കടുത്ത നിരാശയും വൈരാഗ്യവും ഉറക്കച്ചടവും മദ്യലഹരിയുമെല്ലാം ചേര്‍ന്ന് ഭ്രാന്തമായ മാനസികനിലയോടെയാണ് പുഴക്കരവക്കച്ചന്‍ കായലോരത്തെ തന്റെ തകര്‍ക്കപ്പെട്ട വീടു കാണാന്‍ പോയത്. ചീറിയെത്തുന്ന ബെന്‍സ് കാര്‍ കണ്ട് സംഭവസ്ഥലത്ത് കൂട്ടംകൂടിനിന്ന പ്രദേശവാസികള്‍ ഓടി മാറി. വക്കച്ചന്‍ കാര്‍ ബ്രേക്കിട്ടു നിര്‍ത്തി. ഉദ്വോഗത്തോടെ നോക്കി. തന്റെ മനോഹരമായ വീടും പരിസരവും ഇപ്പോള്‍ ഒരു മൈതാനമായി മാറിയിരിക്കുന്നു! വീടിന്റെ യാതൊരവശിഷ്ടങ്ങളും അവിടെ കാണുന്നില്ല. വക്കച്ചന്‍ പുറത്തിറങ്ങി.
''ഹെന്റെ... ദൈവമേ...'' അയാളുടെയുള്ളില്‍നിന്നും ഒരു വിലാപശബ്ദം പുറത്തുവന്നു.
മിനിറ്റുകളോളം വക്കച്ചന്‍ തന്റെ വീടിരുന്ന സ്ഥലത്തേക്കു നോക്കിനിന്നു. ഏതോ ഉള്‍പ്രേരണയാല്‍ തന്റെ മുണ്ടിന്റെ കോന്തലില്‍നിന്ന് ഒരു ഭാഗം അയാള്‍ കീറിയെടുത്തു. പിന്നെ കുനിഞ്ഞ് വലതുകൈകൊണ്ട് തറയില്‍നിന്ന് ഒരുപിടി മണ്ണുവാരി. അതു നെഞ്ചോടു ചേര്‍ത്തുപിടിച്ച് അസ്പഷ്ടമായി എന്തൊക്കെയോ പുലമ്പി. കൈയിലെടുത്ത മണ്ണ് തുണിക്കഷണത്തില്‍ കിഴിപോലെ കെട്ടി ജൂബയുടെ പോക്കറ്റിലിട്ടു. പിന്നെ തിരികെച്ചെന്ന്, കാറില്‍ക്കയറി വീട്ടിലേക്കു കുതിച്ചു. തറവാട്ടുവീടിന്റെ മുറ്റത്ത് കാറില്‍ച്ചെന്നിറങ്ങിയപ്പോള്‍ വരാന്തയില്‍ ഭാര്യയും മകളുമുണ്ടായിരുന്നു.
''ഇച്ചായാ, ഇതെവിടെപ്പോയി രാവിലെ? ഞങ്ങളെ പേടിപ്പിച്ചല്ലോ?'' ഫിലോമിന വിഷമത്തോടെ പറഞ്ഞു.
''ഞാനെന്റെ വീടൊന്നു കാണാന്‍ പോയതാ. കണ്ടില്ല. ഇനിയൊരിക്കലും ആരും കാണില്ലത്.'' ഉമ്മറത്തേക്കു കയറുമ്പോള്‍ വക്കച്ചന്‍ പറഞ്ഞു.
''ഇന്നല്ലേ തകര്‍ക്കുമെന്നു പറഞ്ഞത്?''
''അതെ. രാത്രിയിലേ അവര് പണിതീര്‍ത്തു. ഒന്നും... ഒന്നുംശേഷിച്ചിട്ടില്ലവിടെയിപ്പോള്‍. ഇതാ... ഇതുമാത്രം ഞാന്‍ കൊണ്ടുപോന്നു.'' ജൂബാപോക്കറ്റില്‍നിന്നു മണ്‍കിഴിയെടുത്ത് ഉയര്‍ത്തിക്കാട്ടി വക്കച്ചന്‍ പറഞ്ഞു.
''അതെന്താ, അച്ചായാ?'' ഫിലോമിന ചോദിച്ചു.
''പുരത്തറയില്‍നിന്ന് ഒരുപിടിമണ്ണ്.''
''അതെന്തിനാ.''
''ആവശ്യമുണ്ട്. ഞാനിതൊരിടത്തു സൂക്ഷിക്കും. ആവശ്യം വരുന്ന ദിവസമെടുക്കും.'' വക്കച്ചന്‍ അകത്തേക്കു കയറിപ്പോയി.
വീല്‍ച്ചെയറിലിരുന്ന മീരയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഫിലോമിന അടുത്തുചെന്ന് മകളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീര്‍ തുടച്ചു.
''കരയാതെടീ. പപ്പയിങ്ങു വന്നല്ലോ. രാവിലെ നമ്മളോടൊന്നും പറയാതെ, ഫോണുമിവിടെ വച്ചിട്ട് വണ്ടിയുമെടുത്തു പോയതല്ലേ. വല്ലാതെ പേടിച്ചു, ഞാന്‍.''
''പപ്പാ എന്തുമാത്രം മോഹിച്ച്, കഷ്ടപ്പെട്ട്, ഒത്തിരിപ്പണം മുടക്കി ഉണ്ടാക്കിയതല്ലേ? മകളോടുള്ള സ്‌നേഹം കാണിക്കാന്‍. ലോകത്തില്‍ വേറൊരപ്പനും ഇങ്ങനെയൊന്നു ചെയ്തിട്ടുണ്ടാവില്ല. ഷാജഹാന്‍ ചക്രവര്‍ത്തി ഭാര്യയോടുള്ള സ്‌നേഹം കാട്ടാന്‍ ഒരു ശവകൂടീരമല്ലേ പണിതത്.'' ഇടറിയ സ്വരത്തില്‍ മീരപറഞ്ഞു.
''നമുക്ക് ഇതിലും മനോഹരമായ മറ്റൊരു വീടുണ്ടാക്കാം മോളേ. പണമുണ്ടല്ലോ ഇഷ്ടംപോലെ. മീരമോള് സങ്കടപ്പെടാതെ.'' ഫിലോമിന മകളുടെ നെറുകയില്‍ തലോടിക്കൊണ്ടു പറഞ്ഞു.
''വേണ്ട. ഇനിയൊരു വീടൊന്നും വേണ്ട. എന്തിനാ നമുക്കു വീട്? പപ്പയും മമ്മിയും ഞാനും മരിക്കുന്നതോടെ നമ്മുടെ കുടുംബം തീരും. മമ്മിയും പപ്പയും ജീവിച്ചിടത്തോളം ഞാനുണ്ടാവില്ല. നിങ്ങള്‍ക്കുമുമ്പേ കടന്നുപോകണോന്നാ എന്റെയാഗ്രഹം. എനിക്കീലോകത്തില്‍ വേറേ ആരുണ്ട്?''
''പറയാതെ മോളെ അങ്ങനെയൊക്കെ. എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നെ?''
''ഞാന്‍ പറഞ്ഞത് ആലോചിക്കേണ്ട കാര്യമല്ലേ?'' മീര അമ്മയെ ഉറ്റുനോക്കി.
''പപ്പയുടെയും എന്റെയും മനസ്സില്‍ വേവലാതിയുണ്ട് മോളേ. ഏതെങ്കിലും നല്ല സ്ഥാപനത്തില്‍ സുരക്ഷിതമായ ഒരു സ്ഥലത്ത് നിന്നെ ഏല്പിച്ചിട്ടേ ഞങ്ങള് പോകൂ.''
''ബന്ധുക്കളായി ആരുമില്ലാത്ത, സ്‌നേഹിക്കാനാരുമില്ലാത്ത ഒരു ലോകത്ത് ജീവിച്ചിരിക്കുന്നതിനേക്കാള്‍ എത്ര നല്ലതാ മരണം.''
''നീയെപ്പഴും മരണത്തെപ്പറ്റി ഇങ്ങനെ പറയാതെ. അത് എല്ലാ മനുഷ്യര്‍ക്കുമുള്ളതാ. സമയം ദൈവം തീരുമാനിക്കും. നീയെത്ര ചെറുപ്പമാണ്. ഞങ്ങള്‍ പ്രായമായവരാണ്, മരണത്തെക്കുറിച്ചു കൂടുതല്‍ ചിന്തിക്കേണ്ടത്.'' ഫിലോമിന പറഞ്ഞു.
''അമ്മേ, അമ്മയെപ്പഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നമ്മുടെ കുടുംബത്തിനുണ്ടാകുന്ന തുടര്‍ച്ചയായ ദുരന്തങ്ങളെക്കുറിച്ച്? പപ്പയുടെ ഷാപ്പിലേക്ക് പാലക്കാട്ടുനിന്ന് കള്ളുകൊണ്ടുവന്നിരുന്നയാളല്ലേ കാലന്‍ മാത്തന്‍? പപ്പയുടെ ഗുണ്ടയായിട്ടും കഴിഞ്ഞു. അയാളെ ഇടവഴിയിലിട്ട് കുറേപ്പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്ന സംഭവമൊക്കെ ഞാന്‍ കുഞ്ഞുന്നാളില്‍ കേട്ടിട്ടുണ്ട്. ആളെ കണ്ടിട്ടുള്ളതായിട്ടും ചെറിയ ഓര്‍മ്മയുണ്ട്. ആ ഗുണ്ടയുടെ മകള് ഇന്ന് നമ്മുടെ ജില്ലയുടെ കളക്ടറായിരിക്കുന്നു! എന്തൊരു ഭാഗ്യമാ സലോമിക്കുണ്ടായത്. ഇവിടെ നമ്മള്‍ക്കാണെങ്കില്‍ ബെഡ്ഡിലും വീല്‍ച്ചെയറിലും ഒതുങ്ങുന്ന ജീവിതം!''
''മീരാ, നിന്റെ ചോദ്യത്തിന്റെ ഉത്തരം പറയാനെനിക്കു കഴിയില്ല. പണം ഒത്തിരിയുണ്ടാക്കുന്നത് ഒരിക്കലും നേരിന്റെ മാര്‍ഗ്ഗത്തിലായിരിക്കില്ല. അതുപോലെ പണം അധികമായിക്കഴിഞ്ഞാല്‍ പിന്നെ സകല സുഖങ്ങള്‍ക്കും ആഡംബരത്തിനും പിന്നാലെയുള്ള പരക്കം പാച്ചിലിലാകും മനുഷ്യന്‍. ഞാന്‍ പറഞ്ഞതില്‍ ചിലപ്പോള്‍ നിന്റെ ചോദ്യത്തിനുത്തരവും കാണും. നിന്റെ പപ്പായിപ്പോള്‍ വലിയ വിഷമത്തിലാ. ഞാനടുത്തേക്കൊന്നു ചെല്ലട്ടെ.'' അങ്ങനെ പറഞ്ഞിട്ട് ഫിലോമിന അകത്തേക്കു കയറിപ്പോയി. കുന്നിന്‍നെറുകയിലുള്ള തറവാട്ടുവീടിന്റെ ഉമ്മറത്തിണ്ണയില്‍ വീല്‍ച്ചെയറിലിരുന്നുകൊണ്ട് മീര കിഴക്കന്‍ മലനിരകളിലേക്കു കണ്ണയച്ചു. അവിടെ ചെറിയ ചെറിയ വീടുകളും അതിനോടിണങ്ങിയ മനുഷ്യജീവിതങ്ങളും ശ്രദ്ധയില്‍പ്പെട്ടു. കായല്‍ക്കരയിലെ ആധുനികരീതിയിലുള്ള ബംഗ്ലാവും നൂറ്റാണ്ടുപഴക്കമുള്ള ഈ തറവാടുവീടും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് മീരയ്ക്കു തോന്നി. അപ്പോള്‍ അകത്തു മുറിയില്‍നിന്നു മീരയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. അത് ഓടിച്ചെന്നെടുക്കാന്‍ അവള്‍ക്കു കഴിവില്ല. കൈയിലെടുത്ത് ഓണ്‍ ചെയ്യാനും ചെവിയോടു ചേര്‍ക്കാനും ശേഷിയില്ല. അമ്മ ഫോണുമായി ഓടിയെത്തി. അവളുടെ ചെവിയോടു ചേര്‍ത്തുപിടിച്ചു.
''ഹലോ... മീര...''
''ഈ ശബ്ദം കേട്ടിട്ടുണ്ട്. ആരാണെന്നു പിടികിട്ടുന്നില്ല.''
''ഞാന്‍ സലോമിയാ.''
''കളക്ടര്‍?''
''അതെ.''
''ദൗത്യം വളരെ ഭംഗിയായി നിര്‍വഹിച്ചതിന് അഭിനന്ദനങ്ങള്‍ സലോമി.''
''വളരെ വിഷമത്തോടെയാണ് ഞാനതു ചെയ്തത്. ഇപ്പോള്‍ സങ്കടം കൂടിക്കൂടി വരുന്നതുപോലെ. മീരയ്ക്ക് ആ വീടിനോടുള്ള താത്പര്യം കണ്ട് ഞാന്‍ അതിശയിച്ചിരുന്നു. വീട് പൊളിച്ചുനീക്കാന്‍ തീരുമാനമെടുത്തത് മനഃപൂര്‍വ്വമല്ല വൈരാഗ്യംകൊണ്ടുമല്ല.''
''എനിക്കറിയാം. കഴിഞ്ഞ ദിവസം സലോമി അതു പറഞ്ഞതാണല്ലോ.''
''നിങ്ങളിപ്പോള്‍ എവിടെയാണ് താമസിക്കുന്നത്?''
''അവിടെനിന്നു കുറയെകലെ. തറവാട്ടുവീട്ടില്‍. എല്ലാം പഴയത്. ഭംഗിയെക്കാള്‍ പാരമ്പര്യവും പഴക്കവുമാണിതിന്റെ മേന്മ.''
''മീരയ്ക്കതുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലായിരിക്കും.''
''ഇവിടുന്നു മാറണമെന്ന് നിര്‍ബന്ധം പിടിച്ചതു ഞാനാ. എന്റെ സന്തോഷത്തിനാ പപ്പാ കോടികള്‍ മുടക്കി ആ വീടു പണിതത്. അത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിരുന്നെങ്കില്‍ എനിക്കു സങ്കടമില്ലായിരുന്നു. ആര്‍ക്കുമില്ലാതെ നശിപ്പിച്ചുകളഞ്ഞല്ലോ.''
''കോടതിയുത്തരവ് പൊളിച്ചു നീക്കണമെന്നുതന്നെയായിരുന്നു.''
''എനിക്കിത്തരം ഉത്തരവുകളോടു യോജിപ്പില്ല. ഞങ്ങളുടെ വീട് സര്‍ക്കാരിന്റെ ബംഗ്ലാവായി ഉപയോഗിക്കാമായിരുന്നില്ലേ? വിശിഷ്ടവ്യക്തികള്‍ സന്ദര്‍ശനത്തിനു വരുമ്പോള്‍ അവരെ താമസിപ്പിക്കാമായിരുന്നു. ഇന്നിപ്പോള്‍ ആര്‍ക്കും പ്രയോജനമില്ലാതെ നശിപ്പിക്കുകയായിരുന്നില്ലേ.''
''മീരാ, പുഴയും കായലുമൊക്കെ ഒതുക്കപ്പെടുകയാണ്. അത് ഭാവിയില്‍ വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കു കാരണമാകും. തീര്‍ത്തും ദുര്‍ബലരായ കുറെ പരിസ്ഥിതിപ്രവര്‍ത്തകര്‍ മാത്രമുണ്ടെതിര്‍ക്കാന്‍. നൂറുകണക്കിനു പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. സമരങ്ങള്‍ ഉണ്ടാകുന്നുണ്ട്. വിരലിലെണ്ണാവുന്നവപോലും വിജയിക്കാറില്ല.''
''ഞങ്ങളുടെ വീട് പരിസ്ഥിതിക്ക് ഒരു ദ്രോഹവുമുണ്ടാക്കിയെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.''
''നിയമവിരുദ്ധമായ കയ്യേറ്റമവിടെ നടന്നു.''
''ഇവിടെ നടക്കുന്ന കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നുണ്ടോ?''
''ഇല്ല. ഞാന്‍ എന്റെ അധികാരപരിധിയിലുള്ളത് ഒഴിപ്പിക്കാന്‍ നോക്കും. എല്ലാം ഭംഗിയാക്കാന്‍ എനിക്കു കഴിയില്ല.''
''മോളേ. നിര്‍ത്ത്. എന്തിനാ ആ വൃത്തികെട്ടവളുടെ വായിലിരിക്കുന്നതു മുഴുവന്‍ കേള്‍ക്കുന്നെ.'' അങ്ങനെ പറഞ്ഞ് എലിസബത്ത് ഫോണ്‍ മീരയുടെ ചെവിയോരത്തുനിന്നു മാറ്റി.
മീര ഷോക്കേറ്റതുപോലെയായി. അവള്‍ പൊട്ടിക്കരഞ്ഞു. സ്വന്തമായി ഒരു ഫോണ്‍ ഡയല്‍ ചെയ്യാനോ, ചെവിയരുകില്‍ പിടിച്ചു കേള്‍ക്കാനോ, ഓഫാക്കാനോപോലും കഴിയാത്ത അവള്‍ക്ക് താന്‍ അപമാനിതയായതുപോലെ തോന്നി.
''അമ്മേ... എന്തിനാ ഞാന്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഫോണ്‍ മാറ്റിയത്?'' വിങ്ങിപ്പൊട്ടിക്കൊണ്ട് മീര ചോദിച്ചു.
''മോളേ, അവള് നമ്മുടെ ഏറ്റവും വലിയ ശത്രുവല്ലേ? വലിയ ദ്രോഹം ചെയ്തവളല്ലേ? എന്നിട്ടും നീയവളോടു മിണ്ടുന്നത് സഹിക്കാന്‍ പറ്റാഞ്ഞിട്ടാ അമ്മ ഫോണ്‍ മാറ്റിയത്. നിനക്കത്ര താത്പര്യമാണെങ്കില്‍ ഞാന്‍ നമ്പര്‍ ഡയല്‍ ചെയ്തുതരാം.''
''വേണ്ട. ഇനിയൊരിക്കലും ഞാനാരോടും ഫോണില്‍ സംസാരിക്കുന്നില്ല. സലോമി എന്റെ എനിമിയല്ല. ഫ്രണ്ടാണ്. സലോമിയല്ല നമ്മോടു ദ്രോഹം ചെയ്തത്. അത് വേറേ ചിലരാ.'' മീര പരിഭവത്തോടെ പറഞ്ഞു.
''പിണങ്ങാതെ പൊന്നുമോളേ. ഇതാ ഞാന്‍ സലോമീടെ നമ്പര്‍ ഡയല്‍ ചെയ്തിട്ടുണ്ട്. നീ സംസാരിക്ക്.'' ഫിലോമിന, സലോമിയുടെ നമ്പര്‍ ഡയല്‍ ചെയ്തിട്ട് റിങ്ങുചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഫോണ്‍ മീരയുടെ ചെവിയോടു ചേര്‍ത്തു.
''വേണ്ട... കൊണ്ടുപോ... കൊണ്ടുപോ... എനിക്കൊന്നും വേണ്ട.''
മീര അവള്‍ക്കാവുംവിധം എതിര്‍ത്തു.