ദാവീദിന്റെ രാജസിംഹാസനത്തില്‍ ഇരുന്നുകൊണ്ട് പുത്രനായ സോളമന് 40 വര്‍ഷം ഇസ്രയേലിനെ ഭരിച്ചു.
രാജാവായി അഭിഷേകം ചെയ്യപ്പെടുമ്പോള്‍ 12 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന സോളമന് ഒരു ഭാരിച്ച ഉത്തരവാദിത്വം ബാക്കിവച്ചിട്ടാണ് ദാവീദ് കടന്നുപോയത് - ദൈവാലയനിര്‍മാണം.
നാല്പതുവര്ഷം നീണ്ടുനിന്ന ഭരണകാലത്ത് ഒരു യുദ്ധംപോലുമില്ലാതെ സമാധാനത്തിലും സുസ്ഥിതിയിലും രാജ്യത്തെ നയിക്കാന്‍ കഴിഞ്ഞ സോളമന് ദൈവാലയനിര്‍മാണം സുഗമമായി മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞു.
ദാവീദ് സോളമനോടു പറഞ്ഞു: ''മകനേ, എന്റെ ദൈവമായ കര്ത്താവിന് ആലയം പണിയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, കര്‍ത്താവ് എന്നോട് അരുള്‍ചെയ്തു: നീ ഏറെ രക്തം ചിന്തി, ധാരാളം യുദ്ധങ്ങളും നടത്തി. നീ എന്റെ മുമ്പില്‍ ഇത്രയേറെ രക്തമൊഴുക്കിയതിനാല് നീ എനിക്ക് ആലയം പണിയുകയില്ല. നിനക്ക് ഒരു പുത്രന് ജനിക്കും. അവന്റെ ഭരണം സമാധാനപൂര്‍ണമായിരിക്കും. ചുറ്റുമുള്ള ശത്രുക്കളില്‍നിന്നു ഞാന്‍ അവനു സമാധാനം നല്‍കും. അവന്റെ നാമം സോളമന് എന്നായിരിക്കും. അവന് എന്റെ നാമത്തില്‍ ആലയം പണിയും. അവന് എനിക്കു പുത്രനും ഞാന്‍ അവനു പിതാവുമായിരിക്കും. അവന്റെ രാജകീയസിംഹാസനം ഇസ്രയേലില്‍ ഞാന്‍ എന്നേക്കും സുസ്ഥിരമാക്കും'' (1 ദിനവൃത്താന്തം 22:7-10).
''കര്‍ത്താവിന്റെ ആലയത്തിന് ഒരു ലക്ഷം താലന്ത് സ്വര്‍ണവും പത്തുലക്ഷം താലന്ത് വെള്ളിയും അളവില്ലാത്തവിധം പിച്ചളയും ഇരുമ്പും ആവശ്യത്തിനുവേണ്ട കല്ലും മരവും ഞാന്‍ ക്ലേശം സഹിച്ചു ശേഖരിച്ചിട്ടുണ്ട്. ജോലി ആരംഭിക്കുക, കര്‍ത്താവു നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ'' (1 ദിനവൃത്താന്തം 22:14-16).
ഇസ്രയേലിലെ എല്ലാ നായകന്മാരെയും വിളിച്ച് ദാവീദ് ഇപ്രകാരം കല്പിച്ചു: ''നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാന്‍ ഹൃദയവും മനസ്സും ഒരുക്കുവിന്‍. കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകവും ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ട വിശുദ്ധോപകരണങ്ങളും സ്ഥാപിക്കാന്‍ കര്ത്താവിന് ആലയം നിര്‍മിക്കുവിന്‍'' (1 ദിനവൃത്താന്തം 22:19).
കര്‍ത്താവിന്റെ നാമത്തിന് ആലയവും തനിക്കുവേണ്ടി കൊട്ടാരവും പണിയാന്‍ സോളമന് തീരുമാനിച്ചു. എഴുപതിനായിരം ചുമട്ടുകാരെയും, എണ്‍പതിനായിരം കല്ലുവെട്ടുകാരെയും അവരുടെ മേല്‍നോട്ടം വഹിക്കാന്‍ മൂവായിരത്തിയഞ്ഞൂറുപേരെയും സോളമന് നിയമിച്ചു. സോളമന്റെ അഭ്യര്‍ഥനപ്രകാരം ടയിറിലെ രാജാവായ ഹിരാം ലബനനിലെ ദേവദാരുവും സരളമരവും രക്തചന്ദനവും അയച്ചുകൊടുത്തു. അവയ്ക്കു പകരമായി ടയിറിലെ വേലക്കാരുടെ ആവശ്യത്തിനായി 20,000 കോര്‍ ഉമികളഞ്ഞ ഗോതമ്പും അത്രയും ബാര്‍ലിയും ഇരുപതിനായിരം ബത്ത് വീഞ്ഞും അത്രയും എണ്ണയും സോളമന് നല്കി (2 ദിന. 2:8-10)
ജറുസലെമില്‍ തന്റെ പിതാവായ ദാവീദിനു കര്‍ത്താവ് പ്രത്യക്ഷനായ സ്ഥലത്ത് ആലയം പണിയാന്‍ സോളമന് ആരംഭിച്ചു. മോറിയാമലയില്‍ ദാവീദു കണ്ടുവച്ച സ്ഥാനത്തുതന്നെയാണ് പണിതത്. ഇസ്രയേല്‍ജനം ഈജിപ്തില്‍നിന്നു മോചിതരായതിന്റെ നാനൂറ്റിയെണ്പതാംവര്ഷം അതായത്, സോളമന്റെ നാലാം ഭരണവര്‍ഷം രണ്ടാമത്തെ മാസമായ സീവില്‍ അവന് ദൈവാലയത്തിന്റെ പണിയാരംഭിച്ചു. സോളമന് കര്‍ത്താവിനുവേണ്ടി പണിയിച്ച ഭവനത്തിന് അറുപതുമുഴം നീളവും ഇരുപതുമുഴം വീതിയും മുപ്പതു മുഴം ഉയരവുമുണ്ടായിരുന്നു. മുഖമണ്ഡപത്തിന് ആലയത്തിന്റെ വീതിക്കൊത്ത് ഇരുപതു മുഴം നീളമുണ്ടായിരുന്നു. ഉയരം നൂറ്റിയിരുപതു മുഴവും. അതിന്റെ അകവശം മുഴുവനും തങ്കംകൊണ്ടു പൊതിഞ്ഞു. അതിനു സരളമരംകൊണ്ടു മച്ചിട്ടു. അതും തങ്കംകൊണ്ടു പൊതിഞ്ഞു. ആലയം രത്നംകൊണ്ടും പാര്‍വയിമിലെ സ്വര്‍ണംകൊണ്ടും അലങ്കരിച്ചു. തുലാങ്ങള്‍, വാതില്‍പ്പടികള്‍, ഭിത്തി, കതകുകള്‍ ഇങ്ങനെ ആലയംമുഴുവനും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു. ചുവരിന്മേല് കെരൂബുകളുടെ രൂപങ്ങളും കൊത്തിവച്ചു. ശ്രീകോവില്‍ അറുനൂറു താലന്ത് തനിത്തങ്കംകൊണ്ടുപൊതിഞ്ഞു. അതിന്റെ ആണികള്‍ പൊന്നുകൊണ്ടായിരുന്നു. ഓരോന്നിനും അന്‍പതു ഷെക്കല്‍ തൂക്കം വരും. മാളികമുറികളും പൊന്നുപൊതിഞ്ഞവയായിരുന്നു. അതിവിശുദ്ധസ്ഥലത്ത് തടികൊണ്ടുള്ള രണ്ടു കെരൂബുകളെ ഉണ്ടാക്കി അവയും തങ്കത്താല്‍ ആവരണം ചെയ്തു (2 ദിനവൃത്താന്തം 3:1-10, 1 രാജാക്കന്മാര് 6:1-10).
ദൈവാലയത്തിന്റെ പണി പൂര്‍ത്തിയാക്കിയശേഷം കര്‍ത്താവിന്റെ വാഗ്ദാനപേടകം ദാവീദിന്റെ നഗരമായ സീയോനില്‍ നിന്നു കൊണ്ടുവരാന്‍ സോളമന് കല്പിച്ചു.
പുരോഹിതന്മാരും ലേവ്യരും ചേര്‍ന്ന് കര്‍ത്താവിന്റെ പേടകവും സമാഗമകൂടാരവും അതിലുള്ള വിശുദ്ധപാത്രങ്ങളും കൊണ്ടുവന്നു. പുരോഹിതര്‍ കര്‍ത്താവിന്റെ വാഗ്ദാനപേടകം അതിവിശുദ്ധസ്ഥലമായ ശ്രീകോവിലില്‍ യഥാസ്ഥാനം കെരൂബുകളുടെ ചിറകുകള്‍ക്കു കീഴില്‍ സ്ഥാപിച്ചു. മോശ ഹോറെബില്‍ വച്ചു നിക്ഷേപിച്ച രണ്ടു ശിലാഫലകങ്ങളല്ലാതെ ഒന്നും പേടകത്തിലുണ്ടായിരുന്നില്ല. പുരോഹിതര്‍ വിശുദ്ധസ്ഥലത്തുനിന്നു പുറത്തിറങ്ങിയപ്പോള്‍ ഒരു മേഘം കര്‍ത്താവിന്റെ ആലയത്തില്‍ നിറഞ്ഞു. അപ്പോള്‍ സോളമന് പറഞ്ഞു: ''അവിടുത്തേക്ക് എന്നേക്കും വസിക്കാന്‍ മഹനീയമായ ഒരാലയം ഞാന്‍ നിര്‍മിച്ചിരിക്കുന്നു. ഇസ്രയേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ. എന്റെ പിതാവായ ദാവീദിനു നല്കിയ വാഗ്ദാനം തന്റെ കരങ്ങളാല്‍ ഇതാ അവിടുന്നു പൂര്‍ത്തിയാക്കിയിരിക്കുന്നു'' (1 രാജാക്കന്മാര് 8:1-15).
സോളമന് കര്‍ത്താവിന്റെ ബലിപീഠത്തിനു മുമ്പില്‍നിന്ന് ഉന്നതങ്ങളിലേക്കു കരങ്ങളുയര്‍ത്തി ദീര്‍ഘമായി പ്രാര്‍ഥിച്ചു. അവന്റെ പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് അഗ്നിയിറങ്ങി ദഹനബലിവസ്തുവും മറ്റു വസ്തുക്കളും ദഹിപ്പിച്ചു. കര്‍ത്താവിന്റെ തേജസ്സ് ദൈവാലയത്തില്‍ നിറഞ്ഞുനിന്നതിനാല്‍ പുരോഹിതന്മാര്ക്ക് അവിടെ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. അഗ്നി താഴേക്കുവരുന്നതും ആലയത്തില്‍ കര്‍ത്താവിന്റെ മഹത്ത്വം നിറയുന്നതുംകണ്ട് ഇസ്രയേല്‍ജനം സാഷ്ടാംഗം പ്രണമിച്ച് കര്‍ത്താവിനെ സ്തുതിച്ചു. തുടര്‍ന്നു രാജാവും ജനവും ചേര്‍ന്നു കര്‍ത്താവിനു ബലിയര്‍പ്പിച്ചു (2 ദിനവൃത്താന്തം 7:1-4).
ദൈവാലയവും കൊട്ടാരവും പണിയാന്‍ സോളമന് ഇരുപതു വര്‍ഷത്തോളം വേണ്ടിവന്നു. പിന്നീട് സോളമന് ടയിര്‍രാജാവായ ഹിരാമില്നിന്നു ലഭിച്ച പട്ടണങ്ങള്‍ പുതുക്കിപ്പണിത് ഇസ്രയേല്യരെ അവിടെ വസിപ്പിച്ചു. ഹിരാം സ്വന്തം സേവകരുടെ നേതൃത്വത്തില്‍ സോളമനു കപ്പലുകള്‍ അയച്ചുകൊടുത്തു. ഹിരാമിന്റെ നാവികരും സോളമന്റെ ഭൃത്യന്മാരും ഓഫീറിലേക്കു പോയി നാനൂറ്റന്പതു താലന്തു സ്വര്‍ണം സോളമന് രാജാവിനു സമര്‍പ്പിച്ചു. ഹിരാമിന്റെ കപ്പലുകള്‍ ധാരാളം രക്തചന്ദനവും രത്നങ്ങളും കൊണ്ടുവന്നു. രാജാവ് ആ ചന്ദനംകൊണ്ട് കര്‍ത്താവിന്റെ ആലയത്തിലും കൊട്ടാരത്തിലും തൂണുകളും ഗായകര്‍ക്കു വീണയും തംബുരുവും ഉണ്ടാക്കി.
ദൈവം സോളമന് അളവറ്റ ജ്ഞാനവും ഉള്‍ക്കാഴ്ചയും നല്കി. പൗരസ്ത്യദേശത്തെയും ഈജിപ്തിലെയും ജ്ഞാനികളെ അതിശയിപ്പിക്കുന്നതായിരുന്നു സോളമന്റെ ജ്ഞാനം. അവന്റെ പ്രശസ്തി ചുറ്റുമുള്ള രാജ്യങ്ങളിലും വ്യാപിച്ചു. മൂവായിരം സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും അവന് രചിച്ചു. ലബനനിലെ ദേവദാരുമുതല്‍ ചുമരില്‍ വളരുന്ന പായല്‍ വരെ എല്ലാ സസ്യങ്ങളെയുംകുറിച്ച് അവന് പ്രതിപാദിച്ചു. മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും മത്സ്യങ്ങളെയും കുറിച്ച് അവന് സംസാരിച്ചിരുന്നു. സോളമന്റെ ജ്ഞാനത്തെക്കുറിച്ചു കേട്ടിട്ടുള്ള രാജാക്കന്മാരിലും ജനങ്ങളിലുംനിന്നു ധാരാളംപേര്‍ അവന്റെ ഭാഷണം കേള്‍ക്കാനെത്തിയിരുന്നു (1 രാജാക്കന്മാര് 4:29-34).
സോളമന്റെ കീര്‍ത്തിയെപ്പറ്റി കേട്ടറിഞ്ഞ ഷേബാരാജ്ഞി ജറുസലെമിലെത്തി 120 താലന്തു സ്വര്‍ണവും അനേകം രത്നങ്ങളും വിലയേറിയ സുഗന്ധദ്രവ്യങ്ങളും സോളമനു കാഴ്ചയായി നല്കി. വലിയൊരു പരിവാരത്തോടുകൂടിയാണ് അവള് ജറുസലെമിലെത്തിയത്. അവള് മനസ്സില്‍ കരുതിയിരുന്ന ചോദ്യങ്ങള്‍ക്കെല്ലാം സോളമന് അനായാസം ഉത്തരം നല്കി. അവന്റെ വിജ്ഞാനവും അവന് നിര്‍മിച്ച കൊട്ടാരവും കര്‍ത്താവിന്റെ ആലയവും അവിടെ അര്‍പ്പിച്ച ദഹനബലികളും, തീന്മേശയിലെ വിഭവങ്ങളും, സേവകരുടെ പരിചരണവുമെല്ലാം ഷേബായെ അദ്ഭുതപ്പെടുത്തി. രാജാവ് ഷേബാരാജ്ഞിക്കു സമ്മാനമായി നല്കിയവയ്ക്കുപുറമേ അവള് ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം നല്കി. അവള് സേവകരോടൊത്തു സ്വദേശത്തേക്കു മടങ്ങി (1 രാജാ. 10:1-5).
സോളമനു വാര്‍ധക്യമായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു തിരിച്ചു. സോളമന് സീദോന്യരുടെ ദേവിയായ അസ്താര്‍ത്തയെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്ക്കോമിനെയും മൊവാബ്യരുടെ ദേവനായ കെമോഷിനെയും ആരാധിച്ചു. കെമോഷിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോളെക്കിനും അവന് പൂജാഗിരികള്‍ നിര്‍മിച്ചു. അന്യദേവന്മാരെ സേവിച്ചു തന്നില്‍നിന്ന് അകന്നുപോവുകയും അവിടുത്തെ കല്പനകള് പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍ ദൈവമായ കര്‍ത്താവ് അവനോടു കോപിച്ചു. കര്‍ത്താവ് സോളമനോട് അരുള്‍ചെയ്തു: ''നിന്റെ മനസ്സ് ഇങ്ങനെ തിരിയുകയും എന്റെ ഉടമ്പടിയും ഞാന്‍ നല്കിയ കല്പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍ ഞാന്‍ രാജ്യം നിന്നില്‍നിന്നു പറിച്ചെടുത്ത് നിന്റെ ദാസനു നല്‍കും. എന്നാല്‍, നിന്റെ പിതാവായ ദാവീദിനെ ഓര്‍ത്ത്, നിന്റെ ജീവിതകാലത്ത് ഇതു ഞാന്‍ ചെയ്യുകയില്ല. നിന്റെ മകന്റെ കരങ്ങളില്‍നിന്ന് അതു ഞാന്‍ വേര്‍പെടുത്തും. എന്റെ ദാസനായ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്ത ജറുസലെമിനെയും ഓര്‍ത്ത് നിന്റെ പുത്രന് ഒരു ഗോത്രം നല്‍കും'' (1 രാജാക്കന്മാര് 11:10-11)
സോളമന് ഭരിച്ച അവിഭക്തഇസ്രയേല് രണ്ടായി വിഭജിക്കപ്പെടുമെന്ന കര്‍ത്താവിന്റെ അരുളപ്പാട് സോളമന്റെ മരണശേഷം നിറവേറി. രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. സോളമന്റെ ദാസനായ നെബാത്തിന്റെ മകന് ജറോബോവാം ഇസ്രയേലിലും, സോളമന്റെ പുത്രനായ റഹോബോവാം യൂദയായിലും രാജാക്കന്മാരായി. 40 വര്‍ഷം ഇസ്രയേല്‍ജനത്തെ ഭരിച്ച വിജ്ഞാനിയായ സോളമന് 55-ാമത്തെ വയസില്‍ മരിച്ച് അവന്റെ പിതാക്കന്മാരോടു ചേര്‍ന്നു. തന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു (1 രാജാക്കന്മാര് 11:42-43).
തോമസ് കുഴിഞ്ഞാലിൽ
