''സ്ഥാ'' ധാതുവില്‍നിന്നു നിഷ്പന്നമായ പദമാണ് സ്ഥാനം. ഇടം അഥവാ ഇരിപ്പിടം എന്നര്‍ത്ഥം. ഇതുപോലെ സ്ഥലം, സ്ഥലി, സ്ഥാപനം, സ്ഥാലി (കലം) സ്ഥിതി മുതലായവയും ''സ്ഥാ'' ധാതുവില്‍നിന്നു വ്യുത്പന്നമായ രൂപങ്ങളാണ്. ഇവയ്ക്കു പകരം ''സ്തലം'', ''സ്തലി'', ''സ്താപനം'', ''സ്താലി'', ''സ്തിതി'' എന്നെല്ലാം എഴുതുന്നതു ശരിയല്ല. ഉച്ചാരണത്തില്‍ സംഭവിക്കുന്ന വ്യതിയാനമാണ് ഇത്തരം ശബ്ദങ്ങളുടെ പ്രചാരത്തിനു നിദാനം. സ് എന്ന വ്യഞ്ജനത്തോട് ഥ് എന്ന അതിഖരവും അ എന്ന സ്വരവും ചേര്‍ത്തുണ്ടാക്കുന്ന കൂട്ടക്ഷരമാണ് ''സ്ഥ'' എന്നത്. (സ്+ഥ്+അ=സ്ഥ).
''സ്ഥാന'' ശബ്ദത്തോട് ''അര്‍ത്ഥി'' സമാസിച്ചുണ്ടാക്കുന്ന ഒറ്റപ്പദമാണ് സ്ഥാനാര്‍ത്ഥി എന്നത്. ഏതെങ്കിലും ഒരു സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനു മത്സരിക്കുന്ന സ്ത്രീയോ പുരുഷനോ സ്ഥാനാര്‍ത്ഥിയാകും. സ്ത്രീലിംഗവിവക്ഷയില്‍ സ്ഥാനാര്‍ത്ഥിനി എന്നുമാകാം. ഇംഗ്ലീഷിലെ Candidate ആണ് മലയാളത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. ''സ്താനാര്‍ത്ഥി'' തെറ്റായ രൂപമാണ്. അത് ഉച്ചാരണത്തിലും എഴുത്തിലും വര്‍ജിക്കണം.
സന്ധിക്കുന്ന വര്‍ണ്ണങ്ങള്‍ ഒരേ വിഭാഗത്തില്‍പ്പെട്ടവ ആണെങ്കില്‍ രണ്ടിനുംകൂടി ആ വര്‍ണ്ണത്തിന്റെ ദീര്‍ഘം ആദേശമായി വരും. ഈ പ്രവണതയ്ക്ക് സവര്‍ണ്ണാദേശം (അകഃ സവര്‍ണ്ണേ ദീര്‍ഘഃ) എന്നു പറയുന്നു. ഇതിന്‍പ്രകാരമാണ് സ്ഥാന+അര്‍ത്ഥി, സ്ഥാനാര്‍ത്ഥിയാകുന്നത്. അര്‍ത്ഥിക്ക് ആഗ്രഹിക്കുന്ന ആള്‍ എന്നും അര്‍ത്ഥമുണ്ടല്ലോ.
''സ്ഥാ'' ധാതുവില്‍നിന്ന് സ്ഥാനികന്‍, സ്ഥാനികി എന്നിങ്ങനെ പുല്ലിംഗ - സ്ത്രീലിംഗ വാചികള്‍ സൃഷ്ടിക്കാം. സ്ഥാനം വഹിക്കുന്നവന്‍, സ്ഥാനം വഹിക്കുന്നവള്‍ എന്നിങ്ങനെ യഥാക്രമം അവയ്ക്കര്‍ത്ഥം. ''സ്ഥാലീപുലാകന്യായ''ത്തിലും (സ്ഥാലീ + പുലാക + ന്യായം, സ്ഥാലി - കല പുലാകം - ചോറ്) മൂലരൂപം ''സ്താ'' അല്ല''സ്ഥാ'' ആണെന്നു മനസ്സിലാക്കണം. പാത്രത്തിലെ അരി വെന്തോ എന്നറിയാന്‍ ഒന്നോ രണ്ടോ വറ്റെടുത്തു പരിശോധിച്ച് എല്ലാറ്റിന്റെയും വേവ് നിശ്ചയിക്കാറുണ്ടല്ലോ. അതുപോലെ ഒന്നില്‍നിന്നു പലതും അനുമാനിക്കുന്നിടത്ത് ''സ്ഥാലീപുലാകന്യായം'' എന്ന ശൈലി പ്രസക്തമാകുന്നു.
*ജോണ്‍, കുന്നപ്പള്ളി, ഫാ., പ്രക്രിയാഭാഷ്യം, ഡി.സി.ബുക്‌സ്, കോട്ടയം, 1989, പുറം - 32.