•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

ഇടം

''ലോമീ, മനസ്സിലായില്ലേ? ഞാന്‍ സുമന്‍ ബാബുവാ.'' 
''മനസ്സിലായി.''
''ഞാന്‍ പകല് രണ്ടു തവണ വിളിച്ചപ്പോഴും ലൈന്‍ കിട്ടിയില്ല. അതുകൊണ്ടാ ഇപ്പോള്‍ വിളിച്ചെ.  എനിക്കൊരു മറുപടി തന്നില്ലല്ലോ?''
''എനിക്ക് അമ്മയുണ്ടല്ലോ.     ഒന്നുപറയാതെ...''
''പറയാനെന്താ മടി. സലോമിക്ക് എന്നോടു താത്പര്യക്കുറവായിട്ടാണെങ്കില്‍ അതു തുറന്നു പറയാം. പിന്നെ ഞാനൊരു ശല്യമാകില്ല.''
''സുമന്‍, എന്റെ കാര്യങ്ങള്‍ വേണ്ടതുപോലെ മനസ്സിലാക്കീട്ടില്ല. ഞാനും അമ്മയും ഒരുമിച്ചല്ല താമസം. ഞാന്‍ ഔദ്യോഗികവസതിയിലും അമ്മ നാട്ടിലുള്ള വീട്ടിലുമാ. ഇന്നിപ്പോള്‍ ഇവിടെയുണ്ട്. വൈകുന്നേരം വന്നു.''
''എങ്കില്‍ ചെറുതായി ഒന്നു സൂചിപ്പിക്കരുതോ.''
''പറയാനാണിരിക്കുന്നത്. അതിനുമുമ്പ് ചില കാര്യങ്ങള്‍ നമ്മള്‍ തമ്മില്‍ പറയാനുണ്ട്.''
''ഫോണില്‍ക്കൂടി പറയാവുന്നതാണോ?''
''അതേ. എന്റെ ഇപ്പോഴത്തെ ജോലി യഥാര്‍ത്ഥത്തില്‍ ഒരു ഇരുപത്തിയേഴുകാരിപ്പെണ്ണിന്റെ കഴിവിനും അറിവിനും വിവേകത്തിനുമൊക്കെ താങ്ങാനാവുന്നതല്ല. ജില്ലയിലുണ്ടാകുന്ന വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ട് മുന്നോട്ടുപോണം. ഭരണത്തിന്റെ എല്ലാ വകുപ്പുകളുടെയും ഏകോപനവും മേല്‍നോട്ടവും വേണം. ഇതിനിടയ്ക്ക് എങ്ങനെ ഒരു വിവാഹജീവിതം കൊണ്ടുപോകുമെന്നെനിക്കറിയില്ല.''  
''പേടിക്കാതെ സലോമി. ഞാനെല്ലാക്കാര്യത്തിലും സലോമിയെ മനസ്സിലാക്കിത്തന്നെ പ്രവര്‍ത്തിക്കും. മുന്‍പ് പരിചയമൊന്നുമില്ലാത്ത ഒരാളെ കല്യാണം കഴിക്കുന്നതിലും ഭേദമല്ലേ, പരസ്പരം അറിയാവുന്ന ഒരാളെ ഒപ്പം കൂട്ടുന്നത്.'' 
''അതെ. അങ്ങനെയൊരു ചിന്തയുണ്ട്. പിന്നെ എന്റെ പശ്ചാത്തലം തീരെ മോശമാണ്, അറിയാമല്ലോ.''
''അറിയാം. ഞാനതൊന്നും പറഞ്ഞ് സലോമിയെ ചെറുതാക്കില്ല. വിദ്യാഭ്യാസത്തിലും പദവിയിലും എന്നെക്കാള്‍ എത്രയോ ഉയരത്തിലാണ് സലോമി.''
''ഉയരവും ഉയരക്കുറവും നമ്മള്‍ രണ്ടാളും ചിന്തിക്കുകയേ വേണ്ട. പരസ്പരം സ്‌നേഹിച്ച്, സഹകരിച്ച്, സഹായിച്ച് അങ്ങനെ കഴിയാന്‍ പറ്റില്ലേ?''
''പറ്റും. എനിക്കും സ്ഥലമാറ്റങ്ങളുണ്ടാകാവുന്ന ജോലിയാണ്. സ്റ്റേറ്റ് വിട്ടുപോകേണ്ടിവരും. ഏതു പരിതസ്ഥിതിയിലും നമ്മള്‍  യോജിച്ചുതന്നെ പോകും.''
''സുമന്‍ ഇങ്ങനെയൊക്കെ പറയുമ്പോള്‍ ഒത്തിരി സന്തോഷമുണ്ട്. ഞാനമ്മയോട് ഉടനെ തന്നെ പറയും. അമ്മ എതിരായൊന്നും ചിന്തിക്കുകയോ പറയുകയോ ഇല്ല.''
''നാളെയെങ്കിലും ഒരു തീരുമാനം അറിയിച്ചാല്‍ നന്നായിരുന്നു.'' 
''അറിയിക്കാം സുമന്‍. ഗുഡ്‌നൈറ്റ്'' 
''ഗുഡ്‌നൈറ്റ്.'' സുമന്‍ ഫോണ്‍ കട്ടാക്കി.
സലോമി വേഗം അമ്മയുടെയടുത്തേക്കു ചെന്നു. സുമനെപ്പറ്റി അമ്മയോടു പറഞ്ഞു. സെലീനയ്ക്ക്  വലിയ സന്തോഷമുണ്ടായി. 
''മോളേ, ജീവിതത്തില്‍ എന്റെ അനുഭവം എന്റെ മകള്‍ക്കുണ്ടാകരുതെന്ന് എന്നും ദൈവത്തോടു ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. നിനക്കറിയാവുന്ന, നിന്നെ സ്‌നേഹിക്കുന്ന ഒരാള് ഉണ്ടായല്ലോ. ജോലിയില്‍ താഴ്ന്നു നില്ക്കുന്നതും നല്ലതാ. നീ അവനെ കുറഞ്ഞവനായി കാണരുത്. കല്യാണം ഉടനെ നടത്തണമെന്നെങ്ങാനും പറഞ്ഞോ?''
''എന്റെ തീരുമാനം ഇതുവരെ പറഞ്ഞിട്ടില്ലമ്മേ?''
''അതെന്താ അങ്ങനെ?''
''ഇപ്പഴല്ലേ. ഞാനമ്മയോടിതു പറഞ്ഞത്. അമ്മ സമ്മതിച്ചത്. ഇനി നാളെ രാവിലെ വിളിച്ചു പറയും.''
''ഞാന്‍ കുറച്ചുമുമ്പു പറഞ്ഞതുപോലെ നല്ലൊരു വീടും ഇത്തിരി മണ്ണും സ്വന്തമായിട്ടുണ്ടാക്കീട്ട് കല്യാണം നടത്തുന്നതായിരുന്നു നല്ലത്.''
''അതുണ്ടാക്കാമമ്മേ, ബാങ്കില്‍നിന്ന് നല്ല ഒരു ലോണെടുത്താല്‍ വളരെപ്പെട്ടെന്നുതന്നെ പറമ്പും വീടുമുണ്ടാക്കാം.'' സലോമി പറഞ്ഞു.
സെലീനയുടെ മുഖത്ത് സന്തോഷം പ്രതിഫലിച്ചു.
''രണ്ടുപേരും വാ. അത്താഴം കഴിക്കാം.'' സുമലത അടുത്തു വന്നു വിളിച്ചു. സെലീനയും സലോമിയും ഡൈനിംഗ് റൂമിലേക്കുപോയി. തീന്‍മേശയില്‍ വ്യത്യസ്തവിഭവങ്ങള്‍ നിരന്നിരുന്നു.
''എന്റെ മോളേ, നീ ഈ സുമയെ ഒത്തിരി ബുദ്ധിമുട്ടിച്ചല്ലോ? എന്തിനാ ഇത്രയും കൂട്ടങ്ങളുണ്ടാക്കിയത്? ഞാനാണെങ്കില്‍ ഇത്തിരി പച്ചമോരും കാന്താരിപൊട്ടിച്ചതും കിട്ടിയാല്‍ തൃപ്തിയോടെ വയറുനിറയെ കഴിക്കുന്നയാളാ.''
''ഇങ്ങനെ വല്ലപ്പഴുമൊക്കെയല്ലേയുള്ളമ്മേ.'' സലോമി പറഞ്ഞു. താറാവുറോസ്റ്റും കരിമീന്‍ പൊള്ളിച്ചതും മട്ടന്‍ മപ്പാസും ചിക്കന്‍ വറുത്തതുമൊക്കെ മേശയിലെത്തിയിരുന്നു.
''വര്‍ത്തമാനമൊക്കെപ്പറഞ്ഞ് പയ്യെയിരുന്ന് രണ്ടുപേരും കഴിക്ക്. എല്ലാ ഐറ്റവും രുചിച്ചെങ്കിലും നോക്കണം.'' സുമലത പറഞ്ഞു.
''അമ്മയും എല്ലാം നന്നായിട്ടുണ്ടാക്കാനറിയാവുന്നയാളാ.'' സലോമി, സുമയോടായി പറഞ്ഞു.
''അതെനിക്കറിയാം.'' സുമലത ചിരിച്ചു.
വളരെനാളുകള്‍കൂടി ഇത്ര വിഭവസമൃദ്ധായ ഒരു ഭക്ഷണം കഴിക്കുകയായിരുന്നു സെലീന. മകള്‍ അമ്മയ്‌ക്കൊരുക്കിയ സ്‌നേഹവിരുന്ന്! അധികമാണെന്നു തോന്നിയിട്ടും മകളെ സന്തോഷിപ്പിക്കാനായി സെലീന എല്ലാ വിഭവങ്ങളും കുറേശ്ശേ കഴിച്ചു. സുമയെ പ്രോത്സാഹിപ്പിക്കാനായി ഓരോന്നും അതീവരുചികരമാണെന്നു പുകഴ്ത്തുകയും ചെയ്തു.
അമ്മയും മകളും ഒരു മുറിയില്‍  ഒരേ ബെഡ്ഡിലാണു കിടന്നത്. ഒത്തിരി വര്‍ത്തമാനങ്ങള്‍ പറയുകയും ചെയ്തു. രാവിലെ ഏഴുമണിക്കുതന്നെ സെലീന മടങ്ങി. തിങ്കളാഴ്ച. സലോമിക്ക് കളക്‌ട്രേറ്റില്‍ വലിയ തിരക്കുള്ള ദിവസമായിരുന്നു. വൈകുന്നേരം നാലരയ്ക്ക് കളക്ടറുടെ ചേംബറില്‍ എ.ഡി.എം. ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. പിറ്റേന്ന് പുഴക്കര വക്കച്ചന്റെ വീട് പൊളിച്ചുനീക്കുന്നതിനുള്ള സുപ്രധാന നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നു യോഗം. ദൗത്യം ഏറ്റെടുത്ത കരാറുകാരന്‍ വിനയചന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.  
''നമ്മുടെ പ്രധാന ഡിമാന്റുകള്‍ പറയാം.'' സലോമി പറഞ്ഞു തുടങ്ങി.
''സമീപവാസികള്‍ക്ക് യാതൊരുവിധ പൊല്യൂഷനും ഉണ്ടാകാതെ നോക്കണം. വീടിന്റെ അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്നു നീക്കം ചെയ്യണം. അത് സമീപസ്ഥലങ്ങളിലോ ജലാശയങ്ങളിലോ ഡംപ് ചെയ്യാന്‍ പാടില്ല. വീട്ടില്‍ താമസിച്ചുകൊണ്ടിരുന്നവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലുമൊക്കെ പ്രതികരണം ഉണ്ടാകാനിടയുണ്ട്. പോലീസുണ്ടാകും. നമ്മുടെ ഭാഗത്തുനിന്ന് ഒരു പ്രകോപനവും ഉണ്ടാകരുത്. വലിയ ശബ്ദമില്ലാത്ത ചെറുസ്‌ഫോടനങ്ങളിലൂടെ വേണം കെട്ടിടം തകര്‍ക്കുവാന്‍. പറഞ്ഞിരിക്കുന്ന ദിവസം വേഗത്തില്‍ത്തന്നെ ദൗത്യം പൂര്‍ത്തിയാക്കണം.'' സലോമി പറഞ്ഞുനിര്‍ത്തി.
''ഡിമാന്റുകളൊക്കെ പൂര്‍ണ്ണമായും പാലിക്കപ്പെടും. പിന്നെ ഒരു ഭേദഗതി പറയാനുള്ളത് രാത്രിയില്‍ ഇതു ചെയ്യുകയാണെങ്കില്‍ ഒത്തിരി എളുപ്പം കിട്ടും. ആളുകള്‍ കൂടുന്നതും നമുക്കൊഴിവാക്കാം. ഇപ്പോള്‍ നമ്മള്‍ പുറത്തുവിട്ടിരിക്കുന്ന വാര്‍ത്ത നാളെ കെട്ടിടം പൊളിച്ചുനീക്കുമെന്നാണ്. ഇവിടുന്നനുവദിച്ചാല്‍ നാളെ പുലരുമ്പോള്‍ ക്ലിയറായ ഒരു ഗ്രൗണ്ട് മാത്രമേ അവിടെ കാണുകയുള്ളൂ.'' വിനയചന്ദ്രന്‍ പറഞ്ഞു.
കളക്ടര്‍ സലോമി, എ.ഡി.എമ്മിനെയും എസ്.പിയെയും നോക്കി. 
''അത് നല്ല നിര്‍ദ്ദേശമാണ്.'' എസ്.പി. പറഞ്ഞു. എ.ഡി.എം. അനുകൂലിച്ചു.
''ഒരുതരത്തിലും മീഡിയാസറിയാതെ നോക്കിയാല്‍ നമ്മുടെ ജോലി ഒത്തിരി എളുപ്പമാകും.'' സി.ഐ. പ്രേമചന്ദ്രന്‍ പറഞ്ഞു.
''മിസ്റ്റര്‍ വിനയചന്ദ്രന്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറഞ്ഞതുപോലെ പ്രൊസീഡ് ചെയ്‌തോളൂ.'' കളക്ടര്‍ തീര്‍പ്പുകല്പിച്ചു. സാങ്കേതി കാര്യങ്ങളെപ്പറ്റിയും പബ്ലിക് ഇംപാക്ടിനെപ്പറ്റിയുമൊക്കെ യോഗത്തില്‍ ചര്‍ച്ചയുണ്ടായി. ആറുമണിയോടെ യോഗം അവസാനിച്ചു.
അന്നു രാത്രി പതിനൊന്നു മുപ്പത്! ശബ്ദരഹിതമായ ചെറുസ്‌ഫോടനങ്ങളിലൂടെ പുഴക്കര ബംഗ്ലാവ് തകര്‍ന്നടിയുന്നതിനു സാക്ഷിയായി ജില്ലാകളക്ടര്‍ സലോമി മാത്യുവും കളക്‌ട്രേറ്റിലെ പ്രധാന ഉദ്യോഗസ്ഥരും ജില്ലാ പോലീസ് സൂപ്രണ്ട് അടക്കമുള്ള നിയമപാലകരും അവിടെയുണ്ടായിരുന്നു. ജെ.സി.ബി.കളും ടിപ്പര്‍ലോറികളും ആവശ്യത്തിലേറെ തയ്യാറാക്കിയിരുന്നു. ഒരുമണിമുതല്‍ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി. ആ പ്രവര്‍ത്തനവും തീര്‍ന്നുകഴിഞ്ഞ് വെളുപ്പിന് നാലു മണിക്കാണ് കളക്ടര്‍ സലോമി തന്റെ ഔദ്യോഗികവസതിയിലേക്കു കാറില്‍ പുറപ്പെട്ടത്.
മനഃസംഘര്‍ഷംമൂലം ഉറങ്ങാതെ രാത്രിയുടെ യാമങ്ങള്‍ കഴിച്ച പുഴക്കര വക്കച്ചന്‍ മൂന്നുമണിയോടെയാണ് ബെഡ്ഡില്‍ ചാഞ്ഞത്. മദ്യലഹരിയില്‍ അയാള്‍ മയക്കത്തിലേക്കു വഴുതി. ഏഴുമണിയായപ്പോള്‍ ഫോണ്‍ബെല്‍ കേട്ട് അയാള്‍ ഞെട്ടിയുണര്‍ന്നു.
''ആരാ... ആരാ വിളിക്കുന്നെ?''
''തന്റെയൊരഭ്യുദയകാംക്ഷി.'' 
''പേരുപറയടാ പട്ടീ...''
''പഴയ രാഘവനാടാ. നിന്റെ കൊടുംചതിയില്‍ തകര്‍ന്നു പോയ കോണ്‍ട്രാക്ടര്‍ രാഘവന്‍.''
''തനിക്കിപ്പഴെന്തുവേണം?''
''ഒന്നും വേണ്ട. ഒരു കാര്യം അറിഞ്ഞില്ലെങ്കില്‍ കേട്ടോ. രാത്രീല്‍ത്തന്നെ തന്റെ ഡ്രീം ഹൗസ് നിലംപൊത്തി. അതു ചത്തു. സംസ്‌കാരവും നടത്തി. നീ ചെന്നു നോക്ക്. കാണ്. കണ്ടു മനസ്സിലാക്ക്.'' രാഘവന്‍ ഫോണ്‍ കട്ടാക്കി.
കിതച്ചുകൊണ്ട് വക്കച്ചന്‍ ബെന്‍സ്‌കാറിന്റെ കീച്ചെയിനെടുത്തു. പിന്നെ പുറത്തിറങ്ങി പോര്‍ച്ചില്‍ക്കിടന്ന കാറില്‍ ചാടിക്കയറി. സ്റ്റാര്‍ട്ടാക്കി. വാഹനം ലക്ഷ്യസ്ഥാനത്തേക്കു ചീറിപ്പാഞ്ഞു. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)