•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രതിഭ

തൊഴില്‍ തേടുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴികള്‍

കൊവിഡിനു മുമ്പും ശേഷവും എന്ന് അടയാളപ്പെടുത്താവുന്ന ഒരു കാലത്താണിപ്പോള്‍  ആഗോളജനസമൂഹം ജീവിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയുള്‍പ്പെടെയുള്ള തൊഴില്‍പ്രശ്‌നങ്ങളും പല രാജ്യങ്ങളിലും അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഇക്കാലത്ത് ജോലിക്കായി വലിയ കമ്പനികളെ ആശ്രയിക്കാതെ വീട്ടിലിരുന്നു സമ്പാദിക്കാന്‍ സാധ്യമായ ജോലികള്‍ ഇന്റര്‍നെറ്റുപയോഗിച്ചു സ്വന്തമാക്കാം. ആത്മവിശ്വാസത്തോടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് സ്വന്തം അഭിരുചിക്കനുസരിച്ച് ജോലി സ്വയം തിരഞ്ഞെടുക്കാനും സംതൃപ്തമായി സമ്പാദിക്കാനുമുള്ള പ്‌ളാറ്റ്‌ഫോമാണ് ഇന്റര്‍നെറ്റ് പ്രദാനം ചെയ്യുന്നത്.
ഓണ്‍ലൈന്‍ തൊഴില്‍ എന്നു കേള്‍ക്കുമ്പോള്‍ ടൈപ്പിംഗ് ജോലികളാവും ആദ്യം ഓര്‍മ്മയില്‍ വരുക. ഡാറ്റ എന്‍ട്രി, പരസ്യം, എഴുത്ത്, സര്‍ഗ്ഗാത്മകഎഴുത്ത്, കണ്ടന്റ് റൈറ്റിംഗ് മുതല്‍ ഗോസ്റ്റ് റൈറ്റിംഗ് വരെ. എഴുത്തിലോ ടൈപ്പിംഗിലോ താത്പര്യമുള്ളവര്‍ക്ക് ഒരുപാട് അവസരങ്ങള്‍ ഓണ്‍ലൈനിലുണ്ട്. വിദേശകമ്പനികളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യാനും സ്വന്തം നാട്ടില്‍ അധ്യാപനത്തിനും ഒക്കെ ഇവിടെ ധാരാളം അവസരങ്ങളുണ്ട്.
ഫ്‌ളക്‌സ് ജോബ്‌സ്
2007 ല്‍ ആരംഭിച്ച ഒരു സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസ് അഥവാ നിശ്ചിതകാലത്തേക്കു പണം അടച്ചുള്ള സേവനമാണ് ഈ ജോബ് സൈറ്റ് നല്‍കുന്നത്. പ്രധാനമായും ടെലികമ്യൂണിക്കേഷന്‍ ജോലികളാണ് ഈ സൈറ്റ് മുമ്പോട്ടുവയ്ക്കുന്നത്. ഇതില്‍ ഫ്രീലാന്‍ഡ്, പാര്‍ട് ടൈം അവസരങ്ങളും ഉള്‍പ്പെടും. വിവിധ തൊഴില്‍ മേഖലകളില്‍നിന്നുള്ളവര്‍ക്ക് അവരുടെ ജോലികള്‍ പോസ്റ്റു ചെയ്യാനും പ്രസ്തുത ജോലി തിരഞ്ഞെടുത്ത് പൂര്‍ത്തിയാക്കി പണം നേടാനുമുള്ള പ്‌ളാറ്റ് ഫോമാണ് ഈ ആപ്ലിക്കേഷന്‍ ഒരുക്കുന്നത്. ഇങ്ങനെ പോസ്റ്റുചെയ്യപ്പെടുന്ന ഓരോ തൊഴിലും പരിശോധിച്ച് സാധുത ഉറപ്പുവരുത്തിയശേഷമാണ് അതു പൊതുജനങ്ങള്‍ക്ക് അനാവൃതമാക്കുന്നത് എന്നാണ് കമ്പനി സാക്ഷ്യപ്പെടുത്തുന്നത്.
അമ്പത്തിനായിരത്തോളം കമ്പനികളില്‍നിന്നായി മുപ്പത്തിരണ്ടായിരത്തോളം ജോലികള്‍ ഈ വെബ്‌സൈറ്റില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്കായി  ലഭ്യമാക്കിയിട്ടുണ്ട് എന്നാണ് കമ്പനി ഉറപ്പുനല്‍കുന്നത്. ഇങ്ങനെയുള്ള സേവനങ്ങള്‍ക്കാണ് ഒരു നിശ്ചിതഫീസ് കമ്പനി ഈടാക്കുന്നത്.
സോളിഡ് ഗിഗ്‌സ്
സമയത്തിനു വളരെ പ്രാധാന്യം നല്‍കിക്കൊണ്ട് ഏറ്റവും സൗകര്യത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാനാണ് ഈ വെബ്‌സൈറ്റ് മുന്‍ഗണന നല്‍കുന്നത്. മുന്‍പരിചയമില്ലാത്ത തൊഴിലന്വേഷകര്‍ക്ക് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. യുവാക്കളെ മുന്‍നിര്‍ത്തി വിശ്വാസയോഗ്യമല്ലാത്ത ധാരാളം സൈറ്റുകള്‍ വ്യാജവാഗ്ദാനങ്ങളുമായി മുന്നോട്ടു വരുന്നതാണ് ഇതിനു കാരണം. ഇത്തരത്തിലുള്ള വ്യാജഭീഷണികളില്‍പെടാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതു മനസ്സിലാക്കിയാണ് സോളിഡ് ഗിഗ്‌സ് പ്രവര്‍ത്തിക്കുന്നത്. ഓരോ ആഴ്ചയും അവര്‍ അന്വേഷിച്ചു തിരഞ്ഞെടുത്ത തൊഴിലവസരങ്ങളാണ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. ഇതോടൊപ്പം പിച്ചിംഗ്, സെയില്‍സ്, പ്രൈസിംഗ്, ക്ലയന്റ് അക്വിസിഷന്‍ എന്നിവയില്‍ പ്രത്യേക ട്രെയിനിംഗിനും അവസരമുണ്ട്.
ഫീവെ
സുതാര്യവും അനായാസവുമായ പ്രവര്‍ത്തനമാണ് ഈ ആപ്ലിക്കേഷന്‍ കാഴ്ചവയ്ക്കുന്നത്. ഗ്രാഫിക്‌സ്, ഡിസൈന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എഴുത്ത്, ട്രാന്‍സലേഷന്‍, വീഡിയോ, ആനിമേഷന്‍, സംഗീതം, ഓഡിയോ, പ്രോഗ്രാമിംഗ്, ടെക്‌നോളജി, ബിസിനസ്, ലൈഫ്‌സ്റ്റൈല്‍ എന്നീ മേഖലകളില്‍ കഴിവും അഭിരുചിയും ഉള്ളവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഗുണപ്പെടാം. തൊഴില്‍ ദാതാവിനും സംരംഭകര്‍ക്കും മുന്‍പരിചയമില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുമെല്ലാം ആവശ്യമായ അവസരങ്ങളുടെ ഒരു ശേഖരം ഒരുക്കിയിട്ടുണ്ട് ഈ ആപ്ലിക്കേഷനില്‍.
അപ്‌വര്‍ക്ക്
ബേസിക് ഫീച്ചേഴ്‌സ് ആയി സൗജന്യസേവനവും പ്ലസ് മെമ്പര്‍ഷിപ്പ് മുഖേന പണമടച്ചുള്ള സേവനങ്ങളും ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ മേഖലയിലെ വ്യവസായഭീമനാണ് അപ്‌വര്‍ക്ക് എന്ന കമ്പനി. അതിനാല്‍ത്തന്നെ അനേക ലക്ഷങ്ങളാണ് ഈ കമ്പനിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഇതില്‍ പല മുന്‍നിര കമ്പനികളും ഉള്‍പ്പെടും.
കേരളത്തിലെ ഒരു സാധാരണ തൊഴിലന്വേഷിയെ സംബന്ധിച്ചിടത്തോളം പല വാതിലുകള്‍ മുട്ടിത്തളര്‍ന്നാലും വിദ്യാഭ്യാസയോഗ്യതയ്‌ക്കോ കഴിവിനോ ചേര്‍ന്ന തൊഴില്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇങ്ങനെ പ്രതിസന്ധി നേരിടുന്ന എന്നാല്‍, കഴിവും സ്ഥിരോത്സാഹവുമുള്ള ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം വിശ്വാസയോഗ്യമായ പ്‌ളാറ്റ്‌ഫോമാണ് അപ്‌വര്‍ക്ക് നല്‍കുന്നത്. അപ്‌വര്‍ക്കിന്റെ സവിശേഷത അതില്‍ പ്രൊഫൈല്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുമ്പോള്‍മുതല്‍ പ്രതിഫലിക്കുന്നുണ്ട്. സാധാരണ കമ്പനികളില്‍ നല്‍കാനുള്ള പ്രൊഫൈലില്‍ ഉദ്യോഗാര്‍ത്ഥി എന്തു വിവരങ്ങള്‍ 'എന്റര്‍' ചെയ്യുന്നുവോ അത് അതേപടി സ്വീകരിക്കുകയാണ് പതിവ്. എന്നാല്‍, അപ്‌വര്‍ക്കില്‍ സ്ഥിതി വ്യത്യസ്തമാണ്. പ്രൊഫൈല്‍ ഉണ്ടാക്കിയാല്‍ മാത്രം പോരാ അതില്‍ അപ്‌വര്‍ക്ക് അംഗീകാരം നല്‍കുകയും വേണം. വിശദമായ പരിശോധനയ്ക്കു ശേഷമാണ് ഒരു പ്രൊഫൈലിന് അംഗീകാരം നല്‍കുക. സംരംഭകരെ ഈ ആപ്ലിക്കേഷന്‍ ആകര്‍ഷിക്കുന്ന കാര്യവും മറ്റൊന്നല്ല. കാരണം, ഇത്രയും വിശദമായ ഘട്ടങ്ങളില്‍ ക്ഷമയോടെ കടന്നെത്തുന്ന പ്രൊഫൈലുകളില്‍ അവര്‍ക്കും വിശ്വാസമാണ്. ഒന്നോ രണ്ടോ ആഴ്ചമുതല്‍ രണ്ടോ മൂന്നോ വര്‍ഷംവരെ ടേം (പൂര്‍ത്തിയാക്കാനുള്ള സമയം) ഉള്ള ജോലികള്‍ ഈ പ്‌ളാറ്റ്‌ഫോമില്‍ ലഭ്യമാണ്. അതായത്, നിങ്ങള്‍ക്ക് അടിയന്തരമായി ഒരു ജോലി ഏറ്റെടുത്തു സമ്പാദിക്കണം എന്നുണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ക്കേണ്ട ജോലിയും, അതല്ലാ സാവകാശം ചെയ്യാനാണ് താത്പര്യമെങ്കില്‍ നീണ്ട കാലാവധിയുള്ള തൊഴിലും ഇവിടെ ലഭ്യമാണ്. ഇത്തരം സൗകര്യങ്ങള്‍ ഓണ്‍ലൈന്‍ മേഖലയുടെ മാത്രം പ്രത്യേകതയാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.


അപ്‌വര്‍ക്കില്‍ ലഭ്യമായ ഏതാനും മേഖലകള്‍


 വെബ്, മൊബൈല്‍, സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ്
 ഡിസൈന്‍, ക്രിയേറ്റീവ് വര്‍ക്കുകള്‍
 എഴുത്ത്
 സെയില്‍സ്, മാര്‍ക്കറ്റിംഗ്
 അഡ്മിഷന്‍ സപ്പോര്‍ട്ട്
 കസ്റ്റമര്‍ സര്‍വീസ്
 എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുകളില്‍പ്പറഞ്ഞ ഓരോ മേഖലയിലും വ്യത്യസ്തമായ ജോലികള്‍ ഓഫര്‍ അനുസരിച്ച് തിരഞ്ഞെടുക്കാം. സംരംഭകര്‍ക്ക്, സൗകര്യമായ മുതല്‍മുടക്കില്‍ സമയബന്ധിതമായി ജോലികള്‍ ചെയ്തുതീര്‍ക്കാം.

ലേഖിക എറണാകുളം ഗവ. ലോ കോളജ് 
ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനിയാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)