•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

മിശിഹായുഗത്തിന്റെ സമൃദ്ധി

ജനുവരി 24
ദനഹാക്കാലം 
നാലാം ഞായര്‍
സംഖ്യ 11:23-35 
ഏശ 46:5-13 
ഹെബ്രാ 7:23-28 
യോഹ 2:1-11

അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍ (യോഹ 2:5).  മകന്‍ എപ്രകാരമാണ് 'ആശ്വാസദായകന്‍'' ആകുന്നത് എന്നറിയില്ലായെങ്കിലും അവന്‍ 'ആവശ്യം മനസ്സിലാക്കി ഇടപെടും' എന്ന് അമ്മയ്ക്ക് ഉറച്ച വിശ്വാസവും പൂര്‍ണബോധ്യവുമുണ്ടായിരുന്നു. മകനെ മനസ്സിലാക്കിയ ഒരു അമ്മയുടെ വാക്കുകളാണിത്. പുത്രന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളോടു സഹകരിക്കുന്ന അമ്മയാണ് മറിയം.

മാന്തരസുവിശേഷങ്ങളില്‍ - മത്തായി, മര്‍ക്കോസ്, ലൂക്കാ- രേഖപ്പെടുത്താത്തതും നാലാം സുവിശേഷത്തിന്റേതു മാത്രവുമായ ഈശോയുടെ പരസ്യജീവിതാരംഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ഇന്നത്തെ സുവിശേഷത്തില്‍ (യോഹ. 2:1-11) നമ്മള്‍ ശ്രവിച്ചത്. യോഹന്നാന്റെ സുവിശേഷത്തിലെ 'അടയാളങ്ങളുടെ പുസ്തകം' (The Book of Signs)  എന്ന ഭാഗം (യോഹ 2-12 അധ്യായങ്ങള്‍) ആരംഭിക്കുന്നത് കാനായിലെ കല്യാണവിരുന്നിലെ വെള്ളം വീഞ്ഞാക്കി മാറ്റുന്ന അടയാളങ്ങള്‍വഴിയാണ്. 'ഇതിലും വലിയ കാര്യങ്ങള്‍ നീ കാണും' (യോഹ 1:49) എന്ന് നഥാനിയേലിനോട് ഈശോ പറഞ്ഞ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ് ഈ അദ്ഭുതം.
മൂന്നാം ദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്ന് നടന്നു (യോഹ 2:1). 'മൂന്നാം ദിവസം' (The third day) എന്നത് പ്രതീകാത്മകമായും വാച്യാര്‍ത്ഥത്തിലും വ്യാഖ്യാനിക്കാം. പ്രതീകാത്മകമായി ഇത് ഈശോയുടെ പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നുവെങ്കിലും മുന്‍വചനങ്ങളുടെ വെളിച്ചത്തില്‍, 1:50-51 ല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കാലതാമസം കൂടാതെ സംഭവിച്ചു എന്നാണ് വാച്യാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടത്. ഈശോ നല്കിയ വാഗ്ദാനങ്ങള്‍ 'ഉടനേ'തന്നെ നിറവേറിത്തുടങ്ങിയിരിക്കുന്നുവെന്നു സാരം. വിവാഹവിരുന്ന്; യഹൂദവിവാഹങ്ങളുടെ പ്രത്യേകത അത് ഏറെ ദിവസം നീണ്ടുനില്‍ക്കുന്നു എന്നതാണ്. സാധാരണമായി ബുധനാഴ്ചകളില്‍ നടക്കുന്ന വിവാഹത്തിനുശേഷം വധുവിനെ വരന്റെ ഭവനത്തിലേക്ക് ആഘോഷപൂര്‍വ്വമായി ആനയിക്കുന്ന ഒരു പതിവുണ്ട്. അതിനെത്തുടര്‍ന്നുള്ള വിഭവസമൃദ്ധമായ വിരുന്നാണ് ഈ അദ്ഭുതത്തിന്റെ പശ്ചാത്തലം.
യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു (യോഹ. 2: 1യ2). യോഹന്നാന്‍ സുവിശേഷകന്‍ ഈശോയുടെ അമ്മയെ അവളുടെ പേരായ 'മറിയം' എന്നു വിളിക്കുന്നില്ല. മറിച്ച്, എപ്പോഴും മറിയത്തെ വിളിച്ചിരുന്നത് 'അമ്മ' (mother) എന്നായിരുന്നു. ഈശോയുടെ അമ്മ (2:1,3), അവന്റെ അമ്മ (2:5;19:25); നിന്റെ അമ്മ (19:27) എന്നിങ്ങനെയുള്ള പ്രയോഗങ്ങളിലൂടെ മറിയത്തിന്റെ മാതൃസഹജമായ ഭാവത്തെയാണ് സുവിശേഷകന്‍ സൂചിപ്പിക്കുന്നത്.
അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല (യോഹ. 2:3). അതിഥിയായി എത്തിയവള്‍ ആതിഥേയന്റെ വിഷമം മനസ്സിലാക്കുകയാണ് ഇവിടെ. മറിയത്തിന്റെ 'അമ്മ'ഭാവത്തിന്റെ നന്മയാണ് ഈ വാക്കുകളില്‍ വ്യക്തമാകുന്നത്. യഹൂദവിവാഹങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വീഞ്ഞ്. വീഞ്ഞു തീര്‍ന്നുപോവുക എന്നത് ആതിഥേയന് ഏറെ അപമാനകരവും വിഷമജനകവുമാണ്. വിഷമസന്ധിയിലുള്ളവന് ആശ്വാസമാകുന്നവളാണ് 'അമ്മ'.
യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല (യോഹ 2:4). ഈശോ അമ്മയെ അഭിസംബോധന ചെയ്യുന്നത് 'സ്ത്രീയേ' എന്നാണ്. 'ഗിനെ' (gyne) എന്ന ഗ്രീക്ക് പദം മുതിര്‍ന്ന വനിതകളെ (adult female) വിളിക്കുന്നതിന് ഉപയോഗിക്കുന്നതാണ്. ഈ അഭിസംബോധന ഒരു ശകാരമോ, അവജ്ഞ നിറഞ്ഞ വിളിയോ ആയി കരുതേണ്ടതില്ല. മാതൃ-പുത്രബന്ധത്തെ നിഷേധിച്ചുപറയുന്ന ഒരു പ്രസ്താവനയുമല്ല. വിവിധ സന്ദര്‍ഭങ്ങളില്‍ ഈശോ ഈ ശൈലി സ്വീകരിച്ചിട്ടുമുണ്ട് (മത്താ 15:28; ലൂക്കാ 13:12; യോഹ 4:21; 8:10; 19:26).
'എനിക്കും നിനക്കും എന്ത്' എന്ന ഈശോയുടെ ചോദ്യത്തെ അവിടുത്തെ താത്പര്യക്കുറവോ വൈമനസ്യമോ അല്ല സൂചിപ്പിക്കുന്നത്. മറിച്ച്, സെമറ്റിക് ശൈലിയില്‍  'ഞാന്‍ എന്തു ചെയ്യണമെന്ന് നീ ആഗ്രഹിക്കുന്നു' എന്ന അര്‍ത്ഥമാണ് ഈ പ്രയോഗത്തിനുള്ളതെന്ന് വിശുദ്ധഗ്രന്ഥപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. 'എന്റെ മണിക്കൂര്‍' എന്നത് ഈശോയുടെ 'മഹത്ത്വ'ത്തിന്റെ സമയത്തെയാണു കുറിക്കുന്നത്.
അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍ (യോഹ 2:5). മകന്റെ സംസാരശൈലി പരിചിതമായിരിക്കുന്ന, അവനെ അറിയുന്ന അമ്മ, മകന്റെ ഈ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വഴി ഒരുക്കുകയാണ്. മകന്‍ എപ്രകാരമാണ് 'ആശ്വാസദായകന്‍' ആകുന്നത് എന്നറിയില്ലായെങ്കിലും അവന്‍ 'ആവശ്യം മനസ്സിലാക്കി ഇടപെടും' എന്ന് അമ്മയ്ക്ക് ഉറച്ച വിശ്വാസവും പൂര്‍ണബോധ്യവുമുണ്ടായിരുന്നു. മകനെ മനസ്സിലാക്കിയ ഒരു അമ്മയുടെ വാക്കുകളാണിത്. പുത്രന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളോടു സഹകരിക്കുന്ന അമ്മയാണ് മറിയം.
ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍ എന്ന് യേശു അവരോടു കല്പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു (യോഹ 2:7). യഹൂദരുടെ ശുദ്ധീകരണകര്‍മത്തിനുള്ള ആറു വലിയ കല്‍ഭരണികളില്‍ വെള്ളം നിറയ്ക്കുന്നവര്‍ ഈശോയുടെ കല്പന അനുസരിക്കുന്നവരാണ്. ശൂന്യമായിരുന്ന കല്‍ഭരണികളിലാണ് അവര്‍ വക്കോളം വെള്ളം നിറച്ചത്. ഇതു 'മിശിഹായുഗത്തിന്റെ സമൃദ്ധി'യാണ് സൂചിപ്പിക്കുന്നത്. എല്ലാം സമൃദ്ധമായി നല്കുന്നവനാണ് ഈശോ.
കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചുനോക്കി. അത് എവിടെനിന്നാണെന്ന് അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകന്‍ അറിഞ്ഞിരുന്നു (യോഹ 2:9). ഈശോയോടുകൂടെ നടന്നിരുന്നവര്‍ അവിടുത്തെ അറിഞ്ഞു. അവിടുത്തോടുകൂടെ ആയിരിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് അവിടുത്തെ മഹത്ത്വം അറിയാന്‍ സാധിക്കില്ല. തന്റെ മുമ്പിലുള്ള നല്ല വീഞ്ഞിനെ കലവറക്കാരന്‍ രുചിച്ചുവെങ്കിലും അതിന്റെ സ്രഷ്ടാവിനെ അറിയാത്ത അവന്‍ അവിടുത്തെ മഹത്ത്വം പൂര്‍ണമായി ഗ്രഹിച്ചില്ല. ഈശോയോടുകൂടെ നടക്കുമ്പോഴാണ് അവിടുത്തെ സമ്പൂര്‍ണമായി അനുഭവിക്കാന്‍ സാധിക്കുന്നത്.

Login log record inserted successfully!