•  25 Apr 2024
  •  ദീപം 57
  •  നാളം 7
പ്രതിഭ

കറന്റു പോയ നേരം

കഥ

''ഹലോ കെഎസ്ഇബി അല്ലേ, ഇന്നലെത്തൊട്ട് ഇവിടെ കറണ്ടില്ല. ഇത് എത്രാമത്തെ തവണയാണ് വിളിക്കുന്നതെന്നറിയാമോ?''
മൊബൈല്‍ഫോണ്‍ പോലും ചെവിയടയ്ക്കുന്ന കുറച്ചു വാക്കുകള്‍കൂടി തുന്നിപ്പിടിപ്പിച്ച് ആ സംഭാഷണശകലം അവസാനിപ്പിച്ചു. വിയര്‍പ്പുതുള്ളികള്‍ ഒഴുകിയിറങ്ങുമ്പോഴെല്ലാം കെഎസ്ഇബിയെ ചീത്ത പറഞ്ഞുകൊണ്ടിരുന്നു.
തൊടിയിലേക്കിറങ്ങി നോക്കിയപ്പോള്‍ കോഴിപ്പൂവന്‍ ഒരു ഇരയെ കൊത്തിയെടുത്ത്  പിടക്കോഴികള്‍ക്കു കൊടുക്കുന്നതു കണ്ടു. ചാര്‍ജില്ലാത്ത ഫോണ്‍ വെറുതെ കൈയില്‍ പിടിച്ചിട്ടുണ്ട്. ഒരു തവണകൂടി അവരെ വിളിച്ച് ചീത്ത പറഞ്ഞാലോ? ആഹ്... ഇവന്മാരോടു പറഞ്ഞിട്ടു കാര്യമില്ല.
ഒരുറുമ്പ് മറ്റൊരു ഉറുമ്പിന് വഴികൊടുത്ത് മുന്നോട്ടു പോകുന്നു. ഇതൊക്കെ നോക്കിയിരിക്കാന്‍ ഒരുപാടു കൗതുകമുണ്ട്. നടന്നുനടന്ന് കോളനിയിലേക്കെത്തി. അവിടേക്കു പോകാന്‍ കൊള്ളില്ല. തിരിച്ചു പോയേക്കാം. ചെറുപ്പംമുതല്‍ ആ പരിസരങ്ങളിലേക്കു പോകാതെ നോക്കാറുണ്ട്. 
പെട്ടെന്ന് ഒരു കറുത്ത പട്ടി അവിടേക്കു വരുന്നതു കണ്ടു. പിന്നാലെ ഒരു വെളുത്ത പട്ടിയും. അവര്‍ ദീര്‍ഘദൂരം യാത്ര ചെയ്തുവെന്നു തോന്നുന്നു. ഒരു പൂടപ്പട്ടി അവരുടെകൂടെ നടക്കാന്‍ കൂടി. പെട്ടെന്ന് അതിന്റെ ഉടമസ്ഥന്‍ വന്ന് അതിനെ എടുത്തുകൊണ്ടുപോയി. പാവം പൂടപ്പട്ടി. ഇനി അത് കൂടിനുള്ളിലായിരിക്കും.
കറണ്ടുപോയതു നന്നായി. കുറച്ചു കാഴ്ചകള്‍ കാണാന്‍ പറ്റിയല്ലോ. പെട്ടെന്നു പരിസരബോധം വന്നു. 
മുന്നിലൊരു കണ്ണാടി. എന്നെത്തന്നെയാണല്ലോ കാണുന്നത്. ഹോ, വീട്ടിലെത്തിയിരിക്കുന്നു.
അവരെ വിളിച്ച് ചീത്ത പറയാന്‍, ചാവാറായ ഫോണിനെ വീണ്ടും കൈയിലെടുത്തു. 
മുറ്റത്തൊരു ബൈക്കിന്റെ ശബ്ദം. അത് അവരാണെന്നു തോന്നുന്നു.
''എത്ര നേരമായി വിളിക്കുന്നതാ...''
കുറേ പരാതി അങ്ങു പറഞ്ഞു. ആശ്വാസം. അവര്‍ ലൈന്‍ നോക്കുന്നതു കണ്ടു. ഒരു കമ്പ് വീണുകിടക്കുകയാണത്രേ. മുറിച്ചുമാറ്റാന്‍ സമയമെടുക്കും. ഫോണില്‍ ചാര്‍ജില്ലല്ലോ. എന്തു ചെയ്യും?  കെ.എസ്.ഇ.ബി.ക്കാരന്‍ ഒരു പവര്‍ ബാങ്ക് നീട്ടി. അതില്‍ ഫോണ്‍ കുത്തിയിട്ടു.
''എപ്പോഴും ഇതുമായിട്ടാണോ നടപ്പ്?''
''വീട്ടില്‍ കറണ്ടില്ല. അതോണ്ട് എടുത്തതാ...'' ആ ലൈന്‍മാന്റെ ഫോണിലേക്ക് ആരോ വിളിക്കുന്നു. ഫോണെടുത്ത് അയാള്‍ എന്തോ പറയുന്നു. ഉടനെ വരാമെന്നോ മറ്റോ ആണെന്നു തോന്നുന്നു. ഹാ... എന്തേലുമാകട്ടെ, എനിക്ക് ഒരു പവര്‍ബാങ്ക് കിട്ടിയല്ലോ. ഇരുപതു ശതമാനമേ മിച്ചമുള്ളൂ. ലൈന്‍മാന്‍ ഫോണ്‍ അവിടെ വച്ചിട്ട് കമ്പു വെട്ടാന്‍ പോയി. സ്‌ക്രീനില്‍ ഒരു മെസേജ്: 'ഒണ്‍ലി 2 % റിമെയിനിംഗ്.' അടുത്തുനിന്ന മാവില്‍നിന്ന് ഒരു മാങ്ങ നിലത്തേക്കു വീണു.
കഥാകാരന്‍ പാലാ സെന്റ് തോമസ് കോളജ്   ബിഎസ്‌സി (മാത്‌സ്) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

 

Login log record inserted successfully!