തറവാട്ടുവീടിന്റെ ഉമ്മറത്തിണ്ണയില്‍ ചിത്രപ്പണികളോടെ തീര്‍ത്ത ഈട്ടിക്കസേരയില്‍ കിഴക്കേമലനിരകളിലേക്ക് അലസം നോക്കിയിരിക്കുകയാണ് വക്കച്ചന്‍. ഫിലോമിന അയാളുടെയടുത്തേക്കു വന്നുനിന്നു. അയാള്‍ അതറിഞ്ഞതായിപ്പോലും ഭാവിച്ചില്ല.
''ഇച്ചായാ...'' ഫിലോമിന വിളിച്ചു.
''ങും.'' വക്കച്ചന്‍ വിളികേട്ടു.
''ഈ വീട്ടില്‍ വന്നിട്ട് ഇച്ചായനൊട്ടും സന്തോഷമില്ലല്ലോ? ജനിച്ച വീടല്ലേ? ഓടിക്കളിച്ചു വളര്‍ന്ന ചുറ്റുപാടുകളല്ലേ? ആര്‍ക്കായാലും അതിനോടൊരു സ്‌നേഹം എന്നും കാണും.''
''സ്‌നേഹമൊക്കെ എനിക്കുമുണ്ട്. ഇത് വല്യപ്പനുണ്ടാക്കിയ വീടാ. എന്റപ്പനെക്കൊണ്ട് ഇതിനൊരു പരിഷ്‌കാരോം വരുത്താന്‍ അങ്ങേര് സമ്മതിക്കുകേലായിരുന്നു. ഞാനും ജീവിതത്തില്‍ ഒരു വീടേ ഉണ്ടാക്കിയിട്ടുള്ളൂ. അതിനെ ഒത്തിരി ഇഷ്ടപ്പെട്ടു. അതിടിച്ചുനിരത്തിക്കളഞ്ഞതിന്റെ ദണ്ഡം മരിക്കുവോളം എനിക്കു മാറില്ലെടീ.' വക്കച്ചന്‍ പറഞ്ഞു.
''അതങ്ങനെയങ്ങു സംഭവിച്ചു. ഇനിയെപ്പഴും അതോര്‍ത്ത് വെഷമിച്ചിട്ടു കാര്യമുണ്ടോ? മറക്കണം. വേറേ എന്തെല്ലാം കാര്യങ്ങള്‍ ഓര്‍ക്കാനും ചിന്തിക്കാനുമുണ്ട്. ഞാനും മീരമോളും പെട്ടെന്ന് ഈ വീടിനോടിണങ്ങി.''
''നിങ്ങള്‍ക്ക് ഇണങ്ങുകയോ പിണങ്ങുകയോ ഒക്കെ ചെയ്യാം. കോടികള്‍ മുടക്കി ഞാന്‍ മോഹിച്ചു പണിതീര്‍ത്ത എന്റെ വീടിന്റെ വിചാരം നെഞ്ചിടിപ്പുപോലെ എപ്പഴുമുണ്ടാകും. അതു പൊളിപ്പിക്കാന്‍ കേസുമായിട്ടു നടന്നവനിപ്പം മണ്ണിനടിയിലായി. അവന്റെ ഒടുക്കത്തെയൊരു പ്രകൃതിസ്‌നേഹം! ഒരുത്തികൂടിയുണ്ടനുഭവിക്കാന്‍! കളക്ടര്‍ സലോമി! കാലന്‍ മാത്തന്റെ മകള്‍! അവളെ കുഴീലോട്ടു വയ്ക്കുന്നതുകൂടെ എനിക്കു കാണണം. എന്റെ നെഞ്ചിലെ തീ അന്നേ അണയുകയുള്ളൂ.'' വക്കച്ചന്‍ വികാരാധീനനായി.
അപ്പോള്‍ മുറ്റത്തേക്ക് കറുത്ത ബെന്‍സ് കാര്‍ വന്നുനിന്നു. വക്കച്ചന്റെയും ഫിലോമിനയുടെയും ശ്രദ്ധ അങ്ങോട്ടായി. കാറില്‍നിന്നിറങ്ങിവന്നത് ആജാനുബാഹുവായ അബ്കാരി ചാക്കപ്പനാണ്. സില്‍ക്ക് ജൂബയും മുണ്ടുമായിരുന്നു വേഷം.
''അല്ലാ. ആരിത്... ഇങ്ങോട്ടൊക്കെയുള്ള വഴിയറിയുമോ ചാക്കപ്പാ തനിക്ക്?'' വക്കച്ചന്‍ എഴുന്നേറ്റുചെന്ന് ആത്മമിത്രത്തെ ആലിംഗനം ചെയ്ത് വീട്ടിലേക്കു സ്വീകരിച്ചു.
''വക്കച്ചാ, വിവരങ്ങളൊക്കെ ഞാന്‍ ചാനലില്‍ക്കൂടെയും പത്രത്തില്‍ക്കൂടെയും അറിയുന്നുണ്ടായിരുന്നു. ഒന്നു വരാനോ വിളിക്കാനോ പറ്റിയില്ല.'' ചാക്കപ്പന്‍ പറഞ്ഞു.
''ആരു വിളിച്ചെന്നും, ആരു വിളിച്ചില്ലെന്നുമൊക്കെ ഞാന്‍ ചിന്തിക്കാറേയില്ല. ആകെ ഒരു വല്ലാത്ത അവസ്ഥയില്‍ അങ്ങു ജീവിക്കുകാ ഞാന്‍.'' വക്കച്ചന്‍ പ്രതികരിച്ചു. അയാള്‍ കൂട്ടുകാരനഭിമുഖമായി കസേര വലിച്ചിട്ടിരുന്നു. ഫിലോമിന ചാക്കപ്പനോടു കുശലം പറഞ്ഞിട്ട് ചായയെടുക്കാനായി അകത്തേക്കു പോയി.
''വക്കച്ചാ, നിന്റെ വെഷമം എനിക്കറിയാ. നമ്മടെയൊക്കെ ജീവിതത്തില്‍ ചെറുതും വലുതമായ സങ്കടങ്ങളും നിരാശകളും ഉണ്ടായിക്കൊണ്ടിരിക്കും. പ്രതിസന്ധികളും ദുരന്തങ്ങളും മറികടന്നല്ലേടോ നമ്മളു രണ്ടും ഈ നെലേലെത്തിയത്? എന്റെ ചാരായക്കടേന്ന് പട്ടച്ചാരായം കഴിച്ചു പത്തെണ്ണം ഒരുമിച്ചു ചത്തപ്പം എന്തായിരുന്നു പുകില്. സകലരും ചാക്കപ്പന്റെ എടപാടു തീര്‍ക്കാന്‍ നോക്കിയില്ലേ? നടന്നോ? പണിതോനിട്ടെല്ലാം തിരിച്ചു പണികൊടുക്കുകേം ചെയ്തു, ഈ ചാക്കപ്പന്‍.''
''എന്റെ വീടു തകര്‍ക്കാന്‍ കേസും പുക്കാറുമായിട്ടു നടന്നോനെ ഒരാഴ്ചയ്ക്കകം ദൈവം കര്‍ത്താവ് മുകളിലോട്ടെടുത്തു. ഇനിയൊരുത്തിയുണ്ട്. കളക്ടര്‍. എന്റെ ഉപ്പും ചോറും തിന്നു ജീവിച്ച കാലന്‍ മാത്തന്റെ മകള്‍. എനിക്കു തീരാത്ത പകയവളോടാ. ആണ്ടു തെകയ്ക്കുകേലടോ ഞാനവളെ. അതിനു പറ്റിയ ഒരാളെ തപ്പുകാ ഞാന്‍. ബുദ്ധിയുള്ള, ധൈര്യമുള്ള, കരുത്തുള്ള ഒരാളെ കിട്ടണം.'' ലക്ഷങ്ങളെറിയാമതിന്. നിന്റെയറിവിലിങ്ങനെ ഏതവനെങ്കിലുമുണ്ടോ?''
''കളക്ടറെ തീര്‍ക്കണോന്നുള്ള പൂതി തത്കാലം കളയടാ. അതൊന്നുമത്രയെളുപ്പമല്ല. അവര്‍ക്കൊക്കെ വലിയ സെക്യൂരിറ്റിയുണ്ട്. ഇത്തരം കേസുകള്‍ സാധാരണക്കാരൊന്നും പിടിക്കുകേല. നിന്റെ കൈയില്‍ പണമിഷ്ടംപോലെയുണ്ടല്ലോ. ഈ പഴയ വീട് പൊളിച്ചുകളഞ്ഞ് നല്ല ഫാഷനില്‍ പുതിയതൊന്നങ്ങു തീര്‍ക്ക്. കായലിനു പകരം ഒന്നാന്തരം മലനെരകള് കിഴക്കോട്ടു നോക്കിയാല്‍ കാണാമല്ലോ.''
''അവളെ തീര്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചുകഴിഞ്ഞതാ. ആരുപറഞ്ഞാലും അതീന്നു മാറുകേല. കൊള്ളാവുന്ന ഒരുത്തനേം കിട്ടിയില്ലെങ്കില്‍ ഞാന്‍തന്നെയിറങ്ങും.'' വക്കച്ചന്‍ തീര്‍ത്തു പറഞ്ഞു.
''നെനക്ക് അത്രയ്ക്കു വാശിയാണോ?''
''അതെ. എന്റെ പൊളിച്ചു കളഞ്ഞ വീട്ടുമുറ്റത്തുനിന്ന് ഒരു പിടിമണ്ണ് ഞാന്‍ വാരിയെടുത്ത് കിഴികെട്ടി ഈ വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. അതവളുടെ ശവക്കുഴിയില്‍ വിതറണമെനിക്ക്. അതു കഴിഞ്ഞേ ഞാനൊന്നു ചിരിക്കുകയുള്ളൂ.''
അബ്കാരി ചാക്കപ്പന്‍ അതുകേട്ട് നിശ്ശബ്ദനായി. കൂട്ടുകാരന്റെ നെഞ്ചിലെ പകയുടെ നീറി പ്പുകയുന്ന കനലുകള്‍ അയാള്‍ മനസ്സില്‍ കണ്ടു.
''പറ്റിയ ഒരാളുമില്ലേ തന്റെ കസ്റ്റഡിയില്‍. പണം അതെത്രയായാലും എനിക്കു പ്രശ്‌നമില്ല. രാത്രി ഒരു മണിക്ക് എന്റെ വീട് ശാസ്ത്രീയമായി തകര്‍ക്കുന്നത് കൈകെട്ടി നോക്കിനിന്ന് അവള് രസിച്ചു. അപ്പന്റെ ചോരയ്ക്ക് കണക്കു തീര്‍ത്തു. പലരും നോക്കീട്ടു നടക്കാത്ത വീരകൃത്യം ചെയ്തവളെന്നു ഖ്യാതി നേടി.''
''വക്കച്ചാ, ശിക്ഷ പിടിക്കാന്‍ തയ്യാറുള്ളവനേ ഈ കേസുപിടിക്കൂ. പ്രവൃത്തി ചെയ്തവന്‍ മാത്രമല്ല ഗൂഢാലോചനക്കാരനും കുടുങ്ങും. വേണോ അത്?''
''ഈ ഭൂമിയിലെ ജീവിതത്തില്‍ എനിക്കിനി അങ്ങനെയൊരാഗ്രഹം മാത്രമേയുള്ളൂ ചാക്കപ്പാ.''
ചാക്കപ്പന്‍ പിന്നെയും ആലോചനയില്‍ മുഴുകി.
''ഒരാളുണ്ട്. ഏര്‍പ്പാടാക്കണോ?'' ചാക്കപ്പന്‍ ചോദിച്ചു.
''വേണം. ആരാണ്? എവിടെയുള്ളവനാ?'' വക്കച്ചന്‍ ഉദ്വേഗത്തിലായി.
''രമണി ഷാജി.''
''പെണ്ണാണോ?''
''അല്ല. ഒന്നാംതരം ആണു തന്നെ. ഞങ്ങടെ പാലക്കാട്ടുള്ളതാ. ഒരു കാര്യം ഏറ്റാല്‍ കൃത്യമായി ചെയ്തിരിക്കും. ഒരു മുപ്പതുലക്ഷം കളയുമോ താന്‍?''
''കളയും. എന്നിലേക്കെത്തരുതെന്നു മാത്രം.''
''അവന്‍ ആള് ഒരു തന്തയില്ലാത്തവനാ. ചായക്കടക്കാരി രമണിക്ക് പെഴച്ചുണ്ടായ സന്തതി. അമ്മയെന്നു വച്ചാല്‍ ജീവനാ അവന്. രമണിക്കിപ്പോള്‍ ഗുരുതരരോഗം ബാധിച്ച് ചാകാറായിരിക്കുവാ. കരള് മാറ്റിവച്ചെങ്കിലേ ജീവിക്കുകയുള്ളൂ. സ്വന്തപ്പെട്ടൊരു പെണ്ണ് കരളു കൊടുക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. മാറ്റിവയ്ക്കല്‍ ചെലവിനുള്ള പണത്തിന് അവന്‍ വെഷമിക്കുകാ. പണം മുന്‍കൂറ് കൊടുക്കണം.''
''ഹൊ! ഇങ്ങനെയൊരുത്തനെ എങ്ങനെ വിശ്വസിക്കും?''
''അമ്മേടെ ഓപ്പറേഷന്‍ നടത്തിക്കഴിഞ്ഞാലുടനെ അവന്‍ തന്റെ കാര്യം നടത്തിത്തരും. സംശയിക്കണ്ട.''
''ചാക്കപ്പന് അത്ര വിശ്വാസമാണോ?''
''അതേ. സമ്മതമാണെങ്കില്‍ അവന്‍ നാളെ രാത്രിയില്‍ തന്നെ വന്നു കാണും. ഡീറ്റെയില്‍സ് കൊടുക്കണം. പേടിക്കാതെ പണം കൊടുക്കാം. ചതിക്കുകേല. പോലീസുപിടിച്ച് തന്നെയിടിക്കുമ്പം ചാക്കപ്പനാ ഏര്‍പ്പാടുചെയ്തുതന്നതെന്ന് പറഞ്ഞേക്കരുത്.''
''ഇല്ല ചാക്കപ്പാ. ഉപകാരം ചെയ്തവനെ വക്കച്ചന്‍ വഞ്ചിക്കുകേല.'' അയാള്‍ ഉറപ്പുകൊടുത്തു.
അപ്പോള്‍ ട്രേയില്‍ ചായക്കപ്പുകളും പൂവന്‍പഴവുമായി ഫിലോമിന കയറി വന്നു. ട്രേ ടീപ്പോയില്‍വച്ചിട്ട് ചായക്കപ്പെടുത്ത് ചാക്കപ്പനും വക്കച്ചനും കൊടുത്തു.
''ഫിലോ മധുരം ഇട്ടിട്ടില്ലല്ലോ?'' ചാക്കപ്പന്‍ എടുത്തു ചോദിച്ചു.
''ഇല്ല. രണ്ടാള്‍ക്കും മധുരം വേണ്ടെന്നെനിക്കറിയാം.'' ഫിലോമിന പറഞ്ഞു.
''ചാക്കപ്പാ, പൂവന്‍പഴവും കഴിക്കണം. നമ്മുടെ പറമ്പില്‍ രാസവളവും കീടനാശിനിയും പ്രയോഗിക്കാത്ത പൂവന്‍വാഴയിലുണ്ടായ കുല പഴുത്തതാ.'' വക്കച്ചന്‍ ഓര്‍മിപ്പിച്ചു. ചാക്കപ്പന്‍ ഒരു പഴമെടുത്ത് ആകെയൊന്നു നോക്കിയിട്ട് തൊലി നീക്കിക്കഴിച്ചു. ഫിലോമിന അടുക്കളയിലേക്കു മടങ്ങി.
''വക്കച്ചാ, ഞാന്‍ വന്നത് വെറുതെ തന്നെ കണ്ടു വാചകമടിച്ചു പോകാനല്ല. എന്റെ പുതിയ വീടിന്റെ പാലുകാച്ചലിനു ക്ഷണിക്കാനാ. ഈ മാസം പതിനെട്ടാം തീയതിയാ ചടങ്ങ്.'' ചാക്കപ്പന്‍ പറഞ്ഞു.
''തീര്‍ച്ചയായും വരും. ഞാന്‍ തന്ന എന്റെ വീടിന്റെ അതേ പ്ലാനില്‍ പണിത വീടല്ലേ?''
''അതെ. പ്ലാനില്‍ ഒരു മാറ്റവും വരുത്തീട്ടില്ല.''
വക്കച്ചന്‍ ഒരു ദീര്‍ഘശ്വാസമെടുത്തു.
''എടോ, വീടിന്റെ പ്ലാന്‍ മറ്റാര്‍ക്കും കൊടുക്കരുതെന്ന് പലരും എന്നോടു പറഞ്ഞതാ. അത് ആദ്യം പണിത വീടിനു ദോഷം വരുത്തുമെന്ന്. ഞാനതു വകവെച്ചില്ല. നിനക്കു പ്ലാന്‍ തന്നു. എന്റെ വീട് നശിക്കുകയും ചെയ്തു.''
'നീ പറയുന്നത് വെറും അന്ധവിശ്വാസമാ. ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരാളിങ്ങനെ പറയരുത്.''
''പറയുന്നില്ല. പറഞ്ഞിട്ടു കാര്യവുമില്ല.'' വക്കച്ചന്‍ പറഞ്ഞു.
കുറെനേരംകൂടി വര്‍ത്തമാനം പറഞ്ഞിരുന്നിട്ടാണ് ചാക്കപ്പന്‍ സ്ഥലംവിട്ടത്.
പിറ്റേന്നു വ്യാഴാഴ്ച. രാത്രി പതിനൊന്നുമണിക്ക് പുഴക്കരവക്കച്ചന്റെ ബംഗ്ലാവിലെ കോളിങ്‌ബെല്‍ ശബ്ദിച്ചു. വക്കച്ചന്‍ ഉറങ്ങിയിരുന്നില്ല. അയാള്‍ രമണി ഷാജിയെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ബെല്ലുകേട്ടതേ ഏഴുന്നേറ്റ് വാതില്‍ക്കലേക്കു ചെന്നു. ശ്രദ്ധയോടെ വാതില്‍ തുറന്നു. മുമ്പില്‍ നില്‍ക്കുന്ന ആറടി ഉയരക്കാരനെക്കണ്ട് വക്കച്ചന്‍ അമ്പരന്നു. കാലന്‍ മാത്തന്റെ തനിരൂപം!
''ഞാന്‍ രമണി ഷാജി.'' മുഴക്കമുള്ള ശബ്ദത്തില്‍ ആഗതന്‍ പറഞ്ഞു.
(തുടരും)