•  1 May 2025
  •  ദീപം 58
  •  നാളം 8
നോവല്‍

കാറ്റിന്റെ മര്‍മരങ്ങള്‍

മോനു ഒരു കമ്പില്‍ തുണികെട്ടിക്കൊണ്ട്, പുരയ്ക്കു ചുറ്റും  സിന്ദാബാദ് കളിക്കുകയാണ്. കുറേ മുദ്രാവാക്യങ്ങള്‍ തെറ്റിച്ചു പറയുന്നു. തെറ്റാണെങ്കിലും കേള്‍ക്കാന്‍ ഇമ്പമാണ്. ഒരു കാച്ചട്ടയും അമ്മ തുന്നിക്കൊടുത്ത ഒരു റേന്ത ബനിയുമാണ് ഇട്ടിരിക്കുന്നത്. 
''ഇന്ദിരേ നീയൊരുപെണ്ണല്ലേ,
നിനക്കു രണ്ടുമക്കളില്ലേ''
''ഉമ്മന്‍ ചാണ്ടീ നേതാവേ ഞങ്ങടെ ഓമനനേതാവേ,
നിന്നെപ്പിന്നെക്കണ്ടോളാം...
ഇയെമ്മസ്സിനെ ഈയംപൂശി
ഈയലുപോലെ പറപ്പിക്കാം.
ചൊമലച്ചെങ്കൊടി എന്തിനു കൊള്ളാം, 
കെ. ആര്‍. ഗൗരിക്കു ബ്ലൗസ്സിനു കൊള്ളാം.''
മുദ്രാവാക്യങ്ങളിങ്ങനെ മാറിമാറി വിളിക്കുകയാണ്.
അതിങ്ങനെ ഓളങ്ങളായി താളങ്ങളായി അന്തരീക്ഷത്തില്‍ അനുസ്യൂതം അലയടിക്കുകയാണ്, മോനുവിന്റെ കണ്ഠത്തില്‍ നിന്ന്.
കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരുമൊക്കെ യാത്രക്കാരായി വഴിയേ പോകുന്നുണ്ട്. ചിലര്‍ അതിലെ കോമഡി പറഞ്ഞ് ആസ്വദിച്ചു ചിരിക്കുന്നുമുണ്ട്.
പള്ളിപ്പെരുന്നാളു കൂടാന്‍ കിട്ടിയ ചെറിയതുകകള്‍ കൂട്ടിവച്ച് അമ്മയുടെ നിര്‍ബന്ധപ്രകാരം ലിസി ഒരു ഓറഞ്ചുനിറമുള്ള ഹാഫ്സാരി വാങ്ങിച്ചു.
മറ്റേ സാരികള്‍ മേഴ്‌സി മാറി മാറിയുടുത്ത് സ്വന്തംപോലെയാക്കിയിരിക്കുകയാണ്.
ലിസി അമ്മയുടെ മുന്നില്‍ ഒരാഗ്രഹം സമര്‍പ്പിച്ചു: ''അമ്മേ എനിക്കു പഠിക്കണം.''
അമ്മ പറഞ്ഞു: ''ഞാനും കുറേയായി ആലോചിക്കുന്നു, നിന്നെ പഠിപ്പിക്കുന്ന കാര്യം.''
അമ്മ തുടര്‍ന്നു: ''എന്നാ എടുത്തിട്ട് ഫീസു കൊടുക്കും, മേഴ്‌സിക്കുട്ടിയാണേല്‍ ടൈപ്പും ഷോര്‍ട്ടാന്റും ഇംഗ്ലീഷും മലയാളോം എല്ലാംകൂടെ ഒന്നിച്ചങ്ങു പഠിക്കുകയുമാണ്. അവളതു കൂടാതെ വനിതാസമാജത്തില്‍ച്ചേര്‍ന്ന് തയ്യലും പഠിക്കുന്നു.
''പെമ്പിള്ളേരായാല്‍ അല്പം ബുദ്ധീംകഴിവുമൊക്കെ വേണം. അതെങ്ങനെയാ അവള്‍ക്കു തൊട്ടുകൊടുത്തതും തലതൊട്ടതും പേരും എല്ലാം കരോട്ടെയമ്മച്ചിയല്ലേ, ആ പേരിന്റ വാശി അവളു കാണിക്കും, നിനക്കാണേല്‍ 'പുഴുങ്ങിയ നെല്ലിനു വാപൊളിക്കാനറിയാത്ത' എന്റെ അമ്മയാണു തലതൊട്ടത്, അമ്മയുടെ പേരുമാണ്, വെറുതെ മറ്റുള്ളവര്‍ക്കുവേണ്ടി കൂലിയില്ലാപ്പണി ചെയ്യും, അമ്മ കഷ്ടപ്പെട്ടതിനൊരന്തമുണ്ടോ.''
അമ്മ അപ്പനോടാലോചിച്ചു: ''ഇച്ചാച്ചാ നമ്മുടെ ലിസിക്കുട്ടിയെ ഇങ്ങനെ നിര്‍ത്തിക്കോണ്ടു നിന്നാ മതിയോ വല്ലോം പഠിപ്പിക്കണ്ടേ?''
അപ്പന്‍ പറഞ്ഞു: ''അവളു  വീട്ടിലുള്ളത് നിനക്കൊരാശ്വാസമല്ലേടീ, പശൂന്റെ കാടിയും പുല്ലും കൂടു വൃത്തിയാക്കലുമൊക്കെ അവളല്ലേ ചെയ്യുന്നത്. പോരാഞ്ഞിട്ട്, അപ്പാപ്പന് പ്രാര്‍ഥന ചൊല്ലിക്കൊടുക്കാനും പത്രം വായിച്ചു കൊടുക്കാനുമൊക്കെ വേറെ ആരിരിക്കുന്നു?'
''അതൊന്നും പറഞ്ഞാ പറ്റില്ലിച്ചാച്ചാ, അതിന്റെ ഊരു പിരാകുന്നുണ്ട്, അതിനെ പഠിപ്പിക്കാന്‍ വിടണം.'' 
അമ്മേയോട് ലിസിക്ക് ഒത്തിരി ഇഷ്ടം തോന്നി. പാവം അമ്മ. തനിക്കുവേണ്ടി വാദിക്കുന്നു. 
മുറിക്കുള്ളില്‍ സാരിയുടുത്ത് 'ടൈപ്പിനു പോകാന്‍'   ഒരുങ്ങിക്കൊണ്ടിരുന്ന മേഴ്‌സിയുടെ അടുക്കല്‍ അമ്മ ചെന്നിട്ടു പറഞ്ഞു: ''മേഴ്‌സിമോളിനി ഏതെങ്കിലും രണ്ടു കൂട്ടം പഠിച്ചാ മതി. മലയാളമോ ഇംഗ്ലീഷോ ഏതെങ്കിലും. രണ്ടുകൂട്ടം ലിസിയമ്മയും പഠിക്കട്ടേ. ഇംഗ്ലീഷ് ടൈപ്പും ഇംഗ്ലീഷ് ഷോര്‍ട്ടാന്റും.''
''...യ്യോ അമ്മേ അതു പറ്റില്ല, നാലും കൂടെ എളുപ്പം പഠിച്ചാല്‍ എനിക്കുടനെ പി. എസ്.സി. എഴുതി ജോലീല്‍കേറാം. മലയാളം ടൈപ്പും മലയാളം ഷോര്‍ട്ടു ഹാന്‍ഡും, ഇംഗ്ലീഷ് ടൈപ്പും ഇംഗ്ലീഷ് ഷോര്‍ട്ടുഹാന്‍ഡും. ഈ നാലിന്റെയും ഹയര്‍ എടുത്ത ഒരൊറ്റയാളുപോലും ജോലിയില്ലാതെ നില്ക്കുന്നില്ല. ജോലി കിട്ടിയാലുടനെ  ഞാനവളെ പഠിപ്പിച്ചോളാം, മാത്രമല്ല ബാക്കി എല്ലാരേം പഠിപ്പിച്ചോളാം.'
അമ്മ കട്ടായം പറഞ്ഞു: 
''മേഴ്‌സി ഇനീം മിണ്ടരുത്, ഞാനീപ്പറയുന്നത് നീ കേക്കണം, ...ന്റെ റോയിച്ചന്റെ സ്വപ്നങ്ങള്‍ പൂഴ്ത്തിവച്ചിട്ടാണവന്‍ ബോംബേല്‍ ജോലി തേടി പോയത്. ആ കിട്ടുന്ന കാശിന്  നിന്നെ ഒരുത്തിയേ മാത്രം പഠിപ്പിച്ചാല്‍ മതിയോ? ലിസിയമ്മയുടെ ശാപം നിനക്കു കിട്ടില്ലേ? റോയിച്ചന്‍ നിര്‍ബ്ബന്ധിച്ചിട്ടാ ഞാനവളെ പഠിപ്പിക്കാനാലോചിക്കുന്നതു തന്നേ, അവളെയങ്ങനെ തറവാട്ടുകാര്‍ക്കു കോരാന്‍ വിട്ടാല്‍ മതിയോ?''
പക്ഷേ, അമ്മ എന്തിനാണ് മേഴ്‌സിയോട് ആലോചിക്കുന്നത്,  മേഴ്‌സിക്ക് എന്താ ഈ വീട്ടില്‍ ഇത്ര വല്യ സ്ഥാനം! ലിസിക്ക് ദേഷ്യംവന്നു. 
എന്നാല്‍, മേഴ്‌സിക്ക് ഒരു യോജിപ്പുമില്ല, ലിസിയെ ഇപ്പോള്‍ പഠിപ്പിക്കുന്നതിനോട്.
അന്നു ചാക്കോച്ചന്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മ പറഞ്ഞു:
''ചാക്കോച്ചാ എന്റെ റോയിമോനെക്കൂടേ ഒന്നു കൊണ്ടു പോകാന്‍ പറഞ്ഞിട്ട് നിങ്ങളാരും മനസ്സുവച്ചില്ലല്ലോ, ആ പാവം ഒരു പെന്‍സില്‍ കമ്പനിയില്‍ തുച്ഛമായ ശമ്പളത്തിലൊരു ജോലീക്കേറി, റൊട്ടീംതിന്ന്, പൈപ്പുവെള്ളോം കുടിച്ചോണ്ട്, കിട്ടുന്ന കാശ് അയച്ചുതരും. എന്നിട്ടും എന്റെ ലിസിമോളേക്കൂടെ പഠിപ്പിക്കാനയയ്ക്കാന്‍ പറ്റുന്നില്ല.''
അമ്മ അഭിമാനിയാണ്, എന്നിട്ടും മക്കള്‍ക്കുവേണ്ടി മാനാഭിമാനങ്ങള്‍ നോക്കാതെ  സഹോദരീപുത്രനോടു സങ്കടം പറയുന്നു. ലിസിക്കതില്‍ ഒത്തിരി വേദനതോന്നി.
അമ്മയും ചാക്കോച്ചനും സമപ്രായക്കാരാണ്. അതിന്റെ അടുപ്പം ചാക്കോച്ചായന് അമ്മയോടുണ്ട്. എങ്കിലും സ്ഥാനംവച്ച് അമ്മയെ കൊച്ചമ്മ എന്നാണ് വിളിക്കുന്നത്. 
അമ്മയുടെ അമ്മയും അമ്മയുടെ രണ്ടാമത്തെ ചേടത്തിയും ഒരേ മാസം പ്രസവിച്ചതാണവരെ. അമ്മയെക്കാള്‍ മൂത്തമക്കള്‍ വേറെയും അമ്മയുടെ ജ്യേഷ്ഠത്തിമാര്‍ക്കുണ്ട്. 
അമ്മയുടെ അപ്പച്ചന്‍ രണ്ടാം വിവാഹം കഴിച്ചതാണ് അമ്മയുടെ അമ്മയെ. അന്ന് ആ വല്യമ്മച്ചിക്ക് പതിനാറു വയസ്സ് പ്രായം. അപ്പച്ചന്റെ ആദ്യഭാര്യയില്‍ രണ്ടു പെണ്‍മക്കളും ഒരു മകനുമുണ്ട്. പെണ്മക്കള്‍ക്ക് പതിനഞ്ചും പതിമ്മൂന്നും പ്രായം. മകനു മൂന്നു വയസ്സുമാത്രം. പെണ്‍മക്കള്‍ കൊച്ചമ്മയെന്നും മകന്‍ അമ്മയെന്നും വിളിച്ചു. 
അമ്മയുടെ അപ്പന്റെ പേരാണ് ചാക്കോച്ചനിട്ടിരിക്കുന്നത്. ആ പേരാണ് ജാക്‌സന്റെ പള്ളിപ്പേര് -ചാക്കോ. ചാക്കോ പരിഷ്‌കരിച്ച് ജാക്‌സണ്‍ എന്നാക്കിയത് മാത്യുപ്പാപ്പനാണ്.
അമ്മയുടെ അമ്മയെ എട്ടാം വയസ്സില്‍ ഒരു പുരാതനതറവാട്ടിലേക്ക് ആദ്യം  കെട്ടിച്ചയച്ചതാണ്. ഒരു കിലോ സ്വര്‍ണ്ണം തൂക്കിക്കൊടുത്തു. ഒരു വീട്ടില്‍ ആവശ്യമായ ഓട്ടുപാത്രങ്ങളും ചെമ്പുപാത്രങ്ങളുമെല്ലാം നല്കി.  ഒറ്റപ്പെണ്ണായതിനാല്‍ ആണ്‍മക്കളുടെയൊപ്പം അവകാശം പറഞ്ഞുവച്ചു. 
എന്നാല്‍, പാവംവല്യമ്മച്ചി ഒമ്പതാം വയസ്സില്‍ വിധവയായി. അക്കാലത്ത് പരക്കെ നാട്ടിലെമ്പാടും വസൂരിരോഗം വന്നു. വസൂരിരോഗം വന്നവരെയെല്ലാം മാറ്റിപ്പാര്‍പ്പിക്കണം, അതാണ് കീഴ്‌വഴക്കം. 
ഈ മാറ്റിപ്പാര്‍പ്പിക്കല്‍ കൊണ്ടാകാം മരണസംഖ്യ ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണമെന്ന് വല്യമ്മച്ചി പറയാറുണ്ട്. കാരണം, വസൂരിയുടെ ചികിത്സകന്‍ പുലയജാതിയില്‍പ്പെട്ട ഒരാളാണ്.  വസൂരി വന്നവരെ സംരക്ഷിക്കുന്നത് അവരാണ്.  രോഗി ദാഹിച്ചുവലഞ്ഞ് വെള്ളം ചോദിക്കുമ്പോള്‍ അയാള്‍ കരിക്കുവെട്ടി വെളളം, പൊള്ളി പനിച്ചുകൊണ്ടിരിക്കുന്ന രോഗിയുടെ നെഞ്ചില്‍ ഒഴിക്കുമത്രേ, പിന്നെ താമസമില്ല മരണം പൊടുന്നനേ സംഭവിക്കുമത്രേ. 
അമ്മച്ചിയോടൊപ്പം കൊത്താങ്കല്ലാടുകയും 'ഏക്കുട്ടന്‍ചാത്തി'കളിക്കുകയും ചെയ്തുകൊണ്ടിരുന്ന അമ്മയുടെ ആദ്യഭര്‍ത്താവിനും വസൂരി പിടിപെട്ടു.  രോഗത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട അനിയന്‍ പീലിക്കുഞ്ഞാണത്രേ ഈ നഗ്‌നസത്യങ്ങള്‍ ജീവനോടെ ശേഷിച്ച എല്ലാവരുടെയും മുന്നിലനാവരണം ചെയ്തത്. 
വല്യമ്മച്ചിയുടെ ഭര്‍ത്താവും അമ്മായിയപ്പനും ഭര്‍ത്തൃസഹോദരന്മാരും വിധിയുടെ വിളയാട്ടത്തില്‍ ഇല്ലാതായി, പീലിക്കുഞ്ഞു മാത്രം രക്ഷപ്പെട്ടു. 
വല്യമ്മച്ചിയുടെ ആദ്യഭര്‍ത്താവിന്റെ പേരുപോലും അന്ന് വല്യമ്മച്ചിക്കറിയില്ല. പിന്നെയാരും അതേച്ചൊല്ലി മിണ്ടിയിട്ടുമില്ല.
അസുഖം കൂടി മാറ്റിപ്പാര്‍പ്പിച്ചയുടന്‍ വല്യമ്മച്ചിയുടെ അപ്പന് ആളുപോയി, 'എത്രയും വേഗം അന്നക്കുഞ്ഞിനെ വന്നു കൊണ്ടുപൊയ്‌ക്കോളാന്‍.'
കാല്‍നടയായിട്ടാണ് പാമ്പാടിയില്‍നിന്നു കങ്ങഴയ്ക്കു യാത്ര ചെയ്യുന്നത്. പൊത്തമ്പുറം ഭാഗത്തൂടെ യാത്ര ചെയ്തപ്പോള്‍ വല്യമ്മച്ചിക്ക് മൂത്രമൊഴിക്കണം. അപ്പച്ചന്‍ കാണാതിരിക്കാന്‍ വല്യമ്മച്ചി ഇത്തിരി ഉള്ളിലേക്കുപോയി, ഇരുന്നു. അപ്പോള്‍ കേള്‍ക്കാം ഒരു ഞരക്കം.
''വെള്ളം, വെള്ളം.''
ആരോ വെള്ളം ചോദിച്ചു കരയുന്നു.
വല്യമ്മച്ചിഅടുത്തുചെന്നു, ഒരു ചെറിയ കുടിലില്‍ ഒരു വൃദ്ധ തറയില്‍ കിടക്കുന്നു. അടുത്തു മറ്റാരുമില്ല. അവര്‍  കരയുകയാണ്. അടുപ്പു കൂട്ടിയിരിക്കുന്ന ഭാഗത്ത് ഒരു കലത്തില്‍ കുറേ കഞ്ഞിവെള്ളമുണ്ട്. വല്യമ്മച്ചി കുറച്ചു കഞ്ഞിവെള്ളമെടുത്ത്  ആ വൃദ്ധയ്ക്കു കൊടുത്തു. വല്യമ്മച്ചിക്കും ദാഹമുണ്ടായിരുന്നു, ഇത്തിരി വല്യമ്മച്ചിയും  കുടിച്ചു.
വല്യമ്മച്ചിയുടെ ജീവിതത്തിലെ സൈ്വരം മുഴുവന്‍ മാറ്റിക്കളഞ്ഞ ഒരു ദുര്‍വിധിയായിരുന്നത്. 
വസൂരിയോടൊപ്പം പല സ്ഥലങ്ങളിലും കോളറായും ബാധിച്ചിരുന്നു. വല്ലാത്ത ഒരു ദുഷ്‌ക്കാലമായിരുന്നു അത്. ആ നൂറ്റാണ്ടിലെ മഹാമാരികളായിരുന്നു വസൂരിയും കോളറായും.
ഇന്ന് വസൂരി ലോകത്തുനിന്ന് തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. 
വീട്ടിലെത്തിയ വല്യമ്മച്ചി ഒഴിച്ചിലും ഛര്‍ദ്ദിയുമായി മരണത്തോടു മല്ലടിച്ചു. വല്യമ്മച്ചി മരിച്ചു. 
വലിയ കുടുംബത്തിലെ ഒരു പ്രമാണിയുടെ മകളായ അന്നക്കുഞ്ഞിന്റ അകാലമരണം കുടുംബക്കാരെ മാത്രമല്ല, നാട്ടുകാരെയും ഏറെ വേദനിപ്പിച്ചു.
വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ ശവം മുറ്റത്തെ പന്തലിലേക്കെടുക്കുകയാണ്.  പ്രാര്‍ഥനകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. 
കൊച്ചുശവപ്പെട്ടിയില്‍ അന്നക്കുഞ്ഞിനെ ഒരുക്കിക്കിടത്തി. അമ്മ വാവിട്ടു നിലവിളിച്ചു. അമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ബന്ധുക്കള്‍ വിഷമിച്ചു.
ഈ സമയത്ത് കുടുംബത്തിലെ ഒരു കാരണവര്‍ക്കു സംശയം; 'മരിച്ച് ഏറെ സമയം പിന്നിട്ടിട്ടും ശരീരത്തില്‍ 'ഒച്ചിന്റെ' തണുപ്പ് വരുന്നില്ലല്ലോ' 
അദ്ദേഹം ഒരു പേനാക്കത്തിയെടുത്ത് അന്നക്കുഞ്ഞിന്റെ പല്ലുകള്‍ ബലമായി അകറ്റി രണ്ടുതുള്ളി വെള്ളമൊഴിച്ചു. അന്നക്കുഞ്ഞ് വെള്ളം ഇറക്കി. അങ്ങനെ മരിച്ചെന്നു കരുതി കുടുംബ ക്കല്ലറയില്‍ അടക്കാന്‍ തുടങ്ങിയ അന്നക്കുഞ്ഞിന് ഒരു രണ്ടാംജന്മം കിട്ടി. 
ഇനിയാണ് അന്നക്കുഞ്ഞിന്റെ നരകകാലം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയത്. അന്നക്കുഞ്ഞിനായി ഒരുക്കിയ കല്ലറയില്‍ അമ്മയെ അടക്കി. അമ്മയ്ക്കും അപ്പച്ചനും അന്നക്കുട്ടിയില്‍നിന്നു കോളറാ പകര്‍ന്നിരുന്നു. 
പിറ്റേന്ന് അപ്പച്ചന്‍ അദ്ദേഹത്തിന്റെ സ്വന്തം തറവാട്ടില്‍ക്കൊണ്ടെ അന്നക്കുട്ടിയെയും ഇളയ മൂന്നു സഹോദരന്മാരെയും സ്വന്തം അമ്മയെ ഏല്പിച്ചു, ഒപ്പം അന്നക്കുട്ടിയുടെ അമ്മ മകള്‍ക്കായി സൂക്ഷിച്ച പൊന്നാ
ഭരണങ്ങളും. 
അദ്ദേഹം സ്വന്തംവീട്ടിലേക്കു മടങ്ങിപ്പോയി. ആ രാത്രിയില്‍ കോളറാ മൂലം അദ്ദേഹവും മരണപ്പെട്ടു. 
പിന്നീട് അന്നക്കുഞ്ഞും സോദരന്മാരും ആ വലിയ വീടിന്റെ ഉരപ്പുരയിലാണു കഴിഞ്ഞത്. ഒരു വേലക്കാരി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ജോലി അന്നക്കുഞ്ഞ് ആ കുടുംബത്തില്‍ ചെയ്തു. കേവലം ഒമ്പതു വയസ്സു മാത്രം പ്രായമുള്ള അന്നക്കുട്ടി തന്റെ  അപ്പന്റെയമ്മ നിര്‍ദ്ദാക്ഷിണ്യം നല്കിയ സകല ജോലികളും ഒരു അടിമയെപ്പോലെ ചെയ്തു.
പതിനാറുവയസ്സിന്റെ നിറവില്‍നിന്ന അതിസുന്ദരിയായ അന്നക്കുട്ടിയെ കാണുമ്പോളൊക്കെ അന്നക്കുട്ടിയുടെ വല്യപ്പന്റെ അനുജന്‍ കിഴക്കേടത്തെ മത്തായിപ്പാപ്പന്  സഹിക്കാനാവാത്ത സങ്കടമാണ്. വല്യപ്പന്റെ അനുജനും അന്നക്കുട്ടിയുടെ അപ്പച്ചനും ഉറ്റബന്ധുക്കള്‍ മാത്രമല്ല ഉറ്റ ചങ്ങാതിമാരുമായിരുന്നു. 
അങ്ങനെയൊരിക്കല്‍ മത്തായിപ്പാപ്പന്‍ കൊണ്ടുവന്ന ആലോചനയാണ് പട്ടശ്ശേരി ചാക്കോച്ചനുമായുള്ള അന്നക്കുഞ്ഞിന്റെ വിവാഹം. അന്നക്കുഞ്ഞിന്റെ അമ്മ കൊടുത്ത സ്വര്‍ണ്ണക്കിഴിയില്‍നിന്ന് ഒരു കഴുത്തിലപോലും ദുഷ്ടയായ ആ അപ്പന്റെയമ്മ കൊടുത്തില്ല.     
വറചട്ടിയില്‍നിന്ന്  ആളിക്കത്തുന്ന ചെമ്പടുപ്പിലേക്ക് എന്നപോലെയായി അന്നക്കുഞ്ഞിന്റെ തുടര്‍ജീവിതം.
കഷ്ടതയിലും പാട്ടുപാടി ദൈവത്തെ സ്തുതിക്കുന്ന, എല്ലാവരോടും എളിമയോടെ മാത്രം പെരുമാറുന്ന സ്‌നേഹമയിയായ ആ വല്യമ്മച്ചിയാണ് ലിസിമോളുടെ തലതൊട്ടത് വല്യമ്മച്ചിയുടെ പേരാണ് ലിസിയുടെ പള്ളിപ്പേര് - അന്ന.
വല്യമ്മച്ചിയാണത്രേ വാകത്താനംവരിക്ക എന്ന പേരില്‍ പ്രസിദ്ധമായ വരിക്കപ്ലാവുകള്‍ വാകത്താനത്തു നട്ടത്.  

(തുടരും) 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)