•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

അസ്വാസ്ഥ്യബാധിതം

''കാശ്മീരിലെ ''അസ്വസ്ഥബാധിത'' പ്രദേശങ്ങളിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.'' ഇതൊരു പത്രക്കുറിപ്പാണ്. അസ്വസ്ഥതാബാധിതപ്രദേശം എന്നുദ്ദേശിച്ചാവണം ലേഖകന്‍ വാര്‍ത്തയെഴുതിയത്. ആ അര്‍ത്ഥം ലഭിക്കണമെങ്കില്‍ അസ്വാസ്ഥ്യബാധിതപ്രദേശമെന്നോ അസ്വസ്ഥതാബാധിതപ്രദേശമെന്നോ എഴുതണം. അസ്വസ്ഥ(സ്വസ്ഥതയില്ലാത്ത)വും ബാധിത(ബാധിക്കപ്പെട്ട)വും വിശേഷണങ്ങളാണ്. വിശേഷണങ്ങള്‍ പരസ്പരം സമാസിച്ചുകൂടാ. ''അസ്വസ്ഥബാധിതം'' തെറ്റായ പ്രയോഗംതന്നെ. 
''അസ്വസ്ഥ''മെന്ന വിശേഷണത്തെ അസ്വാസ്ഥ്യമെന്നോ അസ്വസ്ഥതയെന്നോ ആക്കിയാല്‍ നാമരൂപങ്ങളായി. അസ്വാസ്ഥ്യത്തോടു ബാധിതം ചേര്‍ത്ത് അസ്വാസ്ഥ്യബാധിതം എന്നു സമാസിക്കാം. അസ്വസ്ഥതാബാധിതം എന്നായാലും ശരിയായ പ്രയോഗമാണ്. അസ്വാസ്ഥ്യത്തിനും അസ്വസ്ഥതയ്ക്കും സ്വസ്ഥതയില്ലായ്മ, മനസ്സമാധാനമില്ലായ്മ, ക്ഷോഭം എന്നെല്ലാമാണര്‍ത്ഥം;  ബാധിതം എന്നതിന് '‘affected'' എന്നും. അസ്വാസ്ഥ്യബാധിതപ്രദേശത്തിന് അസ്വസ്ഥത ബാധിച്ച പ്രദേശമെന്ന് അര്‍ത്ഥം കല്പിക്കാം. സ്വസ്ഥതയില്ലാത്ത പ്രദേശം, അസ്വസ്ഥമായ പ്രദേശം എന്നീ അര്‍ത്ഥങ്ങളില്‍ അസ്വസ്ഥപ്രദേശം എന്നു സമാസിച്ചാലും ശരിയായ വിവക്ഷിതം ലഭിക്കും. 
ഡോ. ടി.ആര്‍. ശങ്കുണ്ണി വ്യക്തമാക്കുന്നു: ''പ്രളയബാധിതംപോലെ അസ്വസ്ഥബാധിതം പ്രയോഗിച്ചുകൂടാ. പ്രളയം നാമമാകയാല്‍ പ്രളയബാധിതം ശരി. അസ്വസ്ഥം വിശേഷണരൂപമാകയാല്‍ അസ്വസ്ഥബാധിതം തെറ്റ്. അസ്വാസ്ഥ്യമാണ് നാമരൂപം. അസ്വസ്ഥത എന്നുമുണ്ട്. അവയോടു ബാധിതം ചേര്‍ക്കാം. അസ്വാസ്ഥ്യബാധിതപ്രദേശമെന്നോ അസ്വസ്ഥതാബാധിതപ്രദേശമെന്നോ ശരിയായ രൂപം.*
സംസ്‌കൃതത്തില്‍നിന്നു പദങ്ങള്‍ സ്വീകരിച്ചു സമസ്തപദങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍, സംസ്‌കൃതവ്യാകരണനിയമങ്ങളെക്കുറിച്ച് സാമാന്യധാരണ ഉണ്ടായിരിക്കണം. അതിനു കഴിയുന്നില്ലെങ്കില്‍ ആ ശ്രമത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത്. അസ്വസ്ഥം വിശേഷണവും അസ്വാസ്ഥ്യം നാമവുമാണെന്നു മനസ്സിലാക്കുന്ന ആള്‍ 'അസ്വസ്ഥബാധിതം' എന്നെഴുതുകയില്ലല്ലോ. 

* ശങ്കുണ്ണി, ടി.ആര്‍., ഭാഷാപ്രയോഗത്തിലെ തെറ്റും ശരിയും, എച്ച്. & സി. ബുക്‌സ്, തൃശൂര്‍, 2012, പുറം - 58

Login log record inserted successfully!