•  18 Apr 2024
  •  ദീപം 57
  •  നാളം 6
വചനനാളം

ഈശോ ദൈവത്തിന്റെ കുഞ്ഞാടും മിശിഹായും

ജനുവരി 17
ദനഹാക്കാലം 
മൂന്നാം ഞായര്‍
സംഖ്യ 11:11-20 
ഏശ 45:18-46:4 
ഹെബ്രാ 4:1-10 
യോഹ 1:29-34


വി. യോഹന്നാന്റെ സുവിശേഷത്തില്‍ ''ഈശോയെ'' ദൈവശാസ്ത്രപരമായ ഒരു കാഴ്ചപ്പാടിലാണ് സുവിശേഷകന്‍ പ്രധാനമായും അവതരിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ സുവിശേഷവായനയുടെ ആദ്യഭാഗത്ത് (1:29-39) ഈശോയെ അവതരിപ്പിച്ചിരിക്കുന്നത് ''ദൈവത്തിന്റെ കുഞ്ഞാട്'' (ഹോ അംനോസ് തൂ തെ്‌യൂ - ho amnos tou theou = the Lamb of God)  എന്നാണ്  (യോഹ 1:29). രണ്ടാംഭാഗത്ത് (1:35-42) ഈശോയെ അവതരിപ്പിച്ചിരിക്കുന്നത് 'മിശിഹാ' (മെസിയാസ് = Messias)  എന്നും 'ക്രിസ്തു' (ക്രിസ്‌തോസ് = Christos)   എന്നുമാണ്. ഈ ദൈവശാസ്ത്ര അവതരണത്തിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ച് ഇന്നു നമുക്കു പരിചിന്തനം നടത്താം.
ഈശോമിശിഹായുടെ ബലിയര്‍പ്പണസ്വഭാവത്തിന്റെ സൂചനയാണ് പ്രധാനമായും 'ദൈവത്തിന്റെ കുഞ്ഞാട്' എന്ന വാക്കുകളില്‍ നിഴലിക്കുന്നത്. പഴയനിയമത്തില്‍ പ്രതിപാദിക്കുന്ന ദൈവം തരുന്ന കുഞ്ഞാടിന്റെയും (ഉത്പ 22:8) ജനങ്ങളുടെ പാപം വഹിക്കുന്ന കുഞ്ഞാടിന്റെയും (പുറ. 12:13) കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയുള്ള  സഹനദാസന്റെയും (ഏശയ്യാ 53:7-8) പൊതുവായ പശ്ചാത്തലത്തില്‍ വേണം ഈ വിശേഷണം മനസ്സിലാക്കുവാന്‍. ഈ 'ദൈവത്തിന്റെ കുഞ്ഞാടിന്റെ' പ്രത്യേകത എന്തെന്ന് കൂടുതല്‍ വ്യക്തമാക്കുകയാണ് 'ലോകത്തിന്റെ പാപം നീക്കുന്ന' (one who takes away the sin of the world)  എന്ന പദങ്ങള്‍. ഈശോയുടെ രക്ഷാകരമായ കടന്നുവരവിന്റെ പ്രധാനോദ്ദേശ്യംതന്നെ തിന്മയില്‍നിന്നു മനുഷ്യവംശത്തെ വിമോചിപ്പിക്കുക എന്നതാണ്.
ലേവ്യരുടെ പുസ്തകം 16-ാം അധ്യായത്തില്‍ പറയുന്നതനുസരിച്ച് പാപപരിഹാരദിനത്തില്‍ ഇസ്രായേല്‍ക്കാര്‍ പാപങ്ങളുടെ പരിഹാരത്തിനായി ഒരു കുഞ്ഞാടിനെ ബലിയായി അര്‍പ്പിക്കാറുണ്ട്. ഇസ്രായേല്‍ജനത്തിന്റെ പാപം മുഴുവന്‍ ചുമലില്‍ വഹിക്കുന്ന ഈ കുഞ്ഞാട് ഒരു പ്രതീകമാണ്. ഇസ്രായേല്‍ജനത്തെ തങ്ങളുടെ അശുദ്ധിയില്‍നിന്നു പവിത്രീകരിക്കുന്ന ആടാണിത്. ഈ അര്‍ത്ഥതലത്തിലാണ് 'ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്നു സ്‌നാപകയോഹന്നാന്‍ ഈശോയെ വിശേഷിപ്പിക്കുന്നത്. പാപത്തിന്റെ അശുദ്ധിയില്‍നിന്ന് എല്ലാവരെയും വിശുദ്ധീകരിക്കുന്ന ദൈവത്തിന്റെ പുത്രനാണ് ഈശോ (1:34).
ഈശോയുടെ ആദ്യശിഷ്യന്മാരെക്കുറിച്ചു പ്രതിപാദിക്കുന്ന രണ്ടാം ഭാഗത്താണ് (1:35-42) അവിടുന്ന് മിശിഹാ - ക്രിസ്തു ആണെന്ന യാഥാര്‍ത്ഥ്യം അവതരിപ്പിക്കുന്നത്. ആദ്യശിഷ്യന്മാരുമായുള്ള ഈശോയുടെ കണ്ടുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് യോഹന്നാന്‍ ശ്ലീഹാ ഇത് അവതരിപ്പിക്കുന്നത്.
സ്‌നാപകയോഹന്നാന്‍ തന്റെ ശിഷ്യരുമൊത്ത് ആയിരിക്കുമ്പോള്‍ നടന്നുപോകുന്ന ഈശോയെക്കണ്ട് വീണ്ടും അവന്‍ പറയുകയാണ്, 'ഇതാ ദൈവത്തിന്റെ കുഞ്ഞാട്' എന്ന് (1:36). ദൈവത്തിന്റെ കുഞ്ഞാടിനെ കണ്ടപ്പോള്‍ സ്‌നാപകന്റെ ശിഷ്യന്മാര്‍ അവനെ അനുഗമിച്ചു. ശിഷ്യരായി പിന്‍ചെല്ലുക എന്നര്‍ത്ഥം വരുന്ന  അകൊലുത്തെയോ ((akolutheo) എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിന്റെ പുത്രനെ കണ്ടപ്പോള്‍ അവര്‍ അവന്റെ ശിഷ്യരായി മാറി. ആദ്യഗുരുവായ സ്‌നാപകന്റെ യഥാര്‍ത്ഥ സാക്ഷ്യമാണ് ഈ പുതിയ ശിഷ്യത്വത്തിലേക്ക് അവരെ നയിച്ചത്.
ഈശോയെ കണ്ടുമുട്ടിയ ഈ രണ്ടു ശിഷ്യന്മാര്‍ അവിടുത്തെ അഭിസംബോധന ചെയ്യുന്നത് റബ്ബീ ((Rabbi)  എന്നാണ്. 'റാബ്' (Rab) എന്ന ഹീബ്രുപദത്തിന്റെ അര്‍ത്ഥം 'വലുത്' ((great) എന്നാണ്. ബഹുമാനത്തോടെ ഗുരുവിനെ വിളിക്കുന്നതും റബ്ബീ എന്നാണ്. ഈശോയുടെ ശ്രേഷ്ഠതയെ (greatness) ആണ് ഈ വാക്ക് പ്രധാനമായും സൂചിപ്പിക്കുന്നത്.
ശ്രേഷ്ഠനായ ഈശോ എവിടെ താമസിക്കുന്നുവെന്ന ഈ രണ്ടു ശിഷ്യരുടെ ചോദ്യത്തിന് ഈശോയുടെ മറുപടി 'വന്നുകാണുക' (come and see)  എന്നതായിരുന്നു. ശിഷ്യത്വം സ്വീകരിച്ചു വരുന്നവന്‍ 'കൂടെ ആയിരിക്കണം' എന്ന് ഇതു ദ്യോതിപ്പിക്കുന്നു. കൂടെ ആയിരുന്നുകൊണ്ട് അവിടുത്തെ തിരിച്ചറിയണം. ഈശോയില്‍നിന്ന് അകലെ ആയിരിക്കുന്നവന് അവിടുത്തെ തിരിച്ചറിയാന്‍ സാധിക്കുകയില്ല.
ഈശോയുടെ കൂടെ വസിച്ചതുകൊണ്ടാണ് രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ ശിമയോന്‍ പത്രോസിന്റെ സഹോദരനായ അന്ത്രയോസ് ഇപ്രകാരം പറഞ്ഞത്: ''ഞങ്ങള്‍ മിശിഹായെ - ക്രിസ്തുവിനെ കണ്ടു.'' ഈശോ യഥാര്‍ഥത്തില്‍ ഇസ്രായേല്‍ജനം പ്രതീക്ഷിച്ചിരുന്ന 'മിശിഹാ' ആണെന്ന സത്യം അന്ത്രയോസ് തിരിച്ചറിഞ്ഞത് അവന്‍ ഈശോയുടെ കൂടെ വസിച്ചപ്പോഴാണ്.
ഹീബ്രുഭാഷയിലെ 'മെസിയാ' എന്ന വാക്കിന്റെ അര്‍ത്ഥം അഭിഷിക്തന്‍ (the anointed one) എന്നാണ്. ഇതിന്റെ തത്തുല്യമായ ഗ്രീക്കുപദമാണ് ക്രിസ്‌തോസ്(Christos).ദൈവാത്മാവിന്റെ ആവാസം നിറഞ്ഞ വ്യക്തിയാണ് ഈശോ എന്നു സാരം.

 

Login log record inserted successfully!