ജനുവരി 10
ദനഹാക്കാലം
രണ്ടാം ഞായര്‍
സംഖ്യ 10:29-36
ഏശ 45:11-17
ഹെബ്രാ 3:1-6
യോഹ 1:14-18
മനുഷ്യാവതാരം ചെയ്ത വചനമായ ഈശോയുടെ മുന്‍ അസ്തിത്വത്തെക്കുറിച്ചു കാവ്യാത്മകമായി പ്രതിപാദിക്കുന്നതാണ് യോഹന്നാന്‍ സുവിശേഷത്തിന്റെ ആമുഖഭാഗം (1:14-18). പ്രപഞ്ചത്തിന്റെ സൃഷ്ടിയില്‍ വചനമായ (ലോഗോസ്) ഈശോയ്ക്കുള്ള പങ്കിനെക്കുറിച്ചും മനുഷ്യകുലത്തെ നയിക്കാനും പ്രകാശിപ്പിക്കാനും ''ലോഗോസ്'' എങ്ങനെ പ്രവര്‍ത്തിച്ചുവെന്നതിനെക്കുറിച്ചും ഈ ആമുഖഗീതം (prologue) -യോഹ1:1-18-പ്രതിപാദിക്കുന്നു. ഈ ആമുഖഗീതത്തിന് രണ്ടു ഭാഗങ്ങളാണുള്ളത്: 1:1-13; 1:14-18. ഈ സുവിശേഷചിന്തയില്‍ രണ്ടാം ഭാഗത്തെക്കുറിച്ചു നമ്മള്‍ ധ്യാനിക്കുന്നു.
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു (യോഹ 1:14 മ). 'വാക്ക്, വചനം' (a word, the word) എന്നര്‍ത്ഥം വരുന്ന ലോഗോസ് ((logos) എന്ന ഗ്രീക്കുപദം ഈശോയെയാണ് സൂചിപ്പിക്കുന്നത്. ആഴമായ അര്‍ത്ഥതലങ്ങളുള്ള 'ലോഗോസ്' എന്ന പദം സൃഷ്ടിവിവരണത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍ അതു 'ദൈവത്തിന്റെ സൃഷ്ടശക്തിയെ സൂചിപ്പിക്കുന്നു. ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലാണ് 'ലോഗോസ്.' എല്ലാ വസ്തുക്കള്‍ക്കും മുമ്പുണ്ടായിരുന്ന (കൊളോ. 1:17), ആല്‍ഫയും ഒമേഗായും - ആരംഭവും അവസാനവും - ആയ (വെളി 22:13), ദൈവത്തോടു കൂടെയായിരുന്ന (യോഹ 1:1) ഒന്നാണ് 'ലോഗോസ്.'
'വചനമായ ഈശോ മാംസമായി' എന്നത് ഒരു ദൈവശാസ്ത്രഅവതരണമാണ്. 'മാംസം, ശരീരം' എന്നൊക്കെയര്‍ത്ഥംവരുന്ന സാര്‍ക്‌സ് (sarx) എന്ന ഗ്രീക്കുവാക്ക് മനുഷ്യന്റെ സ്വഭാവത്തെയാണ് കാണിക്കുന്നത്. ദൈവപുത്രനായ 'ലോഗോസ്' പൂര്‍ണ്ണമനുഷ്യസ്വഭാവം സ്വീകരിച്ചതിനെയാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. 'ക്രിസ്തു യഥാര്‍ത്ഥമനുഷ്യനായിരുന്നില്ലെന്നും, മനുഷ്യനെപ്പോലെ കാണപ്പെട്ടതേയുള്ളുവെന്നും, അവിടുത്തേക്കു മാംസവും (flesh) രക്തവും (blood) ഇല്ലായിരുന്നുവെന്നും പഠിപ്പിച്ചിരുന്ന ഡൊസെറ്റിസം (Docetism) എന്ന പാഷണ്ഡത (heresy) യെ ഖണ്ഡിക്കുന്നതാണ് ഈ വാക്യം.
'ജീവിക്കുക, വസിക്കുക' (live,dwell) എന്നര്‍ത്ഥം വരുന്ന സ്‌കെനെഓ (skeneo) എന്ന പദം ഈശോയുടെ മനുഷ്യാവതാരത്തെയാണ് കുറിക്കുന്നത്. പൂര്‍ണ്ണദൈവമായ ഈശോ (fully God / Divine) പൂര്‍ണ്ണമനുഷ്യനായി (fully human) ജീവിച്ചു എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്. ദൈവവചനത്തിന്റെ (logos) മനുഷ്യാവതാരത്തെക്കുറിച്ചുള്ള ഏറ്റവും വ്യക്തവും ശക്തവുമായ പ്രസ്താവനയാണ് 14-ാം വാക്യം.
അവന്റെ മഹത്ത്വം നമ്മള്‍ ദര്‍ശിച്ചു-കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്ത്വം (യോഹ 1:14യ). ദൈവമായിരുന്ന, ദൈവത്തോടുകൂടെയായിരുന്ന വചനം മനുഷ്യനായി അവതരിച്ചപ്പോള്‍ ഈശോയിലുള്ള ദൈവസാന്നിധ്യം എല്ലാവരും ദര്‍ശിച്ചു. 'പ്രഭ, പ്രകാശം, മഹത്ത്വം, ശക്തി' ((brightness, radiance, glory, majesty) എന്നര്‍ത്ഥം വരുന്ന ദോക്‌സാ (doxa) എന്ന വാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈശോയുടെ ഭൗമികപ്രവര്‍ത്തനങ്ങളും അദ്ഭുതങ്ങളും കണ്ടവരുടെ സാക്ഷ്യമാണിത്. നിത്യനായ പിതാവ് പുത്രനുമായി പങ്കുവയ്ക്കുന്ന മഹത്ത്വമാണ് മനുഷ്യര്‍ ദര്‍ശിച്ചത്.
അവതരിച്ച വചനത്തിന്റെ വിശേഷണങ്ങളും 14-ാം വാക്യത്തില്‍ അവതരിപ്പിക്കുന്നുണ്ട് - കൃപയും സത്യവും നിറഞ്ഞതാണ് ഈശോയുടെ മഹത്ത്വം. ഖാരിസ് ((charis),, അലെത്ത്‌യാ (aletheia) ) എന്നീ രണ്ടു പദങ്ങള്‍ യോഹന്നാന്‍ സുവിശേഷത്തില്‍ അര്‍ത്ഥമാക്കുന്നത് ദൈവത്തിന്റെ സ്‌നേഹവും, അവിടുത്തെ കാരുണ്യവുമാണ്. ഈശോയുടെ ഭൗമികപ്രവര്‍ത്തനങ്ങളില്‍ വെളിവാക്കപ്പെട്ടതും ഈ ദൈവികഭാവങ്ങള്‍ തന്നെയാണ്.
യോഹന്നാന്‍ അവനു സാക്ഷ്യം നല്‍കിക്കൊണ്ട് വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്, എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണ്; കാരണം, എനിക്കു മുമ്പുതന്നെ അവന്‍ ഉണ്ടായിരുന്നു (യോഹ. 1:15). ഈശോയുടെ വലിയ പ്രാഭവത്തെ സ്‌നാപകയോഹന്നാന്‍ ഇവിടെ സാക്ഷ്യപ്പെടുത്തുകയാണ്. യഥാര്‍ത്ഥമായ ഒരു തിരിച്ചറിവില്‍നിന്നുള്ള വിളിച്ചുപറയലാണിത്.
സ്‌നാപകയോഹന്നാന്റെ ജനനത്തിന് ആറു മാസത്തിനുശേഷം പിറന്ന ഈശോ എപ്രകാരമാണ് യോഹന്നാനെക്കാള്‍ മുന്‍പനാകുന്നത്? എംപ്രോസ്‌തെന്‍(emprosthen) എന്ന ഗ്രീക്കുപദം സമയത്തിന്റെ തലത്തിലുള്ള ശ്രേഷ്ഠതയെക്കുറിച്ചല്ല പറയുന്നത്; മറിച്ച് സ്ഥാനമഹിമയുടെ കാര്യത്തില്‍ ഈശോ യോഹന്നാനെക്കാള്‍ മുന്‍പനും, വലിയവനും ശ്രേഷ്ഠനുമാണെന്നാണ്. കാരണം അവിടുന്ന് ദൈവമായിരുന്നവനും ദൈവത്തോടുകൂടെ ആയിരിക്കുന്നവനുമാണ്. ഇനി സമയതലത്തില്‍ നോക്കിയാലും ഈശോ ആദിമുതലേ ഉള്ളവനാണ് (യോഹ. 1:1) എന്നതിനാല്‍ അവിടുന്ന് യോഹന്നാനെക്കാള്‍ മുന്‍പനാണ്.
അവന്റെ പൂര്‍ണ്ണതയില്‍ നിന്നു നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു (യോഹ. 1:16). ഭൂമിയില്‍ അവതരിച്ച വചനമായ ഈശോ കൃപകൊണ്ടും സത്യംകൊണ്ടും നിറഞ്ഞ വ്യക്തിയാണ്. ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ആ കൃപയുടെ നിറവ് സ്വീകരിക്കുവാന്‍ സാധിക്കും. ''പൂര്‍ണ്ണത, നിറവ്'' (fullness, fulfilment) എന്നര്‍ത്ഥം വരുന്ന പ്ലെറോമാ pleroma എന്ന വാക്ക് ഈശോയില്‍ നിറഞ്ഞുനില്‍ക്കുന്ന 'ദൈവികത'യാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒരിക്കലും വറ്റാത്ത കൃപയുടെ ഉറവിടമാണ് ഈശോമിശിഹാ. കാരണം അവന്‍ വചനമായ ദൈവമായവനും, ദൈവത്തോടുകൂടെ ആയിരിക്കുന്നവനുമാണ്.
ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത് (യോഹ. 1:18). ദൈവഹിതം പഴയനിയമത്തില്‍ വെളിപ്പെടുത്തിയ മോശയും പ്രവാചകന്മാരുമടക്കം ആരും ദൈവത്തെ പൂര്‍ണ്ണമായി ദര്‍ശിച്ചിട്ടില്ല. എന്നാല്‍ ദൈവത്തെ കണ്ടയാളും അവിടുത്തെ പൂര്‍ണമായി വെളിപ്പെടുത്താനും സാധിക്കുന്നയാളും ഈശോയാണ് എന്ന് ഈ വചനം വ്യക്തമാക്കുന്നു. കാരണം പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന പുത്രനാണ് ഈശോ. പിതാവിന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്നവന്‍ (one who is close to the Fathers heart) എന്നാണ് ഈശോയെക്കുറിച്ച് വചനത്തില്‍ പറഞ്ഞിരിക്കുന്നത്. പിതാവായ ദൈവത്തെ വെളിപ്പെടുത്താനുള്ള പുത്രന്റെ യോഗ്യതയുമിതാണ്.