•  27 Nov 2025
  •  ദീപം 58
  •  നാളം 38
ലേഖനം

പൂന്തോട്ടത്തിലെ പൂക്കാവടിയായി വാര്‍ഷികപൂച്ചെടികള്‍

   പൂക്കളുടെ പൂരവുമായി വാര്‍ഷിക പൂച്ചെടികള്‍ പൂന്തോട്ടത്തിനു നവ യൗവനം നല്‍കുന്നു. നമ്മുടെ കാലാവസ്ഥയില്‍ മഴ കഴിഞ്ഞുള്ള സമയത്താണ് ഏകവര്‍ഷപുഷ്പിണികള്‍ ഉദ്യാനത്തില്‍ പൂക്കളുടെ വര്‍ണക്കാഴ്ച ഒരുക്കുക. ഉയരത്തില്‍ വളരുന്നതും സാവധാനം പുഷ്പിക്കുന്നതുമായ പരമ്പരാഗത ജമന്തി, ഡാലിയ, വിന്‍ക തുടങ്ങിയവയുടെ സ്ഥാനത്ത് കൂടുതല്‍ തിളക്കമാര്‍ന്ന പൂക്കളുമായി ഇവയുടെ നവീന മിനിയേച്ചര്‍, ഡ്വാര്‍ഫ് ഇനം ചെടികളാണ് ഇന്നു നട്ടുവളര്‍ത്തുക. മറിഞ്ഞുവീഴാതിരിക്കുവാന്‍ ചെടിക്കു താങ്ങുനല്‍കി ബലപ്പെടുത്തേണ്ട ആവശ്യമില്ല, കാറ്റത്ത് ഒടിഞ്ഞുവീഴുമെന്ന സംശയവും വേണ്ട. വിത്തു നട്ടാല്‍ എല്ലാംതന്നെ 40-60 ദിവസത്തിനുള്ളില്‍ പൂവിടുന്നവ. ഉദ്യാനത്തില്‍ പൂത്തടം തയ്യാറാക്കാന്‍ മരിഗോള്‍ഡ്, സീനിയ, ടോറീനിയ, ഡയാന്തസ് തുടങ്ങിയവയുടെ കുള്ളന്‍ ഇനങ്ങള്‍ക്ക് ആവശ്യക്കാര്‍ ധാരാളമുണ്ട്. ഫ്‌ളവര്‍ ഷോയുടെ അവിഭാജ്യഘടകവും മുഖ്യആകര്‍ഷണവുമാണ് വാര്‍ഷിക പൂച്ചെടികള്‍ കൊണ്ട് തയ്യാറാക്കുന്ന വര്‍ണകൂട്ടുകള്‍.
വിത്തു നട്ട് പൂത്തടം ഒരുക്കം:
    ഏകവര്‍ഷപൂച്ചെടികളുടെ സങ്കരയിനങ്ങള്‍ എല്ലാംതന്നെ വിത്തുപയോഗിച്ചാണ് വളര്‍ത്തിയെടുക്കുക. വിപണിയില്‍ ലഭ്യമായ അംഗീകൃതകമ്പനികളുടെ വിത്ത് ഇതിനായി തിരഞ്ഞെടുക്കാം. ഡാലിയ, മരിഗോള്‍ഡ്, ഡയാന്തസ് ഇവയുടെയെല്ലാം പൂവിടാത്ത തലപ്പും നടീല്‍വസ്തുവായി പ്രയോജനപ്പെടുത്താം. ഡാലിയയുടെ മിനിയേച്ചര്‍ ഇനം നട്ടുവളര്‍ത്താന്‍ വിത്തും ഉപയോഗിക്കാറുണ്ട്. പായ്ക്കറ്റ് വിത്ത് ഉപയോഗിക്കുമ്പോള്‍ പുറംചട്ടയിലുള്ള വിവരങ്ങള്‍ മനസ്സിലാക്കി കാലാവധി കഴിയാത്തതാണോയെന്ന് ഉറപ്പാക്കണം. സങ്കരപ്രവര്‍ത്തനത്തിലൂടെ തയ്യാറാക്കിയെടുത്ത നല്ലയിനം വിത്തിന് മുന്തിയ വില നല്‍കേണ്ടിവരും. പകരം ഒരേ ഇനത്തിന്റെ പല നിറങ്ങള്‍ കലര്‍ത്തിയുള്ള വിത്ത് മതിയാകും. പച്ചക്കറിവിത്ത് മുളപ്പിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന പ്രൊട്രേയില്‍ വാര്‍ഷികപൂച്ചെടികളുടെ വിത്തും നടാം. അല്ലെങ്കില്‍ വെള്ളം വാര്‍ന്നുപോകാന്‍ ദ്വാരങ്ങളുള്ള പരന്ന പാത്രത്തിലുമാവാം. കുതിര്‍ത്തെടുത്ത ചകിരിച്ചോറും ആറ്റുമണലും കലര്‍ത്തിയെടുത്ത മിശ്രിതത്തിലാണ് വിത്തു പാകേണ്ടത്. വളം ചേര്‍ക്കേണ്ടയാവശ്യമില്ല. ചീയല്‍രോഗം തടയാന്‍ മിശ്രിതത്തില്‍ സ്യുഡോമൊണാസ് ലായനി (5 മില്ലി / ലിറ്റര്‍ വെള്ളം) കലര്‍ത്താം.
    സൂര്യകാന്തി ഒഴികെ മറ്റു പൂച്ചെടികളുടെ വിത്ത് താരതമ്യേന ചെറുതാണ്. സൂര്യകാന്തിയുടെ വലുപ്പമുള്ള വിത്ത് ആവശ്യമെങ്കില്‍ സ്ഥിരമായി വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ചട്ടിയിലേക്കോ നിലത്തോ നേരിട്ടു നടാം. ചെറിയ വിത്തിനങ്ങള്‍ പ്രോട്രേയില്‍ ഒരു കുഴിയില്‍ ഒരെണ്ണം എന്ന വിധത്തിലും പരന്ന പാത്രത്തില്‍ ആവശ്യത്തിന് അകലം നല്‍കി പാകാം. വിത്ത് പാകിയശേഷം നേരിയ കനത്തില്‍ മിശ്രിതമിട്ടു മൂടണം. പെറ്റൂണിയ, ഫ്‌ലോക്സ് ഇവയുടെ തീരെ ചെറിയ വിത്ത് നേര്‍ത്ത ആറ്റുമണലുമായി കലര്‍ത്തിയശേഷം പരന്ന പാത്രത്തില്‍ നേരിയ കനത്തില്‍ വിതറണം. വിത്ത് വേഗത്തില്‍ മുളയ്ക്കാന്‍ കൂടുതല്‍ ഈര്‍പ്പവും ഊഷ്മാവും ആവശ്യമാണ്. ഇതിനായി സുഷിരങ്ങളുള്ളതും പ്രകാശം കയറുന്നതുമായ പ്ലാസ്റ്റിക്ഷീറ്റ് ഉപയോഗിച്ച് ട്രേയ്ക്ക് ആവരണം നല്‍കാം. മുളച്ചുതുടങ്ങിയാല്‍ ഷീറ്റ് നീക്കണം. മിശ്രിതത്തില്‍ നേര്‍ത്ത ഈര്‍പ്പം നിലനിര്‍ത്തുന്ന വിധത്തില്‍ നന നല്‍കണം. വിത്തു പായ്ക്കറ്റ്, ആ വിത്ത് നട്ട ട്രേയോടു ചേര്‍ത്തു സൂക്ഷിച്ചുവച്ചാല്‍ മുളച്ചുവന്ന തൈകള്‍ ഏതിനത്തിന്റേതാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. വിന്‍കയുടെ വിത്തു നട്ടാല്‍ 70 % മാത്രമേ മുളച്ചു വരൂ. എന്നാല്‍ ഡയാന്തസ്, സാല്‍വിയ ഇവയുടെ 90% വിത്തും മുളച്ചുവരും.
    തൈകള്‍ 2-3 ഇലകളുമായി ആവശ്യത്തിനു വളര്‍ച്ചയായാല്‍ സ്ഥിരമായി വളര്‍ത്താനായി തയ്യാറാക്കിയിരിക്കുന്ന   ചട്ടിയിലേക്കോ അല്ലെങ്കില്‍ പൂത്തടത്തിനായി ഒരുക്കിയിരിക്കുന്ന നിലത്തേക്കോ മാറ്റി നടാം. ചെറിയ സ്പൂണ്‍ ഉപയോഗിച്ച് വേരും ചുറ്റുമുള്ള മിശ്രിതവും ഉള്‍പ്പടെ തൈ ശ്രദ്ധാപൂര്‍വം ഇളക്കിയെടുത്തുവേണം മാറ്റി നടാന്‍. വെയിലാറിയശേഷം വൈകുന്നേരം പറിച്ചുനട്ടാല്‍ തൈകള്‍ വാടാതെ സംരക്ഷിക്കാന്‍ പറ്റും. വിത്തു പാകി വളര്‍ത്തിയെടുക്കാന്‍ ക്ഷമയില്ലാത്തവര്‍ക്ക് നഴ്‌സറികളില്‍നിന്നു ലഭിക്കുന്ന പൂച്ചെടികളുടെ തൈകള്‍ വാങ്ങി നട്ടും പൂത്തടമൊരുക്കാം. പ്രാരംഭദശയിലെ രോഗനിയന്ത്രണത്തിനായി സാഫ് കുമിള്‍നാശിനി (1 ഗ്രാം/ലിറ്റര്‍ വെള്ളം) മിശ്രിതത്തില്‍ നല്‍കാം. 
4-5 മണിക്കൂര്‍ നേരിട്ട് കിട്ടുന്ന ഇടങ്ങളിലെല്ലാം ചട്ടിയിലും നിലത്തും ഏക വര്‍ഷപുഷ്പിണികള്‍ നന്നായി വളരുകയും പൂവിടുകയും ചെയ്യും. 6 ഇഞ്ച് വലുപ്പമുള്ള ചട്ടിയില്‍ രണ്ടും, 8 ഇഞ്ച് വലുപ്പമുള്ള ചട്ടിയില്‍ 3 ചെടികളും നട്ടുവളര്‍ത്താന്‍ പറ്റും. ഗുണനിലവാരമുള്ള ചകിരിച്ചോറ്, ചുവന്ന മണ്ണ്, ചാണകപ്പൊടി ഇവ ഒരേ അളവില്‍ കലര്‍ത്തിയെടുത്തതില്‍ അല്പം ബോണ്‍മീല്‍കൂടി ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പൂത്തടത്തിലേക്കു തൈകള്‍ മാറ്റിനടുന്നതിനു മുമ്പ് തടമുണ്ടാക്കുവാന്‍ ഉദ്ദേശിക്കുന്നിടത്തുനിന്നും അര അടി കനത്തില്‍ മേല്‍മണ്ണ് നീക്കം ചെയ്ത് പകരം ചട്ടി നിറയ്ക്കാന്‍ തയ്യാറാക്കുന്ന മിശ്രിതം നിറയ്ക്കണം. മാറ്റിനട്ടശേഷം ചെടി വാടാന്‍ അനുവദിക്കാത്ത വിധത്തില്‍ നന നല്‍കണം.
പരിപാലനം:
    തൈകള്‍ക്ക് 4-5 ഇലകളായാല്‍ തണ്ടില്‍ മുട്ടാത്തവിധത്തില്‍ ഡി.എ.പി അല്ലെങ്കില്‍ 18:18:18 രാസവളം രണ്ടാഴ്ചയിലൊരിക്കല്‍ നല്‍കാം.  കൂടാതെ വെള്ളത്തില്‍ പൂര്‍ണമായി ലയിക്കുന്ന 19:19:19 രാസവളം (2 ഗ്രാം / ലിറ്റര്‍ വെള്ളം) ചെടി മുഴുവനായി തളിച്ചു കൊടുക്കാം. വിന്‍ക, ഡയാന്തസ്, ആസ്റ്റര്‍, സാല്‍വിയ, ഫ്‌ലോക്സ് തുടങ്ങി പല വാര്‍ഷികയിനങ്ങളും ആവശ്യത്തിനു വളര്‍ച്ചയായാല്‍  അധികമായി പൂവിടുവാന്‍ കൂമ്പു നുള്ളി മാറ്റുന്നതു സഹായിക്കും. എന്നാല്‍, കോക്‌സ് കോംബ്, ബാള്‍സം ഇവയില്‍ കൂമ്പുനുള്ളുന്നത് ചെടിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കും. രോഗ-കീട ബാധയില്‍നിന്നും സംരക്ഷിക്കാന്‍ രണ്ടാഴ്ചയിലൊരിക്കല്‍ കോണ്‍ഫിഡോര്‍ (1/2 മില്ലി / ലിറ്റര്‍ വെള്ളം), കോണ്‍ടാഫ് + (1 മില്ലി/ലിറ്റര്‍ വെള്ളം) ഇവ ചെടി മുഴുവനായി നല്‍കണം. പ്രകൃത്യാ ദുര്‍ബലരായ വാര്‍ഷികപൂച്ചെടികള്‍ക്ക് വളവും കീടനാശിനിയും വെയിലുള്ള സമയത്ത് ഉപയോഗിക്കാതെ ശ്രദ്ധിക്കണം.
    ഇലയിലും പൂവിലും വീഴാതെ ചുവട്ടില്‍ മാത്രം നനയ്ക്കുക. പെറ്റൂണിയ, ഫ്‌ലോക്സ് ഇവ രണ്ടും നന കുറഞ്ഞാല്‍ വേഗത്തില്‍ വാടും, അധികമായാല്‍ ചീയല്‍രോഗം വന്നു നശിച്ചു പോകുകയും ചെയ്യും. ആസ്റ്റര്‍ചെടിയില്‍ പൂക്കള്‍ മറ്റ് വാര്‍ഷികയിനങ്ങളുടെ അപേക്ഷിച്ച് കൂടുതല്‍ നാള്‍ വാടാതെ നില്‍ക്കും. വാര്‍ഷികപൂച്ചെടികളില്‍ പൂക്കള്‍ വിരിയുന്നത് സാവകാശമാക്കാന്‍ തണല്‍വലകള്‍ കെട്ടി സൂര്യപ്രകാശം നിയന്ത്രിച്ചാല്‍ മതി. ഫ്രഞ്ച് മാരിഗോള്‍ഡിനെ അപേക്ഷിച്ച് ആഫ്രിക്കന്‍ മാരിഗോള്‍ഡിന്റെ പൂക്കള്‍ക്കാണ് കൂടുതല്‍ വലുപ്പവും ഗോളാകൃതിയുമുള്ളത്. ഇവ രണ്ടും ചെറുതായിരിക്കുമ്പോള്‍ത്തന്നെ തണ്ടിന്റെ നിറം നോക്കി തിരിച്ചറിയാം. ഫ്രഞ്ച് മാരിഗോള്‍ഡിന്റെ തണ്ടിന് തവിട്ടുനിറവും ആഫ്രിക്കന്‍ മാരിഗോള്‍ഡിന്റെ തണ്ടിന് ഇളംമഞ്ഞ അല്ലെങ്കില്‍ ഇളംപച്ച നിറവുമായിരിക്കും. ഫോണ്‍: 9447002211

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)