•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രതിഭ

ഇലക്ഷന്‍ ഞങ്ങള്‍ക്കും പറയാനുണ്ട്

വേണ്ടത് സമഗ്രവീക്ഷണം

ജിനു പി. ബിനു
ഭാരത്മാതാ ലോ കോളജ്, ആലുവ

തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ അതതു പ്രദേശത്തിന്റെ സമഗ്രവികസനത്തിനു നേതൃത്വം നല്കുന്നവരായിരിക്കണം. വോട്ടുചോദിക്കാന്‍ മാത്രം ജനങ്ങളെ കാണുന്ന ഒരാളാകരുത് ജനപ്രതിനിധി. സമൂഹത്തിലെ അവഗണിക്കപ്പെട്ടവരെയും പ്രായമായവരെയും കരുതലോടെ കാണുന്നവരായിരിക്കണം അവര്‍. തന്റെ പ്രദേശത്ത് ഒരാളുപോലും പട്ടിണി കിടക്കുന്നവരും ദുരിതമനുഭവിക്കുന്നവരുമായി ഇല്ലെന്ന് അവര്‍ ഉറപ്പുവരുത്തണം.
ശാസ്ത്രസാങ്കേതിക - കലാരംഗങ്ങളില്‍ നിരവധി കഴിവുകളുള്ള ധാരാളം കുട്ടികള്‍ നമ്മുടെയിടയിലുണ്ട്. സാമ്പത്തികമായോ സാഹചര്യങ്ങള്‍ നിമിത്തമോ പിന്നാക്കം നില്‍ക്കുന്ന അത്തരം കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍ ഉണ്ടാവണം.
കേരളത്തിലെ ഏതുഭാഗത്തു ചെന്നാലും അത് നമ്മുടെ നാടാണ് എന്നു തോന്നിപ്പിക്കുന്ന ഒരു സാഹചര്യം പൗരന്മാരില്‍ ഉണ്ടാകാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം.
നമ്മുടെ നാട്ടിലെ റോഡുകള്‍ പലതും സഞ്ചാരയോഗ്യമല്ല. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ രാഷ്ട്രത്തിന്റെ വികസനത്തിന് റോഡുകള്‍ വഹിക്കുന്ന പങ്ക് മനസ്സിലാക്കണം. അവ നവീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. പൊതുവെ പറഞ്ഞാല്‍, നാടിന്റെ സമഗ്രവികസനത്തിന് അടിസ്ഥാനമൊരുക്കുന്നവരാകണം നാം തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍.

നീതിയും ന്യായവും പുലരണം

മരിയ ഷാജി
സെന്റ് അഗസ്റ്റിന്‍ എച്ച്.എസ്.എസ്., രാമപുരം

നാടെങ്ങും ചൂടു പരക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ വാര്‍ത്തകള്‍ പരത്തുന്ന ചൂട്. ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ പ്രദേശവാസികള്‍ ആവേശഭരിതരായി ഉറ്റുനോക്കുന്ന കാലം. ഈ സമയത്ത് പ്രായമെന്ന മാനദണ്ഡത്താല്‍ തഴയപ്പെടുന്നവയാണ് വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയാവബോധവും അഭിപ്രായങ്ങളും. അവരുടെ ഉള്ളിലും ചുറ്റുപാടുകളെ വിലയിരുത്തി ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ ആവേശംകൊള്ളുന്ന ഒരു മനസ്സുണ്ട്.
സമകാലികസംഭവങ്ങള്‍ വിലയിരുത്തിവേണം ഒരു ഭരണാധികാരിയെ തിരഞ്ഞെടുക്കേണ്ടത്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ട് അവയില്‍നിന്ന് നീതിയും ന്യായവും സംയോജിക്കുന്ന സ്വന്തമായ അഭിപ്രായത്തില്‍ നിത്യവും ഉറച്ചുനില്‍ക്കുവാന്‍ പ്രാപ്തിയുള്ള ഒരു വ്യക്തിയെയായിരിക്കണം നാം തിരഞ്ഞെടുക്കേണ്ടത്.
ഒരു നീതിപീഠത്തിന്റെ ധര്‍മ്മം തന്റേതുതന്നെ എന്നു മനസ്സിലാക്കി ജനങ്ങള്‍ക്കുവേണ്ടി അതു നടപ്പിലാക്കാന്‍ അവര്‍ക്കു കഴിയണം. മുകളില്‍ നില്‍ക്കണം എന്നതിലുപരി ജനത്തോടൊപ്പം നില്‍ക്കണം എന്നതായിരിക്കണം അവരുടെ ലക്ഷ്യം. ഇങ്ങനെയുള്ളവരെ കണ്ടെത്തലാണ് പൗരനെന്ന നിലയില്‍ നാമോരോരുത്തരുടെയും ഉത്തരവാദിത്വം.
സേവനമെന്ന തീ ഉള്ളില്‍ കെടാതെ കാക്കുന്നവരെയാണ് നമുക്കാവശ്യം. ജനക്ഷേമത്തിനുവേണ്ടി വിദ്യാസമ്പന്നരായ, നാട്ടുകാരെയും നാടിനെയും മാനിക്കുന്ന  ജനപ്രതിനിധികളെ നമുക്കു തിരഞ്ഞെടുക്കാം.

വിവേചനം പാടില്ല

ബെല്ല സണ്ണി
ദേവമാതാ കോളജ്, കുറവിലങ്ങാട്

ജനങ്ങളെ പ്രതിനിധീകരിക്കുന്നവന്‍ ജനപ്രതിനിധി. ജാതി മത വര്‍ഗ വര്‍ണ അതിര്‍വരമ്പുകള്‍ പടര്‍ന്നുപന്തലിക്കുമ്പോള്‍ സ്‌നേഹത്തിന്റെ ചൂടുകൊണ്ട് വിവേചനങ്ങളില്ലാതെ മനുഷ്യനെ ചേര്‍ത്തുപിടിക്കുവാനും ഒന്നിച്ചുകൊണ്ടുപോകുവാനും കഴിവുള്ളവന്‍. സമ്പന്നന്റെയും ദരിദ്രന്റെയും പ്രശ്‌നങ്ങളെ ഒരേ ത്രാസില്‍ സമക്കട്ടകൊണ്ട് അളന്ന് പ്രതിവിധി കണ്ടെത്തുന്നവന്‍. തന്നെ വിശ്വസിച്ച് വോട്ടിങ് മെഷീനില്‍ തെളിയുന്ന ഓരോ ചുവപ്പുനിറത്തോടും, അധികാരമുള്ള അവസാനനിമിഷംവരെ വിശ്വസ്തത പുലര്‍ത്തുന്നവന്‍. ജനങ്ങളില്‍ ഒരാള്‍. അതാണ് ജനപ്രതിനിധി

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)