•  25 Apr 2024
  •  ദീപം 57
  •  നാളം 7
വചനനാളം

നടക്കാം നക്ഷത്രശോഭയില്‍


ഡിസംബര്‍  20 
മംഗളവാര്‍ത്തക്കാലം നാലാം ഞായര്‍
ഉത്പ 24 : 50-671 സാമു 1 : 1-18
എഫേ 5 : 5-21മത്താ 1 : 18-24


''ജോസഫ് നിദ്രയില്‍നിന്നുണര്‍ന്ന് കര്‍ത്താവിന്റെ ദൂതന്‍ കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു'' (മത്താ. 1:24).
ഒട്ടേറെപ്പേരുടെ ഉറക്കംകെടുത്തിയ ഒരു പിറവിയുടെ ഓര്‍മ്മയിലേക്ക് നാം വീണ്ടും ഉറക്കംവിട്ടുണരുന്നു. രക്ഷകനായ ക്രിസ്തുവിന്റെ പിറവി പലരുടെയും ഉറക്കംകെടുത്തി. സുഖനിദ്രയ്ക്കു ഭംഗമുണ്ടാക്കി. ഈ രക്ഷകന്റെ അമ്മയാകാന്‍ കൃപ ലഭിച്ച മറിയത്തെ നീതിമാനായ ജോസഫ് ഭാര്യയാക്കിയതും ഒരു നിദ്രയില്‍നിന്നുണര്‍ന്നാണ്; ഒരു സ്വപ്നനിദ്രയില്‍നിന്നും. ആ പിറവി ആ പാതിരാത്രിയില്‍ അവിടുത്തെ പല സത്രാധിപന്മാരുടെയും ഉറക്കംകെടുത്തി. അതിനു കാരണം പാതിരാത്രിയില്‍ സത്രങ്ങളായ സത്രങ്ങളിലെല്ലാമുള്ള ജോസഫിന്റെ മുട്ടാണ്. വിജ്ഞാനികള്‍ക്കും ഉറക്കംകെട്ടു. അവരും ഉറക്കമുണര്‍ന്നു. ഹേറോദേസിന് അന്നുമുതല്‍ ഉറക്കം ഓര്‍മ്മയായി. കര്‍ത്താവിന്റെ ദൂതന്മാര്‍ ഉറങ്ങാതെ ആദ്യകരോള്‍ഗാനവും പാടി.
ഉറങ്ങുന്നവരേ ഉണരുക!
''ഉറങ്ങുന്നവനേ, ഉണരുക... ക്രിസ്തു നിന്റെമേല്‍ പ്രകാശിക്കും'' (എഫേ. 4:14).
ഉണര്‍ന്നിരിക്കുന്നവരുടെമേല്‍ ക്രിസ്തു പ്രകാശിക്കും.വയലുകളില്‍ ആടുകളെ നോക്കി ഉറങ്ങാതിരുന്ന ഇടയന്മാരുടെമേല്‍ ക്രിസ്തുവിന്റെ പ്രകാശം പതിച്ചു. ''കര്‍ത്താവിന്റെ ദൂതന്‍ അവരുടെ അടുത്തെത്തി, കര്‍ത്താവിന്റെ മഹത്ത്വം അവരുടെമേല്‍ പ്രകാശിച്ചു'' (ലൂക്കാ 2:9). ഇടയന്മാരുടെ ജീവിതത്തിലെ സൂര്യോദയം. ''ഒരിക്കല്‍ നിങ്ങള്‍ അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ കര്‍ത്താവിന്റെ പ്രകാശമായിരിക്കുന്നു. പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍'' (എഫേ. 5:8).
കര്‍ത്താവു പ്രകാശിക്കണമെങ്കില്‍ കര്‍ത്താവിനു പ്രസാദകരമായവ എന്തെന്നു വിവേചിച്ചറിയണമെന്നും വചനം പറയുന്നു (എഫേ. 5:10). ഇന്നും രക്ഷകന്‍ പിറക്കാന്‍ ഉറക്കം കെടണം. ഉറക്കം വെടിയണം. ഉറങ്ങിയിരുന്നാല്‍ രക്ഷകന്‍ പിറക്കില്ല. രാക്ഷസന്‍ പിറക്കും.
ഉണരുക, സ്വപ്നത്തില്‍നിന്നു യാഥാര്‍ത്ഥ്യത്തിലേക്ക്
ജീവിതപങ്കാളിയാകേണ്ടവളെക്കുറിച്ചുള്ള സ്വപ്നങ്ങളും ആശങ്കകളുമായി ചിന്താമഗ്‌നനായി മയങ്ങിയ ജോസഫ് ഉണര്‍ന്നത് ഒരു യാഥാര്‍ത്ഥ്യത്തിലേക്കായിരുന്നു. നമ്മുടെ സ്വപ്‌നത്തിലുള്ള ജീവിതപങ്കാളിയെയല്ല, ദൈവം തരുന്ന ജീവിതപങ്കാളിയെ അവള്‍/അവന്‍ എങ്ങനെയോ അങ്ങനെ അവരായിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കുക. സ്വപ്നങ്ങളില്‍നിന്നു യാഥാര്‍ത്ഥ്യത്തിലേക്ക് ഉണരുകയെന്നത് ജീവിതത്തില്‍ അവശ്യംവേണ്ട ഒന്നാണ്. ജീവിതത്തിലേക്കു പങ്കാളിയായി, കൂട്ടായി കടന്നുവരുന്ന വ്യക്തിയെപ്പറ്റി ഉന്നതമായ കാഴ്ചപ്പാടു വേണമെന്ന് ഉത്പത്തിപ്പുസ്തകത്തില്‍നിന്നുള്ള ആദ്യവായനയും ഓര്‍മ്മപ്പെടുത്തുന്നു. അബ്രാഹത്തിന്റെ  മകനായ ഇസഹാക്ക് റബേക്കായെ നോക്കിക്കാണുന്ന വിധവും റബേക്കാ ഇസഹാക്കിനെ വീക്ഷിച്ചതും അവന്‍ അവളെ സ്വന്തമാക്കുന്നതുമായ കഥയാണ് ഒന്നാം വായനയില്‍.
വയലിലൂടെ ചിന്താമഗ്‌നനായി നടക്കുന്ന ഇസഹാക്കിനെ പഴയനിയമം ചേതോഹരമായാണ് അവതരിപ്പിക്കുക. തന്റെ ജീവിതപങ്കാളിയുമായി അകലെനിന്നു  വരുന്ന ഒട്ടകക്കൂട്ടങ്ങളെ ഇസഹാക്ക് 'തലപൊക്കി നോക്കുന്നതായി' ചിത്രീകരിച്ചിരിക്കുന്നു. 'റബേക്കായും ശിരസ്സുയര്‍ത്തി നോക്കി.' കൂടാതെ ഇസഹാക്കിനെ കണ്ടപ്പോള്‍ അവള്‍ 'താഴെയിറങ്ങി' ആ 'മനുഷ്യന്‍' ആരാണ് എന്നു തിരക്കുകയും ചെയ്യുന്നു. മനോഹരമായ അവതരണം. ജീവിതപങ്കാളിയെപ്പറ്റി ഉയര്‍ന്നു ചിന്തിക്കുക. ഉയര്‍ന്ന നിലയില്‍ കാണുക. താഴ്ത്തിക്കെട്ടാതെ ഉയര്‍ത്തിക്കാട്ടുക. കുടുംബജീവിതത്തിലെ സഹവര്‍ത്തിത്വത്തിന്റെ മഹനീയമായ പല മൂല്യവിചാരങ്ങളിലേക്കും ഈ ചേതോഹരചിന്തകള്‍ കൂട്ടിക്കൊണ്ടുപോകുന്നതുപോലെ തോന്നുന്നു. ഈ വചനഭാഗത്ത് ഇരുവരും ചെയ്തത് ഇപ്രകാരമാണ്. ശിരസ്സുയര്‍ത്തി നോക്കിയ റബേക്ക ഒട്ടകപ്പുറത്തുനിന്നു ശിരോവസ്ത്രംകൊണ്ട് മുഖം മറച്ച് താഴെയിറങ്ങുന്ന താഴ്മയുടെ ചിത്രവും ചിന്തനീയമാണ്. കുലീനയായ റബേക്കായുടെ മഹനീയമായ മാതൃക. ഇസഹാക്ക് അവളെ കൂട്ടിക്കൊണ്ടുപോയി. അവന്‍ അവളെ ഭാര്യയായി സ്വീകരിച്ചു. അവന്‍ അവളെ സ്‌നേഹിച്ചു.
സാമുവലിന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാം വായനയും ശ്രദ്ധേയമാണ്. വന്ധ്യതയുടെ വേദന പേറുന്ന, ശാപവും ശകാരവും പേറുന്ന ഹന്നയുടെയും ഭര്‍ത്താവായ എല്ക്കാനയുടെയും കഥയാണത്. ഭര്‍ത്താവു നല്കിയ സാന്ത്വനവും പ്രാര്‍ത്ഥനയിലൂടെ ലഭിച്ച സമാശ്വാസവും അവളുടെ മുഖം പ്രസന്നമാക്കി. അവള്‍ ദൈവാലയത്തില്‍ചെന്ന് ദൈവസന്നിധിയില്‍ ഹൃദയം  ചൊരിഞ്ഞു. 'പിന്നീടൊരിക്കലും അവളുടെ മുഖം മ്ലാനമായിട്ടില്ലെന്ന്' രേഖപ്പെടുത്തിയിരിക്കുന്നു. പ്രാര്‍ത്ഥന തരുന്ന സാന്ത്വനം. പ്രാര്‍ത്ഥന തരുന്ന പ്രത്യാശ. എല്ക്കാനയും കുടുംബവും അതിരാവിലെ എഴുന്നേറ്റ് കര്‍ത്താവിനെ ആരാധിച്ചിരുന്നതായും വചനഗ്രന്ഥം പറയുന്നു. പ്രാര്‍ത്ഥനയുടെ ഫലമായി അവര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. കര്‍ത്താവിനോട് ഞാന്‍ ചോദിച്ചുവാങ്ങിയതാണ് എന്നു പറഞ്ഞുകൊണ്ട് ശിശുവിന് 'സാമുവല്‍' എന്നു പേരിട്ടു. മുലകുടി മാറിയപ്പോള്‍ കുഞ്ഞിനെ  അവള്‍ ദൈവാലയത്തില്‍ കര്‍ത്താവിനു സമര്‍പ്പിച്ചു. ഇസ്രായേലിനെ ഭരിച്ച ന്യായാധിപന്മാരില്‍ അവസാനത്തെയാളാണ് സാമുവല്‍. അദ്ദേഹം ഒരേസമയം ന്യായാധിപനും പ്രവാചകനുമായിരുന്നു. ബാലനായ സാമുവല്‍ 'കര്‍ത്താവിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ന്നു'വെന്നും രേഖപ്പെടുത്തിയിരിക്കുന്നു. (1 സാമു. 2:26). യേശു വളര്‍ന്നതും ഇങ്ങനെതന്നെ (ലൂക്കാ 2:52).
നടക്കാം 
നക്ഷത്രശോഭയില്‍

''യാക്കോബില്‍ ഒരു നക്ഷത്രം ഉദിക്കും'' (സംഖ്യ 24:17).
''യാക്കോബിന്റെ ഭവനമേ, വരുക. നമുക്കു കര്‍ത്താവിന്റെ പ്രകാശത്തില്‍ വ്യാപരിക്കാം'' (ഏശയ്യാ 2:5).
''ഞങ്ങള്‍ (ജ്ഞാനികള്‍) കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്'' (മത്താ 2:2).
''അപ്പോള്‍ ഹേറോദേസ് ആ ജ്ഞാനികളെ വിളിച്ച് നക്ഷത്രം പ്രത്യക്ഷപ്പെട്ടതെപ്പോഴെന്നു സൂക്ഷ്മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു'' (മത്താ. 2:7).
''അവര്‍ പുറപ്പെട്ടു. കിഴക്കു കണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു'' (മത്താ. 2:9).
''നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു'' (മത്താ. 2:10).
''യേശു വീണ്ടും അവരോടു പറഞ്ഞു: ''ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്'' (യോഹ. 8:12).

 

Login log record inserted successfully!