ഫെബ്രുവരി 21 നോമ്പുകാലം രണ്ടാം ഞായര്‍
ഉത്പ 5:19-31 ജോഷ്വ 4:15-24
റോമ 6:15-23 മത്താ 7:21-27
സമഗ്രമായ ഒരു ജീവിതക്കുതിപ്പിനുവേണ്ടിയുള്ള പതുങ്ങലായാണ് നോമ്പുകാലത്തെ കഴിഞ്ഞ ഞായറാഴ്ച നാം ധ്യാനിച്ചത്. സവിശേഷമായ ഈ ഒരുക്കത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ത് എന്നു ചൂണ്ടിക്കാണിച്ചുതരുന്ന വായനകളാണ് ഈ ഞായറാഴ്ചയിലേത്. ഈശോയുടെ ദൈവപുത്രത്വബോധ്യത്തെ ഇളക്കാന്‍ മരുഭൂമിയില്‍ കഠിനാധ്വാനം ചെയ്ത സാത്താനോട് ദൈവവചനത്തിലൂടെമാത്രം സംസാരിച്ച നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് കഴിഞ്ഞയാഴ്ച നടത്തിയ വചനധ്യാനത്തിന്റെ തുടര്‍ച്ചയായിത്തന്നെ ആരാധനക്രമവായനകളെ കരുതാവുന്നതാണ്.
''കര്‍ത്താവേ, കര്‍ത്താവേ'' എന്നു വിളിക്കുന്നതല്ല, പുത്രമനസ്സോടെ ദൈവഹിതം നിറവേറ്റുന്നതാണു സ്വര്‍ഗരാജ്യപ്രവേശത്തിന്റെ മാനദണ്ഡം എന്നാണ് സുവിശേഷം വ്യക്തമാക്കുന്നത്. അതാണ് ഒരാള്‍ക്കു സ്ഥായീഭാവം നല്കുന്നത്. പാറമേല്‍ പണിയപ്പെടുന്ന വീടുപോലെയാണ് അത്തരം ജീവിതം. യേശു പുത്രമനസ്സു വെളിപ്പെടുത്തിയത് പിതൃനാമോച്ചാരണങ്ങളാലോ തിരുനാമശക്തിയാലുള്ള പ്രവചനങ്ങളാലോ പിശാചുബഹിഷ്‌കരണത്താലോ അദ്ഭുതപ്രവൃത്തികളാലോ ആയിരുന്നില്ല; മറിച്ച്, പിതൃഹിതത്തോടുള്ള അനുസരണത്താലായിരുന്നു.
സമാനമായ സന്ദേശമാണ് ഒന്നാം വായനയിലും മൂന്നാം വായനയിലും കാണാനാകുന്നത്. ദൈവത്തിനു പ്രിയങ്കരനായി ജീവിച്ച ഹെനോക്കിനെ ദൈവം എടുത്തു എന്നത് പാറമേല്‍ വീടുപണിയുന്നവരുടെ സ്ഥായീഭാവം വ്യക്തമാക്കുന്നു. 'നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്റെ അടിമകള്‍' എന്ന വി. പൗലോസിന്റെ പ്രയോഗവും (റോമാ 6:16) ഇതേ ദിശയിലേക്കുതന്നെയാണ് വിരല്‍ചൂണ്ടുന്നത്. ''ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായി ദൈവത്തിന് അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്'' (റോമാ 6:22). യഥാര്‍ത്ഥത്തില്‍, ദൈവഹിതം നിറവേറ്റുന്നതിനുള്ള ദാസസമമായ ഈ നിഷ്‌കര്‍ഷതന്നെയാണ് പുത്രമനസ്സിന്റെ സവിശേഷത.
വരങ്ങള്‍തന്നെയോ ഫലങ്ങള്‍?
ഫലങ്ങളില്‍നിന്നു വൃക്ഷത്തെ അറിയുക എന്ന മത്താ 7:15-20 ലെ വ്യാജപ്രവാചകന്മാരെ സംബന്ധിച്ച പ്രമേയത്തിന്റെ തുടര്‍ച്ചയാണ് സുവിശേഷത്തിന്റെ ആദ്യഭാഗം (മത്താ 7:21-23). സഭയില്‍ നിലവിലുണ്ടായിരുന്ന കരിസ്മാറ്റിക് വരദാനങ്ങളെ വി. മത്തായി വിലമതിച്ചിരുന്നു. കാരണം, അവയെ അദ്ദേഹം കണ്ടത് ഉത്ഥിതനായ കര്‍ത്താവ് തന്റെ സഭയ്ക്കു നല്കുന്ന സമ്മാനങ്ങളായിട്ടാണ് (10:41; 23:34). എന്നാല്‍, സഭയെ വഴിതെറ്റിക്കുന്ന ക്രൈസ്തവവ്യാജപ്രവാചകന്മാരെ അദ്ദേഹം എതിര്‍ത്തു. നിഷ്‌കളങ്കരായി കാണപ്പെടുന്ന അവര്‍ ('ആടുകളുടെ വേഷത്തില്‍ വരുന്ന', 7:15) യേശുനാമം നിരന്തരം ഉപയോഗിക്കുന്നവരാണ് ('കര്‍ത്താവേ, കര്‍ത്താവേ', 7:21). എന്നാല്‍, ക്രൈസ്തവ'ഫലം' പുറപ്പെടുവിക്കാത്തവരാണവര്‍. 'ഫലം' എന്നത് യഥാര്‍ത്ഥമാനസാന്തരത്തിനുള്ള മത്തായിയുടെ പ്രിയങ്കരമായ പദമാണല്ലോ (3:8-10; 12:33; 13:8.26; 21:34.41.43).
''അധര്‍മികളേ, എന്നില്‍നിന്നകന്നുപോകുവിന്‍'' എന്ന സങ്കീര്‍ത്തനഭാഗം (6:8) ഉദ്ധരിച്ചുകൊണ്ട് യേശു അവര്‍ പുറപ്പെടുവിക്കുന്ന ചീത്തഫലം വ്യക്തമാക്കുന്നു: പിതാവിന്റെ ഇഷ്ടമല്ല, അനീതിയാണ് ('അനൊമിയ', 7:21; 13:41; 23:28; 24:12) അവര്‍ ചെയ്യുന്നത്. നിയമവും യേശുവിന്റെ പ്രബോധനവും പ്രകാശിപ്പിക്കുന്നതും സ്‌നേഹത്തിന്റെ കല്പനയില്‍ സംക്ഷിപ്തവുമായ (7:12; 22:40) നീതിക്കു വിരുദ്ധമായ ജീവിതശൈലിയാണ് അധര്‍മികളുടേത്. മത്തായിയുടെ സുവിശേഷമനുസരിച്ച്, ദൈവഹിതം പൂര്‍ത്തിയാക്കലാണല്ലോ നീതി (3:15; 6:33). ദൈവഹിതത്തിനെതിരായി ജീവിക്കുകയും എന്നാല്‍ ദൈവികവരങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നവരാണ് ഇവിടെ വിമര്‍ശിക്കപ്പെടുന്നത്.
കേരളസഭ വരങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം
ഈ സുവിശേഷഭാഗം സ്വാഭാവികമായും നമ്മില്‍ ഉണര്‍ത്തുന്ന ഒരു ചോദ്യമുണ്ട്: 'നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല' എന്നതു വാസ്തവമാണെങ്കില്‍, അവര്‍ക്കെങ്ങനെ യേശുനാമത്തില്‍ പ്രവചിക്കാനും പിശാചുക്കളെ ബഹിഷ്‌കരിക്കാനും നിരവധി അദ്ഭുതങ്ങള്‍ ചെയ്യാനും കഴിഞ്ഞു? വരപ്രയോഗങ്ങളെ സത്യവിശ്വാസത്തിന്റെയും ജീവിതവിശുദ്ധിയുടെയും മാനദണ്ഡങ്ങളായി കാണാനാവില്ലെന്ന സത്യമാണ് ഇവിടെ വെളിവാകുന്നത്.
ഫലങ്ങളില്ലാത്ത വരങ്ങള്‍ അപകടകരങ്ങളാണെന്നതിന് സഭാചരിത്രത്തില്‍ തെളിവുകള്‍ക്കു കുറവൊന്നുമില്ലല്ലോ. വരങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താന്‍ നമുക്കു കഴിയുന്നുണ്ടോ എന്ന ചോദ്യം ഈ തിരുവചനത്തിന്റെ വെളിച്ചത്തില്‍ ഉന്നയിക്കപ്പെടേണ്ടതാണ്. സ്വകാര്യവെളിപാടുകളെക്കുറിച്ചുള്ള അജ്ഞതയാല്‍ അനേകംപേര്‍ വിശ്വാസമേഖലയിലെ പൊട്ടക്കിണറുകളില്‍ അതിദയനീയമായി പതിക്കുന്നുണ്ട്. എംപറര്‍ ഇമ്മാനുവേല്‍, സ്പിരിറ്റ് ഇന്‍ ജീസസ്, അവശിഷ്ടസഭ എന്നിങ്ങനെയുള്ള ഗ്രൂപ്പുകളില്‍ പലരും പെട്ടുപോകുന്നത് മിഥ്യാദര്‍ശനങ്ങളിലും ഇരുളിന്റെ വെളിപാടുതോന്നലുകളിലും മതിമറക്കുന്നതുകൊണ്ടാണ്. പത്രോസാകുന്ന പാറമേല്‍ യേശു സ്ഥാപിച്ചിരിക്കുന്ന സഭയില്‍ അവിടത്തെ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്നതാണ് വിവേകം. അതുതന്നെയാണ് ജീവിതസ്ഥായിത്വത്തിനുള്ള ഏകമാര്‍ഗവും.
നോമ്പുകാലത്ത് തിരുവചനാഭ്യസനത്തിലൂടെ മേല്ക്കുമേല്‍ ആര്‍ജിച്ചെടുക്കേണ്ട പുത്രമനസ്സിനായി പ്രാര്‍ത്ഥിക്കാം, യത്‌നിക്കാം.