ഡിസംബര്‍ 6
മംഗലവാര്‍ത്തക്കാലം
രണ്ടാം ഞായര്‍
സംഖ്യ 22:20-35
ഏശ 43:25-44:5
കൊളോ 4:2-6 ലൂക്കാ 1:26-38
ദൈവത്താല്‍ അനുഗൃഹീതരായ ഇസ്രായേല്‍ക്കാരെ ശപിക്കുവാനായി ബാലാക്കിനൊപ്പം പോകരുത് എന്ന് പ്രവാചകനായ ബാലാമിന് ദൈവം പ്രത്യക്ഷനായി അരുള്‍ചെയ്തു. കാരണം 'അവര്‍ അനുഗൃഹീതരാണ്' (സംഖ്യ 22/12). അനുഗൃഹീതരായ ഇസ്രായേല്‍ക്കാരെ ശപിക്കുവാന്‍ പുറപ്പെട്ട ബാലാമിനെ ദൈവദൂതന്‍ വഴിയില്‍ തടഞ്ഞു. കഴുത മുന്നോട്ടുനീങ്ങാനാവാതെ നിന്നു. ബാലാം പാവം കഴുതയെ ഒരുപാടു പ്രഹരിച്ചു. ദൂതനെ കണ്ട കഴുത വഴിയില്‍ക്കിടന്നു. നടന്ന കഴുത നിന്നു. നിന്ന കഴുത കിടന്നു. കഴുതയ്ക്കു വീണ്ടും പ്രഹരം. അപ്പോള്‍ കഴുതയ്ക്ക് ദൈവം സംസാരശക്തി നല്‍കി. കഴുത ചോദിച്ചു: ''മൂന്നു പ്രാവശ്യം എന്നെ അടിക്കാന്‍ ഞാന്‍ നിന്നോട് എന്തു ദ്രോഹം ചെയ്തു?''
കഴുതയുടെ ചോദ്യത്തിനുശേഷം കര്‍ത്താവ് ബാലാമിന്റെ കണ്ണുകള്‍ തുറന്നു.
കണ്ണുകള്‍ തുറന്നുകിട്ടുക ഒരു കൃപയാണ്. ''അപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു'' എന്ന് എമ്മാവൂസ് യാത്രാവിവരണത്തിലും നാം വായിക്കുന്നുണ്ട്. കണ്ണുകള്‍ ഉണ്ടായിരുന്നിട്ടും കാണാതിരിക്കുന്നതാണ് ഏറ്റവും വലിയ അന്ധതയെന്ന് ഹെലന്‍ കെല്ലര്‍ പറയുന്നതും ഓര്‍ക്കാം. വചനഭാഗത്തേക്കു വരാം. അപ്പോള്‍ ബാലാമും കര്‍ത്താവിന്റെ ദൂതനെ കണ്ടു. ബാലാം പറഞ്ഞു: ''ഞാന്‍ പാപം ചെയ്തു. അങ്ങ് എനിക്കെതിരേ വഴിയില്‍നിന്നതു ഞാന്‍ അറിഞ്ഞില്ല'' (സംഖ്യ 22/34).
കഴുതയ്ക്കു കാഴ്ചയും സംസാരശക്തിയും നല്‍കിയ ദൈവം ബാലാമിനു കാഴ്ചയ്ക്കുള്ളിലെ കാഴ്ചയായ ഉള്‍ക്കാഴ്ച നല്‍കി. 'ഞാന്‍ പാപിയാണ്' എന്ന വലിയ ഉള്‍ക്കാഴ്ച. കര്‍ത്താവിന്റെ മുമ്പില്‍ നിന്ന പത്രോസ് പറഞ്ഞതും ഇതുതന്നെ: ''ഞാന്‍ മഹാപാപിയാണ്.'' പൗലോസ് പറഞ്ഞതും മറ്റൊന്നല്ല: ''ഞാന്‍ പാപികളില്‍ ഒന്നാമനാണ്.'' വിവേകശൂന്യമായ യാത്രകള്‍ക്കു തടയിടുന്ന ദൈവത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച ബാലാമിനു ലഭിച്ചു. 'ദൈവം തോന്നിക്കുന്ന വചനംമാത്രം പറയണ'മെന്നുള്ള ഉള്‍ക്കാഴ്ച.
ദൈവം തോന്നിപ്പിച്ചതും ദൈവം കാണിച്ചതും മാത്രം ബാലാം പ്രവചിച്ചു.
''പാറക്കെട്ടുകളില്‍നിന്ന് ഞാനവനെ കാണുന്നു... വേറിട്ടുപാര്‍ക്കുന്ന ഒരു ജനം; ജനതകളോട് ഇടകലരാത്ത ഒരു ജനം... യാക്കോബിന്റെ ധൂളിയെ എണ്ണാന്‍ ആര്‍ക്കു കഴിയും!'' (സംഖ്യ 23/9). ''യാക്കോബില്‍നിന്ന് ഒരു നക്ഷത്രം ഉദിക്കും, ഇസ്രായേലില്‍നിന്ന് ഒരു ചെങ്കോല്‍ ഉയരും'' (സംഖ്യ 24/17). ബാലാമിനു ലഭിച്ച ഈ ഉള്‍ക്കാഴ്ച നൂറ്റാണ്ടുകളുടെ പ്രതീക്ഷാവിഷയമായ രക്ഷകനെക്കുറിച്ചുള്ളതായിരുന്നു. 'ക്രിസ്തുസംഭവ'ത്തിന്റെ മുന്നറിയിപ്പും മുന്നാസ്വാദനവും!
യാക്കോബിനെ നശിപ്പിക്കാത്ത ഇസ്രായേലിനെ മറക്കാത്ത, ദൈവകരുണയുടെ വിവരണമാണ് രണ്ടാമത്തെ വായനയും. 'ഭയപ്പെടേണ്ട' എന്ന ആശ്വാസദൂതും ഇതോടൊപ്പമുണ്ട് (ഏശ 43/5, 44/8). ബൈബിളിലുടനീളം വലിയ സാന്ത്വനത്തിന്റെ ഈ ചെറിയ പദം കടന്നുവരുന്നുണ്ട്.
പൗലോസിന്റെ ഉള്‍ക്കാഴ്ച
താന്‍ ക്രിസ്തുസംഭവത്തിന്റെ പ്രഘോഷകനാണെന്ന് പൗലോസ് ശ്ലീഹാ പറയുന്നു (കൊളോ 4/2-4).
ദൈവകൃപയ്ക്കു പാത്രമായ ദൈവകരങ്ങളിലെ ഉപകരണമായ യേശുക്രിസ്തുവിന്റെ തടവുകാരനായ പൗലോസ് തനിക്കു കിട്ടിയ ഒരു വലിയ ഉള്‍ക്കാഴ്ചയെപ്പറ്റി പറയുന്നു:
''വെളിപാടുവഴിയാണ് രഹസ്യം എനിക്ക് അറിവായത്. അതു വായിക്കുമ്പോള്‍ ക്രിസ്തുവിന്റെ രഹസ്യത്തെക്കുറിച്ച് എനിക്കു ലഭിച്ചിരിക്കുന്ന ഉള്‍ക്കാഴ്ച എന്തെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാം'' (എഫേ. 3:4).
വിജാതീയരോട് ക്രിസ്തുവിന്റെ ദുര്‍ഗ്രഹമായ സമ്പന്നതയെക്കുറിച്ചു പ്രസംഗിക്കാന്‍ വരം ലഭിച്ച പൗലോസ് പറയുന്നു: ''ഏറ്റവും നിസ്സാരനാണ് ഞാന്‍.'' 'ഞാന്‍ പാപം ചെയ്തുപോയി' എന്ന് ബാലാമിനു ലഭിച്ചതുപോലുള്ള ഒരു അവബോധവും ഉള്‍ക്കാഴ്ചയും.
നിസ്സാരതകളെ സാരമാക്കാത്ത ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റെ ചിത്രംകൂടിയാണിത്. 'ദൈവം കടാക്ഷിച്ച ഒരു പാപിയാണ് ഞാന്‍' എന്നു പറഞ്ഞ ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകളും കൂട്ടിവായിക്കാം.
''ഇതെങ്ങനെ സംഭവിക്കും?''
ഗബ്രിയേല്‍ദൂതന്റെ മംഗളവാര്‍ത്ത കേട്ടിട്ട് മറിയത്തിന് ആദ്യം തോന്നിയത് സന്തോഷമല്ല; മറിച്ച്, സന്ദേഹമാണ്. മറിയം ദൂതനോടു ചോദിച്ചു: ''ഇതെങ്ങനെ സംഭവിക്കും?'' (ലൂക്കാ 1:34)
ഈശോയുടെ പിറവിയറിയിപ്പു കേട്ടിട്ട് ഇടയന്മാര്‍ പറഞ്ഞത്, 'നമുക്കു ബത്‌ലഹേം വരെ പോകാം. കര്‍ത്താവ് നമ്മെ അറിയിച്ച ഈ സംഭവം നമുക്കു കാണാം' (ലൂക്കാ 2/15) എന്നാണ്.
എമ്മാവൂസ് യാത്രയില്‍ നാലു വട്ടം ആവര്‍ത്തിക്കുന്ന ഒരു പദം സംഭവം എന്നതാണ്.
1. ''ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവര്‍ സംസാരിച്ചുകൊണ്ടിരുന്നു.''
2. ''ഈ ദിവസങ്ങളില്‍ ജറൂസലേമില്‍ നടന്ന സംഭവമൊന്നും അറിയാത്ത അപരിചിതനാണോ നീ?''
3. ''ഇതൊക്കെ സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്.''
4. ''വഴിയില്‍ വച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോള്‍ തങ്ങള്‍ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു.''
ഈശോയുടെ പിറവി-മരണം-ഉത്ഥാനം ഇവയെല്ലാം ഉപസംഹരിച്ചിരിക്കുന്ന മനോഹരപദമാണ് 'ക്രിസ്തുസംഭവം' - 'മിശിഹാസംഭവം'-'മിശിഹാരഹസ്യം.'
പൗലോസ്ശ്ലീഹായുടെ വാക്കുകള്‍: ''ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കാനായി നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. ഇതിനായിട്ടാണല്ലോ ഞാന്‍ ബന്ധനസ്ഥനായിരിക്കുന്നത്. ആ രഹസ്യം ഞാന്‍ പ്രസ്പഷ്ടമാക്കുവാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍'' (കൊളോ.4/34).
ഈശോയുടെ പിറവി നിസ്സാരകാര്യമല്ല. അതു ചരിത്രത്തിലെ ഒരു 'സംഭവ'മാണ്. ചരിത്രത്തെ ബി.സി. യും എ.ഡി. യുമാക്കി കീറിമുറിക്കാന്‍ പോകുന്ന, നൂറ്റാണ്ടുകളുടെ പ്രതീക്ഷാവിഷയവും പ്രവചനങ്ങളുടെ പൂര്‍ത്തീകരണവുമായ ഒരു 'സംഭവ'ത്തിന്റെ അമ്മയാകാന്‍ പോകുന്ന ഒരു കന്യകയുടെ സന്ദേഹമാണീ വചനം.
ഏശയ്യാപ്രവാചകന്‍ അവതരിപ്പിച്ച 'കന്യക'യുടെ ഓര്‍മ്മകള്‍ വചനോപാസകരുടെ മനോമുകുരത്തില്‍ തെളിയുക സ്വാഭാവികം.
''കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും'' (7:14).
സുവിശേഷത്തിലെ കന്യകയുടെ നാട് നസ്രത്താണ്. മംഗളകരമായത് ഒന്നും ആരും ഈ നാട്ടില്‍നിന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു. കാരണം വലിയ പേരും പെരുമയുമുള്ള നാടല്ല. കൊട്ടും കുരവയുമിടാന്‍ മാത്രം ശ്രദ്ധേയമായതൊന്നും നസ്രത്തിനില്ല. നിസ്സാരരും നിസ്സഹായരുമാണവര്‍. ദൈവത്തില്‍ മാത്രം ആശ്രയംവച്ചവര്‍.
നസ്രത്തില്‍നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ? ഈ നാടിനെക്കുറിച്ച് അതുവരെ ഉണ്ടായിരുന്ന ഒരു പെസിമിസ്റ്റിക് കാഴ്ചപ്പാട്-നിഷേധാത്മകമനോഭാവം. പുണ്യനഗരമായ ജറൂസലേമില്‍നിന്ന് അമ്പതുമൈല്‍ അകലെയാണ് ഗലീലിയിലെ ഗ്രാമമായ നസ്രത്ത്. പുണ്യനഗരത്തില്‍ നിന്ന് അകലെ. പുണ്യപ്പെട്ടവരില്‍നിന്നു വിദൂരത്ത്! എന്നാല്‍, രക്ഷയുടെ മംഗളവാര്‍ത്തയുമായി ഗബ്രിയേല്‍ ദൂതന്‍ പറന്നത് പുണ്യനഗരിയിലേക്കല്ല. പുണ്യനഗരിയില്‍നിന്നകലെയുള്ള ആരാലും അധികം അറിയപ്പെടാത്ത നസ്രത്തെന്ന ഗ്രാമത്തിലേക്കാണ്. പുഴ ഒഴുകുന്നത് താഴേക്കാണ്. മഞ്ഞുകണങ്ങളും തുഷാരധാരകളും പെയ്തിറങ്ങുന്നത് താഴേക്കാണ്. അതുപോലെ എളിമയുള്ള മനസ്സുകളിലേക്കും ദൈവകൃപ കടന്നുവരുന്നു. കുനിഞ്ഞുനില്‍ക്കുമ്പോഴാണ് കൃപ. തോറ്റുകൊടുക്കുമ്പോഴാണ് അഭിഷേകം. ദൂതന്‍ മറിയത്തെ സംബോധന ചെയ്തു: ''ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി, കര്‍ത്താവു നിന്നോടുകൂടെ'' ദൈവകൃപയില്‍ വളരാന്‍ ആഗ്രഹിക്കുന്നവര്‍ കൃപകൊണ്ട് നിറഞ്ഞ ഈ കന്യകയോട്, അമ്മയോട് പ്രാര്‍ത്ഥിക്കണം. കൃപയില്‍ കുറവുള്ളവരും കൃപയ്ക്കായി പ്രാര്‍ത്ഥിക്കേണ്ടത് കൃപ നിറഞ്ഞ ഈ അമ്മയോടാണ്. കാരണം ഇവള്‍ ഹാഫ് ഓഫ് ഗ്രേസല്ല, ഫുള്‍ ഓഫ് ഗ്രേസാണ്. ദൈവകൃപയില്‍ സമ്പന്നയായിരുന്നു എന്നതാണ് ഈ നസ്രത്തുകാരിയുടെ സമ്പന്നത. നിസ്സാരരെ നിസ്സാരരാക്കാത്ത ദൈവകരുണയുടെ ആഴവും അര്‍ത്ഥവും എത്ര വലുത്!
''ഇതാ കര്‍ത്താവിന്റെ ദാസി'' (ലൂക്കാ 1/38). 'ഇതോ?' എന്നല്ല 'ഇതാ' എന്നാണു മറിയം പറഞ്ഞത്.
'ഇതാ' എന്ന പദം സന്നദ്ധതയുടെ, ദൗത്യബോധത്തിന്റെ, ദൈവശുശ്രൂഷയ്ക്കുള്ള സമര്‍പ്പണത്തിന്റെയൊക്കെ അര്‍ത്ഥവത്തായ ബൈബിള്‍പദമാണ്.
ഉദാ: ''ഇതാ ഞാന്‍, എന്നെ അയച്ചാലും'' (ഏശ. 6/8)
''ഇതാ ഞാന്‍ വന്നിരിക്കുന്നു'' (ഹെബ്രാ 10/8).
''ഇതാ, ഞങ്ങള്‍ എല്ലാമുപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു'' (മര്‍ക്കോ 10/28).
ദൈവത്തിന് ഒന്നും അസാധ്യമല്ല (ലൂക്കാ 1/37)
ഇത് ഗബ്രിയേല്‍ ദൂതന്റെ മധുരദൂതാണ്, ആശ്വാസദൂതാണ്, ദൈവശക്തിയുടെ അതിശക്തമായ സന്ദേശമാണ്. സക്കറിയായും എലിസബത്തും അബ്രാഹവും സാറായും മനോവയും അവന്റെ വന്ധ്യയായ ഭാര്യയും ഹന്നയുമെല്ലാം ഇന്നും പറഞ്ഞുതരുന്നത് ഇതുതന്നെ.
''ദൈവത്തിന് ഒന്നും അസാധ്യമല്ല.''
സാധ്യത ഇല്ലാത്തിടത്തെ സാധ്യതയാണ് ദൈവം. നിരാശയുടെ തീരത്തെ ചാകരയാണ് ദൈവം. ഊഷരതയുടെ നടുവിലെ നീരുറവയാണ് ദൈവം.
''വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാന്‍ ഒഴുക്കും. നിന്റെ സന്തതികളുടെമേല്‍ എന്റെ ആത്മാവും നിന്റെ മക്കളുടെമേല്‍ എന്റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും'' (ഏശയ്യാ 44/3).
മറിയം പറഞ്ഞു: ''ഇതാ കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ.'' 'ഇതാ' എന്ന വാക്കില്‍ അനുസരണവും 'കര്‍ത്താവിന്റെ' എന്ന വാക്കില്‍ കന്യകാത്വവും 'ദാസി' എന്ന വാക്കില്‍ ദാരിദ്ര്യവും എളിമയും നിറഞ്ഞിരിക്കുന്നതായി ഒരു സമര്‍പ്പിതന്/സമര്‍പ്പിതയ്ക്കു തോന്നിയാല്‍ അദ്ഭുതമില്ല. പരി. മറിയത്തിന്റെ സമര്‍പ്പിതമന്ത്രമായിരുന്നു ഈ വചനം.
'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' എന്നു പറഞ്ഞതുപോലെ പരിപൂര്‍ണസമര്‍പ്പണത്തിന്റെ മഹാവാക്യം. 'ഇതാ കര്‍ത്താവിന്റെ ദാസി' - പരി. മറിയത്തിന്റെ ആമ്മേനാണിത്. 'ആമ്മേന്‍' എന്നാല്‍ 'അപ്രകാരം സംഭവിക്കട്ടെ' എന്നര്‍ത്ഥം. അമ്മ ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞപ്പോള്‍ അവള്‍ രക്ഷാകരചരിത്രത്തിന്റെ ഭാഗമായി. രക്ഷാകരസംഭവങ്ങള്‍ക്കു സാക്ഷിയായി. രക്ഷകന്റെ അമ്മയായി. രക്ഷ തേടുന്നവര്‍ക്കുള്ള മധ്യസ്ഥയായി. വിട്ടുകൊടുക്കാം, ദൈവതൃക്കരങ്ങളില്‍ കളിമണ്ണുപോലെ. 'ആമ്മേന്‍' പറയാം, ദൈവതിരുമനസ്സിന്. 'ഇതാ' പറയാം, ദൈവവചനത്തിന്.