•  21 Nov 2024
  •  ദീപം 57
  •  നാളം 37
വചനനാളം

എല്ലാവരും അവന്റെയടുത്തേക്ക് പോവുകയാണ്

ഫെബ്രുവരി 7ദനഹാക്കാലം ആറാം ഞായര്‍
നിയ 24:14-22 ഏശ 63:7-16 
ഹെബ്രാ 8:1-6 യോഹ 3:22-31

ശോയ്ക്കു വഴിയൊരുക്കുവാന്‍ വന്ന മരുഭൂമിയിലെ ശബ്ദമായ സ്‌നാപകയോഹന്നാന്‍ ഈശോയ്ക്കു വീണ്ടും സാക്ഷ്യം നല്‍കുന്നതും അവിടുത്തെ പക്കലേക്കു ജനസമൂഹത്തെ പോകാന്‍ അനുവദിക്കുന്നതുമാണ് ഇന്നത്തെ സുവിശേഷം (യോഹ 3:22-31). തന്റെ അടുത്തേക്കല്ല എല്ലാവരും വരേണ്ടത്; മറിച്ച്, ഈശോയുടെ അടുത്തേക്ക് എല്ലാവരും പോകണമെന്ന സത്യം സ്‌നാപകയോഹന്നാന്‍ ഇവിടെ വ്യക്തമായി അവതരിപ്പിക്കുന്നു. താന്‍ ആരാണെന്നും ഈശോ ആരാണെന്നുമുള്ള യഥാര്‍ഥ തിരിച്ചറിവില്‍നിന്നാണ് സ്‌നാപകയോഹന്നാന്‍ ഇവിടെ സംസാരിക്കുന്നത്.
ഇതിനുശേഷം യേശുവും ശിഷ്യന്മാരും യൂദയാദേശത്തേക്കു പോയി. അവിടെ അവന്‍ അവരോടൊത്തു താമസിച്ച് സ്‌നാനം നല്‍കി (3:22). തന്റെ വാക്കുകള്‍ കേള്‍ക്കുകയും തദനുസരണം അനുതപിച്ചു കടന്നുവരുന്നവര്‍ക്ക് സ്‌നാനം നല്‍കുകയും ചെയ്യുക എന്നത് സ്‌നാപകയോഹന്നാന്റെ ഒരുക്കല്‍ശുശ്രൂഷയുടെ പ്രധാന ഭാഗമായിരുന്നു. ഇത് അനുതാപത്തിന്റെ സ്‌നാനം ആയിരുന്നുവെങ്കില്‍ ഈശോ നല്‍കിയിരുന്ന സ്‌നാനം എന്തു തരത്തിലുള്ളതായിരുന്നു? യോഹ 4:2 ല്‍ പറയുന്നതനുസരിച്ച് ഈശോ ശിഷ്യന്മാരെയല്ലാതെ നേരിട്ട് ആരെയും സ്‌നാനപ്പെടുത്തിയില്ല. എന്നിരുന്നാലും, ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ 'ദൈവരാജ്യത്തിന്റെ വരവിന്റെ ഒരുക്കമായി പിതാവായ ദൈവത്തോടുള്ള അനുസരണത്തിന്റെ അടയാളമായി' ഇപ്രകാരമുള്ള ഒരു സ്‌നാനം ഈശോയും ശിഷ്യന്മാരും നല്‍കിയിരുന്നിരിക്കാം. ഈശോ പരിശുദ്ധാത്മാവിനാല്‍ സ്‌നാനം നല്‍കുന്നവനാണ് എന്ന് സ്‌നാപകയോഹന്നാന്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട് (യോഹ 1:33). കൂടാതെ, യോഹ 7:39 പ്രകാരം പരിശുദ്ധാത്മാവിനെ നല്‍കുന്ന ജീവജലത്തിന്റെ സ്രോതസ്സ് ഈശോ തന്നെയാണ്.
സാലിമിനടുത്തുള്ള ഏനോനില്‍ വെള്ളം ധാരാളമുണ്ടായിരുന്നതിനാല്‍ അവിടെ യോഹന്നാനും സ്‌നാനം നല്‍കിയിരുന്നു. ആളുകള്‍ അവന്റെ അടുത്തുവന്ന് സ്‌നാനം സ്വീകരിച്ചിരുന്നു (3:23). ഹെബ്രായഭാഷയിലെ 'സാലിം' എന്ന വാക്കിന്റെയര്‍ത്ഥം സമാധാനം എന്നാണ്.
ഈ സ്ഥലത്തിനടുത്തുള്ള  ഏനോന്‍ (Aenon) എന്ന പ്രദേശത്താണ് സ്‌നാപകയോഹന്നാന്‍ സ്‌നാനം നല്‍കിയിരുന്നത്. ഉറവകളുടെ സ്ഥലം (place of spring) എന്നാണ് എനോന്‍ എന്ന വാക്കിന്റെ വാച്യാര്‍ത്ഥം. കിഴക്കന്‍ പാലസ്തീനായിലെ യോര്‍ദ്ദാന്‍ താഴ്‌വരയിലോ, സമരിയായിലോ ആയിരിക്കാം ഈ പ്രദേശം. യോഹന്നാന്റെ ശിഷ്യസമൂഹം താമസിച്ചിരുന്നത് ഈ പ്രദേശത്താണെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
അനുതാപത്തിന്റെ ജ്ഞാനസ്‌നാനം നല്‍കപ്പെടുന്ന ഈ സ്ഥലത്തേക്ക് അനേകര്‍ കടന്നുവന്നിരുന്നു. 'വരിക, എത്തിച്ചേരുക, സന്നിഹിതരായിരിക്കുക' come, arrive, be present എന്നര്‍ത്ഥം വരുന്ന പാരാഗിനോമായി (paraginomai) എന്ന ഗ്രീക്കുക്രിയാപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അനുതപിച്ച വിശ്വാസിസമൂഹം യോഹന്നാന്റെ സാന്നിധ്യത്തിലേക്ക് എത്തിച്ചേര്‍ന്നു, അവന്റെ ഒപ്പം ആയിരുന്നു എന്നര്‍ത്ഥം. കര്‍ത്താവിന് വഴിയൊരുക്കാന്‍ വന്നവന്റെ കൂടെ ആയിരുന്ന അവര്‍ അവനില്‍നിന്നു സ്‌നാനം സ്വീകരിച്ചു. ഇത് ഒരു ആദ്യപടിയാണ്. യഥാര്‍ഥ വഴിയായ ഈശോയിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യപടി. സ്‌നാപകന്റെ അടുത്തേക്കു വന്നവര്‍ ഇവിടംകൊണ്ടു യാത്ര അവസാനിപ്പിക്കാന്‍ പാടില്ല.
അവര്‍ യോഹന്നാനെ സമീപിച്ചു പറഞ്ഞു: ഗുരോ, ജോര്‍ദ്ദാന്റെ അക്കരെ നിന്നോടുകൂടെയുണ്ടായിരുന്നവന്‍, നീ ആരെപ്പറ്റി സാക്ഷ്യപ്പെടുത്തിയോ അവന്‍, ഇതാ ഇവിടെ സ്‌നാനം നല്‍കുന്നു. എല്ലാവരും അവന്റെ  അടുത്തേക്കു പോവുകയാണ് (3:26). സ്‌നാപകന്റെ ശിഷ്യരുടെ പരാതിയാണിത്. തങ്ങളുടെ ഗുരുവിന്റെ ശ്രേഷ്ഠതയില്‍ അഭിമാനിച്ചിരുന്ന അവര്‍ യഥാര്‍ഥഗുരുവിന്റെ ശ്രേഷ്ഠതയെ തിരിച്ചറിയാതെ നടത്തിയ ഒരു പരിഭവമാണിത്. അനുതപിച്ചു സ്‌നാനം സ്വീകരിച്ച വിശ്വാസികള്‍ യഥാര്‍ഥ ഗുരുവിന്റെ പക്കലേക്കു യാത്രയായി. സ്‌നാപകന്റെ ശിഷ്യര്‍ അവനെ വിളിച്ചത് 'റബ്ബി' എന്നാണ്. ഹെബ്രായഭാഷയില്‍ ഈ വാക്കിന്റെയര്‍ത്ഥം ഗുരു (master)   എന്നാണ്.
ഭൗമിക 'റബ്ബി' ആയ സ്‌നാപകയോഹന്നാനില്‍നിന്ന് ആത്മീയ'റബ്ബി' ആയ ഈശോയിലേക്കുള്ള ഒരു യാത്രയാണ് ഇവിടെ നമ്മള്‍ കണ്ടുമുട്ടുന്നത്. യഥാര്‍ത്ഥ 'റബ്ബി'യെ തിരിച്ചറിഞ്ഞ വിശ്വാസികള്‍ സ്‌നാപകന്റെ പക്കല്‍നിന്ന് ഈശോയിലേക്ക് എത്തിച്ചേരുന്നു. സ്‌നാപകന്റെ ശിഷ്യര്‍ ഈ സത്യം തിരിച്ചറിഞ്ഞില്ല എന്നു മാത്രം.
എല്ലാവരും പോകേണ്ടത് അവന്റെ അടുത്തേക്കാണ്; യഥാര്‍ഥ ഗുരുവായ ഈശോയുടെ പക്കലേക്ക്. എല്ലാവരും സ്വീകരിക്കേണ്ടത് അവിടുന്നു നല്‍കുന്ന പരിശുദ്ധാത്മാവിനെയാണ്. ഈ സത്യം സ്‌നാപകന്‍ മനസ്സിലാക്കുന്നതിനാലാണ് അവന്‍ ഇപ്രകാരം പറയുന്നത്: ''സ്വര്‍ഗത്തില്‍നിന്നു നല്‍കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല'' (3:27). ഈശോ സ്വര്‍ഗത്തില്‍നിന്നു വന്നവനാണെന്നും എല്ലാവരും അവന്റെയടുക്കലേക്കാണു പോകേണ്ടതെന്നുമുള്ള തിരിച്ചറിവില്‍നിന്നാണ് ഇത്തരത്തിലുള്ള ഒരു മറുപടി തന്റെ ശിഷ്യന്മാര്‍ക്ക് സ്‌നാപകന്‍ നല്‍കുന്നത്.
'ഞാന്‍ ക്രിസ്തുവല്ല' എന്ന സ്‌നാപകന്റെ പരാമര്‍ശം അസ്തിത്വത്തെയും വ്യക്തിത്വത്തെയും മനസ്സിലാക്കിയതുകൊണ്ടും ഈശോയുടെ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞതുകൊണ്ടുമാണ്.  ഊക് എയ്മി എഗോ ഹോ ക്രിസ്‌തോസ് (ouk eimi ego ho Christos) I am not the Christ- എന്ന സ്‌നാപകന്റെ വാക്ക് ഈശോ 'മിശിഹാ' ആണെന്ന വസ്തുത ഉറപ്പിക്കുകയും അവിടുത്തേക്ക് വീണ്ടും സാക്ഷ്യം നല്‍കുകയുമാണ്. 'മെസിയാ' (Messiah)എന്ന ഹീബ്രുപദത്തിന്റെ ഗ്രീക്ക് വിവര്‍ത്തനമാണ് ക്രിസ്‌തോസ് (christos) എന്ന വാക്ക്. പഴയനിയമജനത പ്രതീക്ഷിച്ചിരുന്ന മിശിഹായാണ് ഇവിടെ കാണുന്ന ഈശോ എന്ന് സ്‌നാപകന്‍ വ്യക്തമാക്കുന്നു. ഇനി എല്ലാവരും അവന്റെ അടുത്തേക്കാണു പോകേണ്ടത്. കാരണം അവിടുന്നാണ് യഥാര്‍ഥ 'റബ്ബി.'

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)