ഒരു വികസിതരാജ്യമാകാന്‍ വികസനപാതയിലൂടെ ചരിക്കുകയാണ് ഇന്നത്തെ ഇന്ത്യന്‍ സമൂഹം. പക്ഷേ, പലപ്പോഴും ഈ വളര്‍ച്ച മാനസികതലത്തില്‍ സംഭവിക്കുന്നില്ല. എന്നാണോ ഇന്ത്യയിലെ സ്ത്രീകളും കുട്ടികളും സുരക്ഷിതരാകുന്നത്, അന്നേ ഇന്ത്യ സ്വതന്ത്രയാകൂ എന്നു ഗാന്ധിജി പറഞ്ഞത് വളരെ അര്‍ത്ഥവത്താണ്.
സമൂഹത്തില്‍ നടമാടുന്ന പേക്കൂത്തുകള്‍ കാണുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ അതിര്‍വരമ്പുകള്‍ എവിടെയെന്നു ചിന്തിച്ചുപോകും. ജാതി-മത-വര്‍ണ-വര്‍ഗ ചിതലുകള്‍ സ്ഥാനമുറപ്പിച്ച ജീര്‍ണിച്ച തടിപ്പുരയാണ് ഇന്നത്തെ ഇന്ത്യ. അവകാശങ്ങള്‍ അച്ചടിച്ച് തങ്കലിപികളില്‍ സൂക്ഷിക്കുന്ന നമ്മള്‍ അവയെ മനസ്സിലേക്ക് ഉള്‍ക്കൊള്ളാന്‍ മാത്രം ശ്രമിച്ചില്ല.
ഇക്കഴിഞ്ഞ നവംബര്‍ 14 ന് ശിശുദിനവും ദീപാവലിയും നാം ഒരുമിച്ചാഘോഷിച്ചു. നിഷ്‌കളങ്കപുഞ്ചിരികള്‍കൊണ്ട് ലോകം പ്രകാശിതമാകേണ്ടിയിരുന്ന അതേ ദിവസംതന്നെയാണ് കാണ്‍പൂരിലെ ഏഴു വയസ്സുകാരിയെ അവര്‍ ഇരുട്ടിലേക്കു തള്ളിയിട്ടത്. പെണ്‍കുട്ടിയുടെ കരള്‍ ഭക്ഷിച്ചാല്‍ കുഞ്ഞ് ജനിക്കുമെന്നു വിശ്വസിച്ച്, നമ്മുടെ അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ 'ഭദ്രസ്' എന്ന ഗ്രാമത്തിലെ ദമ്പതികളാണ് ഈ കൊടുംക്രൂരതയ്ക്കു നേതൃത്വം നല്‍കിയത്.
കൊല നടത്തിയ പ്രതികളിലൊരാള്‍ ദമ്പതികളുടെ ബന്ധുവാണ്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ കുഞ്ഞിനെ പീഡനത്തിനിരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തശേഷം കരള്‍ ചൂഴ്‌ന്നെടുത്ത് മൃതദേഹം ഉപേക്ഷിച്ചു കടന്നുകളഞ്ഞതായി പോലീസ് വിശദീകരിച്ചിരുന്നു. കൊണ്ടുവന്ന കരളിന്റെ കുറച്ചുഭാഗം ദമ്പതികള്‍ കഴിക്കുകയും ബാക്കി നായ്ക്കള്‍ക്കു കൊടുക്കുകയുമാണുണ്ടായത്. ജീവനും മാനത്തിനും 1500 രൂപ വിലയിട്ട നരഭോജികളുടെ നാടായി ഇന്ത്യ മാറിയിരിക്കുന്നു. അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍ അരങ്ങൊഴിഞ്ഞു. നമ്മളോ, വെറും കാഴ്ചക്കാരായി നോക്കിനിന്നു. അതേ, ഇന്ത്യ ദരിദ്രയാണ്; ഇന്ത്യക്കാര്‍ അടിമകളും.
ആര്‍ട്ടിക്കിള്‍ 14 മുതല്‍ ആര്‍ട്ടിക്കിള്‍ 51 വരെ ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങളെ 6 മൗലികാവകാശങ്ങളായി രൂപപ്പെടുത്തി നമ്മുടെ പിതാമഹന്മാര്‍ കരുത്തുറ്റ ഒരു അടിത്തറ നമുക്കു പണിതുതന്നു. എന്നാല്‍, അതിനു കെട്ടിയ മേല്‍ക്കൂരയും മതിലുകളും കഴുക്കോലും തൂണുകളും ദ്രവിച്ചു നാശമായിരിക്കുകയാണ്.
കുഞ്ഞുങ്ങള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ മേയ് അവസാനം വേഗം സമ്പന്നനാകാന്‍ 14 വയസ്സുള്ള മകളെ പിതാവ് കഴുത്തു ഞെരിച്ചുകൊന്നതും പെണ്‍കുഞ്ഞു പിറന്നാല്‍ സാമ്പത്തികബാധ്യത ഉണ്ടാകുമെന്ന ജ്യോതിഷിയുടെ പ്രവചനത്തെത്തുടര്‍ന്ന് ഏഴു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതുമൊക്കെ നമ്മുടെ ഇന്ത്യയില്‍ത്തന്നെയാണ്. 2018 നവംബറില്‍ ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നാലു വയസ്സുകാരിയെ കഴുത്തറുത്തു കൊന്നതും ആറു വിരലുകളുമായി ജനിച്ച കുഞ്ഞിന്റെ വിരലുകള്‍ കുട്ടി വലുതാകുമ്പോള്‍ വിവാഹം നടക്കില്ലെന്ന വിശ്വാസത്തെത്തുടര്‍ന്ന് മുറിച്ചുകളഞ്ഞതുംപോലുള്ള സംഭവവികാസങ്ങള്‍ ''മാതാ-പിതാ-ഗുരു ദൈവം'' എന്ന ഭാരതീയദര്‍ശനത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നു.
അന്ധവിശ്വാസങ്ങളെയും ആഭിചാരത്തെയും വെടിഞ്ഞ് മനുഷ്യത്വത്തോടെ ചിന്തിക്കുവാന്‍ നാം തയ്യാറാകണം. മരണപ്പെടുന്ന ഓരോ കുട്ടിയും എന്റെയും നിങ്ങളുടെയും സഹോദരനോ സഹോദരിയോ ആണ്. അതിനാല്‍, ഇന്ത്യന്‍ സംസ്‌കാരത്തെത്തന്നെ ചോദ്യം ചെയ്യുന്ന ജീര്‍ണിച്ച പ്രവണതകളെ ചവിട്ടിപ്പുറത്താക്കാനും നന്മമരങ്ങളാകാനും നമുക്കു സാധിക്കട്ടെ.
ലേഖിക പാലാ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്