എന്റെ ഈശോയെപ്പോലെ, മറ്റുള്ളവരെ ഹൃദയവിശാലതയോടെ സ്‌നേഹിക്കാന്‍, തിരിച്ചറിവുകളുടെ കോഴികൂവലുകള്‍ക്കായി കാതോര്‍ക്കാന്‍ ഈ നോമ്പ് കാരണമാകട്ടെ.

 

Login log record inserted successfully!