ജൂണ്‍ 28
ശ്ലീഹാക്കാലം അഞ്ചാം ഞായര്‍
നിയ 1:33-46 ഏശ 1:21-31
1 കോറി 14:1-12 ലൂക്കാ 12:22-34
എത്രമാത്രം ബലവാനായാലും ആയുസ്സിന്റെ ദൈര്‍ഘ്യം ഒരു വിനാഴികപോലും ദീര്‍ഘിപ്പിക്കാന്‍ മനുഷ്യനു സാധിക്കുന്നില്ല. നിസ്സാരമായ ഇതുപോലും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ മറ്റുള്ളവയെപ്പറ്റി ഉത്കണ്ഠാകുലരാകുന്നത് എന്തിന് എന്നാണ് തിരുവചനം ചോദിക്കുന്നത്.
ശ്ലീഹാക്കാലം അഞ്ചാം ഞായറാഴ്ച വിശുദ്ധ കുര്‍ബാനമദ്ധ്യേ വായിക്കുന്ന ദൈവവചനവായനകള്‍ ദൈവപരിപാലനയില്‍ ആശ്രയം വയ്ക്കുന്നവര്‍ക്കുള്ള അനുഗ്രഹവും ദൈവഹിതത്തിനെതിരായി പ്രവര്‍ത്തിക്കുന്നവരുടെ അനുഭവവുമാണ് വിവരിക്കുന്നത്. നിയമാവര്‍ത്തനപ്പുസ്തകത്തില്‍ നിന്നുമുള്ള ഒന്നാമത്തെ വായനയുടെ ആദ്യഭാഗത്ത് മോശ ഇസ്രായേല്‍ജനത്തെ അനുസ്മരിപ്പിക്കുന്നത് തങ്ങളുടെ മരുഭൂമിയാത്രയില്‍ അവര്‍ അനുഭവിച്ച ദൈവപരിപാലനയെയാണ്. ഇസ്രായേല്‍ജനത്തിനു കൂടാരമടിക്കുവാനായി സ്ഥലം അന്വേഷിച്ച് കര്‍ത്താവ് അവര്‍ക്കുമുമ്പേ നീങ്ങിയിരുന്നതായി അവര്‍ അനുഭവിച്ചിരുന്നു. തങ്ങള്‍ക്കുചിതമായ സ്ഥലങ്ങളില്‍ കൂടാരമടിച്ചു വിശ്രമിക്കാന്‍ സാധിച്ചത് ദൈവത്തിന്റെ പരിപാലനമൂലമായിരുന്നു. അവിടുന്ന് മേഘംകൊണ്ട് പകല്‍ സമയം അവര്‍ക്കു തണലേകുകയും അഗ്നികൊണ്ട് അവര്‍ക്കു രാത്രിയില്‍ പ്രകാശമേകുകയും ചെയ്തിരുന്നു.
എന്നാല്‍, ദൈവപരിപാലനയില്‍ ആശ്രയം വയ്ക്കാതെ തങ്ങളുടെതന്നെ ശക്തിയില്‍ ശരണംവച്ചുകൊണ്ട് അവര്‍ പ്രവര്‍ത്തിക്കുന്ന അവസരവും അവരുടെ യാത്രയില്‍ ഉണ്ടായിട്ടുണ്ട്. ആ അവസരങ്ങളില്‍ അവര്‍ പരാജയപ്പടുകയും ദുരിതങ്ങളനുഭവിക്കുകയും ചെയ്തു. വാഗ്ദത്തനാട്ടിലേക്ക് പ്രവേശിക്കുന്നതിനൊരുങ്ങുന്ന ജനതയ്ക്കു മോശ നല്കുന്ന ഉപദേശം ഏതു സാഹചര്യത്തിലും ദൈവികപരിപാലനയില്‍ ശരണംവച്ചു ജീവിക്കണം എന്നതാണ്.
ഏശയ്യാ പ്രവാചകനിലൂടെ ദൈവം ഇസ്രായേല്‍ജനതയുടെ അഹങ്കാരത്തെയും വീഴ്ചയെയുമാണ് എടുത്തുകാണിക്കുന്നത്. നീതിയും ധര്‍മ്മവും കുടികൊണ്ടിരുന്ന നഗരം കൊലക്കളമായി മാറിയതും വിശ്വസ്തയായിരുന്ന നഗരം അവിശ്വസ്തയായി പെരുമാറുന്നതും ദൈവഭയം നഷ്ടപ്പെട്ടതുമൂലമാണ് എന്നു പ്രവാചകന്‍ ഓര്‍മിപ്പിക്കുന്നു. ദൈവത്തിലാശ്രയിക്കുന്നതിനു പകരം കലഹപ്രിയരാകുകയും കള്ളന്മാരോടു കൂട്ടുകൂടുകയും ചെയ്യുന്നവരുടെ അവസ്ഥയാണു പ്രവാചകന്‍ വരച്ചുകാട്ടുന്നത്. ആ അവസ്ഥയില്‍ ഇസ്രായേലിന്റെ ശക്തനായവന്‍ സ്വര്‍ണം അഗ്നിയിലെന്നപോലെ ശുദ്ധീകരിച്ച് അവരെ വീണെ്ടടുക്കും എന്നാണ് പ്രവാചകന്‍ പറയുന്നത്. നീതിയുടെ നഗരമെന്നും വിശ്വസ്തതയുടെ നഗരമെന്നും വീണ്ടും വിളിക്കപ്പെടുന്ന സമയം വീണെ്ടടുക്കപ്പെടും എന്ന് പ്രവാചകന്‍ പറയുന്നു. ദൈവത്തിലാശ്രയിക്കാത്ത ബലവാന്‍ ചണനാരുപോലെയും അവന്റെ പ്രവൃത്തികള്‍ തീപ്പൊരി പോലെയും ആയിത്തീരും. ശമിപ്പിക്കാനാരുമില്ലാത്തവിധം തീവ്രമായിരിക്കും അവരുടെ അവസ്ഥ. കാരണം, അവര്‍ ദൈവത്തില്‍ ശരണം വയ്ക്കുന്നതിനു പകരം തങ്ങളുടെ ശക്തിയില്‍ത്തന്നെ ശരണം വയ്ക്കുകയും ദൈവത്തെ മറന്ന് ജീവിക്കുകയും ചെയ്തു. പരിപാലിക്കുന്ന ദൈവം തെറ്റില്‍നിന്നു തന്റെ ജനത്തെ വീണെ്ടടുക്കുന്നതിനുവേണ്ടി അതിനെ വിശുദ്ധീകരിക്കുന്നവനും കൂടുതല്‍ നന്മയ്ക്കുവേണ്ടി അഗ്നിയിലെന്നപോലെ പരിശോധിക്കുന്നവനും പരിരക്ഷിക്കുന്നവനുമാണ്. സഹനമെന്ന യാഥാര്‍ത്ഥ്യം പോലും അവിടത്തെ പരിപാലനയുടെ ഭാഗമായി കാണണമെന്നാണ് വചനം പഠിപ്പിക്കുന്നത്.
പൗലോസ് ശ്ലീഹാ ആദിമസഭയെ പ്രബോധിപ്പിക്കുന്നത് ആത്മീയവരങ്ങള്‍ സ്വീകരിച്ച് അതില്‍ അഭിവൃദ്ധി പ്രാപിക്കുവാനാണ്. സഭയുടെ വളര്‍ച്ചയ്ക്കു കൂടുതല്‍ വരങ്ങള്‍ക്കായി ആഗ്രഹിക്കുകയും ഉത്സാഹിക്കുകയും ചെയ്യണം എന്ന് ശ്ലീഹാ പഠിപ്പിക്കുന്നു. മിശിഹാ തന്റെ ദൗത്യം തുടരുന്നതിനു സഭയെ സ്ഥാപിച്ചു. പരിശുദ്ധാരൂപിയെ നല്കി ഇന്നും സഭയെ അവിടുന്ന് പരിപാലിക്കുന്നു. പരിശുദ്ധാരൂപിയുടെ വരങ്ങളും ദാനങ്ങളും - ഭാഷവരമായാലും, പ്രവചനവരമായാലും വ്യാഖ്യാനവരമായാലും - സഭയുടെ നന്മയ്ക്കായും വളര്‍ച്ചയ്ക്കായും നാം ഉപയോഗിക്കണം.
ദൈവത്തിന്റെ പരിപാലനയെ ഉറപ്പുനല്കുന്ന വാക്കുകളാണ് സുവിശേഷത്തില്‍ നാം ശ്രവിക്കുന്നത്. ആകുലതയെ അകറ്റിനിര്‍ത്താനും ദൈവപരിപാലനയില്‍ ആശ്രയിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. എത്രമാത്രം ബലവാനായാലും ആയുസിന്റെ ദൈര്‍ഘ്യം ഒരു വിനാഴികപോലും ദീര്‍ഘിപ്പിക്കാന്‍ മനുഷ്യനു സാധിക്കുന്നില്ല. നിസ്സാരമായ ഇതുപോലും ചെയ്യാന്‍ നിങ്ങള്‍ക്കു കഴിവില്ലെങ്കില്‍ മറ്റുള്ളവയെപ്പറ്റി ഉത്കണ്ഠാകുലരാകുന്നത് എന്തിന് എന്നാണ് വചനം ചോദിക്കുന്നത്. എന്തു ഭക്ഷിക്കും എന്തു പാനം ചെയ്യും എന്നതിനെക്കുറിച്ചു നിങ്ങള്‍ ആകുലരാകേണ്ട, നിങ്ങള്‍ക്ക് ഇവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാമെന്നു പറയുന്നതിലൂടെ ദൈവപരിപാലനയില്‍ ശരണം വയ്ക്കുവാനാണു സുവിശേഷകന്‍ ആവശ്യപ്പെടുന്നത്. എല്ലാം അറിയുന്നവനായ പിതാവിന്റെ മുമ്പില്‍ സ്വയം സമര്‍പ്പിക്കുവാനാണ് ഈശോ ആവശ്യപ്പെടുന്നത്.
ലോകം മുഴുവന്‍ കൊറോണ വൈറസ്മൂലം ഭീതിയിലും ആകുലതയിലും ആയിരിക്കുമ്പോഴും ദൈവവചനം നമ്മോടു പറയുന്നത് ആകുലതയിലേക്കും നിരാശയിലേക്കും ഭീതിയിലേക്കും വീഴരുത്; മറിച്ച്, പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്നവനായ ദൈവത്തിന്റെ പരിപാലനയില്‍ ശരണം വയ്ക്കുവാനാണ്. നമ്മുടെ വിശ്വാസത്തെ അഗ്നിയിലെന്നപോലെ ശോധന ചെയ്യുന്ന ഒരു അവസരമായി കാണുവാന്‍ നമുക്കു സാധിക്കണം. ഏശയ്യാപ്രവാചകന്‍ പറയുന്നു: ''ചൂളയില്‍ എന്നപോലെ ഉരുക്കി നിന്നെ ശുദ്ധിയാക്കും.'' ലോകത്തെ മുഴുവന്‍ ദൈവം ശുദ്ധീകരിക്കുന്ന ഒരു പ്രക്രിയ നടക്കുന്നു എന്ന ബോധ്യത്തോടെ ഈ സാഹചര്യത്തെ ദര്‍ശിക്കുവാന്‍ നമുക്കു കഴിയണം. സീയോന്‍ നീതി കൊണ്ട് വീണെ്ടടുക്കപ്പെടും എന്നു പ്രവാചകനിലൂടെ പറഞ്ഞതുപോലെ ഇപ്പോഴുള്ള സാഹചര്യത്തില്‍നിന്നു ദൈവം നമ്മെയും ലോകത്തെയും വീണെ്ടടുക്കും എന്ന പ്രത്യാശയായിരിക്കണം നമ്മെ നയിക്കേണ്ടത്. അവിടുന്നാണ് ചരിത്രത്തെ നയിക്കുന്നത്. ഈ സാഹചര്യത്തിലും അവിടുന്ന് ലോകത്തെ നയിച്ച് ഈ കോവിഡ് കാലവും ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റി നമ്മെ മുന്നോട്ടു നയിക്കും. ആ ദൈവപരിപാലനയില്‍ നമുക്ക് ആശ്രയം വയ്ക്കാം.