കണ്ണമ്മയുടെ കൈയില്‍നിന്നു ചിരട്ട വീഴുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. ഗുഹയുടെ മുന്‍ഭാഗത്ത് ബാലാര്‍ക്കരശ്മികള്‍ പതിച്ചുതുടങ്ങിയിരിക്കുന്നു. എന്നാലും, ഇരുട്ട് പൂര്‍ണമായി പിന്‍വാങ്ങിയിട്ടില്ല.
കുഞ്ഞുങ്ങളെ ഉണര്‍ത്താതെതന്നെ കണ്ണമ്മയുടെ കൈയില്‍നിന്ന് ഒരു ചിരട്ട പാല്‍ വാങ്ങി മോന്തിക്കുടിച്ചു. പുറത്തു കിടന്ന് മുറുമുറുക്കുന്ന പശുവിനെ നോക്കി കണ്ണുരുട്ടി കാണിച്ചപ്പോഴേക്കും ഒരു കോലാഹലം കേട്ടു.
തേക്കിലകളെടുത്ത് അരയില്‍ചുറ്റി പുറത്തേക്കിറങ്ങി. കുറേപ്പേരിങ്ങനെ അന്തവും കുന്തവുമില്ലാതെ കുതിക്കുന്നു. മനുഷ്യസഹജമായ വാസനകൊണ്ട് ഞാനും ഓടി. കരിയിലകളില്‍നിന്ന് മഴ പെയ്‌തൊഴുകിയതിന്റെ ഗന്ധമുണ്ട്.
കറുപ്പന്റെ ഗുഹയാണ് ലക്ഷ്യമെന്ന് ഒടുവില്‍ മനസ്സിലായി. കറുപ്പന്‍ കാട്ടുതീ ഉണ്ടാക്കിയെന്നുള്ള ആക്രോശങ്ങളും അഭിപ്രായങ്ങളും എങ്ങും മുഴങ്ങുന്നു. കാട്ടുതീയെന്നു കേള്‍ക്കുമ്പോള്‍ ഉള്ളിലൊരാന്തലാണ്. കഴിഞ്ഞ ഒരു കാട്ടുതീയിലാണ് എന്റെ കുഞ്ഞ്...! കറുപ്പനെന്തിനാണ് കാട്ടുതീ ഉണ്ടാക്കിയത്? ഇതെന്തോ മന്ത്രലാഭമാവാനാണ് സാധ്യത. അല്ലെങ്കില്‍ത്തന്നെ, രണ്ടു പാറക്കല്ലുകളുരച്ചാല്‍ തീ വരുമെന്ന മണ്ടത്തരമൊക്കെ ആരു വിശ്വസിക്കാന്‍? എന്തായാലും ഇവന്റെ മന്ത്രവാദം ഇന്നവസാനിപ്പിക്കുമെന്നുറച്ച് ഞാന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ പാഞ്ഞുചെന്നു. കുറച്ചു ചുള്ളിക്കമ്പുകളെരിയുന്നതു ഞാന്‍ കണ്ടു. കാട്ടുതീയില്‍ എരിഞ്ഞില്ലാതായ കുഞ്ഞിനെയോര്‍ത്ത് മാറത്തടിക്കുന്ന കണ്ണമ്മയുടെ മുഖമായിരുന്നു മനസ്സുനിറയെ.
മുന്നില്‍ക്കണ്ടത് ഒരു വിറകിന്‍കഷണമാണ്. അതെടുത്ത് ഉണ്ടാക്കിവച്ചിരിക്കുന്ന കാട്ടുതീയില്‍ ആഞ്ഞടിച്ചു. പിന്നെ ഒന്നും എനിക്കു മനസ്സിലായില്ല. ആളുകളെല്ലാം ബഹളംവച്ചോടുന്നു. കരിയിലകളിലേക്കു തീ പടര്‍ന്നു പടര്‍ന്ന് വീണ്ടും കാട്ടുതീ വരുന്നു.
കറുപ്പനാണ് ഈ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കാരണമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ജീവനുംകൊണ്ട് ഞങ്ങളോടി. കണ്ണമ്മയെ എന്റെ കണ്ണുകള്‍ തിരയുന്നുണ്ടായിരുന്നു. പുഴക്കരയില്‍ അവളെ കണ്ടപ്പോള്‍ ആശ്വാസമായി. പുഴയ്ക്കപ്പുറം വലിയ തീയാണ്. കറുപ്പനെ പിടിച്ചുകെട്ടി ആ തീയിലേക്കെറിഞ്ഞു. സാമൂഹികദ്രോഹികളെ ജീവനോടെ വയ്ക്കാന്‍ പാടില്ലല്ലോ.
ഇനിയും ഇതുപോലുള്ള മന്ത്രവാദികള്‍ വരില്ലെന്നാരു കണ്ടു? അതെന്റെയപ്പന്റെ കുറ്റമല്ലെന്നും ആ തീയുണ്ടാക്കിയത് താനാണെന്നും പറഞ്ഞ് അലമുറയിടുന്ന അവന് ഒരു കിഴുക്കുംകൊടുത്ത് ഞങ്ങള്‍ നടന്നുപോയി.
ഇത് ഒരു യുഗത്തിന്റെ ആരംഭമാണെന്ന് വൃദ്ധ പറയുന്നതുകേട്ടു. ഹാ... എന്തേലുമാവട്ടെ.
കഥാകാരന്‍ പാലാ സെന്റ് തോമസ് കോളജ് ബിഎസ്‌സി (മാത്‌സ്) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.