•  28 Nov 2024
  •  ദീപം 57
  •  നാളം 38
നോവല്‍

ഇടം

നാളുകള്‍ക്കുമുമ്പ് കളക്ടര്‍ സലോമിയെ സന്ദര്‍ശിച്ച കാഞ്ഞിപ്പള്ളിക്കാരല്‍ മാളിയേക്കല്‍ തോമസ് വീണ്ടും കാണാനെത്തി. നല്ല തിരക്കുണ്ടായിട്ടും തന്റെ സ്‌പോണ്‍സര്‍കൂടിയായ ആ മനുഷ്യനെ അവള്‍ സ്‌നേഹപൂര്‍വം സ്വീകരിച്ചു. 
''മോളേ, സലോമീ, ഞാനങ്ങനെയേ വിളിക്കൂ, കുഴപ്പമുണ്ടോ?''
''ഇല്ലച്ചായാ, എനിക്കു സന്തോഷമേയുള്ളൂ.''
''മുമ്പു വന്നപ്പം ഇനി വരികേലെന്നു പറഞ്ഞുപോയതാ. ഒരു പ്രത്യേക സാഹചര്യത്തിലാ ഇപ്പോള്‍ വന്നത്.''
എന്തെങ്കിലും ശുപാര്‍ശയുമായിട്ടായിരിക്കും വരവ്. സലോമി വിചാരിച്ചു. ഏതായാലും കേള്‍ക്കാതെയും വയ്യ, പരിഗണിക്കാതെയും വയ്യ. അത്രമേല്‍ കടപ്പാടുണ്ട്. 
അയാള്‍ അല്പനേരം നിശ്ശബ്ദനായിരുന്നു. 
''പറഞ്ഞോളൂ അച്ചായാ, വന്ന കാര്യം.''
''എന്റെ പെങ്ങളുടെ മകനാ ജെയ്ക്ക്. അവന്‍ തൃശൂരില് വലിയ ആശുപത്രീല്‍ ജോലി ചെയ്യുന്ന എം.ഡിക്കാരന്‍ ഡോക്ടറാ. മക്കളില്ലാത്ത എനിക്ക് അവന്‍ മകനെപ്പോലെയാ. വയസ് മുപ്പതുണ്ട്. കാണാനും മിടുക്കനാ. പത്രങ്ങളിലൊക്കെ സലോമിയെക്കുറിച്ചുള്ള വാര്‍ത്തകളും പടവുമൊക്കെ കണ്ട് അവനൊരിഷ്ടം തോന്നിയിരിക്കുകാ...''
''അച്ചായാ, ഞാന്‍ കാലന്‍ മാത്തന്റെയും കുശിനിക്കാരി സെലീനായുടെയും മകളാണെന്ന് ജെയ്ക്കിനറിയാമോ?''
''ഒക്കെയറിയാം. ഞാന്‍ പറഞ്ഞു. അവനു നിന്നെ കെട്ടിയാല്‍ എല്ലാമായെന്ന ചിന്തയാ. എല്ലാ ദിവസവും ഇതും പറഞ്ഞ് എന്നെ ഫോണ്‍ വിളിക്കും. വന്നൊന്നു കാണാന്‍ പറയട്ടെ?''
''പറഞ്ഞോളൂ, ആളെ കാണാമല്ലോ.''
''മോള്‍ക്കവനെ ഇഷ്ടപ്പെട്ടാല്‍ മാത്രം മതി. ഇഷ്ടപ്പെടാതിരിക്കില്ലെന്നറിയാം.''
''എനിക്ക് നല്ലൊരു വീടോ, കാര്യമായി സ്ഥലമോ ഒന്നുമില്ല. ഒക്കെ പറഞ്ഞേക്കണം.''
''അതിലൊക്കെയെന്തുകാര്യം? ഇതുപോലെ വിദ്യാഭ്യാസവും പദവിയും കാഴ്ചയ്ക്കു ഭംഗിയുമൊക്കെയുള്ള ഒരു പെണ്ണിനെ കിട്ടുകാന്നുവച്ചാല്‍ അതില്‍ കൂടുതലെന്തുവേണം?'' 
''അച്ചായാ, ജെയ്ക്കുമായി കാണാനുള്ള ദിവസവും സമയവുമൊക്കെ ഞാന്‍ വിളിച്ചറിയിക്കാം. എന്റെ താമസസ്ഥലത്തു വന്നാല്‍ മതി. അമ്മയും ഇപ്പോള്‍ എന്റെകൂടെയാ താമസിക്കുന്നത്.''
''നല്ല കാര്യം. ആദ്യം ജെയ്ക്ക് തനിയെ വന്ന് സലോമിയെ കാണട്ടെ. തമ്മില്‍ ഇഷ്ടപ്പെടുകയാണെങ്കില്‍  മറ്റൊരു ദിവസം അവന്റെ ബന്ധുക്കള്‍ വന്നു കണ്ടാല്‍ മതിയല്ലോ.''
''അതുമതി.'' സലോമി സമ്മതിച്ചു. ''നല്ല വര്‍ത്തമാനവുമായി വന്ന അച്ചായന് ഒരുചായപോലും തരാന്‍ എനിക്കിവിടെ സൗകര്യമില്ലാതെപോയി.''
''ഒന്നും വേണ്ട. ഈ വയസ്സനെ ഇത്രയും നേരം കേട്ടിരുന്നല്ലോ. ഇനി കൂടുതലൊന്നും പറയാനില്ല. ഞാനിറങ്ങുന്നു.'' മാളിയേക്കല്‍ തോമസ് സാവകാശമെഴുന്നേറ്റ് ഓഫീസില്‍നിന്നിറങ്ങി. 
സലോമിക്ക് മൂന്നു മണിക്ക് പരിസ്ഥിതിപ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന നദീതീരസംരക്ഷണപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങുണ്ടായിരുന്നു. കിടങ്ങൂരിലാണ് പ്രോഗ്രാം. അഡ്വക്കറ്റ് സുമിത്രയും ജിനേഷും നേതൃത്വം കൊടുത്ത് സംഘടിപ്പിച്ച പരിപാടിയാണത്. ഇപ്പോള്‍ ജിനേഷില്ലാതെ അതിനു തുടക്കംകുറിക്കുന്നു. മൂന്നേകാല്‍ മണിക്ക് കളക്ടര്‍ സലോമി ഉദ്ഘാടനസ്ഥലത്തെത്തി. സുമിത്രയും മറ്റു പരിസ്ഥിതിപ്രവര്‍ത്തകരും പൂക്കള്‍ നല്കി കളക്ടറെ സ്വീകരിച്ചു. 
''സലോമി മേഡം, നമ്മളിവിടെ യോഗമോ പ്രസംഗമോ ഇല്ല. നേരത്തേ തീരുമാനിച്ചതുപോലെ ആറ്റുതീരത്ത് രാമച്ചത്തൈ നട്ട് കളക്ടര്‍ പരിപാടി ഉദ്ഘാടനം ചെയ്യുന്നു. പിന്നെ ഭാരവാഹികള്‍ ജിനേഷിന്റെ വീട്ടില്‍ പോയി അവരെ കാണുന്നു.'' അഡ്വക്കറ്റ് സുമിത്ര പറഞ്ഞു. 
''ഞാനും ജിനേഷിന്റെ വീട്ടിലേക്കു വരുന്നുണ്ട്. ഉദ്ഘാടനച്ചടങ്ങു തീര്‍ത്ത് നമുക്കു പെട്ടെന്നു പിരിയാം.'' സലോമി പറഞ്ഞു. 
ആറ്റുതീരത്ത് തീര്‍ത്ത കുഴിയില്‍ രാമച്ചത്തൈ കളക്ടര്‍ സലോമി നട്ടു. പരിസ്ഥിതിപ്രവര്‍ത്തകര്‍ കൂട്ടമായി കൈയടിച്ചു. പത്രത്തിലെ ഫോട്ടോഗ്രാഫര്‍മാരും ചാനലിലെ ക്യാമറമാന്‍മാരും ആ രംഗം പകര്‍ത്തി. കളക്ടര്‍ ഒരു ലഘുപ്രസംഗവും നടത്തിയിട്ടാണ് മടങ്ങിയത്. 
വീടിനോടു ചേര്‍ന്നുള്ള തൊഴുത്തില്‍ എരുമയ്ക്ക് പുല്ലരിഞ്ഞ് ഇട്ടുകൊടുക്കുകയായിരുന്നു സന്ധ്യ. അവള്‍ എടുത്തുകുത്തിയിരുന്ന നൈറ്റി നേരേയാക്കി അങ്ങോട്ടോടി വന്നു. തീര്‍ത്തും ക്ഷീണിതയായിരുന്നു അവള്‍. മുടി കൂടുതല്‍ നരച്ചതുപോലെ തോന്നിച്ചു. 
''ചേച്ചീ, ജില്ലാ കളക്ടറാ, മുമ്പ് ജിനേഷിനു പോലീസ് പ്രൊട്ടക്ഷന്‍ കൊടുത്തയാള്‍.'' അഡ്വക്കറ്റ് സുമിത്ര സലോമിയെ സന്ധ്യയ്ക്കു പരിചയപ്പെടുത്തി. സന്ധ്യ വിതുമ്പലോടെ കൈകള്‍ കൂപ്പി.
''പോയല്ലോ ഞങ്ങളെ തനിച്ചാക്കി അവന്‍.'' സന്ധ്യ പറഞ്ഞു. 
കളക്ടര്‍ സലോമി അവളെ ചേര്‍ത്തണച്ചു. ആശ്വാസവാക്കുകളൊന്നും വന്നില്ല. 
''അവനൊരു പാവമായിരുന്നു. മണ്ണിനെയും പുഴകളെയും മരങ്ങളെയും ജീവികളെയുമൊക്കെ സ്‌നേഹിച്ചു. നല്ലവരൊന്നും അധികം പോകില്ല.'' ഒപ്പമുണ്ടായിരുന്നു പരിസ്ഥിതിപ്രവര്‍ത്തകനായ ശ്രീധരന്‍ നായര്‍ പറഞ്ഞു. 
''അമ്മ കിടക്കുകയായിരിക്കും അല്ലേ?'' സലോമി ചോദിച്ചു. 
''ഉറക്കമാ ഇപ്പം.'' രാത്രീല്‍ ഉറക്കമില്ല. ഭക്ഷണം കഴിക്കലും കുറവാ, എപ്പഴും അവന്റെയോരോ കാര്യങ്ങള്  പറഞ്ഞു കരയും. ശ്വാസംമുട്ടലുമുണ്ട്. അകത്ത് എല്ലാവര്‍ക്കുംകൂടി ഇരിക്കാനുള്ള സൗകര്യമില്ലല്ലോ.''
''വേണ്ടാ, ഞങ്ങളിവിടെ നിന്നോളാം. ഉറങ്ങുന്ന അമ്മയെ വിളിച്ചുണര്‍ത്തണ്ട.'' സലോമി പറഞ്ഞു.
''പാലുവിറ്റും പച്ചക്കറി വിറ്റും ഒരുവിധം ഭംഗിയായി അവന്‍ വീടു കൊണ്ടുപോയിരുന്നതാ മേഡം. വലിയ കഷ്ടത്തിലാ.'' അഡ്വക്കറ്റ് സുമിത്ര സൂചിപ്പിച്ചു. 
സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 
സന്ധ്യ തന്റെ ചുരിദാറിന്റെ പോക്കറ്റില്‍നിന്ന് പതിനായിരം രൂപയെടുത്ത് സന്ധ്യയ്ക്കു നേരേ നീട്ടി. 
''കുറച്ചു രൂപയായേയുള്ളൂ. തത്കാലം ഇതു വയ്ക്ക്, ഈ കുടുംബത്തിന്റെ സാമ്പത്തികബുദ്ധിമുട്ടു പരിഹരിക്കാന്‍ സ്ഥിരമായ ഏര്‍പ്പാട് ഉണ്ടാക്കിത്തരും.'' സലോമി ഉറപ്പുനല്കി. 
''ഞങ്ങള്‍ പരിസ്ഥിതിപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കും മേഡം.'' അഡ്വക്കറ്റ് സുമിത്ര പറഞ്ഞു. 
''വരണം സാര്‍, ജിനേഷിനെ സംസ്‌കരിച്ച ഇടം കണ്ടിട്ടു പോകാം.'' സന്ധ്യ സൂചിപ്പിച്ചു. കളക്ടര്‍ സലോമിയും പരിസ്ഥിതിപ്രവര്‍ത്തകരും ആ ചെറിയ വീടിന്റെ തെക്കുവശത്ത് ജിനേഷിനെ സംസ്‌കരിച്ച സ്ഥലത്തെത്തി. മൗനമായി കൈ കൂപ്പി ഏതാനും നിമിഷം കളക്ര്‍ അവിടെ നിന്നു. പിന്നെ സന്ധ്യയോടു യാത്ര ചോദിച്ചു. 
''സാറ് ഞങ്ങടെ വീട്ടില്‍ വന്നതിനും രൂപാ തന്നു സഹായിച്ചതിനും വലിയ നന്ദിയൊണ്ട്.'' സന്ധ്യ പറഞ്ഞു. സലോമി അവളുടെ തോളില്‍ കൈവെച്ചു. 
''വീട്ടില്‍ തയ്യലുണ്ട് അല്ലേ?''
''ഉണ്ട്.''
''ഇത് ഇനി മുടക്കണ്ട. ജോലിയില്‍ മുഴുകുമ്പം സങ്കടം കുറച്ചൊക്കെ മാറും.'' സലോമി പറഞ്ഞു.
''ഞാന്‍ തയ്ക്കുന്നുണ്ട്. തുണി തന്നവര്‍ക്ക് അതു പെട്ടെന്നു തയ്ച്ചുകിട്ടണം. നമുക്കുണ്ടായ നഷ്ടവും അനുഭവിക്കുന്ന സങ്കടവുമൊക്കെ നമുക്കു മാത്രമുള്ളതാ. എനിക്കറിയാമത്.''
ഒരിക്കല്‍ക്കൂടി സന്ധ്യയുടെ ചുമലില്‍ കൈയമര്‍ത്തിയിട്ട് സലോമി മറ്റുള്ളവര്‍ക്കൊപ്പം അവിടെനിന്നു മടങ്ങി.  
പിറ്റേന്നു ഞായറാഴ്ച. കളക്ടറുടെ ഔദ്യോഗികവസതിയില്‍ ഒരു പെണ്ണുകാണല്‍ച്ചടങ്ങു നടക്കുകയാണ്. അവിടെ അങ്ങനെയൊന്ന് ഇതാദ്യമാണ്. സെലീനയും സുമലതയും വലിയ സന്തോഷത്തിലാണ്. പറഞ്ഞു തീരുമാനിച്ചിരുന്ന അതേ സമയത്തുതന്നെ ഡോക്ടര്‍ ജെയ്ക്ക് സ്ഥലത്തെത്തി. സലോമിയും അമ്മയും സുമലതയും ചേര്‍ന്നാണ് സ്വീകരിച്ചത്. ഒറ്റനോട്ടത്തില്‍ ആരും ഇഷ്ടപ്പെട്ടുപോകുന്ന രൂപഭാവാദികള്‍ ജെയ്ക്കിനുണ്ടായിരുന്നു. പ്രധാന റൂമിലായിരുന്നു അവരുടെ കൂടിക്കാഴ്ച. 
''ഞാനെങ്ങനെ വിളിക്കണം? കളക്ടറെന്നോ, മേഡമെന്നോ, വെറും സലോമിയെന്നോ?'' ജെയ്ക്ക് അതീവ കൗതുകത്തോടെ, തന്റെ മുമ്പില്‍ പച്ച ചുരിദാറും വെള്ള ഷോളും ധരിച്ചിരിക്കുന്ന സുന്ദരിയെ നോക്കി ചോദിച്ചു. 
''വെറും സലോമീന്നു വേണ്ട. സലോമീന്നങ്ങു വിളിച്ചാല്‍ മതി. എനിക്ക് ജെയ്‌ക്കെന്നും വിളിക്കാല്ലോ.''
എനിക്കു സമ്മതം.'' ജെയ്ക്ക് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. 
''ജെയ്‌ക്കേ, ആദ്യംതന്നെ ഞാനെന്റെയൊരുകാര്യം പറയട്ടെ?''
''ങും, പറഞ്ഞോളൂ.''
''ദാ, ആ ഭിത്തിയില്‍ ഈശോയുടെ താഴെയുള്ള ഒരു ഫോട്ടോ കണ്ടോ?''
''കണ്ടു. സലോമിയുടെ ഫാദറല്ലേ?'' 
''അറിയപ്പെട്ടിരുന്നത് കാലന്‍ മാത്തനെന്നാ. പതിനാറു വര്‍ഷംമുമ്പു കൊല്ലപ്പെട്ടു. അമ്മ വീടുവിട്ട് കോണ്‍വെന്റിലെ കുശിനിക്കാരിയായി. ഞാന്‍ അനാഥക്കുട്ടികള്‍ക്കൊപ്പമാണ് വളര്‍ന്നത്. ഇവിടെവരെയെത്തിയത് മറ്റു പലരുടെയും സഹായംകൊണ്ടാ. ഒരു വിവാഹമാലോചിക്കുമ്പോള്‍ പെണ്ണിനെപ്പറ്റി മാത്രമല്ലല്ലോ വിലയിരുത്തുന്നത്. ഞാനേതു നിലയിലെത്തിയാലും സമൂഹം പരിഹസിച്ചു പറയും, കാലന്‍ മാത്തന്റെ മകളാണെന്ന്. വിവാഹവേളയിലും അങ്ങനെയൊരാക്ഷേപം കേള്‍ക്കേണ്ടിവരും. എന്നെപ്രതി ജെയ്ക്ക് മാനംകെടേണ്ടിവരും. ആരെന്തൊക്കെപ്പറഞ്ഞാലും എനിക്കെന്റെ അപ്പനെ ഇഷ്ടമാ. ഞാന്‍ മരിക്കുംവരെ ഇഷ്ടപ്പെടും.''
''സലോമീ, എല്ലാമെനിക്കറിയാം. തോമസങ്കിള്‍ പറഞ്ഞിട്ടുണ്ട്. നമ്മുടെ ജീവിതത്തില്‍ വലിയ പിണക്കമോ ശത്രുതയോ ഉണ്ടായാല്‍പ്പോലും ഇപ്പോള്‍ പറഞ്ഞ ഒരു കാര്യവും പറഞ്ഞ് ഞാന്‍ സലോമിയെ വേദനിപ്പിക്കില്ല, വാക്ക്.'' ജെയ്ക്ക് അവളുടെ കൈയില്‍ കൈവച്ചുകൊണ്ടു പറഞ്ഞു. 
''മതി എനിക്കിങ്ങനെയൊന്നുകേട്ടാല്‍ മതി..'' സലോമി വിതുമ്പി.
അപ്പോള്‍ ട്രേയില്‍ ചായയും പലഹാരങ്ങളുമായി സെലീനയും ഒപ്പം സുമലതയും അങ്ങോട്ടു കയറിവന്നു.  
''ആളെ എനിക്കിഷ്ടപ്പെട്ടു. സലോമി മോള്‍ക്ക് നല്ലോണം ചേരും.'' സുമലത പറഞ്ഞു. സെലീനയ്ക്കും അങ്ങനെ പറയമെന്നുണ്ടായിരുന്നു. നിറഞ്ഞ സംതൃപ്തിയോടെ സെലീന ചായക്കപ്പെടുത്ത് ജെയ്ക്കിനു നല്കി. ജില്ലാ കളക്ടറുടെ പദവിക്കിണങ്ങാത്ത ഒരു ലജ്ജ സലോമിയുടെ മുഖത്തു കാണപ്പെട്ടു. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)