ഡിസംബര്‍ 27 പിറവിക്കാലം 1-ാം ഞായര്‍
ഉത്പ 21 : 9-21 1 സാമു 1 : 21-28
ഗലാ 4 : 21-5 : 1 മത്താ 2 : 1-12
ജ്ഞാനികളുടെ യാത്ര
മത്തായിയുടെ സുവിശേഷം രണ്ടാമധ്യായത്തിന്റെ ആദ്യഭാഗം ജ്ഞാനികളുടെ യേശുസന്ദര്‍ശനമാണ്. രണ്ടാമധ്യായത്തിന്റെ രണ്ടാംഭാഗം തിരുക്കുടുംബത്തിന്റെ ഈജിപ്തിലേക്കുള്ള പലായനകഥയാണ്. ആദ്യഭാഗം രക്ഷകനെത്തേടിയുള്ള യാത്രയാണ്. രണ്ടാംഭാഗം രക്ഷയ്ക്കുവേണ്ടി രക്ഷകനൊത്തുള്ള യാത്രയാണ്. ജ്ഞാനികളുടെ അന്വേഷണവിഷയം രക്ഷകനായ യേശുവായിരുന്നു. കിഴക്കു കണ്ട നക്ഷത്രമായിരുന്നു അവരുടെ വഴികാട്ടി. വിവരമറിഞ്ഞ ഹേറോദേസ് രാജാവ് നക്ഷത്രമെണ്ണി!
സ്വസ്ഥത നല്‍കാന്‍ വന്നവന്റെ പിറവി രാജാവിന്റെ സ്വസ്ഥത കെടുത്തി!
രാജാവും അന്വേഷണം തുടങ്ങി. ക്രിസ്തു എവിടെയാണ് ജനിക്കുന്നത്? ക്രിസ്തു ഏവരുടെയും അന്വേഷണവിഷയമായി. പ്രവാചകവചനത്തില്‍നിന്ന് ക്രിസ്തുവിന്റെ ജന്മസ്ഥലം അവര്‍ കണ്ടെത്തി. 'ബേത്‌ലഹേം.' വാക്കിന്റെയര്‍ത്ഥം 'അപ്പത്തിന്റെ ഭവന'മെന്നാണ്. കുരിശുമരണത്തിനുമുമ്പ് മനുഷ്യമക്കളുടെ ഒപ്പമാകാന്‍ അപ്പമായവന്‍ ഇതാ അപ്പത്തിന്റെ ഭവനത്തില്‍ ജാതനായിരിക്കുന്നു! എന്തൊരദ്ഭുതം!
അപ്പം വര്‍ദ്ധിപ്പിച്ചു നല്‍കിയവന്‍, സ്വര്‍ഗ്ഗീയഅപ്പത്തെക്കുറിച്ച് ഏറെ സംസാരിച്ചവന്‍, ഇതാ അപ്പത്തിന്റെ ഭവനത്തില്‍ പിറന്നിരിക്കുന്നു. എന്തൊരതിശയം!
ഹേറോദേസ് രാജാവ് ഇതിനോടകം തന്റെ നക്ഷത്രഗവേഷണം ഊര്‍ജ്ജിതമാക്കി. അതും സൂക്ഷ്മമായി അന്വേഷിക്കാന്‍ വിജ്ഞാനികളെ പറഞ്ഞയച്ചു. 'സൂക്ഷ്മമായി' എന്ന പദം ഇവിടെ ആവര്‍ത്തിച്ചു കടന്നുവരുന്നു. രാജാവ് ജ്ഞാനികളോടു പറഞ്ഞതുപോലെ അത് അവനെ ആരാധിക്കുവാന്‍വേണ്ടി യുള്ള സൂക്ഷ്മതയോ ആകാംക്ഷയോ ആയിരുന്നില്ല. അവനെ നിഗ്രഹിക്കാനുള്ള അഭിവാഞ്ഛയും സൂക്ഷ്മതയുമായിരുന്നു.
നക്ഷത്രശോഭയില്‍ വിജ്ഞാനികള്‍ സന്തോഷത്തോടെ യാത്ര തുടര്‍ന്നു. അവരുടെ തലയ്ക്കുമുകളില്‍ വെട്ടമുണ്ടായിരുന്നു. ദൈവികമായ വെളിച്ചം. ആത്മാവ് വെള്ളത്തിനുമീതേ ചലിച്ചുകൊണ്ടിരുന്നു. ഒരു ചലനകഥയോടെയാണ് ബൈബിളിന്റെ തുടക്കം. അതുപോലെ ''മുകളില്‍ പരിശുദ്ധാത്മാവ് ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിതത്തെയാണ് ക്രിസ്തുവിലുള്ള ജീവിതമെന്നു പറയുക'' (ഫാ. ഫ്രാന്‍സീസ് ആചാര്യ).
ഹേറോദേസ് കൊട്ടാരത്തില്‍ വെട്ടം കെട്ടവനായി നട്ടംതിരിഞ്ഞു. സൂര്യപ്രകാശം മഞ്ഞിനെ ഉരുക്കും. മണ്ണിനെ ഉണക്കും. ഉരുകാത്ത മനസ്സോടെ ഹൃദയം കടുത്തവനായി 'ഫറവോഹൃദയ'നായി ഹേറോദേസ് കഴിഞ്ഞു. നക്ഷത്രവെളിച്ചം വിജ്ഞാനികളെ മണ്ണില്‍പ്പിറന്ന 'നീതിസൂര്യന്റെ' അരികിലെത്തിച്ചു. ''നക്ഷത്രം കണ്ടപ്പോള്‍ ജ്ഞാനികള്‍ അത്യധികം സന്തോഷിച്ചു.'' ''നിങ്ങള്‍ക്കുവേണ്ടി നീതിസൂര്യന്‍ ഉദിക്കും'' എന്ന മലാക്കി പ്രവചനം (4:2) നിറവേറിയതായി ജ്ഞാനികള്‍ അറിഞ്ഞു. ''ഇനിയൊരിക്കലും രാത്രിയുണ്ടാവുകയില്ല. ദീപത്തിന്റെ വെളിച്ചമോ സൂര്യന്റെ പ്രകാശമോ അവര്‍ക്കാവശ്യമില്ല. ദൈവമായ കര്‍ത്താവ് അവരുടെമേല്‍ പ്രകാശിക്കുന്നു...'' (വെളി 22:5).
''ജ്ഞാനികള്‍ ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കണ്ട് അവനെ കുമ്പിട്ട് ആരാധിച്ചു'' (2:11).
ജ്ഞാനികള്‍ മറിയത്തെ മാറ്റിനിര്‍ത്തിയല്ല ചേര്‍ത്തുനിര്‍ത്തിയാണ് യേശുവിനെ ആരാധിച്ചത്. കത്തോലിക്കാമതത്തിന്റെ സൗന്ദര്യം ജ്ഞാനികളുടെ ആരാധയിലുണ്ട്. മറിയത്തെ മാറ്റിനിര്‍ത്താതെ മറിയത്തോടൊപ്പം യേശുവിനെ ആരാധിക്കുന്ന ദൈവാരാധനയുടെ മനോഹാരിത. സ്വര്‍ഗ്ഗം ഭൂമിക്കു സമ്മാനമായി നല്‍കിയ ക്രിസ്തുവിന് വിജ്ഞാനികള്‍ സമ്മാനം നല്‍കുന്ന കാഴ്ചയാണ് തുടര്‍ന്നുള്ളത്. പൊന്നും കുന്തുരുക്കവും മീറയുമായിരുന്നു അവരുടെ സമ്മാനം. യേശുവിന്റെ രാജത്വവും പൗരോഹിത്യവും പ്രവാചകത്വവുമെല്ലാം വിജ്ഞാപനം ചെയ്യുന്ന ജ്ഞാനികളുടെ വിശേഷമായ സമ്മാനം. തുടര്‍ന്ന് സ്വപ്നത്തിലൂടെ സ്വര്‍ഗ്ഗം പകര്‍ന്നുകൊടുത്ത 'മറ്റൊരു വഴി' യിലൂടെ അവര്‍ തിരിച്ചുപോയി. രക്ഷകനെ, ക്രിസ്തുവിനെ ദര്‍ശിച്ചവര്‍ക്ക് വീണ്ടും പഴയ വഴികളിലൂടെ നടക്കാനാവില്ല. പാളിപ്പോയ പഴയ വഴികളോടു വിട പറഞ്ഞ്, സലാം പറഞ്ഞ് അവര്‍ പുതിയ വഴിയിലൂടെ യാത്ര ചെയ്യണം. അതേ, ആത്മാവിന്റെ പുതുമയില്‍. ''ഇപ്പോഴാകട്ടെ നാം നമ്മെ അടിമപ്പെടുത്തിയിരുന്നതിനു മരിച്ച് നിയമത്തില്‍നിന്നു മോചിതരായി. ഇത് ആത്മാവിന്റെ പുതുമയില്‍, നിയമത്തിന്റെ പഴമയിലല്ല, നാം ശുശ്രൂഷ ചെയ്യുന്നതിനുവേണ്ടിയാണ്'' (റോമാ. 7:6).
വിജ്ഞാനികള്‍ തരുന്ന
ജീവിതപാഠങ്ങള്‍
- വിജ്ഞാനികള്‍ക്കും വഴിതെറ്റാം.
- വഴിതെറ്റുക സ്വാഭാവികം. വഴിതെറ്റിയാല്‍ ശരിയായ വഴി കണ്ടെത്തുക വിജ്ഞാനത്തിന്റെ ലക്ഷണമാണ്.
- യേശുസന്നിധിയില്‍ ഒരുവനെ എത്തിക്കാത്ത വിജ്ഞാനം വിജ്ഞാനമല്ല.
- യേശുസന്നിധിയില്‍ തല കുനിക്കാത്ത വിജ്ഞാനം വിജ്ഞാനമല്ല.
- മറിയത്തോടൊപ്പം ദിവ്യരക്ഷകനെ ആരാധിക്കണമെന്ന മരിയോളജിയും ക്രിസ്റ്റോളജിയും ഈ വിജ്ഞാനികള്‍ പങ്കുവയ്ക്കുന്നു.
- രക്ഷകനേശുവിനെ ദര്‍ശിച്ചവര്‍ രക്ഷാകരമായ 'മറ്റൊരു വഴി'യുടെ യാത്രികരാകണമെന്ന വിജ്ഞാനവും വിജ്ഞാനികള്‍ നമ്മുടെ മുമ്പില്‍ നടന്നുകാട്ടുന്നു.
ജീവിതം തിരുക്കുടുംബമാക്കാനുള്ള, മനോഹരമാക്കാനുള്ള ജോസഫൈന്‍വഴി!
''ജ്ഞാനികള്‍ പോയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ജോസഫിനോടു പറഞ്ഞു: ''എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക' (മത്തായി 2:13).
'കാത്തിരിപ്പിന്റെ കല' പഠിച്ച ജോസഫിന്റെ കഥ ഒരു നീതിമാന്റെ ജീവിതകഥയാണ്. ഫ്രാന്‍സീസ് പാപ്പായുടെ വി.യൗസേപ്പിനോടുള്ള ഭക്തി ഏറെ പ്രസിദ്ധമാണ്. 2021 വി. യൗസേപ്പിതാവിന്റെ വര്‍ഷമായിത്തന്നെ പാപ്പാ പ്രഖ്യാപിച്ചിരിക്കുന്നു. താന്‍ ചോദിച്ച ഒരു കാര്യവും വിശുദ്ധന്‍ തനിക്കു തരാതിരുന്നിട്ടില്ലെന്ന് പാപ്പാ പറയുന്നു. സ്വപ്നം കണ്ടുറങ്ങുന്ന ജോസഫിന്റെ ഒരു രൂപം താന്‍ ഉറങ്ങുന്ന മുറിയില്‍ പാപ്പാ സൂക്ഷിക്കുന്നു. ഓരോ ദിവസവും തന്റെ മുമ്പിലെത്തുന്ന കുരുക്കഴിക്കാനാവാത്ത നിരവധി പ്രശ്‌നങ്ങളുടെ കുറിപ്പെഴുതി, സ്വപ്നംകണ്ടുറങ്ങുന്ന ജോസഫിന്റെ രൂപത്തിനടിയില്‍ വച്ച് പാപ്പാ സുഖമായി ഉറങ്ങുന്നു. സ്വപ്നദര്‍ശനത്തിലൂടെ അഴിയാക്കുരുക്കുകള്‍ക്കുത്തരം കണ്ടെത്തിയ വിശുദ്ധന്‍ തന്റെ മുമ്പിലുള്ള പ്രശ്‌നങ്ങള്‍ക്കും ഉത്തരങ്ങള്‍ കാട്ടിത്തരുന്നതായി പാപ്പാ പറയുന്നു.
ജോസഫൈന്‍വഴി
പരിശുദ്ധമറിയത്തെയും യേശുവിനെയും കൂടെക്കൂട്ടി ജീവിതം മനോഹരമാക്കിയ വിശിഷ്ടവ്യക്തിത്വമാണ് വി. യൗസേപ്പ്. സുവിശേഷത്തിലെ താഴെപ്പറയുന്ന വചനങ്ങള്‍ എല്ലാവരും ശ്രദ്ധയോടെ ഒന്നു നോക്കണം. ഒരു നിമിഷം ധ്യാനിക്കണം. ജീവിതം സുന്ദരമാക്കാനുള്ള മന്ത്രം ഈ വചനങ്ങളിലുണ്ട്.
എഴുന്നേറ്റ് 'ശിശുവിനെയും അമ്മയെയുംകൂട്ടി' ഈജിപ്തിലേക്കു പലായനം ചെയ്യുക (മത്താ 2:13).
ജോസഫ് ഉണര്‍ന്ന് 'ശിശുവിനെയും അമ്മയെയുംകൂട്ടി' ഈജിപ്തിലേക്കു പോയി (മത്താ 2:14). എഴുന്നേറ്റ് 'ശിശുവിനെയും അമ്മയെയുംകൂട്ടി' ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക (മത്താ. 2:19).
എഴുന്നേറ്റ് ശിശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേല്‍ദേശത്തേക്കു പുറപ്പെട്ടു (മത്താ 2:20).
വി. യൗസേപ്പ് പറഞ്ഞുതരുന്ന ജീവിതവിജയത്തിനുള്ള മന്ത്രം ഇതാണ്. ജീവിതം ബ്യൂട്ടിഫുള്‍ ആക്കാന്‍ ഒരുവന്‍ / ഒരുവള്‍ ചെയ്യേണ്ടതായ ഒരു ഡ്യൂട്ടിയുണ്ട്. പരി. മറിയത്തെയും യേശുവിനെയും കൂടെക്കൂട്ടണം. ഇതാണ് ജീവിതം മനോഹരമാക്കാനുള്ള ജോസഫൈന്‍വഴി. വി. യൗസേപ്പ് ജീവിതാനുഭവത്തിലൂടെ പറഞ്ഞുതരുന്ന മനോഹരമന്ത്രം. അപ്പോള്‍ കുടുംബം തിരുക്കുടുംബമാകും. നാളുകള്‍ തിരുനാളുകളാകും. മുറിവുകള്‍ തിരുമുറിവുകളാകും. യാത്ര തീര്‍ത്ഥയാത്രയാകും. ഹൃദയം തിരുഹൃദയമാകും. ഭാര്യയെ അപമാനിതയാക്കാത്ത, നെഞ്ചില്‍ ഉണ്ണിയേശുവിനെ വഹിച്ച നീതിമാനായ വി. യൗസേപ്പിനെ നമുക്കും നെഞ്ചോടു ചേര്‍ക്കാം. നീതിബോധമുള്ള ഭര്‍ത്താവ് (ജോസഫ് നീതിമാനായിരുന്നു). കൃപ നിറഞ്ഞ ഭാര്യ (കൃപ നിറഞ്ഞവളേ, സ്വസ്തി).
വിധേയത്വമുള്ള മകന്‍ (അവന്‍ നസ്രസില്‍ അവര്‍ക്കു വിധേയനായി ജീവിച്ചു).
ഇതാണ് സുവിശേഷം വരച്ചുകാട്ടുന്ന തിരുക്കുടുംബത്തിന്റെ സവിശേഷചിത്രം.
ഒരു നല്ല അപ്പന്റെ ചാവരുളില്‍ ചാവറയച്ചന്‍ ഇപ്രകാരമെഴുതി:
''നല്ല ക്രിസ്ത്യാനിക്കുടുംബം ആകാശമോക്ഷത്തിന്റെ സദൃശമാകുന്നു.''
വീണ്ടും തിരുക്കുടുംബഭക്തിയെപ്പറ്റി ചാവറയച്ചന്‍ എഴുതി:
''തിരുക്കുടുംബത്തെ എപ്പോഴും എന്റെ ഹൃദയത്തില്‍ ഞാന്‍ കാക്കുകയും ഓര്‍ക്കുകയും വണങ്ങുകയും ചെയ്തിരുന്നതിനാല്‍, അവരുടെ അനുഗ്രഹം എപ്പോഴും എന്നെ സംരക്ഷിച്ചതുകൊണ്ട് മാമ്മോദീസായില്‍ എനിക്കു കിട്ടിയ വരപ്രസാദത്തെ നശിപ്പിക്കുന്നതിനിടയായിട്ടില്ല എന്നു പറയുന്നതിനു ദൈവാനുഗ്രഹത്താല്‍ എനിക്കു ധൈര്യമുണ്ട്.''
തിരുക്കുടുംബഭക്തി കുടുംബങ്ങള്‍ക്ക് ഒരു ശക്തിയാണ്. നമുക്കും തിരുക്കുടുംബഭക്തരാകാം. ജോസഫിന്റെ നീതിയും മേരിയുടെ കൃപയും യേശുവിന്റെ വിധേയത്വവും കുടുംബങ്ങളില്‍ നിറയട്ടെ. കുടുംബം തിരുക്കുടുംബമാകട്ടെ.